UPDATES

ട്രെന്‍ഡിങ്ങ്

ഞാന്‍ നിങ്ങളുടെ ബോസ് ആണെന്ന് ടിക്കാറാം മീണ; നിങ്ങളല്ല ഞങ്ങളുടെ ബോസ് എന്ന് ബിജെപി

മാതൃക പെരുമാറ്റ ചട്ടം സംബന്ധിച്ചു വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷണറും ബിജെപി നേതാക്കളും തമ്മില്‍ തര്‍ക്കം

ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റ ചട്ടങ്ങള്‍ വിശദീകരിക്കാന്‍ സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നാടകീയ സംഭവങ്ങള്‍. തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ടിക്കാറാം മീണയുമായി ബിജെപി നേതാക്കള്‍ വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതാണ് യോഗത്തെ വിവദമാക്കിയിരിക്കുന്നത്. ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കേണ്ടെന്നു തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഉത്തരവ് ഇറക്കിയതിനു പിന്നാലെ തന്നെ ബിജെപിയും കോണ്‍ഗ്രസും ഇതിനെതിരേ രംഗത്തു വന്നിരുന്നു. ഈ പ്രതിഷേധമാണ് ബിജെപി നേതാക്കളെ കമ്മിഷണറോട് തട്ടിക്കയറുന്നതിലേക്ക് എത്തിച്ചത്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെ ക്യാബിനില്‍ ആണ് യോഗം വിളിച്ചു ചേര്‍ത്തിരുന്നത്. തുടക്കം തൊട്ട് തന്നെ യോഗത്തില്‍ ബിജെപിയെ പ്രതിനിധീകരിച്ചു വന്ന സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ളയും എം പദ്മകുമാറും തെരഞ്ഞെടുപ്പ് കമ്മിഷണറുമായി തര്‍ക്കം ഉണ്ടായിരുന്നു. തര്‍ക്കം മൂര്‍ച്ഛിച്ചതോടെ ഞാന്‍ നിങ്ങളുടെ ബോസ് ആണെന്നും പറയുന്ന കാര്യങ്ങള്‍ അനുസരിക്കണമെന്നും ടിക്കാറാം മീണ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഇത് ബിജെപി നേതാക്കളെ ചൊടിപ്പിച്ചു. നിങ്ങള്‍ എങ്ങനെയാണ് ഞങ്ങളുടെ ബോസ് ആകുന്നതെന്നായിരുന്നു ബിജെപി നേതാക്കളുടെ ചോദ്യം. കമ്മിഷണര്‍ നിയമപരമായല്ല കാര്യങ്ങള്‍ ചെയ്യുന്നതെന്നും രാഷ്ട്രീയ നേതാക്കളോട് ബഹുമാനം കാണിക്കുന്നില്ലെന്നും ബിജെപി കുറ്റപ്പെടുത്തി. യോഗം നടക്കുന്ന കാബിനില്‍ നേതാക്കള്‍ക്ക് ഇരിക്കാന്‍ കസേര പോലും നല്‍കിയില്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷണറെ ബിജെപി കുറ്റപ്പെടുത്തിയത്. ആവശ്യത്തിന് സ്ഥല സൗകര്യം പോലുമില്ലാത്തായിടത്ത് യോഗം വിളിച്ചത് ശരിയായില്ലെന്നു നേതാക്കള്‍ കമ്മിഷണറെ കുറ്റപ്പെടുത്തി. സര്‍വകക്ഷി യോഗം കാബിനില്‍ അല്ല കുറച്ചു കൂടി സൗകര്യമുള്ള ഹാാളില്‍ ആണെന്ന കാര്യം സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദനും തെരഞ്ഞെടുപ്പ് കമ്മിഷണറെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ യോഗം തന്റെ കാബിനില്‍ തന്നെയാണ് ടിക്കാറാം മീണ നടത്തിയത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല പ്രചാരണ ആയുധമാക്കരുതെന്ന് ഉത്തരവ് ഇറക്കിയ ടിക്കാറാം മീണയ്‌ക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനില്‍ ബിജെപി പരാതി നല്‍കിയിട്ടുണ്ട്. മുന്‍ സംസ്ഥാന സമിതി അംഗം അഡ്വ. പി കൃഷ്ണദാസാണ് പരാതി നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ശബരിമല പ്രചരണവിഷമാക്കരുതെന്ന നിര്‍ദ്ദേശം ദുരുദ്ദേശപരമാണെന്നാണ് പരാതിയിലെ ആരോപണം. തെരഞ്ഞെടുപ്പ് ഓഫീസറുടേത് അധികാര ദുര്‍വിനിയോഗമാണെന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍ സുപ്രീം കോടതി വിധി ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്നും ആരോപിക്കുന്ന ബിജെപി, സി.പി.എമ്മിനേയും സര്‍ക്കാരിനേയും സഹായിക്കുകയാണ് മീണയുടെ ലക്ഷ്യമെന്നും പരാതിയില്‍ കുറ്റപ്പെടുത്തുന്നുണ്ട്. ടിക്കാറാം മീണയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റണമെന്നും അദ്ദേഹത്തിന് കീഴില്‍ തിരഞ്ഞെടുപ്പ് നീതിപൂര്‍വമാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും പി കെ കൃഷ്ണദാസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ശബരിമല പ്രചരണവിഷയമാകുമെന്നും, അഭിപ്രായ സ്വാതന്ത്ര്യം വിലക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും മിസോറം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ഉന്നയിക്കുമെന്ന് പിസി ജോര്‍ജ് എംഎല്‍എയും പ്രതികരിച്ചിരുന്നു. ശബരിമല വിഷയം ചര്‍ച്ചയാക്കരുതെന്ന് പറയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആരാണെന്ന് പി.സി.ജോര്‍ജ് ചോദിച്ചു. കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് കമ്മിഷനെതിരെയാണ് സംസാരിക്കുന്നത്. കെ സുധാകരന്‍ പരസ്യമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനത്തെ ചോദ്യം ചെയ്തിരുന്നു. അതേസമയം സിപിഎം ടിക്കാറാം മീണയുടെ നിലപാടിനെ അംഗീകരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍