UPDATES

ട്രെന്‍ഡിങ്ങ്

ലിഗയുടെ മരണം: പ്രതികളെ തിരിച്ചറിഞ്ഞു, അറസ്റ്റ് ഉടന്‍

അന്വേഷണം രണ്ടുപേരിലേക്ക് ചുരുങ്ങി

കോവളത്തിനടുത്ത് ചെന്തിലാക്കരിയില്‍ കണ്ടല്‍ക്കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ലിഗയുടെ മരണത്തില്‍ അറസ്റ്റ് ഉടനെന്ന് സൂചന. കസ്റ്റഡിയിലുള്ള രണ്ട് പ്രതികളിലേക്ക് അന്വേഷണം ചുരുങ്ങിയതായാണ് അറിയുന്നത്. പ്രദേശത്തെ മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുള്ളവരാണ് ഇവരെന്നാണ് അറിയുന്നത്. അതേസമയം ഏതാനും ശാസ്ത്രീയ പരിശോധന ഫലങ്ങള്‍ കൂടി ലഭിച്ചാല്‍ മാത്രമേ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിക്കൂവെന്നാണ് പോലീസ് പറയുന്നത്.

പോലീസ് അറിയുന്നതിന് മുമ്പ് മൃതദേഹം കണ്ടിരുന്നുവെന്ന് മൊഴി നല്‍കിയവരാണ് ഇവരെന്നും അറിയുന്നുണ്ട്. മൊഴികളില്‍ പരസ്പര വൈരുദ്ധ്യമുണ്ടായിരുന്ന ഇവര്‍ പലപ്പോഴും അന്വേഷണ സംഘത്തെ വഴിതെറ്റിക്കാനും ശ്രമിച്ചിരുന്നു. ലിഗ മരിച്ചത് ബലപ്രയോഗത്തിലാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കഴുത്തിനേറ്റ അതിശക്തമായ ക്ഷതമാണ് മരണ കാരണം. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാകാമെന്നും സൂചനയുണ്ട്. മുറിവുകളുടെ സ്വഭാവം വച്ച് ഒന്നില്‍ കൂടുതല്‍ ആളുകള്‍ ബലപ്രയോഗത്തിന് ശ്രമിച്ചിട്ടുണ്ടാകാമെന്നും ഫോറന്‍സിക് വിദഗ്ധര്‍ പോലീസിനെ അറിയിച്ചിരുന്നു. അതേസമയം മാനഭംഗം ശ്രമം നടന്നിട്ടില്ലെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നതെന്ന് കമ്മിഷണര്‍ പി പ്രകാശ് അറിയിച്ചു.

ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ പ്രതികള്‍ ലിഗയുടെ ശരീരം മരത്തില്‍ കെട്ടിത്തൂക്കാനും ശ്രമിച്ചതായി പോലീസ് സംശയിക്കുന്നുണ്ട്. നിലവില്‍ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ആറ് പേരാണ് കസ്റ്റഡിയിലുള്ളത്. ഇവരില്‍ രണ്ട് പേരിലേക്കാണ് ഇപ്പോള്‍ അന്വേഷണം ചുരുങ്ങിയിരിക്കുന്നത്. മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം തയ്യാറാക്കിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇന്നലെ വൈകിട്ടാണ് പോലീസിന് കൈമാറിയത്. കഴുത്തിലെ തരുണാസ്ഥികള്‍ പൊട്ടിയതായും തലച്ചോറില്‍ രക്തം കട്ടപിടിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആരോ ബലം പ്രയോഗിച്ച് തള്ളിയിട്ടത് പോലെയാണ് ലിഗയുടെ മൃതദേഹം വള്ളികളില്‍ കാണപ്പെട്ടത്. കഴുത്ത് ഞെരിച്ചതിനാലാകാം തലച്ചോറില്‍ രക്തം കട്ടപിടിച്ചതെന്നും കരുതുന്നു.

കഴുത്തിലെ അസ്ഥികളുടെ ഒടിവും കാലില്‍ കണ്ട മുറിവും സംശയകരമാണെന്ന് പോലീസ് പറഞ്ഞു. പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് റിപ്പോര്‍ട്ട് ലഭിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍