UPDATES

ബ്ലോഗ്

സുരേഷ് ഗോപിയോട് താങ്കള്‍ കാണിച്ചതെന്താണ്? പിണറായിയുടെ ധാര്‍ഷ്ട്യത്തെക്കുറിച്ച് പറയുന്ന സുകുമാരന്‍ നായരോടാണ് ചോദ്യം

നാട്ടകം ഗസ്റ്റ് ഹൗസില്‍ പിണറായിയെ രണ്ട് മണിക്കൂര്‍ കാത്തിരുന്ന് ഇരുപത് മിനിറ്റ് ചര്‍ച്ച നടത്തിയ സുകുമാരന്‍ നായരാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ധാര്‍ഷ്ട്യത്തെക്കുറിച്ച് പറയുന്നത്‌

ഇന്നലെ തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് ആക്രമിക്കുകയായിരുന്നു. മുഖ്യമന്ത്രിക്ക് ധാര്‍ഷ്ട്യമാണെന്നും ആരെയും അംഗീകരിക്കില്ലെന്നുമാണ് സുകുമാരന്‍ നായര്‍ പറഞ്ഞത്. മുഖ്യമന്ത്രി എന്ന നിലയിലല്ല പിണറായി വിജയന്‍ ജനത്തെ കൈകാര്യം ചെയ്യുന്നതെന്നാണ് സുകുമാരന്‍ നായരുടെ പരാതി. സര്‍ക്കാരില്‍ നിന്നും എന്‍എസ്എസ് ഒന്നും നേടിയിട്ടില്ലെന്നും പറയുന്നതോടെ സുകുമാരന്‍ നായരുടെ യഥാര്‍ത്ഥ പരാതി സര്‍ക്കാര്‍ എന്‍എസ്എസിന് ഒന്നും നല്‍കാത്തതാണെന്ന് വ്യക്തം. അല്ലെങ്കില്‍ പിണറായി കാണിക്കയുമായി ഇതുവരെയും പെരുന്നയിലെത്താതിരുന്നതാണോ സുകുമാരന്‍ നായരുടെ പരാതികളുടെ കാരണമെന്ന ചോദ്യവും ഉയരാം. എന്തായാലും പിണറായിയുടെ ധാര്‍ഷ്ട്യത്തെക്കുറിച്ച് പറയുന്ന ആദ്യത്തെയാളല്ല സുകുമാരന്‍ നായര്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയുമെല്ലാം ഇടയ്ക്കിടെ പറയുന്നതാണ് ഈ ധാര്‍ഷ്ട്യത്തെക്കുറിച്ച്. പിണറായിക്ക് ധാര്‍ഷ്ട്യമുണ്ടോയില്ലയോ എന്നത് അവിടെ നില്‍ക്കട്ടെ. അദ്ദേഹത്തിന്റെ ധാര്‍ഷ്ട്യത്തെക്കുറിച്ച് പറയുന്ന സുകുമാരന്‍ നായര്‍ക്ക് ധാര്‍ഷ്ട്യമുണ്ടോയെന്ന് ഒന്നു പരിശോധിക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു.

ഇക്കഴിഞ്ഞ നവംബര്‍ രണ്ടിന് കളി എന്‍എസ്എസിനോട് വേണ്ടെന്നാണ് സുകുമാരന്‍ നായര്‍ പറഞ്ഞത്. കരയോഗ മന്ദിരങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ധാര്‍ഷ്ട്യം നിറഞ്ഞ ഈ വാക്കുകള്‍. ആക്രമണങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന് എന്‍എസ്എസിന് അറിയാമെന്നും എന്‍എസ്എസിനോട് കളി വേണ്ടെന്നുമാണ് അന്ന് സുകുമാരന്‍ നായര്‍ പറഞ്ഞത്. ഏത് സാഹചര്യങ്ങളെയും നേരിടാനുള്ള കരുത്ത് എന്‍എസ്എസിനും സമുദായാംഗങ്ങള്‍ക്കും ഉണ്ടെന്നും സുകുമാരന്‍ നായര്‍ പറയുന്നു. ഇത് ധാര്‍ഷ്ട്യമല്ലെങ്കില്‍ മറ്റെന്താണ്?

2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തല മത്സരിച്ചത് തങ്ങളുടെ ശ്രമഫലമാണെന്നാണ് സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നത്. താക്കോല്‍ സ്ഥാനം എന്ന ആവശ്യവുമായി നിരന്തരം കോണ്‍ഗ്രസിനെ ഭീഷണിപ്പെടുത്തുകയായിരുന്നു സുകുമാരന്‍ നായര്‍. അന്ന് സുകുമാരന്‍ നായര്‍ക്ക് മുന്നില്‍ ഓച്ചാനിച്ച് നിന്ന കോണ്‍ഗ്രസ് നേതാക്കള്‍ വോട്ട് ബാങ്കിന് മുന്നില്‍ വഴങ്ങിയെന്നാണ് സുകുമാരന്‍ നായരുടെ അവകാശവാദം. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രി സ്ഥാനം ന്യൂനപക്ഷത്തിന് ലഭിക്കാനിടയുണ്ടെന്നും അങ്ങനെ വന്നാല്‍ തത്തുല്യ സ്ഥാനം ഭൂരിപക്ഷ പ്രതിനിധിയ്ക്ക് നല്‍കണമെന്നും താന്‍ സോണിയ ഗാന്ധിയ്ക്ക് മുന്നില്‍ നിര്‍ദ്ദേശം വച്ചുവെന്നാണ് 2013 ജനുവരിയില്‍ നടന്ന തിരുവനനന്തപുരം താലൂക്ക് എന്‍എസ്എസ് സമ്മേളനത്തില്‍ സംസാരിച്ചപ്പോള്‍ സുകുമാരന്‍ നായര്‍ അവകാശപ്പെട്ടത്. അതേസമയം യുഡിഎഫ് അധികാരത്തില്‍ വന്നിട്ടും ചെന്നിത്തലയ്ക്ക് ആദ്യം മന്ത്രി സ്ഥാനമോ താക്കോല്‍ സ്ഥാനമോ ലഭിക്കുകയുണ്ടായില്ല. ഇതിനിടെ മുസ്ലിം ലീഗില്‍ നിന്നും ഒരു അഞ്ചാം മന്ത്രിയെ കൂടി യുഡിഎഫില്‍ ഉള്‍പ്പെടുത്തിയതോടെ ചെന്നിത്തലയ്ക്ക് വേണ്ടി താക്കോല്‍ സ്ഥാനമെന്ന ആവശ്യം സുകുമാരന്‍ നായര്‍ ഊര്‍ജ്ജിതമാക്കി. കോണ്‍ഗ്രസിന്റെ ഒരു ബഹുജനസംഘടനയായി സ്വയം പ്രഖ്യാപിക്കുകയായിരുന്നു ഇവിടെ എന്‍എസ്എസ്. രമേശ് ചെന്നിത്തലയ്ക്ക് താക്കോല്‍ സ്ഥാനം കൊടുത്തില്ലെങ്കില്‍ ഉമ്മന്‍ ചാണ്ടിയെ പുതുപ്പള്ളിയ്ക്ക് പറപ്പിക്കുമെന്നാണ് അന്ന് സുകുമാരന്‍ നായര്‍ പറഞ്ഞത്. കേരളത്തിലെ പൊതുബോധമുള്ള എല്ലാ പൗരന്മാരും ചേര്‍ന്ന് തെരഞ്ഞെടുത്ത ഒരു സര്‍ക്കാരിനെ വലിച്ചു താഴെയിടുമെന്നാണ് അന്ന് ഇദ്ദേഹം വെല്ലുവിളിച്ചതെന്ന് ഓര്‍ക്കണം.

വടയമ്പാടിയില്‍ ജാതി മതില്‍ കെട്ടിയപ്പോള്‍ പുറത്തുവന്നത് സവര്‍ണ്ണ ജാതി വെറിയല്ലാതെ മറ്റെന്താണ്? സുകുമാരന്‍ നായരദ്ദ്യേം മറുപടി പറയൂ..

2015 ജൂണില്‍ എന്‍എസ്എസ് ആസ്ഥാനത്ത് പുഷ്പാര്‍ച്ചന നടത്താനെത്തിയ സുരേഷ് ഗോപിയെ അവിടെ നിന്നും ഇറക്കി വിട്ടത് ധാര്‍ഷ്ട്യമല്ലാതെ മറ്റെന്താണ്. സുരേഷ് ഗോപിയുടെ രാഷ്ട്രീയം എന്തുതന്നെയായാലും മുന്‍കൂര്‍ അനുമതി വാങ്ങിയാണ് അന്ന് അദ്ദേഹം പുഷ്പാര്‍ച്ചന നടത്താന്‍ എത്തിയത്. ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് കേന്ദ്രസര്‍ക്കാര്‍ സുരേഷ് ഗോപിയെ പരിഗണിക്കുന്ന കാലം കൂടിയായിരുന്നു അത്. എന്‍എസ്എസ് ബജറ്റ് സമ്മേളനം നടക്കുമ്പോഴാണ് സുരേഷ് ഗോപി അവിടെയെത്തിയത്. പുഷ്പാര്‍ച്ചനയ്ക്ക് ശേഷം മടങ്ങാനിരുന്ന സുരേഷ് ഗോപിയെ എന്‍എസ്എസ് നേതാക്കള്‍ തന്നെയാണ് സുകുമാരന്‍ നായരെ കാണാന്‍ നിര്‍ബന്ധിച്ചത്. അതിനായി ബജറ്റ് സമ്മേളനം നടക്കുന്ന ഹാളിലേക്ക് ചെന്ന സുരേഷ് ഗോപിയെ സുകുമാരന്‍ നായര്‍ ഇറക്കിവിടുകയും ചെയ്തു. മന്നം സമാധി സുകുമാരന്‍ നായര്‍ക്ക് തറവാട്ട് സ്വത്തായി ലഭിച്ചതല്ലെന്ന് ഇതിനെക്കുറിച്ച് എന്‍എസ്എസ് കരയോഗങ്ങള്‍ക്കുള്ളില്‍ നിന്നുതന്നെ വിമര്‍ശനം ഉയര്‍ന്നു. പത്തനംതിട്ട വെട്ടിപ്പുറം 115-ാം നമ്പര്‍ ശ്രീകൃഷ്ണ വിലാസം കരയോഗത്തില്‍ ജനറല്‍ സെക്രട്ടറിയുടെ ഇത്തരം ധാര്‍ഷ്ട്യങ്ങള്‍ രൂക്ഷമായി വിമര്‍ശിക്കപ്പെട്ടത് അന്ന് വാര്‍ത്തയാകുകയും ചെയ്തിരുന്നു. പുഷ്പാര്‍ച്ചനയ്ക്ക് മാത്രം അനുമതി വാങ്ങിയ സുരേഷ് ഗോപി തന്നെ കാണാന്‍ മുന്‍കൂര്‍ അനുമതി വാങ്ങാതിരുന്നതാകാം സുകുമാരന്‍ നായരെ ചൊടിപ്പിച്ചതെന്നും വിമര്‍ശനം ഉയര്‍ന്നു. മുമ്പ് വിഎം സുധീരന്‍, ശശി തരൂര്‍, രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരും സുകുമാരന്‍ നായരെ കാണാന്‍ എന്‍എസ്എസ് ആസ്ഥാനത്തെത്തി നാണംകെട്ട് മടങ്ങിയിട്ടുണ്ട്.

കൊടുത്തതിനെല്ലാം കൂടി നായര്‍ക്ക് ഒരുമിച്ച് കിട്ടിയിട്ടുമുണ്ട്. അതും ഇപ്പോള്‍ അദ്ദേഹം ധാര്‍ഷ്ട്യമാണെന്ന് പറയുന്ന പിണറായി വിജയനില്‍ നിന്നു തന്നെ. യുഡിഎഫിന്റെ കാലത്ത് സര്‍ക്കാരിനെ വിറപ്പിച്ച് നിര്‍ത്തിയിരുന്ന സുകുമാരന്‍ നായര്‍ 2017 ഒക്ടോബര്‍ 20ന് മുഖ്യമന്ത്രിയെ കാണാന്‍ നാട്ടകം ഗസ്റ്റ് ഹൗസിലെത്തി രണ്ട് മണിക്കൂറാണ് കാത്തിരുന്നത്. യുഡിഎഫ് കാലത്ത് ഇടയ്ക്കിടെ മാധ്യമങ്ങളെ കണ്ട് കോണ്‍ഗ്രസ് നേതാക്കളെല്ലാം തങ്ങളുടെ പോക്കറ്റിലാണെന്നാണ് അവകാശപ്പെട്ടിരുന്നത്. കിംഗ് മേക്കര്‍ എന്നാണ് അന്ന് സ്വയം വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ അധികാരത്തിന്റെ കടിഞ്ഞാണ്‍ തന്റെ കയ്യില്‍ നിന്നും നഷ്ടപ്പെട്ടത് അദ്ദേഹം തിരിച്ചറിഞ്ഞിരിക്കുന്നു. മാധ്യമങ്ങള്‍ കാര്യമായി എന്‍എസ്എസ് ആസ്ഥാനത്തിലേക്ക് ഇപ്പോള്‍ കയറാറില്ല. അതിനാലാണ് നാട്ടകത്ത് രണ്ട് മണിക്കൂര്‍ പിണറായിയെ കാത്തിരിക്കാന്‍ സുകുമാരന്‍ നായര്‍ തയ്യാറായത്. സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ ഉദ്ഘാടനത്തിനാണ് മുഖ്യമന്ത്രി അന്ന് കോട്ടയത്തെത്തിയത്. കുമരകത്തെ ഉത്തരവാദിത്വ ടൂറിസം മിഷന്‍ പരിപാടിയുടെ ഉദ്ഘാടനത്തിന് ശേഷം ഉച്ചഭക്ഷണത്തിനും വിശ്രമത്തിനുമായാണ് മുഖ്യന്‍ നാട്ടകം ഗസ്റ്റ് ഹൗസിലെത്തിയത്. പരിഭവങ്ങളൊന്നുമില്ലാതെ രണ്ട് മണിക്കൂറോളം അന്ന് കാത്തിരുന്ന ശേഷം 20 മിനിറ്റ് നേരം മുഖ്യനുമായി ചര്‍ച്ച നടത്തിയ നായരാണ് ഇപ്പോള്‍ പിണറായിയുടെ ധാര്‍ഷ്ട്യത്തെക്കുറിച്ച് പറയുന്നതെന്ന് ഓര്‍ക്കണം.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍