UPDATES

ട്രെന്‍ഡിങ്ങ്

ശബരിമല കേസില്‍ നിന്നും ആര്യാമ സുന്ദരം പിന്‍മാറിയിരുന്നില്ലെങ്കില്‍ നാളെ സര്‍ സിപി ചിരിക്കുമായിരുന്നു

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്‍ഗാമികള്‍ സംസ്ഥാനം ഭരിക്കുമ്പോള്‍ സര്‍ സി പിയുടെ കൊച്ചുമകന്‍ ശബരിമല കേസില്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി സുപ്രിംകോടതിയില്‍ ഹാജരാകുന്നുവെന്നത് കൗതുകമായിരുന്നു

നാളെ ശബരിമല കേസില്‍ ദേവസ്വം ബോര്‍ഡിന് ഹാജരാകേണ്ടിയിരുന്ന മുതിര്‍ന്ന അഭിഭാഷകന്‍ ആര്യാമ സുന്ദരം അവസാന നിമിഷം പിന്മാറിയിരിക്കുകയാണ്. നാളെ സുപ്രിംകോടതിയില്‍ ഹാജരാകുമ്പോള്‍ ആര്യാമ സുന്ദരം ചിരിക്കുമെന്നാണ് ഇന്ന് ഡെയ്‌ലി പയനീര്‍ ഡോട്ട് കോമിന് വേണ്ടി കുമാര്‍ ചെല്ലപ്പന്‍ റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തെ സംബന്ധിച്ച് അപ്രതീക്ഷിതമായ ഒരു ബന്ധം ആര്യാമയ്ക്ക് ഉണ്ടെന്നതാണ് കാരണം. കേരള സംസ്ഥാനം രൂപീകരിക്കാന്‍ തടസം നിന്ന തിരുവിതാംകൂര്‍ ദിവാന്‍ സര്‍ സി പി രാമസ്വാമി അയ്യര്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച കമ്മ്യൂണിസ്റ്റുകള്‍ സംസ്ഥാനം ഭരിക്കുമ്പോള്‍ സര്‍ക്കാരിന് വേണ്ടി ഹാജരാകുന്നുവെന്നതാണ് ആ ചിരിക്ക് കാരണം.

സര്‍ സി പിയുടെ കൊച്ചുമകനാണ് ഇന്ന് സുപ്രിംകോടതിയില്‍ മുതിര്‍ന്ന അഭിഭാഷകനായ ആര്യാമ. സര്‍ സി പിയുടെ 139-ാം ജിന്മവാര്‍ഷികമായ നാളെയാണ് സര്‍ക്കാരിന് വേണ്ടി ആര്യാമ ഹാജരാകാനിരുന്നതെന്ന് മറ്റൊരു കൗതുകം. 1947ല്‍ കമ്മ്യൂണിസ്റ്റുകാരുടെ വെട്ടേറ്റ് സര്‍ സി പി നാടുവിടുന്നത് അന്ന് കുട്ടിയായിരുന്ന ആര്യാമയെയും മറ്റ് കുടുംബാംഗങ്ങളെയുമായാണ്. കമ്മ്യൂണിസ്റ്റുകളോട് കാണിച്ച നരനായാട്ടിന് ഇനിയും തിരിച്ചടി കിട്ടുമെന്ന് അദ്ദേഹം മനസിലാക്കിയിരുന്നു. പുന്നപ്ര, വയലാര്‍ പ്രക്ഷോഭം അടിച്ചമര്‍ത്തിയ സര്‍ സി പിയെ കമ്മ്യൂണിസ്റ്റുകളും തങ്ങളുടെ ഏറ്റവും വലിയ ശത്രുവായാണ് കണ്ടിരുന്നത്. തുര്‍ന്നാണ് 1947 ജൂലൈ 25ന് പാര്‍ട്ടി അനുഭാവിയായ കെസിഎസ് മണി നടത്തിയ കൊലപാതക ശ്രമത്തില്‍ പരിക്കേറ്റ് സി പി ഓഗസ്റ്റ് 18ന് തിരുവനന്തപുരത്തു നിന്നും പലായനം ചെയ്തത്. കേരളത്തില്‍ നിന്നും രക്ഷപ്പെട്ടെങ്കിലും 1966ല്‍ സര്‍ സി പി മരിക്കും വരെയും കമ്മ്യൂണിസ്റ്റുകള്‍ അദ്ദേഹത്തെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നെന്നും ആരോപണമുണ്ട്.

അതേസമയം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും കേരളത്തിനും സര്‍ സിപിയോട് മറ്റൊരു ആത്മബന്ധമുണ്ട്. 1936ല്‍ തിരുവിതാംകൂര്‍ ദിവാനാകാന്‍ സര്‍ സി പി തയ്യാറാകുന്നത് തന്നെ ക്ഷേത്രങ്ങളില്‍ അവര്‍ണര്‍ക്കും പ്രവേശനം അനുവദിക്കണമെന്ന നിബന്ധന മുന്നോട്ട് വച്ചാണ്. ഇതിന്റെ ഫലമായാണ് 1936 നവംബര്‍ 23ന് കീഴ്ജാതിക്കാര്‍ക്ക് വേണ്ടി കൂടി ക്ഷേത്രങ്ങള്‍ തുറന്നുകൊടുത്തത്. അതേ സര്‍ സി പിയുടെ കൊച്ചുമകന്‍ ശബരിമല ക്ഷേത്രത്തില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കുന്നത് സംബന്ധിച്ച കേസില്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരാകുന്നതിനെ ആകാംക്ഷയോടെയാണ് ഏവരും കണ്ടിരുന്നത്. അതും സി പി തന്റെ ഭരണകാലത്ത് ഏറ്റവും വലിയ ശത്രുക്കളായും സാമൂഹിക വരുദ്ധരായും കണ്ടിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്‍ഗാമികള്‍ സംസ്ഥാനം ഭരിക്കുമ്പോള്‍.

2007ല്‍ സുപ്രിംകോടതിയില്‍ ശബരിമല കേസില്‍ എന്‍എസ്എസിന് വേണ്ടി ഹാജരായതും ആര്യാമ സുന്ദരമാണ്. അതിനാലാണ് ആര്യാമ സുന്ദരത്തിന്റെ ഇപ്പോഴത്തെ അപ്രതീക്ഷിത പിന്മാറ്റത്തെ സംശയത്തോടെ കാണേണ്ടി വരുന്നത്. ഒരു അഭിഭാഷകനെന്ന നിലയില്‍ വിജയകഥകളേറെയുള്ള വ്യക്തിയാണ് അദ്ദേഹം. ബിസിസിഐ, അനില്‍ അംബാനി തുടങ്ങിയ പ്രമുഖര്‍ക്ക് വേണ്ടിയാണ് ഇദ്ദേഹം കോടതിയില്‍ ഹാജരായിട്ടുള്ളത്. കോര്‍പ്പറേറ്റ് ലോ പ്രാക്ടീസ് ചെയ്ത് തുടങ്ങിയ അദ്ദേഹം പിന്നീട് ഭരണഘടനാ നിയമവും മാധ്യമ ബന്ധമുള്ള കേസുകളും കൈകാര്യം ചെയ്തു തുടങ്ങി. അഭിപ്രായ, ആവിഷ്‌കാര സ്വാതന്ത്ര്യത്തെ സംബന്ധിച്ച സുപ്രധാന വിധി വന്ന എസ് രംഗരാജന്‍ കേസിലും ഇദ്ദേഹമായിരുന്നു അഭിഭാഷകന്‍.

ശബരിമല കേസില്‍ ഹാജരാകാനാകില്ലെന്ന് ആര്യാമ സുന്ദരം: പിന്നില്‍ എന്‍എസ്എസ് എന്ന് ആരോപണം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍