UPDATES

വിപണി/സാമ്പത്തികം

സാമ്പത്തിക പ്രതിസന്ധി: കരകയറാന്‍ ‘ഉത്തേജനം’ ഇല്ല; മോദിയുടെ ജനപിന്തുണ കുറയുന്നു

വില്‍പനയില്‍ അമ്പത് ശതമാനത്തോളം കുറവും തൊഴിലവസരങ്ങളില്‍ കുത്തനെ ഉണ്ടായ ഇടിവും മേഖലയെ പിടിച്ചുലച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ അടിത്തറയ്ക്ക് തന്നെയാണ് ഇളക്കം തട്ടിയത്

നോട്ട് നിരോധനവും ചരക്ക്-സേവന നികുതി നടപ്പിലാക്കിയതിലെ വൈകല്യവും ഇന്ത്യയിലെ ചെറുകിട, ഇടത്തരം വ്യാപാര സ്ഥാപനങ്ങള്‍ക്ക് വലിയ തകര്‍ച്ചയാണ് സമ്മാനിച്ചത്. ഈ രണ്ട് നയതീരുമാനങ്ങളെ തുടര്‍ന്ന് രാജ്യത്തിന്റെ ആഭ്യന്തര ഉല്‍പാദന വളര്‍ച്ച നിരക്ക് തുടര്‍ച്ചയായ അഞ്ച് പാദങ്ങളില്‍ ഇടിവ് രേഖപ്പെടുത്തിയപ്പോള്‍ അത് ഏറ്റവും കൂടുതല്‍ പ്രതീകൂലമായി ബാധിച്ചത് ചെറുകിട, ഇടത്തരം വ്യാപരമേഖലയെ ആയിരുന്നു. വില്‍പനയില്‍ അമ്പത് ശതമാനത്തോളം കുറവും തൊഴിലവസരങ്ങളില്‍ കുത്തനെ ഉണ്ടായ ഇടിവും മേഖലയെ പിടിച്ചുലച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ അടിത്തറയ്ക്ക് തന്നെയാണ് ഇളക്കം തട്ടിയതെന്ന് ദി വയര്‍.ഇന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

പ്രതിസന്ധിയില്‍ നിന്നും പുറത്തുവരാനും വോട്ട് ബാങ്ക് നിലനിര്‍ത്താനും മോദിയുടെ മുന്നിലുള്ള ഏകമാര്‍ഗ്ഗം ഉത്തേജക പദ്ധതികള്‍ പ്രഖ്യാപിക്കുക എന്നുള്ളതാണ്. എന്നാല്‍ ഇത് ധനകമ്മി വര്‍ദ്ധിപ്പിക്കും എന്നതിനാല്‍ തന്നെ നിക്ഷേപകരുടെ വിശ്വാസം നഷ്ടപ്പെടും എന്നതാണ് കേന്ദ്ര സര്‍ക്കാരിനെ വലയ്ക്കുന്ന മറ്റൊരു പ്രശ്‌നം. ഈ സാമ്പത്തിക വര്‍ഷത്തില്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നതില്‍ നിന്നും 400 മുതല്‍ 500 വരെ മില്യണ്‍ രൂപ അധികമായി ചിലവഴിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് ധനമന്ത്രാലയത്തിലെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

ഇന്ധന നികുതിയില്‍ ഇളവ് വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതിനകം തന്നെ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഏതൊക്കെ മേഖലകളിലാണ് കൂടുതല്‍ പണം ചിലവഴിക്കേണ്ടത് എന്ന കാര്യത്തില്‍ ഉന്നതതലത്തില്‍ തന്നെ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. ഗ്രാമീണ തൊഴില്‍, പാര്‍പ്പിടം, ബാങ്കുകളുടെ പുനര്‍മൂലധനവല്‍ക്കരണം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ പണം ചിലവഴിക്കണമെന്ന് ഒരു അഭിപ്രായം നിലനില്‍ക്കുമ്പോള്‍ തന്നെ വളര്‍ച്ച മുരടിപ്പ് ഏറ്റവും പ്രതികൂലമായി ബാധിച്ച മേഖലകള്‍ക്ക് ആശ്വാസം നല്‍കുന്നതിനുള്ള നടപടികളാണ് വേണ്ടതെന്ന് മറ്റൊരു വിഭാഗം വാദിക്കുന്നു.

വരുമാനം കുറയുന്നതിനാല്‍ തന്നെ ധനകമ്മി പിടിച്ചുനിറുത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുന്നു എന്നതാണ് സര്‍ക്കാരിന് തലവേദനയാകുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് തങ്ങള്‍ നേരിടുന്നതെന്ന് ധനമന്ത്രാലയത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ തന്നെ സമ്മതിക്കുന്നു. നികുതി പിരിവില്‍ വലിയ ഇടിവാണ് സംഭവിക്കുന്നത്. അതോടൊപ്പം കഴിഞ്ഞ മൂന്ന് വര്‍ഷത്തിലെ ഏറ്റവും ചെറിയ വളര്‍ച്ച നിരക്കായ 5.7 ശതമാനമായ ജൂണില്‍ അവസാനിച്ച പാദത്തില്‍ രേഖപ്പെടുത്തിയത്.

2014ല്‍ വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ നരേന്ദ്ര മോദി, രാഷ്ട്രീയ നഷ്ടം പരിഹരിക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ പറയുന്നു. വളര്‍ച്ചയിലുള്ള ഇടിവ് താല്‍ക്കാലികമാണെന്ന് ഉറപ്പാക്കുന്നതിനുള്ള നടപടികളോടാണ് അദ്ദേഹത്തിന് താല്‍പര്യം. പ്രത്യേകിച്ചും ബിജെപിയുടെ മുന്‍ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിന്‍ഹയും അരണ്‍ ഷൂറിയും മോദിയുടെ സാമ്പത്തികനയങ്ങളെ പരസ്യമായി വിമര്‍ശിച്ച സാഹചര്യത്തില്‍. പക്ഷെ ജനപ്രിയ നടപടികള്‍ നിക്ഷേപകരുടെ വിശ്വാസ്യത തകര്‍ക്കും എന്നതാണ് അദ്ദേഹം നേരിടുന്ന വലിയ വെല്ലുവിളി. 2013-14 സാമ്പത്തിക വര്‍ഷത്തിലെ 4.5 ശതമാനം ധനകമ്മി നാല് ശതമാനത്തില്‍ താഴേക്ക് കുറച്ചുകൊണ്ടുവന്നതിന്റെ പേരില്‍ നിക്ഷേപകരില്‍ നിന്നും നേരത്തെ മോദി സര്‍ക്കാര്‍ പ്രശംസ നേടിയെടുത്തിലുന്നു.

സര്‍ക്കാര്‍ ചിലവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള സൂചനകള്‍ കഴിഞ്ഞ മാസം പുറത്തുവന്നപ്പോള്‍ തന്നെ ഓഹരി കമ്പോളത്തില്‍ തുടര്‍ച്ചയായി ഏഴ് ദിവസം ഇടിവുണ്ടായി. രൂപയുടെ മൂല്യം കഴിഞ്ഞ ആറുമാസത്തില്‍ ഏറ്റവും താഴേക്ക് പതിക്കുകയും ചെയ്തു. പൊതുകടം വര്‍ദ്ധിക്കുമെന്നുള്ള വിപണിയുടെ ഭയമായിരുന്നു ഇതിന് കാരണം. ഇതേ തുടര്‍ന്ന് കൂടുതല്‍ വായ്പയെടുക്കേണ്ടതില്ലെന്നും 2017-18 സാമ്പത്തിക വര്‍ഷത്തിലെ ധനകമ്മി 3.2 ശതമാനമായി പിടിച്ചുനിറുത്തുകയാണ് ലക്ഷ്യമെന്നും സെപ്തംബര്‍ 28ന് മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. വിപണി പൊതുവില്‍ സ്വാഗതം ചെയ്ത തീരുമാനമായിരുന്നു ഇത്.

എന്നാല്‍ വളര്‍ച്ച നിരക്കില്‍ തുടരുന്ന മാന്ദ്യമാണ് ഇപ്പോള്‍ മറിച്ചു ചിന്തിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്. ബജറ്റില്‍ വകയിരുത്തിയിരുന്നതില്‍ നിന്നും 500 ദശലക്ഷം രൂപ അധികമായി ചിലവഴിക്കുന്നതിന് പാര്‍ലമെന്റിന്റെ അനുമതി തേടാന്‍ മോദി സര്‍ക്കാരിന് സാധിക്കും. എന്നാല്‍ ഈ നീക്കം ധനകമ്മി മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 3.7 ശതമാനമായി വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കും. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലെ ഏറ്റവും ഉയര്‍ന്ന കമ്മിയായിരിക്കും ഇത്. എന്നാല്‍ സര്‍ക്കാര്‍ ചിലവുകള്‍ വര്‍ദ്ധിപ്പിക്കാനുള്ള ഒരു സ്ഥിതിയുമില്ലെന്നാണ് ഇന്ത്യയുടെ മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് വിര്‍മാനി പറയുന്നത്.

എന്നാല്‍ കഴിഞ്ഞ ആഴ്ച 90 മിനിട്ട് നീണ്ടുനിന്ന ഒരു പ്രസംഗത്തില്‍ സാമ്പത്തിക വളര്‍ച്ച മുരടിപ്പ് താല്‍ക്കാലികമാണെന്ന് അവകാശപ്പെട്ട പ്രധാനമന്ത്രി ആശ്വാസനടപടികള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു. സ്വന്തം വീഴ്ചകള്‍ ഏറ്റുപറയുന്ന ശീലമില്ലാത്ത ഒരാളെ സംബന്ധിച്ചിടത്തോളം അത്യപൂര്‍വമായ ഈ നടപടി സര്‍ക്കാരിനെതിരായ ജനവികാരത്തിന്റെ സൂചന തന്നെയാണ്. ഇന്ത്യയില്‍ എമ്പാടും ചെറുകിട-ഇടത്തരം വ്യവസായ മേഖലയില്‍ പിരിച്ചുവിടലുകള്‍ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. തിടുക്കത്തില്‍ നടപ്പിലാക്കിയ ജിഎസ്ടി, താഴെത്തട്ടിലുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തന മൂലധനത്തില്‍ ഇടിവുണ്ടാക്കി. കള്ളപ്പണം പിടിക്കാനെന്ന പേരില്‍ കഴിഞ്ഞ നവംബറില്‍ നടപ്പിലാക്കിയ നോട്ടുനിരോധനത്തിന്റെ ആഘാതത്തില്‍ നിന്നും ചെറുകിട സ്ഥാപനങ്ങള്‍ കരകയറുന്നതിന് മുമ്പായിരുന്നു പുതിയ നടപടി എന്നതിനാല്‍ തന്നെ ഇതിന്റെ പ്രത്യാഘാതം വലുതാണ്. പണമിടപാടുകളുടെയും വായ്പകളുടെ അടിസ്ഥാനത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ചെറുകിട സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം ജിഎസ്ടിയും അതിന്റെ നൂലാമാലകളും വലിയ ബാധ്യതയായി മാറിയിരിക്കുകയാണ്.

മുംബെയ്ക്ക് വെളിയിലുള്ള വസ്ത്രവ്യവസായത്തില്‍ മാത്രം കഴിഞ്ഞ ജൂലൈയ്ക്ക് ശേഷം 200,000 തൊഴിലുകളാണ് നഷ്ടമായതെന്ന് ഭിവണ്ടി പവര്‍ലൂം വീവേഴ്‌സ് ഫെഡറേഷന്‍ ട്രഷറര്‍ റഷീദ് താഹിര്‍ മോമിന്‍ പറയുന്നു. ആദ്യം നികുതി അടയ്ക്കുകയും പിന്നീട് അത് തിരികെ കിട്ടാന്‍ അപേക്ഷ നല്‍കുകയും ചെയ്യണം എന്ന അവസ്ഥ വന്നതോടെ തുണി, ആഭരണം, മറ്റ് കയറ്റുമതി മേഖലകളില്‍ നി്ന്നും 10 ബില്യണ്‍ ഡോളറാണ് സര്‍ക്കാരിന്റെ കൈയിലുള്ളത്. ചെറുകിട വ്യാപാരത്തെ സഹായിക്കുന്ന തരത്തിലുള്ള നികുതി നിയമ ഇളവുകള്‍ ഉണ്ടാവുമെന്ന് വെള്ളിയാഴ്ച സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

ചെറുകിട, ഇടത്തരം വ്യാപാര മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സത്വര നടപടികള്‍ ഉണ്ടാവുമെന്നാണ് പ്രധാനമന്ത്രിയോട് അടുപ്പമുള്ള പാര്‍ലമെന്റ അംഗം നരേന്ദ്ര ജാദവ് പറഞ്ഞു. ഘടനാപരമായ മാറ്റങ്ങള്‍ വരുത്താനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും പശ്ചാത്തല സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ വര്‍ഷം 188.7 ബില്യണ്‍ രൂപയുടെ നികുതി വരുമാനം ഉണ്ടാവുമെന്നാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കണക്ക് കൂട്ടിയിരുന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ 16.4 ശതമാനം വര്‍ദ്ധനവാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ജിഎസ്ടി നടപ്പിലാക്കിയതോടെ നികുതി വരുമാനത്തില്‍ ഒരു ട്രില്യണ്‍ രൂപയുടെ കുറവുണ്ടാകുമെന്ന് ധനമന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ കടമെടുപ്പ് ഉള്‍പ്പെടെയുള്ള ധനകമ്മി നിലവില്‍ ആറു ശതമാനത്തിലേക്ക് അടുക്കുകയാണെന്നും ഇത് ഇനിയും വര്‍ദ്ധിപ്പിച്ചാല്‍ ധനസുസ്ഥിരതയെ പ്രതികൂലമായി ബാധിക്കുമെന്നും കഴിഞ്ഞ ദിവസം ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജ്ജിത് പട്ടേല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്നാല്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് പോലെ വെറും 500 മില്യണ്‍ രൂപ അധികമായി ചിലവഴിക്കുന്നതുകൊണ്ടു മാത്രം വളര്‍ച്ച മുരടിപ്പ് പരിഹരിക്കാനാവില്ലെന്നാണ് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമിയുടെ തലവന്‍ മഹേഷ് വ്യാസ് ചൂണ്ടിക്കാണിക്കുന്നു. ഉത്തേജക പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ഇല്ലയോ എന്ന വ്യക്തമായ സന്ദേശമാണ് സര്‍ക്കാര്‍ നല്‍കേണ്ടതെന്ന് അദ്ദേഹം പറയുന്നു. ഇപ്പോള്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വം വിപണിയെ പ്രതികൂലമായി ബാധിക്കുകയാണെന്നും സര്‍ക്കാര്‍ ചിലവഴിക്കലുകളിലെ ചെറിയ വര്‍ദ്ധനകള്‍ ധനദുര്‍വ്യയമായി അവസാനിക്കുകയേ ഉള്ളവെന്നും വ്യാസ് ചൂണ്ടിക്കാണിക്കുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍