UPDATES

ട്രെന്‍ഡിങ്ങ്

ബിജെപിയുടെ സമ്മര്‍ദ്ദം രൂക്ഷം; എഐഎഡിഎംകെ ലയനം ഇന്ന് പ്രഖ്യാപിച്ചേക്കും

നാളെ അമിത് ഷാ തമിഴ്‌നാട് സന്ദര്‍ശിക്കുന്നതിന് മുമ്പായി എഐഎഡിഎംകെയുടെ ലയനം പ്രഖ്യാപിച്ച് എന്‍ഡിഎയില്‍ സഖ്യകക്ഷിയാക്കാനാണ് ബിജെപിയുടെ നീക്കം

എഐഎഡിഎംകെയില്‍ പരസ്പരം പോരടിച്ചു നിന്നിരുന്ന എടപ്പാടി പളനിസ്വാമി, ഒ പനീര്‍സെല്‍വം വിഭാഗങ്ങള്‍ ഇന്ന് ലയനം പ്രഖ്യാപിക്കുമെന്ന് സൂചന. പാര്‍ട്ടി ആസ്ഥാനത്ത് ഇരുവിഭാഗങ്ങളിലെയും മുതിര്‍ന്ന നേതാക്കളും പളനിസ്വാമി സര്‍ക്കാരിലെ മന്ത്രിമാരും ചേര്‍ന്ന് ചര്‍ച്ചകള്‍ നടത്തും. വികെ ശശികലയെയും അവരുടെ കുടുംബാംഗങ്ങളെയും ഔദ്യോഗികമായി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന ഒപിഎസ് ക്യാമ്പിന്റെ മുഖ്യ ആവശ്യമാണ് ഇന്ന് ചര്‍ച്ചകളില്‍ പരിഗണിക്കുക.

പനീര്‍സെല്‍വം മുന്നോട്ട് വച്ച ചില ആവശ്യങ്ങള്‍ പളനിസ്വാമി പക്ഷം അംഗീകരിച്ചതോടെയാണ് ലയന ചര്‍ച്ചകള്‍ സജീവമായത്. മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ മരണത്തില്‍ മുഖ്യമന്ത്രി അന്വേഷണ കമ്മിഷനെ നിയമിക്കുകയും അവരുടെ പോയസ് ഗാര്‍ഡനിലെ വേദനിലയം സ്മാരകമായി മാറ്റുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അതേസമയം ജയലളിതയുടെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ഒപിഎസ് ക്യാമ്പിന്റെ ആവശ്യത്തില്‍ തീരുമാനമൊന്നും എടുത്തിട്ടില്ല.

ശശികലയെ പാര്‍ട്ടിയില്‍ നിന്നും പൂര്‍ണമായും നീക്കം ചെയ്യുന്നത് സംബന്ധിച്ച് ഒരുമാസത്തിനകം തീരുമാനമെടുക്കുമെന്ന് ഒരു മുതിര്‍ന്ന എഐഎഡിഎംകെ നേതാവ് അറിയിട്ടിട്ടുണ്ട്. ഒപിഎസ് ആഗ്രഹിച്ചാലും ശശികലയെ തങ്ങള്‍ക്ക് അടിയന്തരമായി പുറത്താക്കാന്‍ സാധിക്കില്ല. അതേസമയം ശശികലയെ പുറത്താക്കല്‍ പൂര്‍ത്തിയാകുന്നത് വരെ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ ഒപിഎസിന്റെയും ഇപിഎസിന്റെയും സംയുക്ത അധ്യക്ഷതയില്‍ പ്രസീഡിയം കമ്മിറ്റി രൂപീകരിക്കാമെന്ന് ഒപിഎസ് ക്യാമ്പ് സമ്മതിച്ചതായി വാര്‍ത്ത സ്രോതസുകള്‍ പറയുന്നു.

അതേസമയം എഐഎഡിഎംകെയിലെ ലയന ചര്‍ച്ചകള്‍ ശക്തിപ്രാപിച്ച സാഹചര്യത്തില്‍ മഹാരാഷ്ട്രയുടെയും തമിഴ്‌നാടിന്റെയും ഗവര്‍ണറായ സി വിദ്യാസാഗര്‍ റാവു മുംബൈയിലെ തന്റെ എല്ലാ ചടങ്ങുകളും റദ്ദാക്കി ചെന്നൈയിലേക്ക് തിരിക്കുമെന്ന് അദ്ദേഹത്തിന്റെ പിആര്‍ഒ അറിയിച്ചു. മുഖ്യമന്ത്രി പദവിയോ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദവിയോ ആണ് പനീര്‍സെല്‍വം ആവശ്യപ്പെടാന്‍ സാധ്യത. അതേസമയം ഐക്യഎഐഎഡിഎംകെയില്‍ ജനറല്‍സെക്രട്ടറിയ്ക്ക് തുല്യമായ പദവിയും ഉപമുഖ്യമന്ത്രി പദവിയുമായിരിക്കും അദ്ദേഹത്തിന് നല്‍കുകയെന്നും സൂചനയുണ്ട്. അതേസമയം 20 എംഎല്‍എമാരുടെ പിന്തുണയുള്ള ടിടിവി ദിനകരന്‍ ഈ നീക്കത്തെ അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നത് ലയന തീരുമാനത്തിന് തിരിച്ചടിയാകുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

വെള്ളിയാഴ്ച രാത്രിയോടെ ലയനപ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അവസാന നിമിഷം ഉയര്‍ന്ന ചില അഭിപ്രായ വ്യത്യാസങ്ങള്‍ മൂലം നീണ്ടുപോകുകയായിരുന്നു. എന്നാല്‍ ഒന്നു രണ്ട് ദിവസത്തിനകം ശുഭകരമായ ഫലമുണ്ടാകുമെന്ന് പിറ്റേന്ന് തന്നെ പിഎസ് പ്രഖ്യാപിച്ചിരുന്നു. ‘ലയന പ്രക്രിയകള്‍ ശാന്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. അത് ഒരുപടി കൂടി മുന്നോട്ട് പോയിട്ടുണ്ട്. നിങ്ങള്‍ ആഗ്രഹിക്കുന്ന നല്ല തീരുമാനം എത്രയും വേഗം ഉണ്ടാകും’- തന്റെ വിഭാഗക്കാരായ പാര്‍ട്ടി നേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ഒപിഎസ് അറിയിച്ചു. അതേസമയം ഇന്നുതന്നെ ഔദ്യോഗിക ലയന പ്രഖ്യാപനമുണ്ടാകണമെന്ന് ഇരുവിഭാഗങ്ങള്‍ക്കും മേല്‍ ബിജെപിയുടെ സമ്മര്‍ദ്ദമുണ്ടെന്നാണ് അറിയുന്നത്. നാളെ ബിജെപി അധ്യക്ഷന്‍ അമിത് ഷാ തമിഴ്‌നാട് സന്ദര്‍ശിക്കാനിരിക്കുകയാണ്. അതിന് മുമ്പ് ലയനപ്രഖ്യാപനം നടത്തി എഐഎഡിഎംകെയെ എന്‍ഡിഎ സഖ്യകക്ഷിയായി പ്രഖ്യാപിക്കാനാണ് ബിജെപിയുടെ നീക്കം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍