UPDATES

സ്വാമി ബലാത്സംഗി തന്നെ: ശരിയ്ക്കും ഇന്നത്തെ ഇന്ത്യയുടെ ‘ആത്മീയ’ഗുരു

2008ല്‍ ആശാറാമിന്റെ ആശ്രമത്തിന്റെ ആസ്തി 5000 കോടി രൂപയായിരിക്കുമ്പോഴാണ് ഇയാളുടെ ‘കാലക്കേട്’ ആരംഭിക്കുന്നത്‌

പതിനാറുകാരിയെ ബലാത്സംഗ ചെയ്ത കേസില്‍ ആള്‍ദൈവം ആശാറാം ബാപ്പു കുറ്റക്കാരനാണെന്ന് ജോഥ്പൂരിലെ പ്രത്യേക കോടതി ഇന്ന് വിധിച്ചിരിക്കുകയാണ്. ആശാറാം ഉള്‍പ്പെടെ നാല് പ്രതികളും കുറ്റക്കാരാണെന്നാണ് കോടതി വിധി. ആശാറാം ബാപ്പുവിനെ 2013ല്‍ അറസ്റ്റ് ചെയ്തത് ഇന്ത്യയിലെ ഒരു സുപ്രധാനസംഭവമായാണ് വിലയിരുത്തപ്പെടുന്നത്. അഹമ്മദാബാദിന് സമീപം മൊട്ടേര ആസ്ഥാനമാക്കിയുള്ള ഈ ആള്‍ദൈവത്തിന്റെ വിധി പ്രഖ്യാപിക്കുമ്പോള്‍ രാജസ്ഥാന്‍, ഗുജറാത്ത്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ നാല് സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കിയിരിക്കുന്നത് അതിനാലാണ്. കൂടാതെ കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ ആള്‍ദൈവമായ ഗുര്‍മീത് റാം റഹിം സിംഗ് ബലാത്സംഗക്കേസില്‍ കഠിനതടവിന് ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ ഹരിയാനയില്‍ പൊട്ടിപ്പുറപ്പെട്ട കലാപം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചിരുന്നു.

ഗുര്‍മീതിന്റെ ആശ്രമമായ ദേര സച്ച സൗദയുടെ ശക്തികേന്ദ്രങ്ങളായ സുനാരിയിലും ശിക്ഷവിധിച്ച കോടതി സ്ഥിതി ചെയ്യുന്ന റോത്തേക്കിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടും കലാപം തടയാന്‍ പോലീസിന് സാധിച്ചിരുന്നില്ല. അതിനാല്‍ തന്നെ ആശാറാം ബാപ്പുവിന്റെ വിധി പ്രഖ്യാപിക്കുന്ന ഇന്ന് പോലീസ് കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്. ജോഥ്പൂരിലെ കോടതിയാണ് ആശാറാമിന്റെ വിധി പ്രഖ്യാപിക്കുന്നത്.

ലൈംഗിക താല്‍പര്യങ്ങള്‍ എങ്ങനെ നിയന്ത്രിക്കാം എന്ന് ഉപദേശിച്ചുകൊണ്ടാണ് നാലര പതിറ്റാണ്ട് മുമ്പ് ആശാറാം പ്രശസ്തനായത് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. 1971ല്‍ ഒരു ചെറിയ കുടിലിലാണ് ആശാറാം തന്റെ മതപ്രഭാഷണങ്ങളും ഉപദേശ ങ്ങളും ആരംഭിച്ചത്. സബര്‍മതിയുടെ തീരത്ത് മഹാത്മാഗാന്ധി ആശ്രമത്തില്‍ നിന്നും അധികം ദൂരെയല്ലാതെയാണ് ഇയാളും തന്റെ ആശ്രമം കെട്ടിപ്പൊക്കിയത്. രണ്ട് പതിറ്റാണ്ടുകള്‍ കൊണ്ട് ഇയാള്‍ ദശലക്ഷക്കണക്കിന് അനുയായികളെ നേടിയെടുക്കുകയും ഇന്ത്യയിലും അമേരിക്കയിലും ഹോംഗ്‌കോംഗിലും കാനഡയിലും ദക്ഷിണാഫ്രിക്കയിലുമായി നൂറ് കണക്കിന് ആശ്രമങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു.

ഗുജറാത്തില്‍ ഇയാള്‍ക്കെതിരായ മറ്റൊരു കേസില്‍ പോലീസ് സമര്‍പ്പിച്ച കുറ്റപത്രം അനുസരിച്ച് 2008ല്‍ ആശ്രമത്തിന്റെ ആസ്തി 5000 കോടി രൂപയായിരുന്നു. ഇയാളുടെ ശാന്ത് ശ്രീ ആശാറാംജി ആശ്രം ട്രസ്റ്റിന് കീഴില്‍ ഗുരുകുലങ്ങള്‍ എന്നുവിളിക്കുന്ന നാല്‍പ്പത് പരമ്പരാഗത സ്‌കൂളുകളും ഒരു പ്രസും ആയുര്‍വേദ നിര്‍മാണ സ്ഥാപനവും പ്രവര്‍ത്തിക്കുന്നുണ്ട്. ഹിന്ദു പുരാണ കൃതികളെക്കുറിച്ചുള്ള ആശാറാമിന്റെ വിശദീകരണങ്ങളാണ് ഈ പ്രസില്‍ അച്ചടിക്കുന്നത്. ആയുര്‍വേദ നിര്‍മാണ സ്ഥാപനത്തില്‍ മരുന്നുകളും സോപ്പുകളും ഷാമ്പുവും നിര്‍മ്മിക്കുന്നു.

ആത്മീയത പ്രചരിപ്പിക്കാന്‍ ആശാറാമിന് നല്ല രീതിയില്‍ തന്നെ സാധിച്ചിട്ടുണ്ട്. വിശ്വാസികള്‍ക്ക് ഭക്ഷണവും വീട്ടുസാധനങ്ങളും മരുന്നും ഇയാള്‍ സൗജന്യമായി നല്‍കുന്നു. എന്നാല്‍ ഭൂമി ഇടപാടുകളിലൂടെയും ഓഹരി വിപണിയിലെ വന്‍തോതിലുള്ള നിക്ഷേപങ്ങളിലൂടെയും ഇയാള്‍ ഒരു യഥാര്‍ത്ഥ കച്ചവടക്കാരനായി മാറുകയും ചെയ്തു.

റാം റഹിം സിംഗ്; വെറുമൊരു കോമാളിയല്ല കരുണാമയനായ ഈ പഞ്ചനക്ഷത്ര ബാബ

1941 ഏപ്രില്‍ 17ന് ഇപ്പോള്‍ പാകിസ്ഥാന്റെ ഭാഗമായ സിന്ധ് പ്രവിശ്യയിലെ ബെരാണി ഗ്രാമത്തിലാണ് അസുമാല്‍ സിരുമലാനി എന്ന ആശാറാം ജനിച്ചത്. ഇന്ത്യ വിഭജനത്തിന് ശേഷം ഇയാളുടെ കുടുംബം അഹമ്മദാബാദിലെ മണിനഗറിലേക്ക് കുടിയേറി. അവിടെ കല്‍ക്കരിയുടെയും വിറകിന്റെയും കച്ചവടമാണ് ആശാറാമിന്റെ കുടുംബക്കാര്‍ നടത്തി വന്നത്. പ്രാഥമിക വിദ്യാഭ്യാസത്തിനായി അഹമ്മദാബാദിലെ ജയ്ഹിന്ദ് ഹൈസ്‌കൂളില്‍ ചേര്‍ന്നെങ്കിലും പിതാവിന്റെ മരണത്തോടെ മൂന്നാം ക്ലാസില്‍ വച്ചുതന്നെ ആശാറാമിന് പഠനം ഉപേക്ഷിക്കേണ്ടി വന്നു.

വീട്ടുകാര്‍ നിര്‍ബന്ധിച്ച് നടത്താന്‍ ശ്രമിച്ച വിവാഹത്തിന് തൊട്ടുമുമ്പായി ഇയാള്‍ വീട്ടില്‍ നിന്നും ഒളിച്ചോടി ഒരു ആശ്രമത്തിലെത്തുകയായിരുന്നുവെന്നാണ് ആശാറാം ആശ്രം ട്രസ്റ്റ് പുറത്തിറക്കിയ ജീവചരിത്രത്തില്‍ പറയുന്നത്. 23-ാം വയസ്സില്‍ വീണ്ടും നാടുവിട്ട ഇയാള്‍ ഹിമാലയത്തിലെത്തുകയും നൈനിറ്റാളില്‍ വച്ച് തന്റെ ആത്മീയ ഗുരുവായ ലിലാശാഷ്ജിയെ കണ്ടുമുട്ടുകയും ചെയ്തു. ലിലാശാഷ്ജിയാണ് ഇയാള്‍ക്ക് ആശാറാം എന്ന് പേരിട്ടത്.

ആള്‍ദൈവങ്ങള്‍ക്കും ന്യൂ ഏജ് ഗുരുക്കള്‍ക്കും ഇടയിലാണ് നമ്മള്‍: ശശികുമാര്‍; ഇന്ത്യയെ അസഹിഷ്ണുതയുടെ നാടായി ചിത്രീകരിക്കുന്നത് മാധ്യമങ്ങള്‍: സദ്ഗുരു

കേവലം പത്ത് അനുയായികളുമായാണ് ആശാറാം തന്റെ സ്വന്തം ആശ്രമം അഹമ്മദാബാദില്‍ ആരംഭിച്ചത്. എന്നാല്‍ സൂററ്റിലെ ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയില്‍ ഒട്ടനവധി അനുയായികളെ ലഭിച്ചതോടെ അവിടേയ്ക്കും ആശ്രമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുകയും ആശ്രമം കെട്ടിയുയര്‍ത്തുകയും ചെയ്തു. അനുയായികള്‍ വര്‍ധിച്ചതോടെ രാഷ്ട്രീയ നേതാക്കളും ഇയാളിലേക്ക് ആകൃഷ്ടരായി. കോണ്‍ഗ്രസും ബിജെപിയും അധികാരത്തില്‍ വന്നപ്പോഴെല്ലാം ആശ്രമം വിപുലീകരിക്കാനായി ഭൂമി വിട്ടുനല്‍കുകയും ചെയ്തു.

ഭാര്യ ലക്ഷ്മീ ദേവിയുടെയും മകന്‍ നാരായണ്‍ സായിയുടെയും സഹായത്തോടെയാണ് ആശ്രമത്തിന്റെയും മറ്റ് സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. നാരായണ്‍ സായി മറ്റൊരു ബലാത്സംഗക്കേസില്‍ ഇപ്പോള്‍ ജയിലിലാണ്. സുഗമമായി പ്രവര്‍ത്തിച്ചിരുന്ന ആശാറാമിന്റെ ആശ്രമത്തിന്റെ ‘കാലക്കേട്’ തുടങ്ങുന്നത് 2008ലാണ്. ഗുരുകുല വാസികളും അര്‍ദ്ധസഹോദരങ്ങളുമായ ദിപേഷ് വഗേല(10) അഭിഷേക് വഗേല(11) എന്നിവരുടെ മൃതദേഹങ്ങള്‍ മൊടേരയിലെ ഇയാളുടെ ആശ്രമത്തില്‍ നിന്നും അധികം ദൂരെയല്ലാതെ സബര്‍മതി നദിയുടെ തീരത്ത് കണ്ടെത്തിയതോടെയായിരുന്നു ഇത്.

ആള്‍ദൈവം ജഗ്ഗി വാസുദേവിനെ വിറപ്പിച്ച് ഒരു ആദിവാസി സ്ത്രീ; മുത്തമ്മയുടെ പോരാട്ടം മണ്ണിന് വേണ്ടി

കുട്ടികളുടെ ശരീരത്തിലെ ചില പ്രധാന അവയവങ്ങള്‍ നഷ്ടപ്പെട്ടതായി അന്വേഷണത്തില്‍ തെളിഞ്ഞു. അതോടെ അഭിഷേകിന്റെ അച്ഛന്‍ ശാന്തിലാല്‍ വഗേല അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു. ദുര്‍മന്ത്രവാദത്തിനായി കുട്ടികളെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അദ്ദേഹം ആരോപിച്ചത്. റിട്ടയേര്‍ഡ് ജഡ്ജി ഡി കെ ത്രിവേദിയുടെ നേതൃത്വത്തില്‍ അധികൃതര്‍ ഒരു അന്വേഷണ കമ്മിഷനെ നിയോഗിച്ചതോടെ ശാന്തിലാല്‍ നിരാഹാരം അവസാനിപ്പിച്ചു.

കുട്ടികളുടെ മരണത്തില്‍ ഗുജറാത്ത് പോലീസ് ഏഴ് ആശാറാം അനുയായികളെ 2009ല്‍ അറസ്റ്റു ചെയ്യുകയും ചെയ്തു. 2012 സെപ്തംബറില്‍ ഇവര്‍ക്കെതിരായ കുറ്റപത്രവും സമര്‍പ്പിച്ചു. ഈ കേസില്‍ ആശാറാം പ്രതിയായില്ലെന്ന് മാത്രമല്ല, ബിജെപി സര്‍ക്കാര്‍ ഇതുവരെയും അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുമില്ല. എന്നാല്‍ സൂററ്റിലെ ഒരു ഭൂമി തട്ടിപ്പ് കേസില്‍ ആശാറാം കുടുങ്ങി. ഈ കേസ് ഇപ്പോഴും വിചാരണയിലിരിക്കുകയാണ്.

ബലാത്സംഗം, ലൈംഗിക അതിക്രമം ഇപ്പോള്‍ കൊലപാതകശ്രമവും; ആള്‍ദൈവം ആസാറാം ബാപ്പുവിനെതിരെ കേസുകള്‍ കൂടുന്നു

പ്രശസ്തിയുടെയും ബഹുമാനത്തിന്റെയും ഔന്നത്യത്തില്‍ നിന്നും താഴെ വീണതോടെ ബിജെപി സര്‍ക്കാര്‍ ഇയാളുമായുള്ള സമവാക്യങ്ങളില്‍ മാറ്റം വരുത്തി. ഇയാള്‍ കൈവശം വച്ചിരിക്കുന്ന ഭൂമിയെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണവും ആരംഭിച്ചു. ഇതേത്തുടര്‍ന്ന് അഹമ്മദാബാദിലെ ആശ്രമത്തിനായി വിട്ടുനല്‍കിയ ഭൂമി തിരിച്ചെടുക്കാന്‍ 2009ല്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഏകദേശം 68,000 സ്‌ക്വയര്‍ മീറ്റര്‍ ഭൂമി തിരിച്ചു പിടിച്ചതായി അന്നത്തെ റവന്യു മന്ത്രി ആനന്ദിബെന്‍ പട്ടേല്‍ തൊട്ടടുത്ത വര്‍ഷം നിയമസഭയില്‍ അറിയിച്ചു.

എന്നാല്‍ ആശാറാമിനെതിരായ കേസുകള്‍ ഇനിയും വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. 2013 ഓഗസ്റ്റില്‍ ജോഥ്പൂരില്‍ ഒരു ആത്മീയ ധ്യാനത്തിനിടയില്‍ ആശാറാം തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ഒരു പതിനാറുകാരി പരാതിപ്പെട്ടതോടെയാണ് ഇയാള്‍ അറസ്റ്റിലായത്. മാസങ്ങള്‍ക്ക് ശേഷം സൂററ്റില്‍ നിന്നുള്ള സഹോദരിമാരായ രണ്ട് പെണ്‍കുട്ടികളും ആശാറാമിനും മകന്‍ നാരായണ്‍ സായിക്കുമെതിരെ സമാനമായ പരാതിയുമായി രംഗത്തെത്തി. 1997നും 2006നുമിടയില്‍ ആശാറാമിന്റെ ഗുജറാത്തിലെ ആശ്രമത്തില്‍ താമസിച്ചിരുന്നവരാണ് ഇവര്‍. ബലാത്സംഗത്തിന് സഹായിച്ചെന്ന പരാതിയില്‍ ആശാറാമിന്റെ ഭാര്യയും മകളും ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെയും പോലീസ് കേസെടുത്തു.

ഭൂമി തട്ടിപ്പ്, ദുര്‍മന്ത്രവാദം, കൊലപാതകം, ബലാത്സംഗം എന്നിവയാണ് ആശാറാമിനെതിരെ ചുമത്തപ്പെട്ടിരിക്കുന്ന കുറ്റങ്ങള്‍. Asharam.org എന്ന ഇയാളുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഈ കുറ്റങ്ങളെല്ലാം നിഷേധിച്ചിട്ടുണ്ട്. ആശാറാമിന്റെ മൊട്ടേരെയിലെ ആശ്രമത്തില്‍ ഇപ്പോഴും മൂന്ന് നേരം പ്രാര്‍ത്ഥന നടക്കുകയും കൂടുതല്‍ അനുയായികളെ ആകര്‍ഷിക്കുകയും ചെയ്യുന്നുണ്ട്.

പീഡനകേസ് പ്രതി അസാറാം ബാപ്പു രാജസ്ഥാനിലെ ടെക്സ്റ്റ് ബുക്കില്‍ പ്രശസ്തനായ സന്യാസി

ഉത്തരേന്ത്യന്‍ ആള്‍ദൈവങ്ങള്‍ ദക്ഷിണേന്ത്യക്കാരെ കണ്ടു പഠിക്കണം: പിടിക്കപ്പെട്ടവരും പിടിക്കപ്പെടാത്തവരും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍