UPDATES

ട്രെന്‍ഡിങ്ങ്

ഉമ്മന്‍ ചാണ്ടിയേയും ശബരിമലയേയും മുന്നിലെത്തിച്ച ഏഷ്യാനെറ്റിന്റെ ആ ‘സാമ്പിള്‍’ ആരൊക്കെയായിരിക്കും?

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഏഷ്യാനെറ്റ്-സീഫോര്‍ സര്‍വേ ഫലം യഥാര്‍ത്ഥ ഫലവുമായി യാതൊരു ബന്ധവുമില്ലാത്തതായിരുന്നു.

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി മത്സരിക്കും എന്ന അഭ്യൂഹങ്ങള്‍ തുടങ്ങിയിട്ട് കുറച്ചു നാളായി. കേരളത്തിലെ ഇരുപത് മണ്ഡലങ്ങളില്‍ എവിടെ മത്സരിച്ചാലും ഉമ്മന്‍ ചാണ്ടി ജയിക്കും എന്നാണ് ഹൈക്കമാന്‍ഡ് മുതല്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി പോസ്റ്റര്‍ ഒട്ടിക്കുന്നവര്‍ വരെ വിശ്വസിക്കുന്നതും. ഏഷ്യാനെറ്റ് ന്യൂസ് ബംഗളൂരുവിലെ എ-ഇസഡ് റിസര്‍ച്ച് പാര്‍ട്‌ണേഴ്‌സുമായി ചേര്‍ന്ന് നടത്തിയ തെരഞ്ഞെടുപ്പ് സര്‍വേയുടെ ഫലം ഇന്നലെ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ കേരളത്തിലെ ഏറ്റവും ജനകീയനായ രാഷ്ട്രീയ നേതാവ് ഉമ്മന്‍ ചാണ്ടിയാണെന്നാണ് കണ്ടെത്തല്‍. 24 ശതമാനം പേരാണ് ഉമ്മന്‍ ചാണ്ടിക്ക് വേണ്ടി വോട്ട് ചെയ്തത്. രണ്ടാം സ്ഥാനം വിഎസ് അച്യുതാനന്ദനും മൂന്നാം സ്ഥാനം പിണറായി വിജയനും നാലാം സ്ഥാനം രമേശ് ചെന്നിത്തലയ്ക്കുമായിരുന്നു. അതേസമയം ചെന്നിത്തല ഏറെ പിന്നിലുമായിരുന്നു.

കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ശബരിമല യുവതീ പ്രവേശനമാണെന്നായിരുന്നു ഈ സര്‍വേയിലെ സുപ്രധാനമായ മറ്റൊരു കണ്ടെത്തല്‍. ആചാരങ്ങളെ ബഹുമാനിക്കണമെന്നും ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കരുതെന്നും അഭിപ്രായപ്പെട്ടതും 66 ശതമാനം പേരാണ്. ശബരിമലയിലെ യുവതീ പ്രവേശനത്തെ അംഗീകരിക്കുന്നവര്‍ 15 ശതമാനം പേരാണെന്നും ഈ സര്‍വേ പറയുന്നു. സുപ്രിം കോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടവര്‍ 14 ശതമാനവും. ഈ സര്‍വേ ഫലം പുറത്തുവന്നയുടന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ഇത് ചര്‍ച്ചയാകുകയും ചെയ്തു. ഉമ്മന്‍ ചാണ്ടി സര്‍വസമ്മതനാണെന്ന് സര്‍വേ ഫലം പറയുന്നില്ലെങ്കിലും ഏറ്റവുമധികം പിന്തുണയുള്ള നേതാവാണ് അദ്ദേഹമെന്ന് പറയുന്നതെങ്ങനെയെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. അതുപോലെ കേരളത്തില്‍ ഇക്കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ശബരിമല മാത്രമാണോ പ്രശ്‌നമുണ്ടായതെന്നും.

അഭിപ്രായ സര്‍വേകളൊക്കെ തന്നെ പലപ്പോഴും പിഴയ്ക്കാറുള്ളതാണെന്ന് മുമ്പേ തെളിഞ്ഞിട്ടുള്ളതാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കില്ലെന്നായിരുന്നു ഒരു പ്രമുഖ ദേശീയ മാധ്യമം നടത്തിയ സര്‍വേയിലെ കണ്ടെത്തല്‍. എന്നാല്‍ അവര്‍ ആ സര്‍വേ ഫലം അധികം വൈകാതെ പിന്‍വലിക്കുകയും ചെയ്തു. ഇപ്പോള്‍ സര്‍വേ നടത്തിയ ഏഷ്യാനെറ്റ് തന്നെ 2016 ഏപ്രിലില്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ കുറിച്ച് നടത്തിയ സര്‍വേ നോക്കിയാലും ഇതു കാണാം. അന്ന് സീ ഫോര്‍ സര്‍വേ എന്ന ഏജന്‍സിയുമായി ചേര്‍ന്നാണ് സര്‍വേ നടത്തിയത്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നടത്തിയ രണ്ട് സര്‍വേകളില്‍ എല്‍ഡിഎഫിന് 77 മുതല്‍ 82 വരെ സീറ്റുകള്‍ കിട്ടുമെന്നും യുഡിഎഫിന് 55 മുതല്‍ 60 സീറ്റുകള്‍ വരെ കിട്ടുമെന്നുമാണ് ഫലം വന്നത്. ബിജെപിക്ക് മൂന്ന് സീറ്റ് ലഭിക്കുമെന്നും ഈ സര്‍വേ ഉറപ്പിച്ചു. ഏപ്രിലിലെ സര്‍വേയിലും സീറ്റുകളുടെ എണ്ണം ഏതാണ്ട് ഇതൊക്കെ തന്നെയായിരുന്നു. എന്നാല്‍ ഫലം വന്നപ്പോള്‍ എല്‍ഡിഎഫിന് 91 സീറ്റും യുഡിഎഫിന് 47 സീറ്റും ബിജെപിക്ക് ഒരു സീറ്റുമാണ് ലഭിച്ചത്.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഏഷ്യാനെറ്റ്-സീഫോര്‍ സര്‍വേ ഫലം യഥാര്‍ത്ഥ ഫലവുമായി യാതൊരു ബന്ധവുമില്ലാത്തതായിരുന്നു. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിലും അനുഭവം മറ്റൊന്നായിരുന്നില്ല. സര്‍വേ ഫലങ്ങളുടെ പൊള്ളത്തരം മനസിലാക്കാന്‍ 2004ലെ പൊതു തെരഞ്ഞെടുപ്പ് മാത്രം പരിശോധിച്ചാല്‍ മതി. ടൈംസ് നൗ നടത്തിയ സര്‍വേയില്‍ യുഡിഎഫിന് 14 സീറ്റാണ് പ്രവചിച്ചത്. എന്നാല്‍ ഫലം വന്നപ്പോള്‍ അത് വെറും ഒരു സീറ്റായിരുന്നു. എല്‍ഡിഎഫിന് ആറ് സീറ്റ് പ്രവചിച്ച സ്ഥാനത്ത് 18 സീറ്റ് ലഭിക്കുകയും ചെയ്തു. തോല്‍ക്കുമെന്ന് ഉറപ്പ് പറഞ്ഞ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി സി തോമസ് ജയിക്കുകയും ചെയ്തു. 2014ല്‍ യുഡിഎഫിന് 17 സീറ്റ് പ്രവചിച്ച ടൈംസ് നൗവിന് അവിടെയും തെറ്റിയിരുന്നു. ഫലം വന്നപ്പോള്‍ അഞ്ച് സീറ്റ് കുറഞ്ഞു.

ഒരു സമൂഹത്തിന് ഒന്നടങ്കമായി സര്‍വേയില്‍ പങ്കെടുക്കാനാകില്ല. സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏതാനും പേരുടെ (sample) അഭിപ്രായം മാത്രമാണ് ഈ സര്‍വേകളില്‍ പ്രതിഫലിക്കുന്നത്. ഇനി തെരഞ്ഞെടുപ്പ് നടക്കാന്‍ രണ്ട് മാസം കൂടി ബാക്കിയുണ്ട്. നിലവില്‍ ഫെബ്രുവരി ഒന്ന് വരെയുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ വച്ച് ചിലര്‍ നടത്തുന്ന വിലയിരുത്തലുകള്‍ മാത്രമാണ് ഈ സര്‍വേ. വരുന്ന രണ്ട് മാസത്തിനിടെയില്‍ പുതുതായി പലതും സംഭവിച്ചേക്കാം. ശബരിമലയേക്കാള്‍ വലിയ വിഷയമായി വര്‍ഗ്ഗീയതയെ ഉയര്‍ത്തിക്കൊണ്ടു വരാന്‍ എല്‍ഡിഎഫിനോ യുഡിഎഫിനോ സാധിച്ചേക്കാം. വെള്ളപ്പൊക്കവും ഓഖി ചുഴലിക്കാറ്റും നിപയും മറ്റ് പകര്‍ച്ച വ്യാധികളും നോട്ട് നിരോധനവും ജിഎസ്ടിയും വര്‍ഗ്ഗീയതയും എല്ലാം ഈ നാട്ടിലൂടെ അടുത്തകാലത്ത്‌ കടന്നുപോയ വിഷയങ്ങളാണ്.

അതേസമയം നിലവില്‍ കേരള രാഷ്ട്രീയത്തില്‍ സജീവമായ യാതൊരു ഇടപെടലുകളും നടത്താത്ത ഉമ്മന്‍ ചാണ്ടിയെ ജനകീയ നേതാവായി ചിത്രീകരിക്കുന്നതിന് പിന്നിലുള്ള രാഷ്ട്രീയ അജണ്ടയാണ് ഏഷ്യാനെറ്റ് സര്‍വേയില്‍ വ്യക്തമാകുന്നത് എന്നും വിമര്‍ശനങ്ങളുണ്ട്. തൊട്ടുമുന്നത്തെ രാഷ്ട്രീയ കേരളത്തിന് ഇഎംഎസ്-കരുണാകരന്‍-നായനാര്‍-ആന്റണിമാരായിരുന്നു ജനപ്രിയ നേതാക്കളെങ്കില്‍ ഇപ്പോള്‍ അത് വിഎസ്-ഉമ്മന്‍ചാണ്ടി-പിണറായി-ചെന്നിത്തലമാരാണ്. എന്നാല്‍ ജനങ്ങള്‍ ഇന്ന് പേര് ആവര്‍ത്തിച്ച് പറയുന്ന നേതാക്കളില്‍ ഏറ്റവും മുന്നിലുള്ളത് പിണറായിയും ചെന്നിത്തലയുമാണ്. പിന്നെങ്ങനെ ഉമ്മന്‍ ചാണ്ടി അവിടെ ഒന്നാമനാകുമെന്നതാണ് പ്രശ്‌നം. ഫലം എങ്ങനെയാണെന്ന് മുന്‍കൂട്ടി തീരുമാനിച്ച് സര്‍വേ വോട്ടര്‍മാരെ തെരഞ്ഞെടുക്കാനും സാധിക്കുമെന്നാണ് പറയപ്പെടുന്നത്. മാധ്യമങ്ങള്‍ അജണ്ട സെറ്റ് (Agenda Setters) ചെയ്യുന്നവരാകണോ അതോ അഭിപ്രായ രൂപീകരണം നടത്തുന്നവരായി തീരണോയെന്ന അടിസ്ഥാന തത്വം പാലിക്കുന്നതിലാണ് അവിടെ കാര്യം.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍