UPDATES

ട്രെന്‍ഡിങ്ങ്

പോലീസിനെതിരെയുള്ള വിമര്‍ശനങ്ങള്‍ പുറത്തുവരേണ്ടെന്നാണോ? പണപ്പിരിവ് നടത്തിയിട്ടില്ലെന്ന് അശ്വതി ജ്വാല

ലിഗയെ കണ്ടെത്താന്‍ നടത്തിയ ശ്രമങ്ങള്‍ക്കിടെ താന്‍ നേരിട്ട അനുഭവങ്ങള്‍ പുറത്തുവിട്ടതിനാല്‍ തന്നെ വേട്ടയാടുകയാണെന്നും അശ്വതി

ലിഗയുടെ മരണത്തിന്റെ പേരില്‍ താന്‍ പണപ്പിരിവ് നടത്തിയെന്ന പരാതി അടിസ്ഥാനരഹിതമാണെന്ന് സാമൂഹിക പ്രവര്‍ത്തക അശ്വതി ജ്വാല. വളരെ ആത്മാര്‍ത്ഥമായി തന്നെയാണ് താന്‍ ലിഗയ്ക്ക് വേണ്ടിയുള്ള തെരച്ചിലില്‍ പങ്കാളിയായത്. കേരളത്തില്‍ ഇനിയും ഏതെങ്കിലും സ്ത്രീ അപ്രത്യക്ഷയായാല്‍ അവരെ അന്വേഷിക്കേണ്ടെന്നാണോ തനിക്കെതിരെ പരാതി നല്‍കിയവര്‍ ആഗ്രഹിക്കുന്നതെന്നും തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അവര്‍ ചോദിച്ചു.

ലിഗയുടെ പേരില്‍ ഒരു രൂപ പോലും താന്‍ ആരില്‍ നിന്നും പിരിവെടുത്തിട്ടില്ലെന്നും അശ്വതി കൂട്ടിച്ചേര്‍ത്തു. അതേസമയം അങ്ങേയറ്റം ആത്മാര്‍ത്ഥതയോടെ അവര്‍ക്ക് വേണ്ടി തെരച്ചില്‍ നടത്തിയിട്ടും അഴുകിയ മൃതദേഹമായി ലഭിച്ചതിന്റെ വേദനയാലാണ് ഈ തെരച്ചിലിനിടെ തനിക്ക് നേരിട്ട ദുരനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയും വാര്‍ത്താ സമ്മേളനത്തിലൂടെയും പുറത്തു പറഞ്ഞത്. പോലീസിനെതിരായ വിമര്‍ശനങ്ങള്‍ പുറത്തുവരേണ്ടെന്നാണോ ഇത്തരം പരാതികള്‍ നമുക്ക് മുന്നറിയിപ്പ് നല്‍കുന്നതെന്നും അവര്‍ ചോദിച്ചു. ലിഗയെ ജീവനോടെ തിരിച്ചുകിട്ടാനുള്ള നെട്ടോട്ടത്തിലായിരുന്നു ഞങ്ങളെല്ലാവരും. ഇതിനായി സംഘടനയുടെ കയ്യിലുള്ള ഫണ്ട് ഉപയോഗിച്ചതായും അശ്വതി പറയുന്നു.

ഏതോ ഒരാള്‍ കൊടുത്ത പരാതിയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി താന്‍ ജനങ്ങള്‍ക്കിടയില്‍ നേടിയെടുത്ത വിശ്വാസ്യതയ്ക്കാണ് കളങ്കം തട്ടിയിരിക്കുന്നതെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അശ്വതി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ അഞ്ച് വര്‍ഷം മുമ്പ് വരെയും അശ്വതി ജ്വാല നല്ലവളാണെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ അടിസ്ഥാനരഹിതമായ ഒരു പരാതിയുടെ പേരില്‍ മാറ്റിപ്പറയുന്നത് കേള്‍ക്കുമ്പോള്‍ വേദനയുണ്ട്. തന്റെ പൊതുപ്രവര്‍ത്തന രംഗത്തെ സംശുദ്ധി നശിപ്പിക്കുകയാണ് ചിലരുടെ ലക്ഷ്യമെന്നും അശ്വതി പറഞ്ഞു. കമ്മിഷണറുടെ ഓഫീസില്‍ നിന്നും വിളിച്ച് തന്നോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി. ലിഗയുടെ സഹോദരി ഇലീസ് സ്‌ക്രോമേനും വാര്‍ത്താ സമ്മേളനത്തില്‍ അശ്വതിക്കൊപ്പമുണ്ടായിരുന്നു.

ലിഗയുടെ മരണത്തിന്റെ പേരില്‍ അനധികൃത പണപ്പിരിവ് നടത്തി: അശ്വതി ജ്വാലയ്‌ക്കെതിരെ പരാതി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍