UPDATES

ട്രെന്‍ഡിങ്ങ്

അവള്‍ക്ക് വേണ്ടി ഒരു ചെറുജാഥ നടത്താന്‍ പോലും ആരുമുണ്ടായില്ല; ലിഗയെക്കുറിച്ച് അശ്വതി ജ്വാല

ലിഗയ്ക്ക് വേണ്ടി പോലീസ് സ്‌റ്റേഷനില്‍ ചെന്നപ്പോള്‍ ഇപ്പോള്‍ ഇവിടെ വില്ലന്മാരോ അധോലോകമോ ഇല്ലെന്നാണ് മറുപടി ലഭിച്ചതെന്നും അശ്വതി ജ്വാല

തിരുവല്ലത്തു നിന്നും കണ്ടെടുത്ത അഴുകിയ മൃതദേഹം തിരുവനന്തപുരത്ത് കാണാതായ ലാത്വിയ സ്വദേശി ലിഗ സ്‌ക്രോമേനിന്റേതാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞിരിക്കുകയാണ്. ലിഗയെ കണ്ടെത്താനായി നിരവധി വാതിലുകള്‍ മുട്ടുകയും പോലീസ് സ്‌റ്റേഷനുകളില്‍ പരാതികളുമായി കയറിയിറങ്ങുകയും ചെയ്ത സാമൂഹിക പ്രവര്‍ത്തക അശ്വതി ജ്വാല തനിക്ക് നേരിട്ട ദുരനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ്. ലിഗയ്ക്ക് വേണ്ടി ചെറുജാഥയെങ്കിലും സംഘടിപ്പിക്കാന്‍ രാഷ്ട്രീയ, സാമൂഹിക സംഘടനകളെ സമീപിച്ചെങ്കിലും അവരൊക്കെ തിരക്കുകള്‍ പറഞ്ഞ് ഒഴിയുകയായിരുന്നുവെന്നും അശ്വതി ആരോപിക്കുന്നു. വിദേശ രാജ്യങ്ങളില്‍ മരിച്ച് വീഴുന്നവര്‍ക്ക് വേണ്ടി നടക്കുന്ന പ്രതിഷേധങ്ങളുടെ ഒരു കണിക പോലും നമുക്കിടയില്‍ വച്ച് കൊല്ലപ്പെട്ട ആ സ്ത്രീയ്ക്ക് വേണ്ടി നടന്നില്ലെന്നും അശ്വതി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി. കൂടാതെ പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായി ചെന്നപ്പോള്‍ നിങ്ങള്‍ കരുതുന്നതുപോലെ ഇവിടെ വില്ലന്മാരോ അധോലോകമോ ഒന്നുമില്ലെന്ന അപഹാസ്യമായ മറുപടിയാണ് തനിക്ക് ലഭിച്ചതെന്നും അശ്വതി കൂട്ടിച്ചേര്‍ത്തു. അശ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

‘ഒടുവില്‍ അത് തന്നെ സംഭവിച്ചു.
ഭയപ്പെട്ടത് പോലെ ആ വനിതയെ ജഡമായി തിരിച്ചുകിട്ടി.. ഉടലും തലയും വേര്‍പെട്ട് അഴുകിയ നിലയില്‍ ആ വിനോദസഞ്ചാരിയെ നമ്മള്‍ അവരുടെ മാതൃരാജ്യത്തിന് തിരികെ നല്‍കാന്‍ തയ്യാറെടുക്കുകയാണ്.

അവരുടെ മതമോ സ്വത്വമോ ഒന്നും അത്ര പ്രധാനമല്ലാത്തതിനാല്‍ നാളെ ‘തലകുനിച്ച് രാജ്യം’ എന്നൊരു തലക്കെട്ട് ഒരു പത്രത്തിലും കാണില്ല. ഒരു മെഴുകുതിരി പോലും അവര്‍ക്കായി എരിഞ്ഞേക്കില്ല. ഒരു കണ്ണീര്‍ത്തടാകവും പൊട്ടിയൊലിക്കില്ല. നഷ്ടം അവര്‍ക്കും അവരുടെ കുടുംബത്തിനും പിന്നെ അവരുടെയൊക്കെ മനസ്സില്‍ നമ്മുടെ നാടിനെക്കുറിച്ചുണ്ടായിരുന്നേക്കാമായിരുന്ന ദൈവത്തിന്റെ സ്വന്തം രാജ്യം എന്ന പ്രതിച്ഛായയ്ക്കും മാത്രം.

അതിന് അവരെ കൊന്നത് നമ്മളാണോ എന്ന് ചോദിക്കണ്ട. ഞാനോ നിങ്ങളോ അവരെ ജീവനോടെ കണ്ടിട്ടുപോലുമില്ല; സത്യമാണ്. പക്ഷേ അവരെ നമുക്കിടയിലെവിടെയോ കാണാതായിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞ നിമിഷം മുതല്‍ അവരുടെ ജീവനറ്റ ശരീരം പൊന്തക്കാട്ടില്‍ നിന്ന് കണ്ടെടുക്കും വരെ ഞാനും നിങ്ങളും നമ്മളടങ്ങിയ സമൂഹവും അതിന്റെ ഭരണയന്ത്രങ്ങളും ആ യന്ത്രത്തിലെ തുരുമ്പ് കയറിയ നീതി നിര്‍വ്വഹണ ഭാഗങ്ങളും കാട്ടിയ അവഗണനയും അനാസ്ഥയും നമ്മളെ പ്രതിസ്ഥാനത്ത് നിര്‍ത്തുകയാണ്. അവരെ കൊന്നത് ഈ പറഞ്ഞ ഘടകങ്ങള്‍ എല്ലാം ചേര്‍ന്നാണ്.

എന്റെ സഹോദരിയെ കണ്ടുകിട്ടാന്‍ നിങ്ങള്‍ക്കെന്നെ സഹായിക്കാനാവുമോ? ഈ ലാത്വിയന്‍ പൌരന്റെ അപേക്ഷ കേള്‍ക്കൂ…

അവരെ കാണാതായി എന്നറിഞ്ഞപ്പോള്‍ മുതല്‍ നഗരത്തിലെ പല രാഷ്ട്രീയ സാമൂഹിക സംഘടനകളെയും സമീപിച്ചതാണ്, അവര്‍ക്ക് വേണ്ടി ഒരു ചെറുജാഥയെങ്കിലും നടത്തൂ എന്നപേക്ഷിച്ച്. പക്ഷേ അവരൊക്കെ കൊടും തിരക്കുകളിലായിരുന്നു. വിദേശരാജ്യങ്ങളില്‍ മരിച്ചുവീഴുന്നവര്‍ക്ക് വേണ്ടി നടക്കുന്ന പ്രതിഷേധങ്ങളുടെ ഒരു കണിക പോലും നമുക്കിടയില്‍ വച്ച് നിശബ്ദയാക്കപ്പെട്ട ആ സ്ത്രീയുടെ പേരില്‍ ഉയര്‍ന്നില്ല.

ഈ കേസുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനുകളില്‍ കയറിയിറങ്ങേണ്ടി വന്നു. ‘നിങ്ങള്‍ വിചാരിക്കും പോലെ ഈ നാട്ടില്‍ വില്ലന്മാരോ അധോലോകമോ ഒന്നുമില്ല’ എന്നായിരുന്നു ഒരു പൊലീസേമാന്റെ ഫലിതം വളിച്ച മറുപടി. ശരിയാണ് സര്‍, നാട്ടില്‍ വില്ലന്മാരും അധോലോകവും ഇല്ലെന്നും അവരെയൊക്കെ പരീക്ഷയെഴുതിച്ച് ശാരീരിക ക്ഷമത പരിശോധിച്ച് പരിശീലനം നല്‍കി നിങ്ങള്‍ക്കൊപ്പം ചേര്‍ത്തിട്ടുണ്ട് എന്ന് വരാപ്പുഴ പോലുള്ള അനുഭവങ്ങള്‍ ഞങ്ങളെ പഠിപ്പിക്കുന്നു.

ബന്ധുക്കള്‍ക്കൊപ്പമിരിക്കുമ്പോഴും പൊതുനിരത്തില്‍ ആള്‍ക്കൂട്ടത്തിന് നടുവില്‍ നില്‍ക്കുമ്പോഴും പോലും സ്ത്രീ ഒറ്റപ്പെട്ട് പോകാവുന്ന അദൃശ്യമായ ചെറു തുരുത്തുകളുണ്ട് എന്ന് ഈ അനുഭവം നമ്മളെ പഠിപ്പിക്കുന്നു. നമ്മുടെ കണ്ണുകളില്‍ പതിയാത്ത ആ തുരുത്തിന് മുകളില്‍ കഴുകന്മാര്‍ ചിറക് വിരിച്ചു പിടിച്ചിട്ടുണ്ട്. അറിയാതെ ഒരു നിമിഷാര്‍ദ്ധനേരത്തേയ്‌ക്കെങ്കിലും അതില്‍ പെട്ടുപോകുന്ന പെണ്ണിന്റെ ഗതിയെന്തെന്ന് നമ്മള്‍ മനസ്സിലാക്കണം.

ഇവിടെ മോര്‍ച്ചറിയില്‍ അവള്‍ കിടപ്പുണ്ട്.
പുറത്ത് ആള്‍ക്കൂട്ടമോ പ്രതിഷേധമോ പ്ലക്കാര്‍ഡോ ഇല്ല. ഈ സമയം വരെ അവളെ കാണാന്‍ വന്ന ഒരേയൊരു ജനപ്രതിനിധി ശ്രീ സുരേഷ് ഗോപി മാത്രം. ദൈവത്തിന്റെ സ്വന്തം നാട് കൊടുത്ത വിധിയുമായി അവളും അവളുടെ പ്രിയപ്പെട്ടവരും തിരികെ പോകട്ടെ..
നമുക്ക് അടുത്ത ഇരയ്ക്കായി കാത്തിരിക്കാം..’

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍