മറ്റു വാഹനങ്ങള്‍ക്കെതിരെയുണ്ടാകാതിരുന്ന അതിക്രമം ജൂലിയസിനെയും സാനിയോയെയും ലക്ഷ്യം വച്ചുള്ളതു തന്നെയായിരുന്നെന്ന് മോഹനന്‍ മാഷും ശരിവയ്ക്കുന്നു
ഹര്‍ത്താലിന്റെ മറവില്‍ കോഴിക്കോട്ട് സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്റെ മകനും ഭാര്യയ്ക്കും നേരെയുണ്ടായ ആക്രമണങ്ങള്‍ ആസൂത്രിതമെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍. മറ്റു വാഹനങ്ങള്‍ തടസ്സങ്ങളില്ലാതെ കടന്നു പോയിരുന്നിടത്ത് ഇവരുടെ വാഹനം മാത്രം ആക്രമിക്കപ്പെടുകയും, തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുന്നതിനിടെ രണ്ടാമതും വണ്ടി തടഞ്ഞ് കല്ലെറിഞ്ഞതും വിരല്‍ചൂണ്ടുന്നത് ബോധപൂര്‍വമായ ആക്രമണത്തിലേക്കാണെന്ന സൂചനകളാണ് ലഭിക്കുന്നത്. മൂക്കിനു പരിക്കേറ്റ് രക്തസ്രാവമുണ്ടായ ജൂലിയസ് നികിതാസിനും ഭാര്യ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ സാനിയോ മനോമിയെയും ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കക്കട്ട് അമ്പലക്കുളങ്ങരയില്‍ വച്ചാണ് ജൂലിയസിനും സാനിയോയ്ക്കുമെതിരെ ആദ്യം ആക്രമണമുണ്ടാകുന്നത്. ഹര്‍ത്താല്‍ അനുകൂലികള്‍ എന്ന നിലയിലെത്തിയവര്‍ കാറില്‍ നിന്നും വലിച്ചിറക്കി മര്‍ദ്ദിക്കുകയായികുന്നു. സംഭവത്തെക്കുറിച്ച് ജൂലിയസിന്റെ സുഹൃത്ത് മിഥുന്‍ പറയുന്നതിങ്ങനെ: “അവന്റെ ചേച്ചിയുടെ പ്രസവം ഉണ്ടായിരുന്നു. ഹര്‍ത്താലായതു കാരണം ആശുപത്രിയിലേക്കുള്ള ഭക്ഷണവും മറ്റുമായി വീട്ടില്‍ നിന്നും പോയതായിരുന്നു. തിരികെ വീട്ടിലേക്കു വരുമ്പോള്‍ അമ്പലക്കുളങ്ങരയില്‍ വച്ച് ഇവരെ ആക്രമിച്ചു. പത്തോളം പേരടങ്ങുന്ന സംഘം വണ്ടി നിര്‍ത്തിച്ചാണ് ആക്രമിച്ചത്. നേരത്തേ ആ വഴി പോയ വാഹനങ്ങളെല്ലാം വിട്ടയച്ചിരുന്നതാണ്. പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു. എണ്ണത്തില്‍ കുറവാണെങ്കിലും സ്വകാര്യവാഹനങ്ങള്‍ പോകുന്നുണ്ടായിരുന്നു. ബോധപൂര്‍വം ആളെ മനസ്സിലാക്കിത്തന്നെയാണ് ആക്രമിച്ചത്. ഇവനാണെന്ന് മനസ്സിലാക്കിക്കൊണ്ടു തന്നെ.”
ജൂലിയസിനെയും സാനിയോയെയും ആക്രമിച്ച സംഘം ആയുധങ്ങളും കൈയില്‍ കരുതിയിരുന്നവെന്ന് ഒപ്പമുള്ളവര്‍ പറയുന്നു. വടികളും ഇരുമ്പുദണ്ഡുമൊക്കെയാണ് ഇവരുടെ പക്കലുണ്ടായിരുന്നത്. ആക്രമണത്തില്‍ ജൂലിയസിന് തലയ്ക്ക് അടിയേറ്റിട്ടുണ്ട്. കഴുത്തിനു കുത്തേല്‍ക്കുകയും ചെയ്തു. മൂക്കിന്റെ എല്ലിനു പൊട്ടലുണ്ട്. സാനിയോയെ അക്രമികള്‍ ചവിട്ടുകയും വസ്ത്രങ്ങള്‍ പിടിച്ചു വലിക്കുകയും ചെയ്യുകയായിരുന്നു. ആദ്യത്തെ ആക്രമണത്തിനു ശേഷം കുറ്റ്യാടി സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റിയ ജൂലിയസിനെയും സാനിയോയെയും അവിടെ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുവരികയിരുന്നു.
പരിക്കുകളുള്ളതിനാല്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റാനായി കൊണ്ടുവരുന്ന വഴിയില്‍ ഇവര്‍ക്കെതിരെ വീണ്ടും ആക്രമണമുണ്ടായി. മെഡിക്കല്‍ കോളജിലേക്കുള്ള യാത്രയ്ക്കിടെ പേരാമ്പ്രയിലെത്തിയപ്പോള്‍ സൈക്കിളുകളിലെത്തിയാണ് വീണ്ടും ആക്രമിച്ചത്. പൊലീസ് അകമ്പടിയുണ്ടായിരുന്നിട്ടും ഇവര്‍ സഞ്ചരിച്ച വാഹനത്തിനു നേരെ കല്ലേറുണ്ടായി. “വണ്ടി പിന്തുടര്‍ന്ന് നിര്‍ത്തിക്കുകയും ആക്രമിക്കുകയുമായിരുന്നു. വണ്ടിക്ക് എറിഞ്ഞു, തെറിവിളിച്ചു. പൊലീസ് എസ്‌കോര്‍ട്ടുണ്ടായിരുന്നെങ്കിലും നാലു പേര്‍ മാത്രമായിരുന്നതിനാല്‍ ആക്രമണം തടയാന്‍ അവര്‍ക്കു സാധിച്ചില്ല. ഞങ്ങള്‍ വണ്ടിയില്‍ നിന്നും പുറത്തിറങ്ങാഞ്ഞതിനാല്‍ കൈയേറ്റം ചെയ്യാനായില്ലെങ്കിലും, വണ്ടി ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തിട്ടുണ്ട്. വണ്ടിയെടുത്ത് രക്ഷപ്പെട്ടു പോരുകയായിരുന്നു” മിഥുന്‍ പറയുന്നു.
ജൂലിയസിന്റെ പരിക്ക് ഗുരുതരമല്ലെങ്കിലും, കടുത്ത മര്‍ദ്ദനമേറ്റതിനാല്‍ മൂക്കിനും കഴുത്തിനും വേദനയുണ്ടെന്ന് സുഹൃത്തുക്കള്‍ പറയുന്നു. മെഡിക്കല്‍ കോളജില്‍ അഡ്‌മിറ്റ് ചെയ്തിട്ടുണ്ട്. പരിക്കേറ്റ സാനിയോയുടെ പരിശോധനകളും നടക്കുകയാണ്. വയറിനു ചവിട്ടേറ്റതിനാല്‍ സ്‌കാനിംഗും എക്‌സ്‌റേയും പോലുള്ള പരിശോനകളുടെ ഫലം കാത്തിരിക്കുകയാണ്. ഇരുവര്‍ക്കും സംരക്ഷണത്തിനായി പൊലീസും കൂടെയുണ്ട്.
ഹര്‍ത്താലിന്റെ ഭാഗമായുണ്ടായി അതിക്രമങ്ങള്‍ എന്നു വരുത്തിത്തീര്‍ക്കാനായി അതിന്റെ മറവില്‍ നടത്തിയ ആസൂത്രിത അക്രമമാണ് ജൂലിയസിനും സാനിയോയ്ക്കുമെതിരെ നടന്നിരിക്കുന്നതെന്നാണ് സുഹൃത്തുക്കളും സംഭവസ്ഥലത്തുണ്ടായിരുന്നവരും ഉറപ്പിച്ചു പറയുന്നത്. മറ്റ് ആക്രമസംഭവങ്ങളൊന്നുമുണ്ടാകാതിരുന്ന പ്രദേശത്ത് ഒരു വാഹനം മാത്രം തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുന്നത് ഈ ആസൂത്രണത്തിന്റെ ലക്ഷ്യമാണെന്നും രണ്ടാമതുണ്ടായ ആക്രമണം സൂചിപ്പിക്കുന്നതും ഇതു തന്നെയാണെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.
മറ്റു വാഹനങ്ങള്‍ക്കെതിരെയുണ്ടാകാതിരുന്ന അതിക്രമം ജൂലിയസിനെയും സാനിയോയെയും ലക്ഷ്യം വച്ചുള്ളതു തന്നെയായിരുന്നെന്ന് മോഹനന്‍ മാഷും ശരിവയ്ക്കുന്നു. “ഇവര്‍ക്കെതിരെ മാത്രമുണ്ടായ ആക്രമണമാണെന്നാണ് കേട്ടത്. മൂക്കിന്റെ എല്ലിനു പൊട്ടലുണ്ടെന്നു കേട്ടതല്ലാതെ കൂടുതലൊന്നുമറിയില്ല”, ആശുപത്രിയിലേക്കു സഞ്ചരിക്കുന്നതിനിടെ അദ്ദേഹം പ്രതികരിച്ചു. വിഷയത്തില്‍ കുറ്റ്യാടി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.