UPDATES

ട്രെന്‍ഡിങ്ങ്

സിപിഎമ്മുകാരെ നിങ്ങളാ കല്ലും വടിയും താഴെയിടൂ; ബല്‍റാം മാപ്പ് പറയണമെന്നവശ്യപ്പെട്ടിരിക്കുന്നത് കേരള സമൂഹമാണ്‌

സാമൂഹിക ഓഡിറ്റിംഗില്‍ മേല്‍ക്കൈ നേടാന്‍ ഇത്തരം അക്രമങ്ങള്‍ ഉപകരിക്കുമെന്ന് അറിയാവുന്നയാളാണ് ബല്‍റാമും

വിടി ബല്‍റാം എംഎല്‍എ കുറച്ചു ദിവസങ്ങളിലായി കേരളത്തിലെ കളം മുഴുവന്‍ നിറഞ്ഞു നില്‍ക്കുകയാണ്. കമ്മ്യൂണിസ്റ്റ് നേതാവും പാവങ്ങളുടെ പടത്തലവനുമായ എകെജിയെ അപമാനിച്ച് ഇക്കഴിഞ്ഞ ജനുവരി അഞ്ചിന് ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റിട്ടതോടെയാണ് ബല്‍റാമിന്റെ സമയം തെളിഞ്ഞതെന്ന് പറയാം. 1940കളുടെ തുടക്കത്തില്‍ ഒളിവില്‍ കഴിഞ്ഞ കാലത്ത് എകെജി പിന്നീട് തന്റെ ഭാര്യയായ സുശീലയെ ബാലപീഡനത്തിന് ഇരയാക്കിയെന്നാണ് ബല്‍റാമിന്റെ ആരോപണം. കമന്റ് വിവാദമായതോടെ അത് അപ്രത്യക്ഷമായെങ്കിലും പിന്നീട് ബല്‍റാം തന്റെ ഫേസ്ബുക്ക് പേജില്‍ നല്‍കിയ വിശദീകരണത്തിലും ഈ കമന്റിലെ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുന്നതായിരുന്നു. എകെജിയുടെ ആത്മകഥയിലെ ചില ഭാഗങ്ങളും ദ ഹിന്ദു പത്രത്തില്‍ 2001 ഡിസംബര്‍ 20ന് പ്രസിദ്ധീകരിച്ച വാര്‍ത്തയും വച്ച് തന്റെ പരാമര്‍ശങ്ങള്‍ക്ക് തെളിവ് ഹാജരാക്കാനുമാണ് ബല്‍റാം ശ്രമിച്ചത്. തീര്‍ത്തും ദുര്‍ബലമായ തെളിവുകളുമായി ബല്‍റാം തന്റെ ആരോപണങ്ങളില്‍ ഉറച്ചു നിന്നതോടെ കക്ഷി രാഷ്ട്രീയഭേദമന്യേ കേരള സമൂഹം ഒന്നടങ്കം ബല്‍റാമിനെതിരെ തിരിഞ്ഞു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേഷ് ചെന്നിത്തലയും എംഎം ഹസനും പോലും ഈ പരാമര്‍ശത്തിന്റെ പേരില്‍ ബല്‍റാമിനെ തള്ളിപ്പറഞ്ഞു. ബിജെപി നേതാവായ കെ സുരേന്ദ്രന്‍ മാത്രമാണ് ബല്‍റാമിന് പിന്തുണ നല്‍കിയ മുതിര്‍ന്ന രാഷ്ട്രീയ നേതാവ്. സാംസ്‌കാരിക കേരളം ഒന്നടങ്കം ബല്‍റാമിനെതിരെ തിരിഞ്ഞെങ്കിലും സിവിക് ചന്ദ്രനെപ്പോലെ ഏതാനും പേര്‍ ബല്‍റാമിന്റെ ആരോപണങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കി. ആരോപണ പ്രത്യാരോപണങ്ങള്‍ക്കിടയില്‍ സിപിഎം നേതാക്കളുടെ ഭാഗത്തു നിന്നും സമാനമായ ചില ആരോപണങ്ങള്‍ ഉയര്‍ന്നത് വിഷയത്തെ വഴിതിരിച്ചുവിടുന്നതിന് കാരണമായതുമാണ്. ബല്‍റാം ഉപയോഗിച്ച അതേ വാക്കുകള്‍ കൊണ്ടുള്ള മറുപടി ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായാല്‍ പിന്നെ ഇരുവരുടെയും പ്രവര്‍ത്തികള്‍ തമ്മില്‍ എന്ത് വ്യത്യാസമാണുള്ളതെന്ന് നേരത്തെ തന്നെ ചോദ്യമുയര്‍ന്നതാണ്.

ബല്‍റാമിന് അറിയുമോ എകെജി വയലാര്‍ രവിയുടെ വീട്ടില്‍ ഒളിവിലിരുന്ന കാര്യം? സഖാവ് ഭാഗീരഥിയമ്മ ചോദിക്കുന്നു

ഈ സാഹചര്യത്തിലാണ് പാലക്കാട് കൂറ്റനാട് വച്ച് ഇന്ന് ബല്‍റാമിന് നേരെ കയ്യേറ്റമുണ്ടായിരിക്കുന്നത്. ഒരു സ്വകാര്യസ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനെത്തിയ ബല്‍റാമിനെ ലക്ഷ്യമാക്കി രാവിലെ 9.30-ഓടെ തന്നെ പ്രദേശത്ത് സിപിഎം പ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നിരുന്നു. ബല്‍റാമാകട്ടെ ഇന്ന് ഇവിടെയൊരു പ്രശ്‌നമുണ്ടായാല്‍ സാഹചര്യങ്ങള്‍ തനിക്ക് അനുകൂലമാകുമെന്ന കൃത്യമായ കണക്കു കൂട്ടലില്‍ എത്തിച്ചേരുകയും ചെയ്തു. റോഡിലൂടെ മുദ്രാവാക്യം വിളികളുമായി യൂത്ത് കോണ്‍ഗ്രസുകാര്‍ക്കൊപ്പമാണ് ബല്‍റാം എത്തിച്ചേര്‍ന്നത്. അതോടെ തിരികെയും മുദ്രാവാക്യം വിളിക്കാന്‍ ആരംഭിച്ച സിപിഎം പ്രവര്‍ത്തകര്‍ പോലീസ് വാഹനത്തിന് മുകളില്‍ കയറി നിന്ന് എംഎല്‍എയ്ക്ക് നേരെ ചീമുട്ടയെറിയുകയും കല്ലെറിയുകയും ചെയ്തു. കേവലം പത്ത് മിനിറ്റ് നേരം മാത്രമാണ് ബല്‍റാം ഈ പ്രദേശത്തുണ്ടായിരുന്നത്. എന്നാല്‍ ആ പത്ത് മിനിറ്റുകൊണ്ട് കാര്യങ്ങള്‍ തനിക്ക് അനുകൂലമാക്കി തീര്‍ക്കുകയും ചെയ്തു. അല്ലെങ്കില്‍ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് മുദ്രാവാക്യം വിളികളുമായി എത്തേണ്ടതില്ലല്ലോ, അതും പോലീസ് അകമ്പടിയില്‍.

ചെളിയില്‍ കിടന്നുരുളന്നതുപോലുള്ള ബല്‍റാമിന്റെയും കൂട്ടരുടെയും ന്യായീകരണങ്ങള്‍ കേട്ടിട്ടും മാപ്പ് പറഞ്ഞിട്ട് പോയാല്‍ മതിയെന്നാണ് അപൂര്‍വം ചിലര്‍ ഒഴികെ കേരള സമൂഹം ഒന്നടങ്കം ഇന്ന് രാവിലെ വരെയും ആവശ്യപ്പെട്ടത്. എകെജിയെക്കുറിച്ച് ബല്‍റാം നടത്തിയ പദപ്രയോഗവും വിമര്‍ശനവും വസ്തുതാപരമായി ഖണ്ഡിക്കുകയെന്നതാണ് ജനാധിപത്യ മര്യാദ. അല്ലാതെ കായികമായ കയ്യേറ്റത്തിലേക്ക് കയറുമ്പോള്‍ പ്രതിക്കൂട്ടിലാകുക യഥാര്‍ത്ഥ വാദികളായിരിക്കുമെന്ന് മറന്നു പോകരുത്. എകെജി ബാലപീഡനം നടത്തിയെന്ന ആരോപണത്തിന് മറുപടി പറയുന്നതില്‍ നിന്നും തൃത്താല എംഎല്‍എ രക്ഷിച്ചെടുക്കുകയാണ് അറിഞ്ഞോ അറിയാതെയോ ഇവിടെ സിപിഎം ചെയ്തിരിക്കുന്നത്. ബല്‍റാമിന്റെ വാക്കുകളെ യാതൊരു വിധത്തിലും ന്യായീകരിക്കാനാകുന്നതല്ലെങ്കിലും അക്രമമല്ല അതിനുള്ള മറുപടിയെന്നാണ് ഇവിടെ സിപിഎം ഓര്‍ക്കേണ്ടത്. ഇത്തരം ആക്രമണങ്ങള്‍ ബല്‍റാമിന് മാപ്പ് പറയാതെ ഈ വിവാദത്തില്‍ നിന്നും രക്ഷപ്പെടാനുള്ള അവസരമാണ് നല്‍കുന്നതെന്നും മറക്കരുത്. സാമൂഹിക ഓഡിറ്റിംഗില്‍ മേല്‍ക്കൈ നേടാന്‍ ഇത്തരം അക്രമങ്ങള്‍ ഉപകരിക്കുമെന്ന് അറിയാവുന്നയാളാണ് ബല്‍റാമും. നേരത്തെ ബല്‍റാമിനെ തള്ളിപ്പറഞ്ഞ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഫാസിസ്റ്റ് ആരോപണം ഉന്നയിച്ച് ഈ ആക്രമണത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.

പഴയൊരു കോണ്‍ഗ്രസ് നേതാവുണ്ട് കരിവെള്ളൂരില്‍; ചോദിച്ചാല്‍ പറഞ്ഞുതരും എകെജി ആരെന്ന്

കേന്ദ്രത്തില്‍ ആര്‍എസ്എസ് നയങ്ങളെ വിമര്‍ശിക്കുന്നവരെ അവര്‍ ആക്രമിക്കുന്നതിന്റെ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ അസഹിഷ്ണുതയെക്കുറിച്ച് സംസാരിക്കുന്നവരാണ് കേരള സമൂഹം. അതോടൊപ്പം നമ്മുടെ ജനാധിപത്യ ബോധത്തിലും രാഷ്ട്രീയ സഹിഷ്ണുതയിലും ഊറ്റം കൊള്ളുകയും ചെയ്യുന്നുണ്ട്. എന്നാല്‍ വിമര്‍ശനങ്ങള്‍ക്കും അപവാദ പ്രചരണങ്ങള്‍ക്കും കായികമായ മറുപടിയുമായി രംഗത്തെത്തുമ്പോള്‍ നാം അവകാശപ്പെടുന്ന നമ്മുടെ സഹിഷ്ണുത തന്നെയാണ് ചോദ്യം ചെയ്യപ്പെടുന്നത്.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍