UPDATES

ട്രെന്‍ഡിങ്ങ്

ഏഷ്യാനെറ്റ് ന്യൂസിന്റെ ആലപ്പുഴ ഓഫീസിന് നേരെ ആക്രമണം

ആക്രമം നടക്കുമ്പോള്‍ ഏഷ്യനെറ്റിന്റെ ആലപ്പുഴ റിപ്പോര്‍ട്ടര്‍ ടിവി പ്രസാദ് ഓഫീസില്‍ ഉണ്ടായിരുന്നു

ആലപ്പുഴയില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ഓഫീസിന് നേരെ ആക്രമണം. ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് ശേഷമാണ് ആക്രമണം നടന്നതെന്ന് സംശയിക്കുന്നു. അജ്ഞാതരായ ആക്രമികള്‍ ഓഫീസിന് മുന്നില്‍ കിടന്ന കാര്‍ അടിച്ചു തകര്‍ത്തു. കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.

ആക്രമം നടക്കുമ്പോള്‍ ഏഷ്യനെറ്റിന്റെ ആലപ്പുഴ റിപ്പോര്‍ട്ടര്‍ ടിവി പ്രസാദ് ഓഫീസില്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ ഡിജിപി ആലപ്പുഴ എസ്പിയ്ക്ക് നിര്‍ദ്ദേശം നല്‍കി. പുലര്‍ച്ചെ രണ്ട് മണി വരെ താന്‍ ഉറങ്ങിയിരുന്നില്ലെന്നും അതിന് ശേഷമാണ് അക്രമം നടന്നതെന്ന് സംശയിക്കുന്നതായും പ്രസാദ് അറിയിച്ചു. അതേസമയം പിന്നീടും പ്രത്യേകിച്ച് ശബ്ദമൊന്നും കേട്ടിരുന്നില്ലെന്നും പ്രസാദ് വ്യക്തമാക്കി. രാവിലെ ഓഫീസ് വൃത്തിയാക്കാന്‍ വരുന്ന സ്ത്രീയാണ് സംഭവം ആദ്യം അറിഞ്ഞത്.

കാറിന്റെ മുന്‍ഭാഗത്തെയും പിന്‍ഭാഗത്തെയും ചില്ലുകള്‍ തകര്‍ന്ന നിലയിലായിരുന്നു. കാറിനുള്ളില്‍ ഒരു സിമന്റ് കട്ടയും ഉണ്ടായിരുന്നു. ഇതുപയോഗിച്ച് കാര്‍ തല്ലിത്തകര്‍ത്തെന്നാണ് കരുതുന്നത്. ആരാണ് ഇതിന്റെ പിന്നിലെന്നോ എന്താണ് ഇതിന് പിന്നിലെ ലക്ഷ്യമെന്നോ അറിയില്ലെന്ന് പ്രസാദ് അറിയിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി.

സമീപകാലത്ത് മന്ത്രി തോമസ് ചാണ്ടി നടത്തിയ അനധികൃത ഭൂമി കയ്യേറ്റത്തെക്കുറിച്ച് പ്രസാദ് തുടര്‍ച്ചയായി വാര്‍ത്തകള്‍ പുറത്തുവിട്ടിരുന്നു. ഇതേത്തുടര്‍ന്ന് മന്ത്രിയുടെ രാജിയ്ക്കായുള്ള ആവശ്യം ശക്തമായി ഉയരുകയും ചെയ്തു. അതേസമയം ഈ സംഭവത്തിന് ഇതുമായി ബന്ധമുണ്ടോയെന്ന് വ്യക്തമല്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍