UPDATES

ട്രെന്‍ഡിങ്ങ്

കുരീപ്പുഴ ആക്രമിക്കപ്പെട്ടത് ജാതിമതിലിനെതിരെ സംസാരിച്ചിട്ടാണെന്ന് പറയാന്‍ എന്താണ് മടി?

വടയമ്പാടിയിലെ ജാതിമതിലിനെതിരെ സംസാരിച്ചവരും സമരം ചെയ്തവരും തുടര്‍ച്ചയായി ആക്രമിക്കപ്പെട്ടപ്പോള്‍ പോലീസും സര്‍ക്കാരും നിശബ്ദരായിരുന്നതിന്റെ ഫലമാണ് കുരീപ്പുഴയ്ക്ക് നേരെയുണ്ടായ ആക്രമണം

കവി കുരീപ്പുഴ ശ്രീകുമാറിന് നേരെ കഴിഞ്ഞ ദിവസമുണ്ടായ അക്രമത്തോടെ ആര്‍എസ്എസ് തങ്ങളുടെ ഫാസിസ്റ്റ് മുഖം ഒരിക്കല്‍ കൂടി വ്യക്തമാക്കിയിരിക്കുകയാണ്. കുരീപ്പുഴയ്ക്ക് നേരെയാണ് അക്രമണമുണ്ടായത് എന്നതിനാല്‍ തന്നെ സംഭവത്തിന് അസ്വാഭാവിക മാനം കൈവന്നിരിക്കുന്നു. അക്രമണം ആര്‍ക്ക് നേരെയാണെങ്കിലും അത് അപലപിക്കേണ്ടത് തന്നെയാണ്. എന്നല്‍ ഇവിടെ എന്തിന്റെ പേരിലാണ് അക്രമണമുണ്ടായതെന്ന് കൂടി പരിഗണിക്കേണ്ടതുണ്ട്.

നവോത്ഥാന കലത്തിന് ശേഷം ഏറെ മുന്നോട്ട് പോയ കേരളം ഇന്ന് പിന്നിലേക്ക് സഞ്ചരിക്കുന്നുവെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് വടയമ്പാടിയിലെ ജാതി മതില്‍. ഈ ജാതി മതിലിനെക്കുറിച്ച് സംസാരിച്ചതിന്റെ പേരിലാണ് ഇന്നലെ കൊല്ലം കടയ്ക്കലില്‍ വച്ച് കുരീപ്പുഴ ആക്രമിക്കപ്പെട്ടത്. കോട്ടുക്കല്‍ കൈരളി ഗ്രന്ഥശാലയുടെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് മടങ്ങുന്നതിനിടെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കവിക്ക് നേരെ അക്രമണം അഴിച്ചുവിട്ടത്. ജാതിമതിലിനെതിരെ വടയമ്പാടിയില്‍ നടക്കുന്ന സമരത്തില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് നേരെയും കഴിഞ്ഞ ദിവസം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കിയിരുന്നു. ഹോട്ടലില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന തങ്ങള്‍ക്ക് നേരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മേശയില്‍ ആഞ്ഞടിച്ചും മറ്റും ആക്രോശിക്കുകയായിരുന്നുവെന്ന് സമരത്തില്‍ പങ്കെടുക്കാനെത്തിയ സാമൂഹിക പ്രവര്‍ത്തകന്‍ സന്തോഷ് കുമാര്‍ അറിയിച്ചിരുന്നു. ആര്‍എസ്എസിന്റെ പിന്തുണയോടെ എന്‍എസ്എസ് കെട്ടിയുയര്‍ത്തിയ ജാതി മതിലിനെതിരെ സംസാരിക്കാന്‍ പോലും തങ്ങള്‍ അനുവദിക്കില്ലെന്ന് തന്നെയാണ് ആര്‍എസ്എസ് ഇവിടെ വ്യക്തമാക്കുന്നത്.

വടയമ്പാടി സമരത്തില്‍ ഇതാദ്യമായല്ല സമരക്കാര്‍ക്ക് നേരെയും ആ സമരത്തെ പിന്തുണയ്ക്കുന്നവര്‍ക്ക് നേരെയും അതിക്രമങ്ങള്‍ ഉണ്ടാകുന്നത്. നേരത്തെ വടയമ്പാടിയില്‍ സമരത്തിന് പിന്തുണയുമായെത്തിയ നിരവധി പേര്‍ക്ക് നേരെ പോലീസും ആര്‍എസ്എസും അതിക്രമങ്ങള്‍ നടത്തുന്നതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അറസ്റ്റ് ചെയ്ത് നീക്കുമ്പോള്‍ കൈവശം സൂക്ഷിച്ചിരുന്ന അംബേദ്കറിന്റെ ചിത്രം സ്‌റ്റേഷന് അകത്തേക്ക് കൊണ്ടുപോകാന്‍ കവിയത്രി വിനീത വിജയനെ പോലീസ് അനുവദിച്ചില്ല. പോലീസില്‍ നിന്നും ചിത്രം ബലമായി പിടിച്ചുവാങ്ങാന്‍ ശ്രമിച്ചപ്പോള്‍ വയറില്‍ ഇടിക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയില്‍ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട വിനീത ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ഇവിടെ ആര്‍എസ്എസ് ആക്രമണം നടത്തിയിരുന്നു. കയ്യും കെട്ടി ഈ ആക്രമണങ്ങള്‍ കണ്ടുകൊണ്ട് നിന്ന പോലീസും തങ്ങളുടെ നിലപാടെന്താണെന്ന് വ്യക്തമാക്കുകയാണ് ചെയ്തത്. കുരീപ്പുഴയ്ക്ക് നേരെ ആക്രമണമുണ്ടായപ്പോള്‍ പത്ത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത പോലീസ് യഥാര്‍ത്ഥത്തില്‍ ഇരട്ടത്താപ്പാണ് പ്രകടമാക്കിയിരിക്കുന്നത്. വടയമ്പാടിയിലെ ജാതിമതിലിനെതിരെ സംസാരിച്ചവരും സമരം ചെയ്തവരും തുടര്‍ച്ചയായി ആക്രമിക്കപ്പെടുകയും ഭീഷണികള്‍ നേരിടുകയും ചെയ്തപ്പോള്‍ പോലീസും സര്‍ക്കാരും നിശബ്ദരായിരുന്നതിന്റെ ഫലമാണ് കുരീപ്പുഴയ്ക്ക് നേരെയുണ്ടായ ആക്രമണം. ഇത്രകാലവും നിശബ്ദരായിരുന്നവര്‍ ഇപ്പോള്‍ കുരീപ്പുഴയ്ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നുവെന്നത് സന്തോഷകരമായ ഒരു മാറ്റം തന്നെയാണ്. എന്നാല്‍ വടയമ്പാടിയിലെത്തിയ മറ്റ് സമരക്കാര്‍ക്ക് നേരെയും ആക്രമണങ്ങളുണ്ടായപ്പോള്‍ ഇവരുടെ ശബ്ദം എവിടെയായിരുന്നുവെന്ന ചോദ്യം ഇപ്പോഴും ഉയരുകയാണ്.

ദളിതര്‍ ഫിക്സഡ് ഡിപ്പോസിറ്റാണെന്ന് സിപിഎം ഇനി കരുതേണ്ട; സണ്ണി എം കപിക്കാട് പ്രതികരിക്കുന്നു

‘വഴിയേ പോകുന്ന കണ്ടനും കാളനും കയറി നിരങ്ങാനുളളതല്ല ക്ഷേത്രം’; ജാതിമതില്‍ പൊളിച്ച ദളിത് സമരം 100 ദിനം പിന്നിടുന്നു

വടയമ്പാടിയില്‍ ആര്‍എസ്എസ്, പോലീസ് വിളയാട്ടം

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍