UPDATES

ട്രെന്‍ഡിങ്ങ്

‘കസബ’ സിന്‍ഡ്രോം; മിഠായി തെരുവിന്റെ മുഖം മിനുക്കാന്‍ ട്രാന്‍സ്ജന്‍ഡറുകളുടെ എല്ല് തല്ലിയൊടിക്കണോ?

‘വൃത്തി’യും ‘ഭംഗി’യുമുള്ള മിഠായിത്തെരുവിന് ട്രാന്‍സ്‌ജെന്‍ഡറുകള്‍ ഒരു അപവാദമാണെന്ന് ആര്‍ക്കാണ് തോന്നിയിരിക്കുന്നത്?

രണ്ട് ട്രാന്‍സ്‌ജെന്‍ഡര്‍മാരെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ച വാര്‍ത്തയാണ് ഇന്ന് കോഴിക്കോട് നിന്നും വരുന്നത്. അടുത്തകാലത്ത് മുഖംമിനുക്കി പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്ത മിഠായിതെരുവില്‍ വച്ചാണ് ഈ അതിക്രമം നടന്നതെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ജാസ്മി, സുസ്മി എന്നീ ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്കാണ് പോലീസിന്റെ മര്‍ദ്ദനമേറ്റത്. ഇന്നലെ രാത്രി രണ്ട് മണിക്ക് മിഠായിതെരുവില്‍ ഇവരെ തടഞ്ഞു നിര്‍ത്തുകയും ഒരു കാരണവുമില്ലാതെ ലാത്തി കൊണ്ട് അടിക്കുകയുമായിരുന്നു. ഇരുവരും കോഴിക്കോട് ബീച്ച് ഹോസ്പിറ്റലില്‍ ചികിത്സ തേടിയിരിക്കുകയാണ്. ഇതില്‍ ജസ്മിയുടെ എല്ലുകള്‍ക്ക് പൊട്ടലുണ്ട്. കോഴിക്കോട് സാക്ഷരതാ മിഷന്‍ തുടര്‍ കലോത്സവത്തിന്റെ ഭാഗമായി ഇന്ന് നടക്കുന്ന നൃത്തപരിപാടികള്‍ക്കുള്ള ഒരുക്കങ്ങള്‍ നടത്തി മടങ്ങുകയായിരുന്നു തങ്ങളെന്നും ഇരുവരും പറയുന്നു. ഇത്രയും വാര്‍ത്ത. എന്നാല്‍ ഈ സംഭവത്തില്‍ അതീവ ഗൗരവത്തോടെ കാണേണ്ട ചില ഘടകങ്ങള്‍ ഒളിഞ്ഞിരിക്കുന്നു.

2015ല്‍ കേരളത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി അംഗീകരിക്കപ്പെടുന്നതിന് മുമ്പ് തന്നെ കോഴിക്കോട് താരതമ്യേന ട്രാന്‍സ്‌ജെന്‍ഡര്‍ സൗഹാര്‍ദമായ അന്തരീക്ഷമാണ് ഉണ്ടായിരുന്നത്. ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാരോട് അവഹേളനങ്ങളോ ആക്രമണമോ ഒന്നും അവിടെ നിന്നും കാര്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വി ദിലീപിന്റെ സ്വവര്‍ഗം പോലുള്ള കഥകളുടെ പശ്ചാത്തലം പോലും കോഴിക്കോട് ആണെന്ന് ഓര്‍ക്കണം. രാജ്യത്ത് ആദ്യമായി പോളിസി നടപ്പാക്കിയ കേരള സമൂഹത്തില്‍ രണ്ട് വര്‍ഷത്തിന് ശേഷവും കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെങ്കിലും ട്രാന്‍സ്‌ജെന്‍ഡറുകളോടുള്ള സമീപനത്തില്‍ കുറച്ചെങ്കിലും മാറ്റം വന്നുതുടങ്ങി എന്ന് പറയാതിരിക്കാന്‍ വയ്യ. ചെറുപ്പക്കാരുടെ ഒരു വിഭാഗമെങ്കിലും അവരെയും ഈ സമൂഹത്തിന്റെ ഭാഗമാണെന്ന് അംഗീകരിക്കുന്നുണ്ട്. കൊച്ചി മെട്രോ ആരംഭിച്ചപ്പോള്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ജോലി കൊടുത്തും ഡിവൈഎഫ്‌ഐ യൂണിറ്റ് സ്ഥാപിച്ചുമെല്ലാം കേരളം ഇക്കാര്യത്തില്‍ മാതൃകയാകുകയും ചെയ്തതാണ്. ഭിന്നലിംഗക്കാര്‍ എന്ന പ്രയോഗം അവരെ അപമാനിക്കലാണ് എന്ന് തിരിച്ചറിഞ്ഞ് അവര്‍ ആഗ്രഹിക്കുന്നത് പോലെ ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന് തന്നെ വിളിക്കാന്‍ തുടങ്ങിയിരിക്കുന്നു.

എന്നിരുന്നാലും അവര്‍ ചിലയിടങ്ങളിലെങ്കിലും അപമാനിക്കപ്പെടാറുണ്ടെന്ന വസ്തുത മറച്ചുവയ്ക്കാനുമാകില്ല. ലൈംഗിക തൊഴിലാളികളായി തന്നെയാണ് ഇപ്പോഴും പലയിടങ്ങളിലും അവര്‍ അവഹേളിക്കപ്പെടുന്നത്. പബ്ലിക് ടോയ്‌ലറ്റുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കാതെയും യാത്ര ചെയ്തുകൊണ്ടിരിക്കുന്ന ബസില്‍ നിന്നും ഇറക്കി വിട്ടും സ്ത്രീ, പുരുഷന്‍ കോളം വെട്ടി ട്രാന്‍സ്‌ജെന്‍ഡര്‍ എന്നെഴുതിയതിന്റെ പേരില്‍ ചികിത്സ നിഷേധിച്ചുമൊക്കെ ഇപ്പോഴും അവര്‍ അപമാനിക്കപ്പെടുന്നു. സാംസ്‌കാരികവും മാനുഷികവുമായ മൂല്യങ്ങള്‍ ഉയര്‍ന്ന തലത്തിലുണ്ടെന്ന് അവകാശപ്പെടുന്ന കോഴിക്കോട് സാധാരണഗതിയില്‍ ഇത്തരത്തിലുള്ള അവഹേളനങ്ങള്‍ അധികം കണ്ടിട്ടില്ല. അതിനാലാണ് ഇപ്പോഴത്തെ സംഭവത്തിന് ഇത്രമാത്രം പ്രാധാന്യം ലഭിക്കുന്നതിന് ഒരു കാരണം (ഗൗരവകരമായ വേറെയും കാരണങ്ങളുണ്ടെങ്കിലും).

ഈമാസം 23നാണ് മിഠായിത്തെരുവ് നവീകരിച്ച് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്. പൊട്ടിപ്പൊളിഞ്ഞ റോഡുകളും തുറന്ന അഴുക്കുചാലുകളും നിറഞ്ഞ പഴയ മിഠായിത്തെരുവല്ല ഇപ്പോഴുള്ളത്. ഇക്കഴിഞ്ഞ മെയ് രണ്ടിന് ആരംഭിച്ച നവീകരണ പ്രവര്‍ത്തനങ്ങള്‍ ഏറെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഈ മാസമാണ് പൂര്‍ത്തിയായത്. എസ് കെ പൊറ്റക്കാട് ഒരു തെരുവിന്റെ കഥയില്‍ വിവരിക്കുന്ന മിഠായിത്തെരുവല്ല ഇപ്പോഴുള്ളത്. അദ്ദേഹത്തോടുള്ള ആദരമായി തെരുവിന്റെ വടക്കേ അറ്റത്ത് പതിനഞ്ച് പാനലുകളിലായി ‘തെരുവിന്റെ കഥ’ സിമന്റ് റിലീഫ് മ്യൂറല്‍ ശില്‍പ്പങ്ങളായി ഒരുക്കിയിട്ടുണ്ട്. ടാറിട്ട റോഡിന് പകരം ലോക്ബ്രിക്കുകള്‍ പാകിയതും ചിത്രത്തൂണുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന അലങ്കാര വിളക്കുകള്‍ സ്ഥാപിച്ചും കടകളുടെയെല്ലാം മുന്‍ഭാഗം ഒരേ രൂപത്തിലാക്കി മേല്‍ക്കൂരകള്‍ക്ക് പൈതൃക സ്വഭാവം നല്‍കിയുമാണ് സൗന്ദര്യവല്‍ക്കരണ പദ്ധതി പൂര്‍ത്തിയാക്കിയത്. കൂടാതെ വൈദ്യുത, ടെലഫോണ്‍ കേബിളുകള്‍ മാറ്റി ഭൂഗര്‍ഭലൈനാക്കുകയും ചെയ്തു. എസ്‌കെ പൊറ്റക്കാട് ജംഗ്ഷനിലും റെയില്‍വേ സ്റ്റേഷന്‍ ജംഗ്ഷനിലും ആകര്‍ഷകമായ ഗെയ്റ്റുകളും സ്ഥാപിച്ചു. ഇതിനെല്ലാമായി വിനോദ സഞ്ചാര വകുപ്പ് 3.64 കോടി രൂപയാണ് ചെലവഴിച്ചത്. ഇതിനിടെ സുരക്ഷ ക്രമീകരണങ്ങളില്‍ തൃപ്തരല്ലാത്ത അധികൃതര്‍ ഏതാനും കടകളും അടച്ചുപൂട്ടിച്ചിരുന്നു.

കസബ; മുഴുനീള ആഭാസങ്ങളുടെ സര്‍വ്വവിജ്ഞാനകോശം-ഒരു ട്രാന്‍സ്‌ജെന്‍ഡറിന് പറയാനുള്ളത്

അല്ലെങ്കിലും നഗര സൗന്ദര്യവല്‍ക്കരണത്തില്‍ ഒരുവിഭാഗം എല്ലായ്‌പ്പോഴും പുറന്തള്ളപ്പെടുക എന്നതാണല്ലോ ഇവിടുത്തെ പതിവ്. ഈ പതിവ് തന്നെയാണോ ട്രാന്‍സ്‌ജെന്‍ഡറുകളുടെ കാര്യത്തിലും സംഭവിച്ചതെന്ന് ജില്ലാ അധികൃതര്‍ വ്യക്തമാക്കണം. ‘നിങ്ങളെയൊന്നും ഇവിടെ ജീവിക്കാന്‍ അനുവദിക്കില്ല’ എന്ന് പറഞ്ഞാണ് കസബ പോലീസ് സ്‌റ്റേഷനിലെ പോലീസുകാര്‍ തങ്ങളെ മര്‍ദ്ദിച്ചതെന്ന് സുസ്മിയും ജാസ്മിയും പറയുന്നു. ‘വൃത്തി’യും ‘ഭംഗി’യുമുള്ള മിഠായിത്തെരുവിന് ട്രാന്‍സ്‌ജെന്‍ഡറുകള്‍ ഒരു അപവാദമാണെന്ന് ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടോ? ഈ തോന്നലില്‍ നിന്നും ജനിച്ച ഒരു ഉത്തരവാണോ ജാസ്മിയുടെയും സുസ്മിയുടെയും നേരെയുണ്ടായ ക്രൂരമായ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്?

ട്രാന്‍സ്‌ജെന്‍ഡറുകളുടെ പരാതി വളരെ മാന്യമായി തന്നെ സ്വീകരിച്ച കോഴിക്കോട് ജില്ലാ കളക്ടര്‍ തന്നെയാണ് ഇതേക്കുറിച്ച് വ്യക്തത വരുത്തേണ്ടത്. എങ്ങനെയൊരു തോന്നലുണ്ടെങ്കില്‍ തൂത്തുവാരിക്കളയാന്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ അഴുക്കുകളല്ലെന്ന് പോലീസ് മനസിലാക്കണം. ഒരുവശത്ത് സര്‍ക്കാര്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് അംഗീകാരം നല്‍കുമ്പോള്‍ ഇതേ സര്‍ക്കാരിന്റെ സംവിധാനമായ പോലീസ് അവരെ ക്രൂരമായി പീഡിപ്പിക്കുന്നത് സര്‍ക്കാരിന് തന്നെയാണ് അപമാനം. പൊതുജനങ്ങള്‍ പോലും മുന്‍കാലങ്ങളെ അപേക്ഷിച്ച് ട്രാന്‍സ്‌ജെന്‍ഡറുകളെ അംഗീകരിക്കുന്ന അവസ്ഥയിലെത്തി നില്‍ക്കുമ്പോഴാണ് ഇതെന്ന് ഓര്‍ക്കണം. ഇവരോടുള്ള സമീപനത്തില്‍ കേരള പോലീസ് മാറ്റം വരുത്തേണ്ട കാലം കഴിഞ്ഞിരിക്കുന്നു. ഇനിയും ഇത്തരത്തിലുള്ള സമീപനം തുടരുകയാണെങ്കില്‍ പോലീസിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ആഭ്യന്തര വകുപ്പ് തയ്യാറാകേണ്ടതുണ്ട്.

സാക്ഷരത മിഷന്‍ കലോത്സവ ഒരുക്കങ്ങള്‍ കഴിഞ്ഞ് മടങ്ങവെ ട്രാന്‍സ്‌ജെന്ററുകള്‍ക്ക് നേരെ പൊലിസ് മര്‍ദ്ദനം

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍