UPDATES

ട്രെന്‍ഡിങ്ങ്

ഫഹദിനെയും ഭാഗ്യലക്ഷ്മിയേയും പാക് ചാരന്മാരാക്കിയുള്ള ആ പോസ്റ്റ് അത്ര കോമഡി ആയി കാണരുതേ…

നുണകള്‍ ഇനിയും ഉത്പാദിക്കപ്പെട്ടുകൊണ്ടേയിരിക്കും നാമത് കോമഡികളായി ചിരിച്ചു തള്ളുമ്പോള്‍, കൂടെ നില്‍ക്കുന്നവന്റെ മുഖം കൂടി ഒന്നു നോക്കണം, അവരും നമുക്കൊപ്പം ചേര്‍ന്ന് ചിരിക്കുന്നുണ്ടോ? അതോ സംശയിച്ചു നില്‍ക്കുകയാണോ?

ഞായറാഴ്ച ബിജെപി പത്തനംതിട്ട എന്ന ഫെയ്‌സ്ബുക്ക് പേജില്‍ വന്ന ഒരു പോസ്റ്റിന്റെ ചര്‍ച്ചകള്‍ക്കിടയിലേക്ക് യാദൃശ്ചികമായി കടന്നു ചെല്ലേണ്ടി വന്നു. ഇതൊക്കെയായിരുന്നില്ലേ നിങ്ങളുടെ സിനിമ സഖാക്കന്മാരുടെ മനസിലിരുപ്പ് എന്ന തരത്തില്‍ രണ്ടുമൂന്നു ചോദ്യങ്ങള്‍ നേരിട്ട ശേഷമായിരുന്നു ആ എഫ് ബി പോസ്റ്റ് മുഴുവനായി വായിച്ചത്. ഇപ്പോള്‍ ഈ പോസ്റ്റിനെ സോഷ്യല്‍ മീഡിയ പരിഗണിക്കുന്നതുപോലെ ‘ഒരു കോമഡി’ ആയിട്ടാണ് വായിച്ചു കഴിഞ്ഞപ്പോള്‍ തോന്നിയത്. എന്നാല്‍, ആ ചിന്ത വളരെ പെട്ടെന്ന് മാറിയത്, നിങ്ങളെപ്പോലുള്ളവര്‍ ഈ രാജ്യദ്രോഹികളെ സപ്പോര്‍ട്ട് ചെയ്ത് എഴുതുകയും പറയുന്നതും ക്രിമിനല്‍ കുറ്റമാണെന്ന് വളരെ ഗൗരവത്തില്‍ ചിലര്‍ പ്രതികരിച്ചപ്പോഴാണ്. സാമാന്യബുദ്ധി വച്ച് ചിന്തിക്കുന്ന ഏതൊരാള്‍ക്കും ബിജെപി പത്തനംതിട്ടയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് കോമഡി തന്നെയാണ്. എന്നാല്‍ അതിലെ ‘ആരോപണങ്ങള്‍’ സത്യമെന്ന് വിശ്വസിക്കുന്നവര്‍ നമുക്കിടയിലുണ്ടെന്നത് അത്ര കോമഡിയായി കാണേണ്ടതല്ല. ഇപ്പോള്‍ ഡിലീറ്റ് ചെയ്ത ആ പോസ്റ്റിനു താഴെ വന്ന കമന്റുകള്‍, ആ പോസ്റ്റിന് കിട്ടിയ ലൈക്കുകള്‍, ഷെയറുകള്‍; അതൊന്നും അത്ര കോമഡിയായി കാണേണ്ടതല്ല. നമ്മള്‍ ചിരിച്ചു തള്ളുന്ന പലതും സംഘപരിവാര്‍ അവരുടെ പിന്നണിക്കാരിലേക്ക് അതിവിദഗ്ദമായി കുത്തിയിറക്കുന്ന വിഷമാണ്. രോഗബാധിതരായി മാറുന്നൊരു സംഘം വലുതായി വലുതായി നമുക്കിടയില്‍ വ്യാപിക്കുന്നുമുണ്ട്. ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ഗവണ്‍മെന്റ് ജോലിക്കാര്‍, ചിത്രകാരന്മാര്‍, മാധ്യമപ്രവര്‍ത്തകര്‍ അങ്ങനെ നീളുന്ന ലീസ്റ്റില്‍ തനി സാധാരണക്കാരെന്ന് നാം വിളിക്കുന്ന ദിവസക്കൂലിക്കാര്‍ വരെയുണ്ട്. ഫഹദും ഭാഗ്യലക്ഷ്മിയും രാജ്യദ്രോഹികളാണെന്നും പാകിസ്താന്റെ പണം വാങ്ങി ഇന്ത്യയെ ചതിക്കാനായിരുന്നു അവരുടെ ലക്ഷ്യമെന്നും ഏതോ ഒരുത്തന്‍ പറഞ്ഞപ്പോള്‍ അത് വിശ്വസിച്ചവര്‍ (ഭാഗികമായിട്ടാണെങ്കില്‍ പോലും) സമൂഹത്തിന്റെ പലമേഖലകളില്‍ നില്‍ക്കുന്നവരാണ്. ഇത് നാം കോമഡി ആയാണോ കാണേണ്ടത്?

ഡല്‍ഹിയില്‍ നടന്ന അവാര്‍ഡ് ബഹിഷ്‌കരിക്കല്‍ നാടകത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയെന്ന് വാര്‍ത്ത. ഫഹദ് ഫാസിലും, ഭാഗ്യലക്ഷ്മിയും ചേര്‍ന്ന് രാജ്യദ്രോഹികളുമായി ചേര്‍ന്ന് രാഷ്ട്രപതിയെ അധിക്ഷേപിക്കുകയും, ഇന്ത്യയെ നാണം കെടുത്തുകയുമായിരുന്നു ലക്ഷ്യം. പാരിതോഷികമായി രണ്ടാള്‍ക്കും വന്‍ പണം ഓഫര്‍ ചെയ്യപ്പെട്ടതായി സംശയം. അവാര്‍ഡിനൊന്നും തെരഞ്ഞെടുക്കപ്പെടാത്ത ഭാഗ്യലക്ഷമിയാണ് പ്രധിഷേധത്തിന് നേതൃത്വം നല്‍കിയത്. പ്രതിഷേധ റാലിയെപ്പറ്റി ഭാഗ്യലക്ഷമി ചാനലിലും പറഞ്ഞിരുന്നു. ബാക്കി കലാകാരന്‍മാര്‍ പ്രധിഷേധത്തെ സ്വാഭാവികമായാണ് കണ്ടത്. പ്രതിഷേധമെന്ന പേരില്‍ ആസൂത്രണം ചെയ്ത പ്രോഗ്രാം ഇങ്ങനെ. പ്രസിഡന്‍ഡിന്റെ കൈയ്യില്‍ നിന്ന് അവാര്‍ഡ് സ്വീകരിക്കുക. തുടര്‍ന്ന് സ്‌റ്റേജില്‍ വച്ച്, കാശ്മീരി പെണ്‍കുട്ടിയുടെ മരണത്തില്‍ പ്രതിഷേധം നടത്തുന്നു എന്ന പേരില്‍, അവാര്‍ഡ് പ്രസിഡന്‍റിന്റെ മുന്നില്‍ നിന്ന് വലിച്ചെറിഞ്ഞ് അറസ്റ്റ് വരിക്കുക. തുടര്‍ന്ന് ബാക്കിയുള്ളവര്‍ പ്രതിഷേധിച്ച് ഹാളിനുള്ളില്‍ പ്രകടനം നടത്തുക. ഇതിന് ചില മാധ്യമ രാഷ്ട്രീയ കൂട്ടുകെട്ടും സന്നാഹങ്ങളൊടെ തയ്യാറായി നിന്നു. വിദേശ ബന്ധമാണ് പിന്നിലെന്ന് സംശയം.

എന്നാല്‍ ഈ നീക്കം കേന്ദ്ര ഇന്റലിജന്‍സ് മുന്‍കൂട്ടി കണ്ട് പദ്ധതി തയ്യാറാക്കി. തുടര്‍ന്ന് ഐ ബി, പരിപാടിയുടെ നിയന്ത്രണം ഏറ്റെടുത്തു. തിരക്കിട്ട് രാഷ്ട്രപതിയുടെ പ്രോട്ടോകോള്‍ എന്ന പേരില്‍ രാജ്യസ്‌നേഹികളും, സമാരാധ്യരുമായ 11 മഹദ് വ്യക്തികളെ തിരഞ്ഞെടുക്കുകയായിരുന്നു. ബാക്കിയുള്ളവര്‍ക്ക് അവാര്‍ഡ് നല്‍കാനായി കലാകാരിയായ സ്മൃതി ഇറാനിയെ ചുമതലപ്പെടുത്തി. ഈ അപ്രതീക്ഷിത നീക്കം രാജ്യദ്രോഹികള്‍ക്ക് വലിയ തിരിച്ചടിയായി.

രാഷ്ട്രപതി അവാര്‍ഡ് നല്‍കുന്നില്ല എന്നറിയിച്ച ശേഷം പരസ്യമായി പ്രതിഷേധിക്കുവാന്‍ പുറത്തുള്ള ആസൂത്രകര്‍ നിര്‍ദേശിച്ചെങ്കിലും, രൂക്ഷമായി പ്രതികരിക്കുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പിടി വീഴുമെന്നായപ്പോള്‍ ഫഹദ് ഫാസില്‍ ഡല്‍ഹിയില്‍ നിന്ന് മുങ്ങി.

ഇന്റലിജന്‍സ് പ്രതിഷേധക്കാരെ ചടങ്ങില്‍ നിന്ന് നേരത്തെ തന്നെ ഒഴിവാക്കി, അവരുടെ പേരെഴുതിയ സീറ്റും എടുത്തു മാറ്റി. ഒരു കോള്‍ഡ് ബ്ലഡഡ് യുദ്ധമാണ് രാജ്യവിരുദ്ധര്‍ ഫഹദിലൂടെയും, ഭാഗ്യലക്ഷ്മിയിലൂടെയും ആസൂത്രണം ചെയ്തത്. അവരുടെ പ്ലാന്‍ വിജയിച്ചിരുന്നെങ്കില്‍ ഒരൊറ്റ തുള്ളി ചോര പൊടിയാതെ ഇന്ത്യയെ തകര്‍ക്കാന്‍ പ്രതിപക്ഷത്തിനും പാകിസ്ഥാനും കഴിഞ്ഞേനേ..

സംഗതിയുടെ നിജസ്ഥിതി അറിയാതെ, രാഷ്ട്രപതിയില്‍ നിന്ന് അവാര്‍ഡ് കിട്ടാത്ത വിഷമത്തില്‍ നിന്ന ബാക്കി 66 പേരെയും ഫഹദും, ഭാഗ്യലക്ഷ്മിയും ചൂഷണം ചെയ്യുകയായിരുന്നു….

ഇതാണ് ഡിലീറ്റ് ചെയ്ത ആ പോസ്റ്റ്. ആദ്യത്തെ വായനയില്‍ ഒരു ട്രോള്‍, മണ്ടത്തരം പറച്ചില്‍ എന്നൊക്കെ തോന്നാം. പക്ഷേ, ഈ വ്യാജവാര്‍ത്ത ഏതുതരത്തിലാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് നോക്കുക. അവര്‍ നുണ പറയാന്‍ പഠിച്ചിരിക്കുന്നു. 2014 ല്‍ ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ ഇന്ത്യയുടെ അധികാരം ഏറ്റെടുത്തശേഷം വളരെ സാധാരണമായ എന്റെ ഗ്രാമത്തിലുള്ളവര്‍ പോലും അവരുടെ രാഷ്ട്രീയ ചര്‍ച്ചയില്‍ ആവര്‍ത്തിച്ച് ഉപയോഗിക്കാറുള്ള ചില വാക്കുകള്‍ ഉണ്ട്; എന്‍ ഐ എ, കശ്മീര്‍, പാകിസ്താന്‍, ഇസ്ലാം തീവ്രവാദം, ഐഎസ്, അജിത ഡോവല്‍, ദോക്ലാം, ഇന്ത്യന്‍ മുജാഹുദ്ദീന്‍, ഇന്ത്യന്‍ ആര്‍മി, ജെഎന്‍യു, കമ്യൂണിസ്റ്റ് ജിഹാദ്, ഓര്‍ത്തെടുത്താല്‍ പറയാന്‍ ഇനിയുമുണ്ട്. ഗ്രാമീണരായവരെ ചെറുതായി കണ്ടിട്ടോ, അവരുടെ രാഷ്ട്രീയബോധത്തേയോ വാര്‍ത്താബോധത്തെയോ പരിഹസിച്ചോ അല്ല പറഞ്ഞത്. പ്രസ്തുത വാക്കുകളെല്ലാം തന്നെ ആവര്‍ത്തിക്കുന്നവര്‍ ഒരു പ്രത്യേകരാഷ്ട്രീയക്കാരും ആ രാഷ്ട്രീയത്തിന്റെ വക്താക്കളോ ആരാധകരോ ആയിട്ടുള്ളവരുമാണ്. അവര്‍ ഹിന്ദുത്വത്തിലും രാജ്യഭക്തിയിലും അഭിരമിക്കുന്നവരുമാണ്. നമുക്കറിയാം, മേല്‍പ്പറഞ്ഞ വാക്കുകള്‍ ചേര്‍ക്കപ്പെട്ട് വന്നിരിക്കുന്ന വാര്‍ത്തകളില്‍ എത്രത്തോളം സത്യമുണ്ടെന്നത്. പത്തനംതിട്ടയിലെ ബിജെപിക്കാര്‍ പറഞ്ഞതിനെക്കാള്‍ വലിയ നുണകളായിരുന്നു പലതുമെന്നും. പക്ഷേ ആ നുണകള്‍ വിശ്വസിച്ച്. ആ വിശ്വാസത്തിന്റെ പുറത്ത് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ കേരളത്തിലെ ചെറു ഗ്രാമങ്ങളില്‍ പോലും എണ്ണത്തില്‍ കൂടിവരികയാണ്. അത് കോമഡിയാണോ?

പാകിസ്താന്‍, കശ്മീര്‍; ഈ രണ്ടു പേരുകളും ഭീകരവാദവും ഇന്ത്യ വിരുദ്ധവും ആയി മാത്രം കേള്‍ക്കുന്നവരെ എണ്ണത്തില്‍ ഏറെയുണ്ടാക്കാന്‍ സംഘപരിവാറിനും ബിജെപിക്കും കഴിഞ്ഞത് ഇത്തരം നുണകളിലൂടെയാണ്. ഇന്ത്യന്‍ ഇന്റലിജന്‍സ് വിംഗ് തകര്‍ത്തില്ലായിരുന്നെങ്കില്‍ ഫഹദും ഭാഗ്യലക്ഷ്മിയും ചേര്‍ന്ന് ഇന്ത്യ മഹാരാജ്യത്തെ പാകിസ്താനുവേണ്ടി തകര്‍ക്കുമായിരുന്നുവെന്ന ആ നുണ ഇപ്പോഴും വിശ്വസിക്കുന്ന, നാലുപേരെയെങ്കിലും ഞാന്‍ ചൂണ്ടിക്കാണിക്കാം. ആ നാല് പേര് കുറഞ്ഞപക്ഷം നാലായിരം പേരായെങ്കിലും കേരളത്തില്‍ മൊത്തം കാണില്ലേ? ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് കൊണ്ട് അത്രയും സാധിച്ചാല്‍ അത് സംഘപരിവാറിന്റെ വിജയം തന്നെയല്ലേ!

മഹാത്മാഗാന്ധിയേയും ജവഹര്‍ലാല്‍ നെഹ്‌റുവിനെയും വരെ ഇന്ത്യ വിരുദ്ധരാക്കാന്‍ കഴിഞ്ഞവര്‍ക്ക് ഫഹദ് ഫാസില്‍ എന്ന ചലച്ചിത്ര നടന്റെ കാര്യത്തിലാണോ ബുദ്ധുമുട്ട്. ചരിത്രത്തെ ഏതുവിധമാണ് തകര്‍ത്തുകൊണ്ടിരിക്കുന്നതെന്നും നാം കാണുകയാണ്. നുണയുടെ കാവി ചായം പൂശി അവര്‍ മറയ്ക്കുന്ന സത്യങ്ങള്‍ എത്രയോ…നിരന്തരം നുണകള്‍ മാത്രമാണ് ആ കേന്ദ്രങ്ങളില്‍ നിന്നും അവരുടെ അനുയായികള്‍ കേള്‍ക്കുന്നത്. നുണകള്‍ മയക്കുമരുന്നുപോലെ പ്രവര്‍ത്തിച്ച് ചിന്തകള്‍ നശിപ്പിച്ചു കളഞ്ഞൊരു ജനവിഭാഗത്തിനു ഫഹദ് പാകിസ്താന്‍ ചാരന്‍ ആയി മാറിക്കഴിഞ്ഞു. അവാര്‍ഡ് ബഹിഷ്‌കരണം ഇന്ത്യയെ തകര്‍ക്കാനുള്ള ഗൂഢപദ്ധതിയായിരുന്നുവെന്നും അവര്‍ ഉറപ്പിച്ചു കഴിഞ്ഞു. നുണകള്‍ ഇനിയും ഉത്പാദിക്കപ്പെട്ടുകൊണ്ടേയിരിക്കും നാമത് കോമഡികളായി ചിരിച്ചു തള്ളുമ്പോള്‍, കൂടെ നില്‍ക്കുന്നവന്റെ മുഖം കൂടി ഒന്നു നോക്കണം, അവരും നമുക്കൊപ്പം ചേര്‍ന്ന് ചിരിക്കുന്നുണ്ടോ? അതോ സംശയിച്ചു നില്‍ക്കുകയാണോ?

ഫഹദിനെ ഭയക്കുന്ന സംഘപരിവാര്‍; മതം പറഞ്ഞ് അവര്‍ ആ കലാകാരനെ ആക്രമിക്കുകയാണ്‌

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍