UPDATES

ട്രെന്‍ഡിങ്ങ്

പ്രമുഖര്‍ പങ്കെടുത്ത് അയ്യപ്പ ജ്യോതി: ഹൊസങ്കടി മുതല്‍ കളിയിക്കാവിള വരെ

ഹൊസങ്കടി ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ശ്രീകോവിലില്‍ നിന്നാണ് ദീപം തെളിയിച്ചത്

അയ്യപ്പ കര്‍മ്മ സമിതി നേതൃത്വം നല്‍കുന്ന അയ്യപ്പ ജ്യോതി തെളിക്കല്‍ ആരംഭിച്ചു. ബിജെപിയുടെ പിന്തുണയോടെ നടക്കുന്ന പരിപാടിയില്‍ പ്രമുഖരാണ് പങ്കെടുക്കുന്നത്. എന്‍എസ്എസിന്റെ കൂടി പിന്തുണ ലഭിച്ചതോടെ അയ്യപ്പ ജ്യോതി വന്‍ രാഷ്ട്രീയ നേട്ടത്തിന് വഴിവയ്ക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

കാസര്‍ഗോഡ് ഹൊസങ്കടി മുതല്‍ തിരുവനന്തപുരം കളിയിക്കാവിള വരെയാണ് ജ്യോതി തെളിയിച്ചത്. ഹൊസങ്കടി ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ശ്രീകോവിലില്‍ നിന്നാണ് ദീപം തെളിയിച്ചത്. സ്വാമി യോഗാനന്ദ സരസ്വതിയും കപിലാശ്രമം ഉത്തരകാശി രാമചന്ദ്രസ്വാമിയും ചേര്‍ന്ന് ദീപം ഏറ്റുവാങ്ങി. തുടര്‍ന്ന് ഹൊസങ്കടി നഗരത്തില്‍ എത്തിച്ച ശേഷം ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ അയ്യപ്പ ജ്യോതി തെളിച്ചു. വിവിധയിടങ്ങളില്‍ ഉദ്ഘാടന ചടങ്ങുകളും നടന്നു. അഞ്ച് മണിക്ക് തന്നെ പൊതുസമ്മേളനങ്ങള്‍ ആരംഭിച്ചിരുന്നു. ആറ് മണിക്ക് ജ്യോതി തെളിക്കാന്‍ ആരംഭിച്ചു. ആറ് മുതല്‍ ആറര വരെയാണ് ജ്യോതി തെളിക്കുന്നത്. അങ്കമാലി വരെ ദേശീയ പാതയിലാണ് ജ്യോതി തെളിക്കുന്നത്. അങ്കമാലി മുതല്‍ ജ്യോതി എംസി റോഡിലേക്ക് മാറും. അങ്കമാലിയില്‍ മുന്‍ കാലടി സര്‍വകലാശാല വിസിയും പി എസ് സി ചെയര്‍മാനുമായ കെ എസ് രാധാകൃഷ്ണനാണ് ദീപം തെളിയിച്ച് കൊടുത്ത് ഉദ്ഘാടനം ചെയ്തത്. ബിജെപി ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ ജ്യോതിക്ക് നേതൃത്വം നല്‍കി.

പന്തളത്ത് ശശികുമാര വര്‍മ്മ ഉദ്ഘാടനം നിര്‍വഹിച്ചു. കാസര്‍ഗോഡ് കേന്ദ്രമന്ത്രി നളിന്‍കുമാര്‍ കടീല്‍ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലാണ് ദീപം തെളിക്കുന്നത് ഉദ്ഘാടനം ചെയ്തത്. ശോഭാ സുരേന്ദ്രന്‍ നിരാഹാരം അനുഷ്ഠിക്കുന്ന പന്തലിന് മുന്നില്‍ ഒ രാജഗോപാല്‍ എംഎല്‍എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള ജ്യോതിക്ക് നേതൃത്വം നല്‍കി. നടിമാരായ ജലജ, മേനക സുരേഷ്‌കുമാര്‍, മേനകയുടെ ഭര്‍ത്താവും നിര്‍മ്മാതാവുമായ സുരേഷ് കുമാര്‍ എന്നീ പ്രമുഖര്‍ പങ്കെടുത്തു. കളിയിക്കാവിളയില്‍ ബിജെപി എംപി സുരേഷ് ഗോപിയാണ് ദീപം തെളിച്ചത്. കിളിമാനൂരില്‍ ഡിജിപി സെന്‍കുമാര്‍ ജ്യോതി തെളിച്ചു. കാസര്‍ഗോഡ് മാത്രം 80 കേന്ദ്രങ്ങളിലാണ് അയ്യപ്പ ജ്യോതി തെളിയിച്ചത്. കളിയിക്കാവിള മുതല്‍ കന്യാകുമാരി വരെ 38 കേന്ദ്രങ്ങളിലാണ് ജ്യോതി തെളിച്ചത്. അവസാന ജ്യോതി വിവേകാനന്ദ പാറയില്‍ തെളിയിച്ചു.

പെരുന്നയില്‍ മുന്‍ കോണ്‍ഗ്രസ് നേതാവും അടുത്തിടെ ബിജെപിയിലെത്തുകയും ചെയ്ത ജി രാമന്‍ നായര്‍ ജ്യോതിക്ക് നേതൃത്വം നല്‍കി. കോഴിക്കോട് സ്വാമി സതാനന്ദപുരി ജ്യോതിക്ക് നേതൃത്വം നല്‍കി. തൃശൂരില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികല ജ്യോതിക്ക് നേതൃത്വം നല്‍കി. ബിജെപിയുടെയും വിവിധ സംഘപരിവാര്‍ സംഘടനയുടെയും നേതാക്കള്‍ വിവിധ കേന്ദ്രങ്ങളില്‍ അയ്യപ്പ ജ്യോതി തെളിയിക്കാനെത്തി.

അയ്യപ്പ കര്‍മ്മ സമിതിയും ബിജെപിയും മറ്റ് സംഘപരിവാര്‍ സംഘടനകളും എന്‍എസ്എസും അയ്യപ്പ ജ്യോതി പ്രതിഷേധത്തിന് പരമാവധി പങ്കാളിത്തം ഉറപ്പാക്കാന്‍ വിപുലമായ തയ്യാറെടുപ്പുകളാണ് നടത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍