UPDATES

ട്രെന്‍ഡിങ്ങ്

സാംസ്‌കാരിക നായകനെന്ന അധിക്ഷേപം സഹിക്കാനാകില്ല: ബാലചന്ദ്രന്‍ ചുള്ളിക്കാട്

മലയാളികളെ പ്രതിനിധീകരിക്കാനോ അവരുടെ സംസ്‌കാരത്തെ നയിക്കാനോ ആവശ്യമായ യാതൊരുവിധ യോഗ്യതയും എനിക്കില്ല

തന്നെ സാംസ്‌കാരിക നായകന്‍ എന്ന് വിളിക്കരുതേയെന്ന് അപേക്ഷിച്ച് കവിയും അഭിനേതാവുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട്. മലയാളികളുടെ എല്ലാത്തരം അവഹേളനങ്ങളും അസഭ്യങ്ങളും താന്‍ നിശ്ശബ്ദം സഹിച്ചു പോന്നിട്ടുണ്ടെന്നും ഇദ്ദേഹം സുഹൃത്തുക്കള്‍ക്ക് അയച്ച സന്ദേശത്തില്‍ പറയുന്നു. സുഹൃത്തുക്കളാണ് ഈ സന്ദേശം സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചത്.

ജാതി ബോധത്തിനും മതവിശ്വാസത്തിനും സമുദായബലത്തിനും സാമ്പത്തിക ശക്തിക്കും അധികാരത്തിനും പരമപ്രാധാന്യം നല്‍കുന്ന മലയാളികളുടെ സാംസ്‌കാരിക നായകനാകാന്‍ ആവശ്യമായ യാതൊരു യോഗ്യതയും തനിക്കില്ലെന്നും ചുള്ളിക്കാട് പറയുന്നു. തനിക്ക് സോഷ്യല്‍ മീഡിയ ബന്ധങ്ങളോ ഫേസ്ബുക്ക് അക്കൗണ്ടോ ഇല്ലെന്നും അതിനാലാണ് സുഹൃത്തുക്കള്‍ക്ക് സന്ദേശം അയച്ചതെന്നും ചുള്ളിക്കാട് അഴിമുഖത്തോട് പറഞ്ഞു. ചുള്ളിക്കാടിന്റെ സന്ദേശം താഴെ:

‘ഈയിടെ ചില മാദ്ധ്യമങ്ങള്‍ എന്നെ ‘സാംസ്‌ക്കാരിക നായകന്‍’ എന്നു വിശേഷിപ്പിച്ചുകണ്ടു. മലയാളികളുടെ എല്ലാത്തരം അവഹേളനങ്ങളും അസഭ്യങ്ങളും ഞാന്‍ നിശ്ശബ്ദം സഹിച്ചുപോന്നിട്ടുണ്ട്. പക്ഷേ ഈ വിശേഷണം സഹിക്കാനാവുന്നില്ല. ഞാന്‍ ഒരുതരത്തിലും മലയാളികളുടെ സാംസ്‌കാരികനായകനല്ല. ജാതിബോധത്തിനും മതവിശ്വാസത്തിനും സമുദായബലത്തിനും സാമ്പത്തികശക്തിക്കും അധികാരത്തിനും പരമപ്രാധാന്യം നല്‍കുന്ന മലയാളികളുടെ സാംസ്‌കാരികനായകനാവാന്‍ ആവശ്യമായ യാതൊരു യോഗ്യതയും എനിക്കില്ല. എഴുത്തുകാരന്‍ എന്ന നിലയിലാണെങ്കില്‍ യാതൊരുവിധ അവാര്‍ഡുകളോ ബഹുമതികളോ സ്ഥാനമാനങ്ങളോ ഇന്നേവരെ എനിക്കില്ല. ഇനി ഒരിക്കലും ഉണ്ടാവുകയുമില്ല. എന്റെ സമാനഹൃദയരായ ചില വായനക്കാരുടെ കവി എന്നതിനപ്പുറം ഞാന്‍ മലയാളികളുടെ സര്‍വ്വസമ്മതനായ കവിയയുമല്ല. ഒരു പ്രസംഗകനോ പ്രഭാഷകനോ ആയി അറിയപ്പെടാന്‍ ഞാന്‍ ഒരുതരത്തിലും ആഗ്രഹിക്കുന്നില്ല. സുഹൃത്തുക്കളുടെ കഠിനമായ നിര്‍ബ്ബന്ധം മൂലം മാത്രമാണ് വല്ലപ്പോഴും പ്രസംഗിക്കേണ്ടിവരുന്നത്. ഞാന്‍ മലയാളികളുടെ പ്രസംഗകനോ പ്രഭാഷകനോ ഒന്നുമല്ല. ഒരിക്കല്‍ക്കൂടി പറയട്ടെ, മലയാളികളെ പ്രതിനിധീകരിക്കാനോ അവരുടെ സംസ്‌കാരത്തെ നയിക്കാനോ ആവശ്യമായ യാതൊരുവിധ യോഗ്യതയും എനിക്കില്ല. അതിനാല്‍ എന്നെ ‘സാംസ്‌കാവരിക നായകന്‍’ എന്നുവിളിക്കരുതേ എന്നു എല്ലാവരോടും താഴ്മയായി അപേക്ഷിക്കുന്നു.’

read more:കല്ലട ബസിൽ പീഡന ശ്രമം, ഡ്രൈവർ പിടിയിൽ; ബസ് പോലീസ് പിടിച്ചെടുത്തു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍