UPDATES

ട്രെന്‍ഡിങ്ങ്

ബല്‍റാം, നിങ്ങള്‍ സൈബര്‍ വാനിലെ താരമാണ്, തെരുവില്‍ ഒരു തോല്‍വിയും

ബല്‍റാം ഈ കളി ഇനിയും തുടരും. കാരണം, സൈബര്‍ തെരുവിലെ കളിയും കളി നിയമങ്ങളും നന്നായി അറിയാവുന്നവനാണ് അയാള്‍

കവി എ അയ്യപ്പന് തെരുവായിരുന്നു എഴുത്തുമേശ. തെരുവിന്റെ കഥ എഴുതിയ ഒരാളുണ്ട്, എസ് കെ പൊറ്റെക്കാട്. മിനുസമുള്ള ഓര്‍മ്മകളിലേക്ക് പിന്നെയും നീളുന്ന ഒരിടമുണ്ട്, മിഠായിത്തെരുവ്. ഷൊര്‍ണ്ണൂരില്‍ തമിഴ് പേശും മുതലിയാര്‍ തെരുവുണ്ട്, മാരിയമ്മന്‍ കാവല്‍ നില്‍ക്കുന്നിടം. തെരുവോരത്തെ സമരങ്ങള്‍, കവല പ്രസംഗം, തെരുവുനാടകം, അടച്ചിട്ട കടമുറികളുടെ ചുമരില്‍ പതിച്ച വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പോസ്റ്ററുകള്‍, എന്നോ വരച്ചിട്ട, പാതിയും നിറം മാഞ്ഞ അരിവാള്‍ ചുറ്റിക നക്ഷത്രം, കൈപ്പത്തി, താമര ചിഹ്നങ്ങള്‍. രാത്രിയില്‍ തെരുവിലൂടെ നീങ്ങുന്ന ഒരു പന്തം കൊളുത്തി പ്രകടനം. അപ്രകാരം, കേരളത്തില്‍ തെരുവുകള്‍ വിരിച്ചിട്ട ഒരു ചരിത്രവും രാഷ്ട്രീയവും ഉണ്ട്. ഇന്ന് പന്തംകൊളുത്തി പ്രകടനങ്ങള്‍ അത്ര സാധാരണമല്ല. തെരുവോരത്തെ സമരങ്ങള്‍ക്കും പഴയതുപോല്‍ അണിനിരക്കാന്‍ അണികളില്ല, കാണാന്‍ കാഴ്ചക്കാരുമില്ല. ചാരായ ഷാപ്പുകള്‍ ഇല്ലാതായതോടെ ചരിത്രവും രാഷ്ട്രീയവും നുരയുന്നത് ഇടക്കാലത്ത് ചായക്കടകളിലും കള്ളുഷാപ്പുകളിലും മാത്രമായി. ഇപ്പോള്‍ അവിടെയും ആളൊച്ചകള്‍, ആരവങ്ങള്‍ കുറവാണ്. ഇപ്രകാരം നിശ്ശൂന്യമായ പ്രതികരണങ്ങളുടെ പ്രതലത്തിലാണ് പുതിയ കാലത്ത് സൈബര്‍ തെരുവുകളുടെ സൃഷ്ടിയും ഉന്മാദവും പ്രത്യക്ഷമാകുന്നത്.

ആദ്യകാലത്ത് ആനന്ദം പങ്കുവെക്കുമിടം മാത്രമായിരുന്നു അവയെങ്കില്‍ പിന്നീട് കൃത്യമായ മതബോധവും രാഷ്ട്രീയവും വ്യക്തമാക്കുന്ന നിലപാടുതറയായി അതുമാറി. പ്രിയപ്പെട്ടവര്‍ക്കൊപ്പമുള്ള വിവാഹ ചടങ്ങിലെയും വിനോദ യാത്രകളിലെയും സെല്‍ഫികളില്‍ നിന്ന് സൈബറിടം അതിരൂക്ഷമായ ആക്രമണോത്സുകതയിലേക്ക് വഴിമാറിയത് പൊടുന്നനെയാണ്.

വിവാദമായ കസബ പരാമര്‍ശത്തെ തുടര്‍ന്ന് നടി പാര്‍വതിക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണം നിരവധി തവണ ചര്‍ച്ച ചെയ്യപ്പെട്ടതിനാല്‍ അതിനിയും ആവര്‍ത്തിക്കുന്നില്ല. ആയതിനാല്‍ ആമുഖമില്ലാതെ വരാം, വി ടി ബല്‍റാമിലേക്ക്. ആര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനുള്ള ഇടം എന്നതിനപ്പുറം ആ വ്യക്തി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി, അതും നിയമസഭാംഗം ആകുമ്പോള്‍ ചരിത്രത്തോടും സമൂഹത്തോടും കടപ്പാടും ഉത്തരവാദിത്തവും ഏറെയാണ്. അക്കാര്യം ഓര്‍ക്കുന്നതില്‍, നിറവേറ്റുന്നതില്‍ ബല്‍റാമിന് വീഴ്ച സംഭവിച്ചോ ഇല്ലയോ എന്നത് പരിശോധിക്കേണ്ടതാണ്, അത് സംവാദ വിഷയവുമാണ്. കാലം ആദരിക്കുന്ന ഒരാളെ പുതിയ കാലത്തെ ഒരു നിയമസഭാംഗം തന്റേതായ പരാമര്‍ശത്താല്‍ അനാദരിച്ചുവെങ്കില്‍, അത് അപകീര്‍ത്തികരവും കുറ്റകരവുമെങ്കില്‍ തീര്‍ച്ചയായും ബല്‍റാമിനെതിരെ സൈബര്‍ നിയമം അനുശാസിക്കുന്ന നടപടികള്‍ അനിവാര്യമാണ്. അതേസമയം, സൈബറിടത്തില്‍ ബല്‍റാമിന്റെ പരാമര്‍ശത്തെ വസ്തുതകള്‍ ഉദാഹരിച്ച് ആര്‍ക്ക് വേണമെങ്കിലും തെറ്റെന്ന് തെളിയിക്കുകയുമാകാം. അതിനപ്പുറം, കല്ലേറും ചീമുട്ടയും ഇതേ സൈബര്‍ തെരുവില്‍ ഏറ്റുവാങ്ങിയവരാണല്ലോ പാര്‍വതിയും റിമ കല്ലിങ്കലും അടക്കമുള്ളവര്‍. ഇവിടെ സൈബര്‍ തെരുവില്‍ നിന്ന് അക്രമം തൃത്താലയിലെ തെരുവിലേക്ക് വ്യാപിച്ചു എന്നതാണ് സങ്കടകരം.

സിപിഎമ്മുകാരെ നിങ്ങളാ കല്ലും വടിയും താഴെയിടൂ; ബല്‍റാം മാപ്പ് പറയണമെന്നവശ്യപ്പെട്ടിരിക്കുന്നത് കേരള സമൂഹമാണ്‌

ഇതൊരു പുതിയ തുടക്കമാണ്, സൈബറിടം ആരോഗ്യപരമായ സംവാദങ്ങള്‍ക്ക് വേദിയാകുന്ന പതിവ് ഉപേക്ഷിച്ച് പുറത്തെ തെരുവുകളിലേക്ക് അക്രമം തുറന്നു വിടുക എന്നത്. സൈബര്‍ പോരാളികള്‍, സൈബര്‍ ഗുണ്ടായിസം എന്നീ പുതിയ പ്രയോഗങ്ങളും ആവര്‍ത്തിക്കപ്പെടുന്നു. ഇതെല്ലാം, അതിന് ഉത്തരവാദിയായ വ്യക്തിക്ക്, ഈ വിഷയത്തില്‍ ബല്‍റാമിന് ഗുണകരമായി മാറുന്നു എന്നത് അതിനേക്കാള്‍ അമ്പരപ്പിക്കുന്ന വസ്തുതയും. വേട്ടക്കാര്‍, ഇര എന്ന പതിവ് പ്രയോഗങ്ങള്‍ക്കപ്പുറം താന്‍ ഇരയാക്കപ്പെടുന്നു എന്ന തോന്നല്‍ സാമാന്യ സമൂഹത്തില്‍ ജനിപ്പിക്കുകയും അപ്രകാരം രാഷ്ട്രീയമായി നേട്ടമുണ്ടാക്കുകയും ചെയ്യുക എന്നത് ഒരിക്കലും അനുവദിക്കാന്‍ പാടില്ലാത്തതാണ്.

സൈബര്‍ തെരുവില്‍ പുതിയ മുദ്രാവാക്യങ്ങളും കാലോചിതമായ വേറിട്ട പന്തം കൊളുത്തി പ്രകടനങ്ങളുമാണ് വേണ്ടതെന്ന് മറ്റാരേക്കാളും നന്നായി അറിയാവുന്ന സൈബര്‍ സമരഭടനാണ് ഈ കോണ്‍ഗ്രസിന്റെ യുവ തുര്‍ക്കി. അബദ്ധമെങ്കില്‍, യുവത്വത്തിന്റെ ആവേശമെങ്കില്‍ തിരുത്താമായിരുന്നു. പാര്‍ട്ടിയില്‍ ഭൂരിപക്ഷവും ഒപ്പമില്ല എന്ന് തിരിച്ചറിഞ്ഞപ്പോള്‍ മാപ്പ് പറയാമായിരുന്നു, ബല്‍റാം അത് ചെയ്തില്ല. പകരം, കൂടുതല്‍ കടുത്ത പരാമര്‍ശങ്ങളുമായി വീണ്ടും രംഗത്തെത്തി. വിഎസിനെയും പരിഹസിച്ചു. ആക്രമണം സൈബറിടം വിട്ട് തെരുവിലെ കല്ലേറിലേക്കും ചീമുട്ടയേറിലേക്കും നീങ്ങിയപ്പോള്‍ അത് തന്നെയാണ് താന്‍ ആഗ്രഹിച്ചത് എന്ന നിലയില്‍ സ്വയം രക്തസാക്ഷി പരിവേഷം എടുത്തിട്ടു. തള്ളിപ്പറഞ്ഞവര്‍ക്കും ആ ഘട്ടത്തില്‍ കൂടെ നില്‍ക്കേണ്ടി വന്നു എന്നിടത്ത് കോണ്‍ഗ്രസിനെ എത്തിച്ചതിലാണ് ബല്‍റാമിന്റെ രാഷ്ട്രീയ വിജയം, ധാര്‍മ്മികമായ പരാജയവും.

ബല്‍റാം ഈ കളി ഇനിയും തുടരും. കാരണം, സൈബര്‍ തെരുവിലെ കളിയും കളി നിയമങ്ങളും നന്നായി അറിയാവുന്നവനാണ് അയാള്‍. എന്നാല്‍, അവ എത്രത്തോളം മാതൃകാപരമെന്ന് പരിശോധിക്കണം. ചരിത്രത്തിലെ ധ്രുവ നക്ഷത്രങ്ങള്‍, സമകാലിക രാഷ്ട്രീയത്തിലെ ദീപ്ത താരകങ്ങള്‍ എന്ന് കരുതുന്നവര്‍, ഇവരെല്ലാം വിമര്‍ശനത്തിന് അതീതര്‍ എന്ന് ഭാവിക്കുക വയ്യ. എന്നാല്‍ വിമര്‍ശനം തെറ്റായ വസ്തുതകള്‍ ഉദാഹരിച്ചോ ഒളിനോട്ടമോ സൈബര്‍ വാനിലെ താരമാകാനോ ആകരുത്. ബല്‍റാമിലെ കളങ്കത്തെ ചീമുട്ടയെറിഞ്ഞ് തിരുത്തുക എന്നതും അസാധ്യം. അതിനാല്‍, പക്വതയുള്ള വിമര്‍ശനവും പ്രതികരണവും സാധ്യമാക്കിയിരുന്ന, പ്രതിഷേധം കലയില്‍ ആവിഷ്‌ക്കരിച്ച് കവലയില്‍ നാടകമാടിയ തെരുവുകളിലേക്ക് മടങ്ങേണ്ടതുണ്ട്. സൈബര്‍ തെരുവുകളിലും അവ സാധ്യമെങ്കില്‍ ഇവിടെയാകട്ടെ ആ തെരുവുനാടകം, കവല പ്രസംഗം, പന്തം കൊളുത്തി പ്രകടനങ്ങള്‍. സൈബര്‍ വാനിലെ താരമാകാന്‍ ചീമുട്ടകള്‍ അനുവദിക്കാതിരിക്കട്ടെ ആരെയും.

ഭൂമി കുലുക്കി പക്ഷിയായ ആ ഫെയ്‌സ്ബുക്ക് ജീവിയെ നിങ്ങളിങ്ങനെ പ്രശസ്തനാക്കല്ലേ ഡിഫിക്കാരേ

 

സുബീഷ് തെക്കൂട്ട്

സുബീഷ് തെക്കൂട്ട്

മാധ്യമ പ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍