UPDATES

വിപണി/സാമ്പത്തികം

നോട്ട് നിരോധനം, ജിഎസ്ടി: ബനാറസ് സാരി നെയ്ത്തുകാര്‍ കൊടും പട്ടിണിയില്‍

ഈ വാണിജ്യവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന തൊണ്ണൂറ് ശതമാനം ആളുകളും നിരക്ഷരരും ജിഎസിടിയുടെ സാങ്കേതങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കാത്തവരുമാണ്‌

ഇപ്പോള്‍ ഭക്ഷണം വാങ്ങുന്നതിന് പോലും ബുദ്ധിമുട്ടുകയാണെന്ന് നാല് അംഗങ്ങളുള്ള കുടുംബത്തിന്റെ ഏക ആശ്രയമായ അല്‍താഫുര്‍ റഹ്മാന്‍ പറയുന്നു. ബനാറസി സില്‍ക്ക് സാരികള്‍ നെയ്യുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന അല്‍താഫൂര്‍ റഹ്മാന് കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ വരെ പ്രതിവാരം 800 മുതല്‍ 1000 രൂപവരെ പ്രതിഫലം ലഭിച്ചിരുന്നു. ഇപ്പോള്‍ നല്ല ജോലി ലഭിക്കുന്ന ആഴ്ചകളില്‍ പ്രതിവാരം 400 രൂപയാണ് അദ്ദേഹത്തിന് വേതനം ലഭിക്കുന്നത്. ചിലപ്പോള്‍ അത് 300 രൂപയോ അതില്‍ കുറവോ ആവുകയും ചെയ്യും.

നോട്ട് നിരോധനവും ജിഎസ്ടി നടപ്പാക്കലിലെ അശാസ്ത്രീയതയും നല്‍കിയ ആഘാതത്തില്‍ നിന്നും മോചനം നേടാന്‍ വരാണസിയിലെ ജയ്ത്പുര്‍-ചോര കോളനിയില്‍ നെയ്ത്തുകാര്‍ക്ക് ഇനിയും സാധിച്ചിട്ടില്ലെന്നാണ് സ്‌ക്രോളില്‍ എഴുതിയ ലേഖനത്തില്‍ ശ്രേയ റോയ് ചൗധരി ചൂണ്ടിക്കാണിക്കുന്നത്. നിരവധിപ്പേര്‍ നെയ്ത്ത്‌ജോലി ഉപേക്ഷിച്ച് ഓട്ടോറിക്ഷ ഓടിക്കല്‍ പോലുള്ള ജോലികളില്‍ ഏര്‍പ്പെടാന്‍ തുടങ്ങിയെന്ന് മറ്റൊരു നെയ്ത്തുകാരനായ ഷൊറാബ് അലി പറയുന്നു. അലിയുടെ അമ്മാവന്‍ അബ്ദുല്‍ ഹസന്‍ നടത്തുന്ന ഹാര്‍ ഫേബ്രിക്‌സില്‍ സെപ്തംബര്‍ 2016 വരെ 40 നെയ്ത്ത് തൊഴിലാളികളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് 25 പേരായി ചുരുങ്ങിയിരിക്കുന്നു.

16-ാം നൂറ്റാണ്ട് വരെ പഴക്കമുള്ള വരാണസിയിലെ തുണിക്കച്ചവടത്തിന് കനത്ത ആഘാതമാണ് സര്‍ക്കാരിന്റെ ഈ രണ്ട് നടപടികളും ഏല്‍പ്പിച്ചത്. വ്യാപാരത്തില്‍ അമ്പത് ശതമാനത്തിന്റെ ഇടിവുണ്ടായിട്ടുണ്ടെന്ന് ബനാറസി വസ്ത്ര ഉദ്യോഗ് സംഘിന്റെ ജനറല്‍ സെക്രട്ടറി രാജന്‍ ബെഹാല്‍ ചൂണ്ടിക്കാണിക്കുന്നു.

വില താങ്ങാന്‍ സാധിക്കുന്ന ഉത്തരേന്ത്യക്കാരുടെ വിവാഹങ്ങളിലെ പ്രധാന ആകര്‍ഷണമാണ് ബനാറസ് സാരികള്‍. രണ്ട് ലക്ഷം രൂപവരെ വിലയുള്ള സാരികള്‍ ഇവിടെ ലഭിക്കാറുണ്ട്. യന്ത്രത്തറികളില്‍ കൃത്രിമ നൂല്‍ ഉപയോഗിച്ച് നെയ്യുന്ന മുന്നൂറ് രൂപയുടെ സാരികള്‍ മുതല്‍ ഇവിടെ ലഭ്യമാണ്. സ്വര്‍ണം, വെള്ളി നൂലുകള്‍ കൊണ്ട് അലങ്കരിച്ച പട്ടുസാരികളാണ് ഏറ്റവും വിലക്കൂടിയത്. 5,000 രൂപ വിലവരുന്ന ഒരു സാരി നിര്‍മ്മിക്കാന്‍ ഒരു നെയ്ത്തുകാരന് മുന്ന് മുതല്‍ നാല് ദിവസം വരെ ജോലി ചെയ്യേണ്ടി വരും.

പ്രതിവര്‍ഷം ഏകദേശം 5,000 കോടി രൂപയുടെ വ്യാപാരമാണ് ബനാറസ് സാരി മേഖലയില്‍ നടന്നിരുന്നതെന്ന് ബെഹാല്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലം ഉള്‍പ്പെടുന്ന വരാണസി ജില്ലയില്‍ മാത്രം ഏകദേശം അഞ്ച് ലക്ഷം പേരാണ് ഈ വ്യാപാരത്തിലൂടെ ഉപജീവനമാര്‍ഗ്ഗം കണ്ടെത്തുന്നത്. 2016 നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിലവിലുണ്ടായിരുന്ന അഞ്ഞൂറ്, ആയിരം രൂപ നോട്ടുകള്‍ പിന്‍വലിച്ചതോടെയാണ് ഈ വ്യാപാരമേഖലയ്ക്ക് ആദ്യ ആഘാതം ഏറ്റത്. എന്നാല്‍ ഇതില്‍ നിന്നും കരകയറാന്‍ സാധിക്കുന്നതിന് മുമ്പ് തന്നെ ജൂലൈ ഒന്നിന് ചരക്ക്, സേവന നികുതി കൂടി ഏര്‍പ്പെടുത്തിയതോടെ ഈ വ്യാപാരമേഖല അപ്പാടെ സ്തംഭനാവസ്ഥയിലേക്ക് നീങ്ങുകയാണ്.

പ്രതിമാസം മൂന്ന് തവണ നികുതി അടവ് രേഖപ്പെടുത്തണമെന്നും അതോടൊപ്പം വില്‍പ്പന, അസംസ്‌കൃത വസ്തുക്കളുടെ വാങ്ങല്‍, ഏര്‍പ്പെടുത്തിയതും ഒടുക്കിയതുമായ നികുതി തുടങ്ങിയ കണക്കുകളും നല്‍കണം. വായ്പയുടെ അടിസ്ഥാനത്തില്‍ അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുകയും ഉല്‍പന്നങ്ങള്‍ വില്‍ക്കുകയും ചെയ്യുന്ന പരമ്പരാഗത ചെറുകിട വ്യാപാരങ്ങളെ സംബന്ധിച്ചിടത്തോളം ഇത് വലിയ കടമ്പയാണ്. ഈ വാണിജ്യവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന തൊണ്ണൂറ് ശതമാനം ആളുകളും നിരക്ഷരരും ജിഎസിടിയുടെ സാങ്കേതങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കാത്തവരുമാണെന്ന് ബഹാല്‍ ചൂണ്ടിക്കാണിക്കുന്നു.

മാത്രമല്ല, ബനാറസിലെ സാരികള്‍ വാങ്ങുകയും അത് രാജ്യമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യുകയും ചെയ്യുന്ന മൊത്തക്കച്ചവടക്കാരും വെട്ടിലായിരിക്കുകയാണ്. ഇതുവരെ അവര്‍ സാരികള്‍ക്ക് ഉപഭോക്താക്കളില്‍ നിന്നും നികുതി വാങ്ങിയിരുന്നില്ല. അത് വിലക്കിഴവായി പോവുകയായിരുന്നു ചെയ്തിരുന്നത്. എന്നാല്‍ നിലവില്‍ നികുതി ഈടാക്കേണ്ടി വരുന്നതുകൊണ്ടുമാത്രം സാരികളുടെ വില 20 ശതമാനം കണ്ട് വര്‍ദ്ധിച്ചിട്ടുണ്ടെന്നും ഈ വ്യാപാരത്തെ ജിഎസ്ടിയുടെ പരിധിയില്‍ നിന്നും ഒഴിവാക്കാത്തിടത്തോളം കാലം തിരിച്ചുവരവിനുള്ള പ്രതീക്ഷകള്‍ ഇല്ലെന്നും ബെഹാല്‍ ചൂണ്ടിക്കാണിക്കുന്നു.

വസ്ത്രവ്യാപാരത്തിലും ജിഎസ്ടി ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ വരാണസിയിലെ വ്യാപാരികളും നെയ്ത്തുകാരും കഴിഞ്ഞ ജൂണില്‍ ഏട്ട് ദിവസത്തെ സമരം സംഘടിപ്പിച്ചിരുന്നു. എന്നാല്‍ തീരുമാനത്തില്‍ നിന്നും പിന്മാറാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് ജൂലൈ ഒമ്പതുമുതല്‍ പതിനാലുവരെ വീണ്ടും പണിമുടക്ക് സംഘടിപ്പിച്ചു. എന്നാല്‍ സംഘടകളുടെ പ്രതിനിധികള്‍ക്ക് പ്രധാനമന്ത്രിയെ കാണാന്‍ പോലുമുള്ള അവസരം നിഷേധിക്കപ്പെട്ടത് ജില്ലയിലാകെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

വരാണസിയിലെ നെയ്ത്ത് വ്യാപാരത്തിന് തലമുറകളുടെ പാരമ്പര്യം ഉള്ളതിനാല്‍ തന്നെ മിക്കവയും പരസ്പര വിശ്വാസത്തിന്റെയും വായ്പകളുടെയും അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. വലിയ സമ്പാദ്യങ്ങള്‍ ഇല്ലാത്ത കുടുംബ വ്യാപാരങ്ങളെ സംബന്ധിച്ചിടത്തോളം ഈ സംവിധാനം വലിയ സഹായവുമായിരുന്നു. പക്ഷെ ഉടനടി വിനിമയങ്ങള്‍ ആവശ്യപ്പെടുന്ന ജിഎസ്ടി ഈ സംവിധാനത്തെ ആകെ തകിടംമറിച്ചിരിക്കുകയാണ്. അന്നത്തെ അഷ്ടിക്ക് വകതേടുന്ന നെയ്ത്ത് തൊഴിലാളികളെ മുതല്‍ താരതമ്യേന സമ്പന്നരായ വ്യാപാരികളെ വരെ തീരുമാനം പ്രതികൂലമായി ബാധിച്ചു.

മാസത്തില്‍ മൂന്ന് മാസം നികുതി അടവുകള്‍ സമര്‍പ്പിക്കുകയും എല്ലാ രേഖകളും ഹാജരാക്കുകയും ചെയ്യണമെന്നിരിക്കെ അസംസ്‌കൃത വസ്തുക്കള്‍ വിതരണം ചെയ്യുന്നവര്‍ കടത്തിന് സാധനങ്ങള്‍ നല്‍കുന്നത് നിറുത്തി. പക്ഷെ രൊക്കം പണം നല്‍കി അസംസ്‌കൃത വസ്തുക്കള്‍ വാങ്ങാനുള്ള ശേഷി നെയ്ത്തുകാര്‍ക്ക് ഇല്ലതാനും. മാത്രമല്ല, ഓരോ വസ്തുവിനും ഏര്‍പ്പെടുത്തിയിരിക്കുന്ന വ്യത്യസ്ത നികുതി നിരക്കുകള്‍ നെയ്ത്തുകാരെ വലയ്ക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന് പരുത്തി, പട്ട് നൂലുകള്‍ക്ക് അഞ്ചു ശതമാനം നികുതി ഈടാക്കുമ്പോള്‍, സ്വര്‍ണ നൂലിന് 12 ശതമാനവും പോളിസ്റ്ററിന് 18 ശതമാനവുമാണ് നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നത്. പോളിസ്റ്റര്‍ നൂലിന്റെ നികുതി വര്‍ദ്ധിപ്പിച്ചതോടെ അസംസ്‌കൃത വസ്തുക്കളുടെ വില കുതിച്ചുയരുന്നു. ഉല്‍പന്നങ്ങളുടെ വ്യാപാരം കഴിഞ്ഞ മാസം മാത്രം 60-70 ശതമാനം കണ്ട് ഇടിഞ്ഞതായി നൂല് വ്യാപാരം നടത്തുന്ന രാംജിലാല്‍ ചന്ദക് പറയുന്നു.

സമരത്തിന് ശേഷം ചോരയിലെ ഏകദേശം 500 ഓളം നെയ്ത്തുശാലകള്‍ നിശബ്ദമായി. തൊഴിലാളികള്‍ക്ക് ഇപ്പോള്‍ ആഴ്ചയില്‍ ഏതാനും ദിവസങ്ങള്‍ മാത്രമാണ് തൊഴില്‍ ലഭിക്കുന്നത്. ജിഎസ്ടിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് പോലും അതിന്റെ നൂലാമാലകളില്‍ നിന്നും മോചനം നേടാന്‍ സാധിക്കുന്നില്ല. മാത്രമല്ല, ഓരോ വസ്തുവിനും എത്ര നികുതി നല്‍കണമെന്നോ ആരാണ് ആ നികുതി നല്‍കേണ്ടത് എന്നോ വ്യക്തതയില്ലാത്തതിനാല്‍ മേഖലയിലാകെ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. പോളിസ്റ്റര്‍, പരുത്തി നൂലുകള്‍ ചേര്‍ത്തുണ്ടാക്കുന്ന സാരികള്‍ക്ക് വില കുറവായിരുന്നു നേരത്തെ. എന്നാല്‍ നിലവില്‍ രണ്ട് നൂലുകള്‍ക്കും ഉള്ള നികുതി വ്യത്യാസം ആശയക്കുഴപ്പം സൃഷ്ടിക്കുന്നു എന്ന് മാത്രമല്ല ഉല്‍പ്പന്ന വില അനിയന്ത്രിതമായി വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഇതോടെ യന്ത്രവല്‍കൃത നെയ്ത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ വരുമാനത്തിലും വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്.

സന്ദര്‍ഭം മുതലെടുത്ത് രംഗത്തെത്തിയ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ ഈടാക്കുന്ന ഉയര്‍ന്ന ഫീസും ബനാറസി സാരി വ്യവസായത്തിന്റെ നട്ടെല്ലൊടിക്കുന്നു. എന്നാല്‍ 95 ശതമാനം നെയ്ത്തുകാരും ആര്‍ക്കും ബില്ലുകള്‍ ഒന്നും നല്‍കുന്നില്ല എന്നുമാത്രമല്ല ജിഎസ്ടിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുമില്ല. എന്നാല്‍ നിരക്ഷരരായ നെയ്ത്തുകാര്‍ മാത്രമല്ല ജിഎസ്ടിയുടെ നൂലാമാലകളില്‍ കുടുങ്ങിക്കിടക്കുന്നത്. ഉദാഹരണത്തിന് ബനാറസി വസ്ത്ര ഉദ്യോഗ് സംഘിന്റെ ജനറല്‍ സെക്രട്ടറി രാജന്‍ ബെഹാല്‍ സെപ്തംബര്‍ 27ന് തന്റെ വ്യാപാരശാലയുടെ അക്കൗണ്ടില്‍ ജിഎസ്ടിയിലേക്ക് 15,092 രൂപ നിക്ഷേപിച്ചു. എന്നാല്‍ അടച്ച പൈസ അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് തന്നെ മടങ്ങിവരികയായിരുന്നു. ദസറ അവധികളായതിനാല്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കുന്നതും വ്യാപാരികളെ പ്രതികൂലമായി ബാധിക്കുന്നു. ബാങ്കുകളുടെ സാങ്കേതിക പ്രശ്‌നങ്ങളുടെ പേരില്‍ ഈടാക്കപ്പെടാതിരുന്ന നികുതിയുടെ പിഴ അടുത്ത തവണ അവര്‍ കെട്ടേണ്ടി വരുന്നു.

കേന്ദ്ര സര്‍ക്കാര്‍ എല്ലാ വര്‍ഷവും ഏകദേശം ആറായിരും കോടി രൂപ കൈത്തറി മേഖലയ്ക്ക് സബ്‌സിഡിയായി നല്‍കാറുണ്ടെന്ന് ബെഹാല്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഇതൊരിക്കലും നെയ്ത്തുകാരിലേക്ക് എത്താറില്ല. ഈ പണം പിന്‍വലിച്ച് മേഖലയെ ജിഎസ്ടിയില്‍ നിന്നും ഒഴിവാക്കുകയാണ് ഈ മേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ചെയ്യേണ്ടതെന്നും രാജന്‍ ബഹാല്‍ ചൂണ്ടിക്കാണിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ആലോചനാരഹിതമായ രണ്ട് തീരുമാനങ്ങള്‍ രാജ്യത്തെ ഭൂരിപക്ഷം വരുന്ന അസംഘടിത മേഖലകളെ എങ്ങനെ പ്രതികൂലമായി ബാധിക്കുന്നു എന്നതാണ് ബനാറസ് സാരി മേഖല നല്‍കുന്ന തെളിവുകള്‍.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍