UPDATES

ട്രെന്‍ഡിങ്ങ്

എ പ്ലസ് നേടിയ ‘ബംഗാളികളും ആസാമികളും’: ഇവരില്‍ നിന്നും മലയാളികള്‍ക്ക് ചിലത് പഠിക്കാനുണ്ട്

പശ്ചിമ ബംഗാളില്‍ നിന്നുള്ള ബാപ്പിയും ആസാമില്‍ നിന്നുള്ള പ്രതിഭയും പ്രതിമയും മലയാളികള്‍ക്ക് മാതൃകയാകുന്നതെങ്ങനെയാണ്?

കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം ‘ഇതരസംസ്ഥാന തൊഴിലാളികളുടെ കുടിയേറ്റമാണ്’ എന്ന പൊതുബോധത്തിനു ആക്കം കൂട്ടാന്‍ മലയാള സിനിമകള്‍ മുതല്‍ നിരന്തരം അവരെ കുറിച്ച് നിരന്തരം പുറത്തുവരുന്ന നെഗറ്റീവ് വാര്‍ത്തകള്‍ വരെ കാരണമായിട്ടുണ്ട്. പാന്‍മസാല ഉപയോഗം, കുറ്റകൃത്യങ്ങളിലെ പ്രതികള്‍ അങ്ങനെ നെഗറ്റിവ് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാനായിരുന്നു ദാരിദ്യം നിമിത്തം സ്വന്തം നാടും വീടും ഉപേക്ഷിച്ചെത്തിയ തൊഴിലാളികളുടെ വിധി.

ഒരു ന്യൂനപക്ഷത്തിന്റെ ചെയ്തികള്‍ക്ക് ഭൂരിപക്ഷം വരുന്നവര്‍ അനുഭവിക്കണമെന്ന് പറയുന്നത് ഒട്ടും നീതി യുക്തമല്ല. എന്നാല്‍ കഴിഞ്ഞ ദിവസം എസ്.എസ്.എല്‍.സി ഫലം പുറത്തു വന്നപ്പോള്‍ വന്ന ചില വാര്‍ത്തകള്‍ ശുഭപ്രതീക്ഷ ഉളവാക്കുന്നതാണ്. ബംഗാളില്‍ നിന്നുമുള്ള നിര്‍മാണ തൊഴിലാളിയായ ശുക്രാഞ്ചന്‍ റായിയുടെയും ഭാര്യ ചഞ്ചല റായിയുടെയും മകനായ ബാപി റായി, അസം സ്വദേശികളായ സന്തോഷ് ടോപ്പോയുടെയും മന്‍മായ ടോപ്പോയുടെയും മക്കളായ പ്രതിഭ ടോപ്പോ, പ്രതിമ ടോപ്പോ ഇരട്ട സഹോദരികള്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയത് ശ്രദ്ധേയമായി.

പശ്ചിമ ബംഗാള്‍ സ്വദേശി ബാപി റായി പാലക്കാട് പട്ടാമ്പി ഇടപ്പലം പി.ടി.എം.വൈ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് പരീക്ഷ എഴുതിയത്. മയ്യില്‍ ഹൈസ്‌കൂളില്‍ പഠിക്കുന്ന പ്രതിമയും പ്രതിഭയും പഠ്യേതര വിഷയങ്ങളിലും മുന്നിലായിരുന്നു. അക്ഷര, വ്യാകരണ തെറ്റുകള്‍ വരുത്താതെ നല്ല കൈയക്ഷരത്തില്‍ മലയാളം കൈകാര്യംചെയ്യുന്ന ഇവര്‍ മലയാളത്തെ സ്നേഹിക്കാത്ത മലയാളികള്‍ക്ക് മാതൃകയാണെന്ന് ഇവരുടെ അധ്യാപകര്‍ പറയുന്നു. കേരളത്തിന്റെ പൊതു മണ്ഡലത്തില്‍ അരികുവല്‍ക്കരിക്കപ്പെട്ട ഒരു വര്‍ഗ്ഗത്തിന്റെ പ്രതിനിധികളെ അക്കാദമിക് വിജയത്തിന്റെ പേരില്‍ അതെ സമൂഹം അഭിനന്ദന പ്രവാഹം കൊണ്ട് മൂടുന്നത് കണ്ണിനു കുളിര്‍മ ഉള്ള കാഴ്ചയാണ്.

സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിച്ചാണ് ഇവര്‍ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഈ എ പ്ലസ് ‘ബംഗാളികളും ആസാമികളും’ നമ്മോട് ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ട്. നാം നമ്മുടെ കുട്ടികള്‍ക്കായി ഭാരിച്ച ഫീസ് വരുന്ന ഇന്റര്‍നാഷണല്‍ സ്‌കൂളുകളുടെയും സ്വകാര്യ സ്‌കൂളുകളുടെയും പിന്നാലെ എന്തിനാണ് ഓടുന്നത്? കുട്ടികളെ പട്ടിക്കൂടുകളില്‍ അടയ്ക്കുന്ന സ്‌കൂളുകളുമുള്ളപ്പോള്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകളോട് എന്തിനാണ് അവജ്ഞ? തീര്‍ത്തും അവജ്ഞയോടെ മാത്രം നാം കാണുന്ന ഒരു വിഭാഗം അഭിമാനകരമായ നേട്ടങ്ങള്‍ കൊയ്യുമ്പോഴെങ്കിലും അവരോടുള്ള സമീപനം മാറേണ്ടതല്ലേ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍