UPDATES

പ്രവാസം

‘കൂടെ നിന്ന് ചതിച്ചതാരാണെന്നു കണ്ടെത്തും, നാസില്‍ അബ്ദുള്ളയോട് വിരോധമില്ല, ദുബായ് വിടും മുമ്പ് കാണും’; തുഷാര്‍ വെള്ളാപ്പള്ളി

വലിയ ഗൂഡാലോചനയില്‍ നിന്ന് ദൈവാധീനം കൊണ്ടാണ് രക്ഷപെട്ടത് എന്നും ജയിലില്‍ കിടക്കേണ്ടി വന്നത് വിധിയായി കാണുന്നുവെന്നും തുഷാര്‍ വെള്ളാപ്പള്ളി

കൂടെ നിന്ന് ചതിച്ചതാരാണെന്ന് കണ്ടത്തുമെന്ന് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. തനിക്കെതിരെ കേസുകൊടുത്ത നാസില്‍ അബ്ദുള്ളയോട് യാതൊരു വിരോധവുമില്ലെന്നും ദുബായില്‍ നിന്ന് മടങ്ങും മുമ്പ് നാസിലിനെ കാണുമെന്നും തുഷാര്‍ പറഞ്ഞു. ചെക്ക് കേസുമായി ബന്ധപ്പെട്ട് നാസില്‍ അബ്ദുള്ള സമര്‍പ്പിച്ച രേഖകള്‍ വിശ്വാസയോഗ്യമല്ലെന്ന് ചൂണ്ടിക്കാട്ടി തുഷാര്‍ വെള്ളാപ്പള്ളിക്ക് എതിരായ ക്രിമിനല്‍ കേസ് യുഎഇയിലെ അജ്മാന്‍ കോടതി തള്ളിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേസുമായി ബന്ധപ്പെട്ട് മുമ്പെടുത്ത നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പറഞ്ഞ തുഷാര്‍, തന്റെ ഓഫീസില്‍ നിന്ന് ചെക്ക് എടുത്തു നല്‍കിയത് ആരെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പറഞ്ഞു. ഓണത്തിന് നാട്ടിലേക്ക് പോകുന്നില്ല. നാസിലിന് പണമൊന്നും കൊടുക്കാനില്ലെന്നും സാമ്പത്തിക ബുദ്ധിമുട്ട് മനസിലാക്കിയാണ് ഒരു ലക്ഷം ദിര്‍ഹം തരാമെന്നു പറഞ്ഞതെന്നും എന്നാല്‍ 30 ലക്ഷം ദിര്‍ഹമാണ് നാസില്‍ ആവശ്യപ്പെട്ടതെന്നും തുഷാര്‍ പറഞ്ഞു. ഇതോടെ കേസ് നേരിടാന്‍ തന്നെ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

വലിയ ഗൂഡാലോചനയില്‍ നിന്ന് ദൈവാധീനം കൊണ്ടാണ് രക്ഷപെട്ടത് എന്നും ജയിലില്‍ കിടക്കേണ്ടി വന്നത് വിധിയായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരു കാര്യവും മുന്‍വിധിയോടെ കാണുന്നില്ല. കോടതിയെ സത്യം ബോധ്യപ്പെടത്താന്‍ കഴിഞ്ഞു. എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ്, എന്‍ഡിഎ കണ്‍വീനര്‍ തുടങ്ങിയ ഉത്തരവാദിത്തങ്ങള്‍ ഉള്ളപ്പോള്‍ കേന്ദ്രമന്ത്രി പദം പോലുള്ളവ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. മുഖ്യമന്ത്രി, എം.എ യൂസഫലി, സമുദായ നേതാക്കള്‍ എന്നിവര്‍ വലിയ പിന്തുണ നല്‍കിയതായും അവര്‍ക്കൊക്കെ നന്ദി പറയുന്നതായും തുഷാര്‍ പറഞ്ഞു.

ഉമ്മുല്‍ഖുവൈനിലുള്ള തുഷാറിന്റെ സ്ഥലം പ്രദേശവാസിയായ ഒരാള്‍ക്ക് വാങ്ങാന്‍ താത്പര്യമുണ്ടെന്ന് അറിയിച്ച് ഒരു സ്ത്രീ നിരന്തരം ബന്ധപ്പെട്ടതോടെയാണ് തുഷാര്‍ ഓഗസ്റ്റ് മാസം 20-ന് ദുബായില്‍ എത്തുന്നത്. എന്നാല്‍ ഇവിടെ എത്തിയതോടെ അദ്ദേഹം അറസ്റ്റിലായി. തുടര്‍ന്ന് ഒരു ദിവസത്തെ ജയില്‍ വാസത്തിനു ശേഷം വ്യവസായി എം.എ യൂസഫലി പത്തു ലക്ഷം ദിര്‍ഹം നല്‍കുകയും പാസ്‌പോര്‍ട്ടും കൈമാറിയതോടെ ജാമ്യം ലഭിച്ചു. തുടര്‍ന്ന് നാസില്‍ അബ്ദുള്ളയുമായി ഒത്തു തീര്‍പ്പ് ചര്‍ച്ച നടത്തിയെങ്കിലും ഇത് ഫലവത്തായില്ല.

പത്ത് വര്‍ഷം മുന്‍പുള്ള ചെക്ക് ഇടപാടില്‍ തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയുടെ പരാതിയിലാണ് തുഷാര്‍ വെള്ളാപ്പള്ളി അറസ്റ്റിലായത്. അതേസമയം തുഷാറിനെ നാസിഫ് കുരുക്കാന്‍ ശ്രമിക്കുകയാണ് എന്ന രീതിയിലുള്ള ശബ്ദ സന്ദേശവും പുറത്തു വന്നിരുന്നു. ഇതില്‍ ഉള്ള ശബ്ദം തന്റെത് തന്നെയാണെന്നും എന്നാല്‍ അതിലെ വിവരങ്ങള്‍ അപൂര്‍ണമാണെന്നും നാസില്‍ വ്യക്തമാക്കിയിരുന്നു. തുഷാറുമായി ചേര്‍ന്ന് നത്തിയ ബിസിനസിനെ തുടര്‍ന്ന് തനിക്ക് തരാന്‍ ഉള്ള പണം നല്‍കിയില്ലെന്നും തുടര്‍ന്ന് ഇടപാടുകാര്‍ക്ക് പണം നല്‍കാന്‍ കഴിയാതെ താന്‍ ജയിലില്‍ പോകേണ്ടി വന്നിരുന്നുവെന്നും നാസില്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് മുമ്പ് ഒപ്പിട്ടു നല്‍കിയ ചെക്കുകള്‍ ഹാജരാക്കി കേസ് നല്‍കിയത്. എന്നാല്‍ പത്തുവര്‍ഷം മുമ്പുള്ള ഈ ചെക്ക് താന്‍ നല്‍കിയതല്ല എന്നും ബിസിനസില്‍ നഷ്ടം വന്നപ്പോള്‍ നാസിലിനു നല്‍കാനുണ്ടായിരുന്ന പണം നല്‍കിയതാണെന്നുമായിരുന്നു തുഷാറിന്റെ നിലപാട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍