UPDATES

ട്രെന്‍ഡിങ്ങ്

ആ ചെറുപ്പക്കാര്‍ സണ്ണി ലിയോണിനെ കാണുന്നവരാണെന്ന് വിളിച്ചുപറഞ്ഞവരാണ്: ബെന്യാമിന്‍

അന്യന്റെ മേലുള്ള നോട്ടം അവസാനിപ്പിച്ച് ഇനി നമുക്ക് ഇത്തിരി അവനവനിലേക്ക് നോക്കാമെന്നും ബെന്യാമിന്‍

അവനവനോട് സത്യസന്ധരായിരിക്കാന്‍ സമ്മതിക്കാത്ത ഒരു സമൂഹമാണ് കേരളത്തിലേതെന്ന് എഴുത്തുകാരന്‍ ബെന്യാമിന്‍. കൊച്ചിയില്‍ സണ്ണി ലിയോണിനെ കാണാന്‍ പോയ ചെറുപ്പക്കാര്‍ ആ വിലക്കിനെ അതിലംഘിക്കാന്‍ ശ്രമിച്ചവരാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

തങ്ങള്‍ സണ്ണി ലിയോണിനെ കാണുന്നവരാണെന്ന് വിളിച്ചു പറഞ്ഞവരാണവര്‍. ഇനിയെങ്കിലും നമ്മള്‍ ഇത്തരം കപട വിലാപങ്ങള്‍ ഉപേക്ഷിക്കേണ്ടിയിരിക്കുന്നു. അന്യന്റെ മേലുള്ള നോട്ടം അവസാനിപ്പിച്ച് ഇനി നമുക്ക് ഇത്തിരി അവനവനിലേക്ക് നോക്കാമെന്നും അദ്ദേഹം പറയുന്നു. സണ്ണി ലിയോണ്‍ കൊച്ചിയില്‍ വന്ന ദിവസം ടാന്‍സാനിയയിലായിരുന്ന ബെന്യാമിന്‍ അവിടുത്തെ ഒരു അനുഭവം പങ്കുവച്ചാണ് മലയാളിയുടെ കപട സദാചാര ബോധത്തെ തുറന്നു കാട്ടുന്നത്.

തനിക്കൊപ്പം ഗൈഡായി വന്ന സാംവാലി എന്ന ചെറുപ്പക്കാരനോട് പലതും ചോദിക്കുന്ന കൂട്ടത്തില്‍ വിവാഹിതനാണോയെന്ന് ചോദിച്ചപ്പോള്‍ അല്ല, എന്നാല്‍ താന്‍ ഒരു പെണ്‍കുട്ടിക്കൊപ്പം ജീവിക്കുന്നു ഞങ്ങള്‍ക്ക് ഒരു കുട്ടിയുണ്ടെന്നാണ് മറുപടി ലഭിച്ചത്. അവന് എന്നോട് എന്തു കള്ളം വേണമെങ്കിലും പറയാമായിരുന്നു. വിവാഹിതനാണ് കുട്ടിയുണ്ടെന്നോ അവിവാഹിതനാണെന്നോ ഒക്കെ. എന്നാല്‍ സ്വന്തം ജീവിതത്തെക്കുറിച്ചുള്ള അവന്റെ സത്യസന്ധമായ തുറന്നുപറച്ചില്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചു. ഒരു മലയാളി യുവാവ് അതിന് തയ്യാറാകുമോ എന്നാണ് ബെന്യാമിന്‍ ചോദിക്കുന്നത്. തയ്യാറായാല്‍ തന്നെ അതിനെ നമ്മുടെ സമൂഹം വിചാരണ ചെയ്യുന്നത് എങ്ങനെയാവുമെന്നും അദ്ദേഹം ചോദിക്കുന്നു.

ലോകം മുഴുവന്‍ സഞ്ചരിക്കുന്നതിനിടെ അമേരിക്കയിലായാലും ആഫ്രിക്കയിലായാലും എത്തിച്ചേര്‍ന്നാല്‍ തെളിഞ്ഞുകിട്ടുന്ന ബോധ്യം മലയാളിയുടെ അധമമായ കാപട്യത്തെക്കുറിച്ചും നാട്യങ്ങളെക്കുറിച്ചുമാണെന്നും ബെന്യാമിന്‍ ചൂണ്ടിക്കാട്ടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍