UPDATES

ട്രെന്‍ഡിങ്ങ്

ആ വയലിന്‍ നെഞ്ചോട് ചേര്‍ത്തു ബാലഭാസ്കര്‍ വിട ചൊല്ലി

ബാലഭാസ്‌കറിനുള്ള അവസാനകര്‍മ്മങ്ങള്‍ നടക്കുമ്പോള്‍ ശാന്തികവാടത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി അടക്കിപ്പിടിച്ച തേങ്ങലുകള്‍ കേള്‍ക്കാമായിരുന്നു.

ഒടുവില്‍ താന്‍ നാദ വിസ്മയം തീര്‍ത്ത വയലിന്‍ നെഞ്ചോട് ചേര്‍ത്തു ബാലഭാസ്കര്‍ യാത്രയായി. തിരുവനന്തപുരം ശാന്തികവാടത്തില്‍ ബാലഭാസ്‌കറിനുള്ള അവസാനകര്‍മ്മങ്ങള്‍ നടക്കുമ്പോള്‍ ശാന്തികവാടത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി അടക്കിപ്പിടിച്ച തേങ്ങലുകള്‍ കേള്‍ക്കാമായിരുന്നു. പ്രിയപ്പെട്ടവന് അവസാന യാത്ര നല്‍കാന്‍ എത്തിയവരൊക്കെ സങ്കടം താങ്ങാനാകാതെ തളര്‍ന്നിരുന്നു. ബന്ധുജനങ്ങളും, സഹപ്രവര്‍ത്തകരും, കൂട്ടുകാരും ആരാധകരും വര്‍ഷങ്ങളായി ഒരുമിച്ച് വേദികള്‍ പങ്കിട്ടിരുന്ന ഗായകരും സംഗീതജ്ഞരുമെല്ലാം ബാലുവിന്റെ ഓര്‍മകളില്‍ വിറങ്ങലിച്ചു നിന്നു. വയലിനില്‍ തീര്‍ത്ത സിംഫണി പോലെ ബാലുവിനോടൊപ്പം ചെലവഴിച്ച നിമിഷങ്ങള്‍ പരസ്പരം പറഞ്ഞും ഓര്‍ത്തും മൌനം പാലിച്ചും കണ്ണീരണിയുകയായിരുന്നു ബാലഭാസ്‌കറിന്റെ കൂട്ടുകാര്‍. കര്‍മങ്ങള്‍ക്ക് ശേഷം പ്രിയപ്പെട്ട ബാലുവിനെ അവസാനമായി കാണാന്‍ അവര്‍ തിക്കിതിരക്കി.

വയലിന്‍ തന്ത്രികള്‍ കൊണ്ട് ബാലഭാസ്‌കര്‍ തീര്‍ത്ത മനോഹര ഈണങ്ങള്‍ ഏവരുടെയും ഓര്‍മകളിലും തങ്ങി നില്‍ക്കുന്നുണ്ട്. ബാലുവിനെ അവസാനമായി കാണാന്‍ എത്തിയ ഓരോരുത്തരുടെയും മൗനത്തിലും ബാലു തീര്‍ത്ത വയലിന്‍ ഈണങ്ങള്‍ ഇഴകി ചേര്‍ന്നിട്ടുണ്ടാകും. പ്രണയവിവാഹത്തിന് ശേഷം ബന്ധുമിത്രങ്ങളെക്കാള്‍ താങ്ങും തണലുമായ സുഹൃത്തുക്കള്‍ക്കാര്‍ക്കും ലക്ഷ്മിയെ തനിച്ചാക്കി ബാലു പോയിയെന്നത് രണ്ട് ദിവസത്തിനിപ്പുറവും അവിശ്വസനീയമായി തുടരുകയാണ്. തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയില്‍ ജീവിതത്തോട് മല്ലടിച്ചു കൊണ്ട് അതീവ ഗുരുതരാവസ്ഥയില്‍ ലക്ഷ്മി കിടപ്പുണ്ട്. തന്നില്‍ പാതിയായ പ്രിയതമനും എല്ലാമായ മകളും അവളെ കാത്ത് നില്‍ക്കാതെ വിട പറഞ്ഞതറിയാതെ അവള്‍ കഴിയുന്നതോര്‍ത്ത് വേദനിക്കുകയായിരുന്നു ഓരോരുത്തരും.

ബാലഭാസ്‌കറിനൊപ്പം ഒരേ വേദികള്‍ പങ്കിട്ട വിധു പ്രതാപ്, സയനോര, രഞ്ജിനി ജോസ്, മധുബാല കൃഷ്ണന്‍, രാജലക്ഷ്മി, ജോബ് തുടങ്ങി യുവ ഗായകരൊക്കെയും ബാലുവിന്റെ വിയോഗം സഹിക്കാനാകാതെ ശാന്തികവാടത്തിന് ചുറ്റും കരഞ്ഞ് കലങ്ങിയ കണ്ണുകളോടെ യാത്ര ചൊല്ലി. പരസ്പരം അധികമൊന്നും മിണ്ടാനാകാതെ അവര്‍ പ്രിയ സുഹൃത്തിന്റെ, അതുല്യ പ്രതിഭയുടെ ഭൗതികശരീരത്തിന് അന്തിമോപചാരം അര്‍പ്പിച്ചു. സ്‌നേഹിതന്മാരെ അത്രയേറെ സന്തോഷത്തോടെയും ചെറു ചിരിയോടെയും ആള്‍ക്കൂട്ടങ്ങളില്‍ ചെന്ന് കെട്ടിപ്പിടിക്കാന്‍ ഇനി ബാലുവില്ല. ഇനിയെന്നും സ്‌നേഹത്തോടെ കേട്ടിരിക്കാന്‍ ആ കൈവിരലുകളിലൂടെ തീര്‍ത്ത ഈണങ്ങള്‍ മാത്രം ബാക്കിയാക്കി ബാലഭാസ്‌കര്‍ ഓര്‍മ്മയായി.

ബാലഭാസ്കറിന്റെ വയലിന്‍ ഇനിയും പാടും, കേള്‍ക്കാന്‍ തേജസ്വിനി ഇല്ലെങ്കിലും…വിട…(വീഡിയോ)

‘പുഞ്ചിരിച്ച് കൊണ്ട് അയാള്‍ വലതു കൈ എന്റെ നേരെ നീട്ടി..’ ബാലഭാസ്‌കറിനെക്കുറിച്ച് ഹൃദയഹാരിയായ ഒരു കുറിപ്പ്‌

ബാല, ആ പാട്ടുകൾ ഇന്ന് രാവിലെ മുതൽ ഞങ്ങൾ വീണ്ടും വീണ്ടും കേൾക്കുമ്പോൾ നീ മാത്രം എവിടെയാണ്..?

പ്രിയ ബാലഭാസ്‌കര്‍, ഏറ്റവും കുറഞ്ഞത്‌ താങ്കൾ അഞ്ച് പേരിലൂടെ എങ്കിലും ജീവിക്കേണ്ടതായിരുന്നു!

ആരതി എം ആര്‍

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍