UPDATES

ബിനോയ് രാജ്യം വിട്ടിരിക്കാനുള്ള സാധ്യത തള്ളാതെ പൊലീസ്, ജാമ്യഹര്‍ജിയില്‍ വിധി മൂന്ന് മണിക്ക്

ബിനോയിയ്‌ക്കെതിരെ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കും എന്നാണ് പരാതിക്കാരിയായ യുവതിയുടെ കുടുംബം പറയുന്നത്.

ലൈംഗിക പീഡന കേസില്‍ അന്വേഷണം നേരിടുന്ന, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി രാജ്യം വിട്ടിരിക്കാനുള്ള സാധ്യത തള്ളാതെ മുംബയ് പൊലീസ്. ബിനോയിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി മുംബയ് ദിന്‍ദോഷിയിലെ സെഷന്‍സ് കോടതി ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് പരിഗണിക്കാനിരിക്കുകയാണ്. ബിനോയിയ്‌ക്കെതിരെ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കും എന്നാണ് പരാതിക്കാരിയായ യുവതിയുടെ കുടുംബം പറയുന്നത്. ബിനോയിയും യുവതിയുമൊന്നിച്ചുള്ള ചിത്രങ്ങള്‍, ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്ത് ബിനോയി വിനോദിനി ബാലകൃഷ്ണന്‍ എന്ന് രേഖപ്പെടുത്തിയിരിക്കുന്ന യുവതിയുടെ പാസ്‌പോര്‍ട്ട് അടക്കമുള്ളവ പൊലീസ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

ആദ്യം വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയാണ് ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് ബിനോയ് യുവതിയുടെ ഭര്‍ത്താവാണ് എന്ന് തെളിയിക്കുന്ന പാസ്‌പോര്‍ട്ട് പേജിന്റെ കോപ്പിയും വന്നു. ഇത്തരത്തിലുള്ള വൈരുദ്ധ്യങ്ങള്‍ മൊഴികളിലുണ്ട്. വിവാഹ വാഗ്നാനം നല്‍കി പീഡിപ്പിച്ചിട്ടില്ല എന്നും ഇവര്‍ വിവാഹിതരാണ് എന്നു തെളിഞ്ഞാല്‍ ബിനോയിയ്ക്ക് കോടതി ജാമ്യം നല്‍കിയേക്കും. എന്നാല്‍ പീഡിപ്പിച്ചു എന്ന് വ്യക്തമായാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കാന്‍ സാധ്യയതയില്ല. ജാമ്യം തള്ളിയാല്‍ ഉടന്‍ ബിനോയിയെ അറസ്റ്റ് ചെയ്യും എന്ന് മുംബയ് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

കുട്ടിയെ വളര്‍ത്തുന്നതിനും ജീവിത ചിലവിനുമായി യുവതി അഞ്ച് കോടി രൂപ ബിനോയിയോട് ആവശ്യപ്പെട്ടിരുന്നു. ആവശ്യം തള്ളിയതോടെയാണ് യുവതി കോടതിയെ സമീപിച്ചത്. ബിനോയിയുടെ അമ്മ വിനോദിനി ബാലകൃഷ്ണനും ബിനോയിയും മുംബൈയിലെത്തി യുവതിയെ കണ്ട് സംസാരിച്ചിരുന്നെങ്കിലും പണം നല്‍കാന്‍ ബിനോയ് തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് ചര്‍ച്ചകള്‍ പരാജയപ്പെടുകയായിരുന്നു. കോടിയേരി ബാലകൃഷ്ണന് ബിനോയിയും യുവതിയുമായുള്ള പ്രശ്‌നം സംബന്ധിച്ച് ധാരണയുണ്ടായിരുന്നു എന്ന് വ്യക്തമായിട്ടുണ്ട്. അതേസമയം ബിനോയിയെ താനോ പാര്‍ട്ടിയോ ഒരു തരത്തിലും സഹായിക്കില്ല എന്നും ഇത് ബിനോയിയുടെ വ്യക്തിപരമായ കാര്യമാണ് എന്നും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും കോടിയേരി നേരത്തെ പറഞ്ഞിരുന്നു. ബിനോയ് വിദേശത്തേയ്ക്ക് കടന്നിരിക്കാനുള്ള സാധ്യതയടക്കം പൊലീസ് കാണുന്നുണ്ട്. അതേസമയം ബിനോയിക്കെതിരെ നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളില്‍ പൊലീസ് ജാഗ്രത ശക്തമായിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍