UPDATES

ട്രെന്‍ഡിങ്ങ്

കോടിയേരിയും മൂളിപ്പറക്കുന്ന അറബിയും അഥവാ തവളയും കൊതുകും; ഒരു ദൃഷ്ടാന്ത കഥ

കോടിയേരിയെ അടിക്കാൻ കിട്ടിയ വടി സിപിഎമ്മിനെതിരെയും ഉപയോഗിക്കാമെന്ന ചിന്ത തന്നെയാണ് ഇപ്പോൾ അറബിയെ പൊക്കിപ്പിടിച്ചു നടക്കുന്നവരുടെ മനസ്സിലിരുപ്പ്.

കെ എ ആന്റണി

കെ എ ആന്റണി

‘മകൻ ദുബായിലുണ്ട്, അറബി ഇവിടെ കറങ്ങുന്നതെന്തിന്: കോടിയേരി’ എന്ന തലക്കെട്ടിൽ ഇന്നത്തെ മലയാള മനോരമ പത്രത്തിൽ ഒരു വാർത്തയുണ്ട്. തൃശ്ശൂരിൽ നിന്നുമുള്ള ആ വാർത്ത ഇങ്ങനെ; ‘മകനുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രശ്നത്തിൽ ഇടപെടില്ലെന്നും അവിടെ നടന്ന ഒരു ബിസിനസിലും തനിക്കു പങ്കില്ലെന്നും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ദുബായിൽ നടന്ന സംഭവമാണെങ്കിൽ അവിടെയാണല്ലോ നിയമ നടപടിയുണ്ടാകേണ്ടത്. ബിനോയ് ദുബായിലുണ്ട്. പിന്നെന്തിനാണ് അറബി ഇവിടെ കിടന്നു കറങ്ങുന്നത്. നിയമ നടപടിക്ക് ദുബായിലാണല്ലോ സൗകര്യം. ബിനോയിക്കെതിരെ പരാതി നൽകിയ ദുബായ് ജാസ് ടൂറിസം കമ്പനി മാനേജിങ് ഡയറക്ടർ ഹസ്സൻ ഇസ്മാഈൽ അബ്ദുല്ല അൽ മർസൂഖി ഇന്ത്യലെത്തിയതിനെക്കുറിച്ചു കോടിയേരി പറഞ്ഞു’.

കോടിയേരിയുടെ മകൻ ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് പ്രശ്നം ഇപ്പോഴും ഒരു വലിയ ചർച്ചാ വിഷയമായി തുടരുന്ന സാഹചര്യത്തിലാണ് കോടിയേരിയുടെ ഈ പ്രതികരണം. പ്രതികരണം വായിച്ചപ്പോൾ പെട്ടെന്ന് ഓർമ വന്നത് തവളയും കൊതുകും ചേർന്ന് പഞ്ചസാര കച്ചവടം നടത്തിയത് സംബന്ധിച്ച ഒരു മുത്തശ്ശിക്കഥയാണ്. ആ കഥ ഇങ്ങനെ; ഒരിക്കൽ ഒരു തവളയും കൊതുകും ചേർന്ന് ലാഭകരമായ എന്തെങ്കിലും കച്ചവടം ചെയ്യാൻ തീരുമാനിച്ചു. പല കച്ചവടങ്ങളും അവരുടെ മനസ്സിൽ കടന്നു വന്നെങ്കിലും ഒടുവിൽ പഞ്ചസാര കച്ചവടം എന്ന തീരുമാനത്തിൽ എത്തിച്ചേർന്നു. പഞ്ചസാര വാങ്ങി തോണി മാർഗം മറ്റൊരു ദേശത്തു കൊണ്ടുപോയി വിൽക്കുക. പക്ഷെ ഒരു പ്രശ്നം. തവളയുടെ കൈവശം പണമില്ല, പക്ഷെ തോണിയുണ്ട്. കൊതുകിന്റെ കൈയ്യിൽ അല്പം പണമുണ്ട് (എട്ട്‌ അണ). തത്കാലം ഉള്ള പണം വെച്ച് കച്ചവടം ആരംഭിക്കാൻ ധാരണയായി. പഞ്ചസാര വാങ്ങി തോണിയിൽ കയറ്റി ഇരുവരും പുറപ്പെട്ടു. യാത്രക്കിടയിൽ തോണി മറിഞ്ഞു. പഞ്ചസാര മുഴുവൻ വെള്ളത്തിലായി. തവളക്കു തോണി തിരികെ കിട്ടിയെങ്കിലും കൊതുകിനു അതിന്റെ കാശ് നഷ്ടമായി. അന്നു മുതൽ കൊതുകു തനിക്കു നഷ്ടം വന്ന പണത്തിന്റെ കാര്യം പറഞ്ഞു തവളയെ ശല്യം ചെയ്യാൻ തുടങ്ങിയെന്നും ഇന്നും ആ കൊതുകിന്റെ സന്തതി പരമ്പരകൾ മൂളികൊണ്ടു നടക്കുന്നത് നഷ്ടപ്പെട്ട ആ എട്ട്‌ പണത്തെകുറിച്ചാണെന്നും ആണ് പ്രസ്തുത കഥ. ‘എന്റെ പണം എട്ടും’ എന്നത്രെ കൊതുകു മൂളിക്കൊണ്ടിരിക്കുന്നത്.

ഈ കഥയും ബിനോയിയുടെ കഥയും തമ്മിൽ എന്ത് സാദൃശ്യം എന്ന് ചോദിക്കുന്നവരുണ്ടാകാം. ശരിയാണ് മുത്തശ്ശി കഥകളിൽ കൊതുകിനും തവളക്കും കൂട്ട് കച്ചവടവും കുറുക്കനും ഞണ്ടിനും കൂട്ടുകൃഷിയുമൊക്കെ നടത്താം. ഇവിടുത്തെ കച്ചവടം രണ്ടു മനുഷ്യർ തമ്മിലാണ്. അതായത് ബിനോയിയും ജാസ് കമ്പനി ഉടമയും തമ്മിൽ. ഒരാൾ മലയാളിയും മറ്റെയാൾ അറബിയുമാണെന്ന വ്യത്യാസമേയുള്ളൂ. പക്ഷെ ഇവിടെ ഒരു സാദൃശ്യമുണ്ട്. അത് പണം നഷ്ടപ്പെട്ട കൊതുകിനെപ്പോലെ തന്നെ അറബി ഇപ്പോൾ മൂളികൊണ്ടു നടക്കുന്നത് തന്റെ കമ്പനിക്ക് നഷ്ടപ്പെട്ട പണത്തെ കുറിച്ചാണ് എന്നതാണ്. അതുകൊണ്ടു തന്നെയാണ് ബിനോയ് ഇപ്പോൾ ദുബായിലുണ്ടല്ലോ അറബി അവിടെ പാറി നടന്നാൽ പോരെയെന്ന് കോടിയേരി ചോദിക്കുന്നതും.

സിപിഎമ്മില്‍ വീണ്ടും മക്കള്‍ കുരുക്ക്; ഇത്തവണ ഊരിപ്പോരാന്‍ കോടിയേരി കഷ്ടപ്പെടും

ധനാഢ്യനൊന്നുമല്ലാത്ത കോടിയേരി ബാലകൃഷ്ണന്റെ മകന് കോടികളുടെ ബിസിനസ് നടത്താനുള്ള വകുപ്പെന്തെന്നു പലരും ചോദിക്കുന്നുണ്ട്. അത്തരം ചോദ്യങ്ങൾ തികച്ചും സ്വാഭാവികം തന്നെ. അതുകൊണ്ടു തന്നെ അവയെ തള്ളിപ്പറയുന്നില്ല. എന്നാൽ കോടിയേരി ഇപ്പോൾ ഉന്നയിച്ചിരിക്കുന്ന ചോദ്യത്തിനും ഏറെ പ്രസക്തിയുണ്ട്. പണം നഷ്ടപ്പെട്ടവർ അത് തിരികെ ലഭിക്കുന്നതിനുവേണ്ടി എന്ത് സാഹസത്തിനും മുതിരും. എന്ന് കരുതി ദുബായിൽ നടന്ന ഒരു പണമിടപാടിന് അവിടെ തന്നെ നിയമ നടപടി സ്വീകരിക്കാം എന്നിരിക്കെ ‘എന്റെ പണം എട്ടും’ എന്ന് പറഞ്ഞു അറബി എന്തിനു കേരളത്തിൽ മൂളിപ്പറക്കണം. അതും കടം വാങ്ങിയ ആൾ ദുബായിൽ തന്നെ തിരികെ എത്തിയിട്ടുള്ള സ്ഥിതിക്ക്. ഉത്തരം വളരെ ലളിതമാണ്. കോടിയേരി സി പി എം സംസ്ഥാന സെക്രെട്ടറിയാണ്. അയാളുടെ പാർട്ടി ഇവിടെ ഭരണത്തിലാണ്. അതുകൊണ്ടു തന്നെ കോടിയേരിയെ അടിക്കാൻ കിട്ടിയ ഈ വടി അയാളുടെ പാർട്ടിക്കെതിരെയും ഉപയോഗിക്കാമെന്ന ചിന്ത തന്നെയാണ് ഇപ്പോൾ അറബിയെ പൊക്കിപ്പിടിച്ചു നടക്കുന്നവരുടെ മനസ്സിലിരുപ്പ്.

മിനി കൂപ്പര്‍, ഓഡി കാര്‍, ചാക്ക്, രവി പിള്ള, ഫാരിസ്, സാന്‍ഡിയാഗോ… ഇനിയുമെന്തിന് കോണ്‍ഗ്രസ് വിരോധം?

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍