UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഇനി ബയോമെട്രിക് പഞ്ചിങ് നിര്‍ബന്ധം

ഇതു സംബന്ധിച്ച ഉത്തരവ് പൊതുഭരണ വകുപ്പ് പുറത്തിറക്കി

സംസ്ഥാനത്തെ സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍- സ്വയംഭരണ സ്ഥാപനങ്ങള്‍, ഗ്രാന്‍ജ് ഇന്‍ എയ്ഡ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ബയോമെട്രിക് പഞ്ചിങ് സംവിധാനം ഏര്‍പ്പെടുത്തിക്കൊണ്ട് ഉത്തരവ് പുറത്തിറങ്ങി. എല്ലാ വകുപ്പുകളിലും ആറു മാസത്തിനകവും സിവില്‍ സ്റ്റേഷനുകളില്‍ മൂന്നു മാസത്തിനകവും സ്പാര്‍ക്ക് ബന്ധിത ബയോമെട്രിക് പഞ്ചിങ് സംവിധാനം നടപ്പിലാക്കണം. സ്പാര്‍ക്ക് സംവിധാനം നിലവിലില്ലാത്ത ഓഫിസുകളില്‍ സ്വതന്ത്രമായി ജിഇഎം വഴി ബയോമെട്രിക് മെഷീനുകള്‍ വാങ്ങി അറ്റന്‍ഡന്‍സ് മാനേജ്‌മെന്റ് സംവിധാനം സ്ഥാപിക്കുകയും മേലധികാരികള്‍ ജീവനക്കാരുടെ ഹാജര്‍ നിരീക്ഷിക്കുകയും വേണമെന്നും പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.

നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിന്റെ വെബ്‌സൈറ്റില്‍ പരാമര്‍ശിച്ചിട്ടുള്ള യു ഐ ഡി എ ഐ യുടെ അംഗീകാരമുള്ള ആധാര്‍ അധിഷ്ഠിത ബയോമെട്രിക് അറ്റന്‍ഡന്‍സ് സംവിധാനമാണ് സ്ഥാപിക്കേണ്ടത്.

പഞ്ചിങ് സംവിധാനത്തില്‍ എല്ലാത്തരം സ്ഥിരം ജീവനക്കാരെയും ഉള്‍പ്പെടുത്താനാണ് നിര്‍ദേശം. നിലവില്‍ സെക്രട്ടേറിയേറ്റ് അടക്കമുള്ള പ്രധാന ഓഫിസുകളില്‍ മാത്രമാണ് പഞ്ചിങ് മെഷീനെ ശമ്പള വിതരണ സോഫ്‌റ്റ്വെയറായ സ്പാര്‍ക്കുമായി ബന്ധിപ്പിച്ചിരിക്കുന്നത്. എല്ലായിടത്തും പഞ്ചിങ് ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ടെക്‌നിക്കല്‍ കമ്മിറ്റിയുടെ ശുപാര്‍ശ അനുസരിച്ചാണ് ഇപ്പോഴത്തെ ഉത്തരവ്.

പഞ്ചിങ് സ്ഥാപിക്കുന്നതിനാവശ്യമായ ചെലവ് അതാത് വകുപ്പുകള്‍ അവരവരുടെ നിലവിലെ ബഡ്ജറ്റ് വിഹിതത്തില്‍ നിന്നും വഹിക്കണം. സംസ്ഥാന വ്യാപകമായി പഞ്ചിങ് മെഷീന്‍ സ്ഥാപിക്കുന്നതിന്റെ പുരോഗതി ഐ ടി മിഷന്‍ നിരീക്ഷിക്കുകയും ചെയ്യും. ഓരോ വകുപ്പിലും വകുപ്പിന് കീഴില്‍ വരുന്ന എല്ലാ ഓഫിസുകളിലും സ്ഥാപനങ്ങളിലും പഞ്ചിങ് സംവിധാനം കൃത്യമായി നടപ്പിലാക്കേണ്ട പൂര്‍ണ ചുമതല അതാത് വകുപ്പ് സെക്രട്ടറിമാര്‍ക്കും വകുപ്പ് മേധാവിക്കുമായിരിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍