UPDATES

ട്രെന്‍ഡിങ്ങ്

രമ്യക്കെതിരേ ആരോപണവുമായി ബിജെപി; അവര്‍ പറയുന്നത് നുണയാണെന്ന് രമ്യയും

കര്‍ണാടകയിലെ പുതിയ രാഷ്ട്രീയവിവാദമായിരിക്കുകയാണിത്

സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത കര്‍ണാടകയില്‍ രാഷ്ട്രീയ പ്രത്യാരോപണങ്ങളും മുറുകുകയാണ്. ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കു നേര്‍ ഏറ്റുമുട്ടുന്ന തെരഞ്ഞെടുപ്പില്‍ ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസും പിടിച്ചെടുക്കാനും ബിജെപിയും എല്ലാ അടവുകളും പയറ്റുകയാണ്. ബിജെപി അധ്യക്ഷന്‍ അമിത് ഷായും പ്രധാനമന്ത്രി മോദിയും കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തുകയും മുഖ്യമന്ത്രി സിദ്ധരാമയ്യ ബിജെപിക്കെതിരേ അതേ നാണയത്തില്‍ തിരിച്ചടി നല്‍കുന്നതുമാണ് കണ്ടുകൊണ്ടിരുന്നത്. ഇതിനിടയില്‍ ബിജെപി പുതിയൊരാരോപണവുമായി രംഗത്തു വന്നിരിക്കുകയാണ്. ചലച്ചിത്രമേഖലയില്‍ നിന്നും കോണ്‍ഗ്രസില്‍ എത്തി, പാര്‍ലമെന്റ് അംഗവും ഇപ്പോള്‍ പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ, ഡിജിറ്റല്‍ വിഭാഗം നേതാവുമായ രമ്യ(ദിവ്യ സ്പന്ദന)യ്‌ക്കെതിരേയാണ് ആരോപണം.

സോഷ്യല്‍ മീഡിയയില്‍ വ്യാജ അകൗണ്ടുകള്‍ തുടങ്ങി ബിജെപിക്കെതിരേ അബദ്ധപ്രചരണങ്ങള്‍ നടത്താന്‍ രമ്യ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്യുന്നുവെന്നാണ് ബിജെപിയുടെ ആരോപണം. ഇക്കാര്യം ദിവ്യ പാര്‍ട്ടി പ്രവര്‍ത്തകരോട് പറയുന്നതിന്റെ വീഡിയോ ദൃശ്യം ലഭിച്ചിട്ടുണ്ടെന്നാണ് ബിജെപി അവകാശപ്പെടുന്നത്.

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്ന ഒരു ചെറിയ വീഡിയോയില്‍ രമ്യ പാര്‍ട്ടി വോളന്റിയര്‍മാരോട് സംസാരിക്കുന്നതായി ഉണ്ട് ബിജെപി അനുകൂല വെബ്‌സൈറ്റായ പോസ്റ്റ്കാര്‍ഡ് ആണ് ഈ വീഡിയോ പ്രചരിപ്പിക്കുന്നത്. നിങ്ങള്‍ നിരവധി വ്യാജ അകൗണ്ടുകള്‍ തുടങ്ങു, അതില്‍ ഒരു തെറ്റുമില്ല എന്ന് രമ്യ കന്നഡിയില്‍ പറയുന്നുണ്ടെന്നാണ് പോസ്റ്റ് കാര്‍ഡ് ആരോപിക്കുന്നത്. ഈ പ്രവര്‍ത്തിയില്‍ രമ്യക്കെതിരേ നടപടിയെടുക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറാകണമെന്ന് കര്‍ണാടക ബിജെപി നേതാവ് അമിത് മാളവ്യ പ്രസ്താവിച്ചു.

എന്നാല്‍ തനിക്കു നേരെ നടക്കുന്നത് തെറ്റായ പ്രചാരണങ്ങളാണെന്നും ഒരു വീഡിയോയിലെ ഏതാനും ഭാഗം മാത്രം എഡിറ്റ് ചെയ്ത് ബിജെപിക്കാര്‍ പ്രചരിപ്പിക്കുകയാണെന്നും രമ്യ പറഞ്ഞു. സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്ത വിഡിയോ ക്ലിപ്പാണ് അവര്‍ പ്രചരിപ്പിക്കുന്നത്. വ്യാജ അകൗണ്ടുകള്‍, ഒന്നില്‍ കൂടുതല്‍ സോഷ്യല്‍ മീഡിയ അകൗണ്ടുകള്‍ എന്നിവയെക്കുറിച്ച് വോളന്റിയര്‍മാര്‍ക്ക് മാര്‍ഗം നിര്‍ദേശങ്ങള്‍ നല്‍കുകയായിരുന്നു. അവരവരുടെ അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രകടിപ്പിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിന് സ്വന്തം അകൗണ്ടുകള്‍ ഉപയോഗിക്കണമെന്നും ഔദ്യോഗിക അകൗണ്ടുകള്‍ ഉപയോഗിക്കരുതെന്നും ഒക്കെയാണ് താന്‍ സംസാരിച്ചത്. എന്നാല്‍ ഇതില്‍ നിന്നെല്ലാം സന്ദര്‍ഭം മാറ്റി എഡിറ്റ് ചെയ്ത ഒരു ഭാഗമാണ് ബിജെപി പ്രചരിപ്പിക്കുന്നത്; രമ്യ ട്വിറ്ററില്‍ കുറിച്ചു. ബിജെപി ആകെ പരിഭ്രാന്തരായിരിക്കുകയാണെന്നും രമ്യ കുറ്റപ്പെടുത്തി.

സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസിന്റെ ശക്തയായ വക്താവാണ് രമ്യ. കടുത്ത വിമര്‍ശനങ്ങളും ചോദ്യങ്ങളുമാണ് രമ്യ ബിജെപിക്കെതിരേ ഉയര്‍ത്തുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍