UPDATES

ട്രെന്‍ഡിങ്ങ്

ശബരിമല വിഷയത്തില്‍ ബിജെപിക്ക് മുന്നില്‍ അവശേഷിക്കുന്ന സമരതന്ത്രം ഇതാണ്

ഭക്തരുടെ വികാരം ചൂഷണം ചെയ്ത് ഇനിയും ഈ സമരത്തെ മുമ്പോട്ട് കൊണ്ടുപോകാനാകില്ലെന്ന തിരിച്ചറിവ് കൂടിയാണ് ബിജെപിയുടെ പിന്മാറ്റത്തിന് കാരണം.

കൈവിട്ട ശബരിമല സമരം വീണ്ടും തിരിച്ചുപിടിക്കാനൊരുങ്ങുകയാണ് ബിജെപി. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നേരെ ഇന്ന് മുതല്‍ വഴിതടയല്‍ സമരം പ്രഖ്യാപിച്ച അവര്‍ ചെങ്ങന്നൂരില്‍ മുഖ്യമന്ത്രി പങ്കെടുത്ത പൊതുചടങ്ങിനിടെ ശരണം വിളിച്ചും പ്രതിഷേധ മാര്‍ച്ച് നടത്തിയും കരിങ്കൊടി കാണിച്ചും പ്രതിഷേധിച്ചു. ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഞായറാഴ്ച മുതല്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വഴിയില്‍ തടയുമെന്നാണ് ബിജെപിയുടെ പ്രഖ്യാപനം. ചെങ്ങന്നൂരില്‍ സഹകരണ വകുപ്പ് സംഘടിപ്പിച്ച പരിപാടിയില്‍ നാല് മന്ത്രിമാര്‍ക്കൊപ്പമായിരുന്നു മുഖ്യമന്ത്രി പങ്കെടുക്കേണ്ടിയിരുന്നത്. മുഖ്യമന്ത്രി വരുന്ന വഴിയില്‍ മുളക്കുഴിയില്‍ വച്ച് ചില യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതൊഴിച്ചാല്‍ മറ്റ് പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല.

മണ്ഡല-മകരവിളക്ക് ഉത്സവത്തിനായി നട തുറന്ന ശബരിമലയില്‍ ഇനിയുള്ള ദിവസങ്ങള്‍ സംഘര്‍ഷഭരിതമായിരിക്കുമെന്നാണ് തുടക്കത്തില്‍ തന്നെ കരുതിയിരുന്നത്. എന്നാല്‍ ദിവസങ്ങള്‍ കഴിയുന്തോറും ശബരിമല ശാന്തമാകുന്ന കാഴ്ചയാണ് കാണാനാകുന്നത്. ശബരിമലയില്‍ നടത്താനിരുന്ന സമരം വിജയിക്കുന്നില്ലെന്നത് മാത്രമല്ല ബിജെപിയുടെ പിന്മാറ്റത്തിന് കാരണം. ഭക്തരുടെ വികാരം ചൂഷണം ചെയ്ത് ഇനിയും ഈ സമരത്തെ മുമ്പോട്ട് കൊണ്ടുപോകാനാകില്ലെന്ന തിരിച്ചറിവ് കൂടിയാണ്. നവേത്ഥാന സംഘടനകളുടെ യോഗം വിളിച്ച് സര്‍ക്കാര്‍ ഈ വിഷയത്തെ രാഷ്ട്രീയമായി നേരിടാനൊരുങ്ങുമ്പോള്‍ തങ്ങള്‍ കൂടുതല്‍ ഒറ്റപ്പെടുമെന്ന് ബിജെപി തിരിച്ചറിഞ്ഞിരിക്കുന്നു. അതിനാല്‍ തന്നെ സമരം സര്‍ക്കാരിനെതിരെ തിരിച്ചു വിടുകയെന്ന തന്ത്രമാണ് ഇനി പയറ്റാനൊരുങ്ങുന്നത്. ശബരിമലയില്‍ സമരം ചെയ്യുന്നത് ഇനിയും ഗുണം ചെയ്യില്ലെന്ന് അവര്‍ മനസിലാക്കിയിരിക്കുന്നു. അതിനാല്‍ പ്രവര്‍ത്തകരുടെ രോഷം സര്‍ക്കാരിനെതിരെ തിരിച്ചുവിടുകയെന്ന പുതിയ യുദ്ധ തന്ത്രത്തിലേക്ക് നീങ്ങുകയാണ് അവര്‍.

നിയമസഭാ സമ്മേളനം ആരംഭിച്ച സാഹചര്യത്തില്‍ ഇനിയുള്ള ദിവസങ്ങളില്‍ കോണ്‍ഗ്രസ് തങ്ങളുടെ ശബ്ദം ഉച്ചത്തില്‍ കേള്‍പ്പിക്കുമെന്ന് ഉറപ്പാണ്. വനിതാ മതില്‍ പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് പ്രഖ്യാപിച്ചും കഴിഞ്ഞു. നിയമസഭാ സമ്മേളനത്തില്‍ ശബരിമല വിഷയവും നിരോധനാജ്ഞയും പി കെ ശശി വിഷയവുമെല്ലാം കോണ്‍ഗ്രസിന് ആയുധങ്ങളാക്കാം. അതിനാല്‍ തന്നെ ബിജെപിയുടെ ശബ്ദം ഇനിയുള്ള ദിവസങ്ങളില്‍ ആരും ശ്രദ്ധിക്കാനിടയില്ല. അയ്യപ്പഭക്തരുടെ വികാരം പരമാവധി ഉപയോഗപ്പെടുത്തി ശബരിമലയെ കേരളത്തിലെ അയോധ്യയാക്കാമെന്നും അതിലൂടെ അധികാരം നേടാമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു തുടക്കം മുതല്‍ ബിജെപി. അതുകൊണ്ടാണ് തുടക്കം മുതല്‍ നിലപാടുകള്‍ മാറ്റി അവര്‍ ശബരിമല വിഷയത്തില്‍ നിന്നും പുറത്തുകടക്കാതിരിക്കാന്‍ ശ്രമിച്ചതും. എന്നാല്‍ പ്രതീക്ഷകളെല്ലാം വെറുതെയായെന്ന അവസ്ഥയാണ് ഇപ്പോള്‍. ശബരിമലയില്‍ ബിജെപിയുടെ തീപ്പൊരിയായിരുന്ന കെ സുരേന്ദ്രന്‍ ജയിലിലായതോടെ ശബരിമലയില്‍ പോയി സമരം ചെയ്യാന്‍ ബിജെപി നേതാക്കള്‍ക്കൊക്കെ മടിയുണ്ട്. കാരണം, സുരേന്ദ്രന്‍ ഇപ്പോള്‍ പഴയകാല കേസുകള്‍ക്ക് പോലും നിയമനടപടികള്‍ നേരിടുകയാണ്.

ശബരിമലയിലേക്ക് പോകാന്‍ നേതാക്കളൊന്നുമില്ലാതായതോടെ സന്നിധാനം ശാന്തമായ അവസ്ഥയിലായിരുന്നു. എന്നാല്‍ ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം സന്നിധാനത്തെ നിരോധനാജ്ഞ ലംഘിക്കാന്‍ ഇന്ന് വീണ്ടും ബിജെപി നേതാക്കള്‍ എത്തിയിരുന്നു. പോലീസ് നിബന്ധനകള്‍ ലംഘിച്ച് ശബരിമലയില്‍ പോകാനെത്തിയ ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ നിലയ്ക്കലില്‍ നിന്നും അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്തായിരുന്നു പെട്ടെന്നുള്ള ഈ പ്രകോപനത്തിന് കാരണം? അതിനുള്ള ഉത്തരവും ഇന്നത്തെ മറ്റൊരു വാര്‍ത്തയിലുണ്ട്. ദേശീയ അധ്യക്ഷന്‍ അമിത് ഷാ അയച്ച പ്രത്യേക സംഘം ഇന്ന് കൊച്ചിയിലെത്തിയിരിക്കുന്നു. ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെ, എംപിമാരായ പ്രഹ്ലാദ് ജോഷി, വിനോദ് സോംകാര്‍, നളിന്‍ കുമാര്‍ കട്ടീല്‍ എന്നിവരാണ് ഈ സമിതിയിലെ അംഗങ്ങള്‍.

ശബരിമലയിലെ സ്ഥിതിഗതികളും കേരളത്തിലെ പൊതുരാഷ്ട്രീയ അന്തരീക്ഷവും സംസ്ഥാന ഘടകത്തിന്റെ പ്രവര്‍ത്തനങ്ങളും ശബരിമല പ്രക്ഷോഭത്തിന്റെ അനന്തരഫലങ്ങളും ശബരിമല പ്രക്ഷോഭത്തിന്റെ അനന്തരഫലങ്ങളുമെല്ലാം കേന്ദ്രസംഘം വിലയിരുത്തും. പ്രക്ഷോഭത്തിനിടെ ഭക്തര്‍ക്ക് നേരെയുണ്ടായ പോലീസ് അതിക്രമവും പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതും അന്വേഷിക്കാനാണ് ഈ സമിതി എത്തുന്നത്. അപ്പോള്‍ പിന്നെ അവര്‍ എത്തുന്ന ദിവസം തന്നെ ഒരു അറസ്റ്റ് കൂടിയുണ്ടായാല്‍ അത് കേന്ദ്രസംഘത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ ഏത് വിധത്തില്‍ സ്വാധീനം ചെലുത്തുമെന്ന് ഗോപാലകൃഷ്ണന് നന്നായി അറിയാം.

സുരേന്ദ്രന്റെ അറസ്റ്റിന് ശേഷം ശബരിമലയിലെ സമരം ദുര്‍ബലമായതും സുരേന്ദ്രന് വേണ്ടി ശബ്ദമുയര്‍ത്താത്തതും ബിജെപിക്കുള്ളില്‍ ഗ്രൂപ്പ് വഴക്ക് ശക്തമാകാന്‍ കാരണമായിരുന്നു. സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ നേരിട്ട് തന്നെ പല നേതാക്കളും രംഗത്തെത്തുകയും ചെയ്തു. കെ പി ശശികലയെ ശബരിമലയില്‍ പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ ഹിന്ദു ഐക്യവേദി പ്രഖ്യാപിച്ച ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ച ബിജെപി സുരേന്ദ്രന് വേണ്ടി ഒരു ചെറുവിരല്‍ പോലും അനക്കിയില്ലെന്നായിരുന്നു ആരോപണം. ശബരിമലയില്‍ അടിതെറ്റിത്തുടങ്ങിയപ്പോള്‍ മുതല്‍ ബിജെപി അടിച്ചിറക്കിയ നുണകളെല്ലാം ഓരോന്നായി പൊളിഞ്ഞതും ഈ തമ്മിലടിക്ക് കാരണമാണ്. ആചാര സംരക്ഷണത്തിനായി വാദിക്കുന്നവര്‍ തന്നെ ശബരിമലയില്‍ ആചാര ലംഘനം നടത്തുന്നതും തെളിവ് സഹിതം നിരത്തിയതോടെ ശബ്ദം നഷ്ടപ്പെട്ട അവസ്ഥയിലായി അവര്‍. ആര്‍എസ്എസിന്റെ പിന്തുണ നഷ്ടമായതോടെ വത്സന്‍ തില്ലങ്കേരിയും കെ പി ശശികലയും നിശബ്ദരായിരിക്കുകയാണ്.

മന്ത്രിമാരെ തെരുവില്‍ തടയല്‍ മാത്രമാണ് ബിജെപിയ്ക്ക് ഇനി ലൈംലൈറ്റില്‍ നില്‍ക്കുന്നതിനുള്ള വഴി. ശബരിമലയില്‍ പോയുള്ള സമരങ്ങള്‍ അയ്യപ്പ ഭക്തരെ മാത്രമാണ് ബുദ്ധിമുട്ടിക്കുന്നതെന്ന് പലരും തിരിച്ചറിഞ്ഞിരിക്കുന്നു. കൂടാതെ ശബരിമലയില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ പ്രതിഷേധവുമായി അവിടേക്ക് പോയാല്‍ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്യും. അതിനാല്‍ തന്നെ ശബരിമലയിലെ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ പുതിയ സമരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. മന്ത്രിമാരെ വഴിയില്‍ തടഞ്ഞുള്ള സമരങ്ങള്‍ അതിന്റെ ഭാഗമായി മാത്രമാണ് കാണാന്‍ സാധിക്കുക.

‘വനിതാ മതിലി’ന്റെ ജോയിന്റ് കണ്‍വീനര്‍ ഹാദിയയെ കൊന്ന് ജയിലിൽ പോകുമെന്ന് പറഞ്ഞ ഹിന്ദു പാർലമെന്റ് നേതാവ് സി.പി സുഗതന്‍

അച്ഛന്‍ വെള്ളാപ്പള്ളി നവോത്ഥാന മതില്‍ കെട്ടുമ്പോള്‍ സംഘപരിവാര്‍ രഥമോടിച്ച മകന്‍ വെള്ളാപ്പള്ളി എസ്എന്‍ഡിപിയില്‍ ഉണ്ടാകുമോ?

‘ചുവപ്പ് കണ്ടാല്‍ കുത്തുന്ന കാള’; നവോത്ഥാനമല്ല, എന്‍എസ്എസിന്റേത് കമ്യൂണിസ്റ്റ് വിരുദ്ധ പാരമ്പര്യമെന്ന് ഓര്‍മിപ്പിച്ച് വെള്ളാപ്പള്ളി

പി.എസ് ശ്രീധരന്‍ പിള്ള ഇനി എന്തു ചെയ്യും? പൂരിപ്പിച്ചിട്ടും തീരാതെ ശബരിമല എന്ന ‘സമസ്യ’

ഞാന്‍ മാത്രമല്ല അമിത് ഷാ ജിയും അങ്ങനെ പറഞ്ഞിട്ടുണ്ട്; പിള്ള മനസില്‍ കള്ളമില്ല

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍