UPDATES

ട്രെന്‍ഡിങ്ങ്

ദീപ നിശാന്തിനെ അപകീർത്തിപ്പെടുത്തിയ പ്രതികളെ രക്ഷിക്കാൻ ഹാജരായത് ബിജെപി ജില്ലാ സെക്രട്ടറി

അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ക്കൊപ്പം ദീപ നിശാന്തിന്റെ ഫോണ്‍ നമ്പര്‍ സാമുഹ്യമാധ്യമങ്ങളിലെ അശ്ലീല ഗ്രൂപ്പുകളിലടക്കം പ്രചരിപ്പിച്ചെന്ന കേസിലാണ് മൂന്നു പേരെ അറസ്റ്റ് ചെയ്തത്

അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ അപകീര്‍ത്തി പ്രചാരണം നടത്തിയ സംഭവത്തില്‍ അറസ്റ്റിലായവര്‍ക്ക് വേണ്ടി ഹാജരായത് ബിജെപി ജില്ലാ സെക്രട്ടറി അനീഷ് കുമാര്‍ കെ കെ . തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ദീപാ നിശാന്ത് ഈ കാര്യം വെളിപ്പെടുത്തിയത്.

തൃശൂര്‍ വെസ്റ്റ് പോലിസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ ഒരാള്‍ സജീവ ബിജെപി പ്രവര്‍ത്തകനാണ് എന്നു പറഞ്ഞുകൊണ്ടു കഴിഞ്ഞ ദിവസം ദീപാ നിശാന്ത് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ക്കൊപ്പം ദീപ നിശാന്തിന്റെ ഫോണ്‍ നമ്പര്‍ സാമുഹ്യമാധ്യമങ്ങളിലെ അശ്ലീല ഗ്രൂപ്പുകളിലടക്കം പ്രചരിപ്പിച്ചെന്ന കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇദ്ദേഹം ബി ജെ പിയുടെ ജില്ലാ സെക്രട്ടറി പദവിയിലിരിക്കുന്ന വ്യക്തിയാണ് എന്ന് കേൾക്കുന്നു. തൃശ്ശൂർ ലോ കോളേജിൽ നിന്ന് നിയമബിരുദം പൂർത്തിയാക്കിയ വ്യക്തിയുമാണ് എന്നറിഞ്ഞു. ഞാനിദ്ദേഹത്തെ അറിയുന്നത് ബി ജെ പി സ്ഥാനാർത്ഥിയായി തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ ഫ്ളക്സ് ബോർഡുകളിലും മതിലുകളിലെ ചിത്രങ്ങളിലുമാണ്. എൻ്റെ ചേച്ചിയുടേയും മറ്റ് ബന്ധു ജനങ്ങളുടേയും വീട്ടിൽ ചിരിച്ച മുഖത്തോടെ ഇദ്ദേഹം വോട്ട് ചോദിക്കാൻ വന്നത് കണ്ടിട്ടുണ്ട്.

ഇദ്ദേഹമാണ്, ഞാൻ പരാതി കൊടുത്ത കേസിൽ അറസ്റ്റിലായ പ്രതികൾക്കു വേണ്ടി കോടതിയിൽ ഹാജരായത്. തീർച്ചയായും ഒരു അഡ്വക്കേറ്റ് എന്ന നിലയിൽ അത് അദ്ദേഹത്തിൻ്റെ കടമയാണ്. അതിനെ തീർച്ചയായും മാനിക്കുന്നു. പക്ഷേ അതിനപ്പുറം അദ്ദേഹം ചിലത് ഫേസ് ബുക്കിൽ പറഞ്ഞിട്ടുണ്ട്. വ്യാജമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. അതിന് മറുപടി പറയേണ്ടതുണ്ട്.

താൻ ആർക്കു വേണ്ടിയാണോ കോടതിയിൽ ഹാജരാകുന്നത്, അവർ ചെയ്ത അല്ലെങ്കിൽ അവരിൽ ആരോപിക്കപ്പെട്ട കുറ്റകൃത്യം എന്താണ് എന്ന് കൃത്യമായി അന്വേഷിക്കേണ്ട ബാധ്യത ഒരു അഭിഭാഷകനുണ്ട്.

അദ്ദേഹം പറയുന്നത് ബി ജെ പി ക്ക് വോട്ടു ചെയ്ത ഇന്ത്യയിലെ 33 ശതമാനം ജനങ്ങളെ വെടിവെച്ചു കൊല്ലണമെന്ന് ഞാൻ ആഹ്വാനം ചെയ്തെന്നും, അതിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതികരിച്ച യുവാക്കളെ പോലീസ് സ്റ്റേഷനിൽ ക്രൂരമായി മർദ്ദിച്ചു എന്നുമാണ്. ഞാൻ എവിടെ എപ്പോൾ എങ്ങനെ ആഹ്വാനം ചെയ്തു എന്ന തെളിവൊന്നും വക്കീലിനോട് ചോദിക്കുന്നില്ല. അത് തെളിയിക്കേണ്ടത് അദ്ദേഹത്തിൻ്റെ ബാധ്യതയാണ്. അത്തരം വ്യാജമായ ആരോപണങ്ങൾ വ്യക്തികൾക്കെതിരെ ഒരു പൊതു ഇടത്തിൽ ഉന്നയിക്കുന്നത് ചോദ്യം ചെയ്യാനുള്ള നിയമവും ഇവിടെയുണ്ട്. അക്കാര്യം അവിടെ നിൽക്കട്ടെ!

കേസ് അതല്ലല്ലോ വക്കീലേ… നിങ്ങൾ ജാമ്യമെടുത്ത് കൊടുത്ത നിഷ്കളങ്ക യുവാക്കൾ സോഷ്യൽ മീഡിയയിൽ പ്രതികരിച്ച കേസല്ല ഇത്. അത്തരം നിഷ്കളങ്കരെ നിയമപരമായി വഴിയേ നേരിടുന്നുണ്ട്. ആ കേസും ഈ കേസും കൂടി വക്കീലിന് കൺഫ്യൂഷനുണ്ടാകരുത്. ഇത് രാത്രി വിളിച്ച് ശല്യം ചെയ്ത കേസാണ്. വാട്‌സപ്പ് ഗ്രൂപ്പുകളിൽ വ്യക്തിഹത്യാപരമായി എൻ്റെ നമ്പർ പ്രചരിപ്പിച്ച കേസാണ്. ആ കേസ് സ്‌റ്റേഷൻ ജാമ്യമെടുത്ത് പുറത്ത് തട്ടി അഭിനന്ദിച്ച് പറഞ്ഞയക്കാവുന്ന കേസല്ല. സ്ത്രീകളെ പൊതു ഇടത്തിൽ അപകീർത്തിപ്പെടുത്താനും അസഭ്യം പറയാനും ശല്യം ചെയ്യാനും ശ്രമിച്ചാൽ കിട്ടാവുന്ന വകുപ്പുകളൊന്നും വക്കീൽ പഠിച്ച നിയമപുസ്തകത്തിൽ കണ്ടു കാണില്ലായിരിക്കും.

സ്വന്തം പാർട്ടിയിൽപ്പെട്ട ആളുകളെ ഏതു വിധേനയും വെളുപ്പിച്ചെടുക്കേണ്ടത് പാർട്ടി സെക്രട്ടറി എന്ന നിലയിൽ താങ്കളുടെ ബാധ്യതയായി കരുതുന്നുണ്ടാവാം. പക്ഷേ ഞാനിന്നലെ പ്രതീക്ഷിച്ചത്, നിങ്ങൾ ചിട്ടി തട്ടിപ്പു കേസിലോ മറ്റോ പെടുത്തി അവരെ 2 ദിവസം മുന്നേ പാർട്ടിയിൽ നിന്നും പുറത്താക്കി എന്നും അവരുമായി നിങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നുമുള്ള പ്രസ്താവനയിറക്കുമെന്നാണ്. പരസ്യമായി അവരുടെ അച്ഛനമ്മമാരുടെ വേദനയെന്നൊക്കെ പറഞ്ഞ് വൈകാരിക പ്രതികരണം നടത്താനുള്ള ഉളുപ്പില്ലായ്മ പ്രതീക്ഷിക്കാതിരുന്നത് എൻ്റെ തെറ്റാണ്. ഇതു തന്നെയാണ് മറ്റു സംഘടനകളും താങ്കൾ പ്രതിനിധാനം ചെയ്യുന്ന സംഘടനയും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസം.

താങ്കളുടെ സംഘടനയിൽപ്പെട്ട സ്ത്രീകളെ അധിക്ഷേപിക്കാറുണ്ടെന്നും അവർക്ക് ഇതുവരെ നീതി കിട്ടിയില്ലെന്നുമൊക്കെയുള്ള ആരോപണങ്ങൾ കണ്ടു. ഞാൻ കണ്ടിട്ടില്ല, ഇത്തരത്തിൽ അവരുടെ വ്യക്തി ജീവിതത്തെയും കുടുംബാംഗങ്ങളേയും. അതിനീചമായി ആക്രമിക്കുന്നത്. അവരെ അധിക്ഷേപിക്കുന്നത്… അവരുടെ മൊബൈൽ നമ്പർ പ്രചരിപ്പിച്ച് ശല്യം ചെയ്യാൻ പരസ്യമായി ആഹ്വാനം ചെയ്യുന്നത്… അവരുടെ അഞ്ച് വയസ്സ് പ്രായമുള്ള മകളെപ്പോലും ഫോട്ടോ പ്രചരിപ്പിച്ച് സ്വഭാവഹത്യ നടത്തുന്നത്…. വെടിയെന്നും പടക്കമെന്നും വേശ്യയെന്നും വിളിച്ച് അധിക്ഷേപിക്കുന്നത്….. അവരുടെ സ്വകാര്യ ലോകത്തെ ആക്രമിച്ച് സ്വസ്ഥത കളയാൻ ആഹ്വാനം ചെയ്തവരെ സംരക്ഷിക്കാൻ മറ്റൊരു പാർട്ടിയിലേയും നേതാവ് പരസ്യമായി രംഗത്തിറങ്ങുന്നത് ഞാൻ കണ്ടിട്ടില്ല..

ചിരികൾക്കപ്പുറം, കൈകൂപ്പിയുള്ള നമസ്തേ പറച്ചിലുകൾക്കുമപ്പുറം വ്യക്തികളെ തിരിച്ചറിയാൻ ജനങ്ങൾക്ക് സാധിക്കുന്നത് ഇത്തരം സംഭവങ്ങളിലൂടെയാണ്…

താങ്കൾ അടുത്ത തെരഞ്ഞെടുപ്പിലും മത്സരിക്കണം! നിങ്ങളുടെ പാർട്ടിയെ പ്രതിനിധീകരിക്കാനുള്ള സർവ്വ യോഗ്യതയും താങ്കൾക്കുണ്ട്!

വിജയാശംസകൾ !

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍