മതധ്രുവീകരണത്തിനല്ല, ആരാധനാ സ്വാതന്ത്ര്യം എന്ന നിലയില്‍ ശബരിമല വിഷയം പരാമര്‍ശിക്കുമെന്നുമാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയ ശേഷം കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി
ശബരിമലയില്‍ തൊട്ടാല്‍ ബിജെപിയ്ക്ക് പൊള്ളും. സുരേന്ദ്രന് പിന്നാലെ കുമ്മനവും തിരഞ്ഞെടുപ്പ് മുഖ്യ ഓഫീസറുടെ നിര്‍ദ്ദേശം തള്ളി രംഗത്തെത്തിയിരിക്കുകയാണ്. കേരളത്തില്‍ ശബരിമല വിഷയം ഉയര്‍ത്തിപ്പിടിച്ച് തിരഞ്ഞെടുപ്പില്‍ ലാഭം കൊയ്യാനൊരുങ്ങിയ ബിജെപിക്കേറ്റ തിരിച്ചടിയായിരുന്നു തിരഞ്ഞെടുപ്പ് മുഖ്യ ഓഫീസര്‍ നല്‍കിയ നിര്‍ദ്ദേശം. എന്നാല്‍ ശബരിമല വിഷയം ഉന്നയിക്കാതെ തിരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയില്ലെന്ന് ഉറച്ച് മുന്നോട്ട് പോവുകയാണ് ബിജപി നേതാക്കളും അണികളും. ഇതേസമയം തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കളും പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്.
ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. വിഷയം ഉന്നയിക്കാതിരിക്കുന്നത് ഒളിച്ചോട്ടമാണ്. മതധ്രുവീകരണത്തിനല്ല, ആരാധനാ സ്വാതന്ത്ര്യം എന്ന നിലയില്‍ ശബരിമല വിഷയം പരാമര്‍ശിക്കുമെന്നുമാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയ ശേഷം കുമ്മനം രാജശേഖരന്‍ വ്യക്തമാക്കിയത്. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കുമന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും തിരഞ്ഞെടുപ്പ് മുഖ്യ ഓഫീസറെ തള്ളി രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ഉയര്‍ത്തിക്കൊണ്ടുവരും. വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ ചര്‍ച്ച ചെയ്യും. വിഷയം ചര്‍ച്ചയാക്കരുതെന്ന് പറയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് അധികാരമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു. തന്റെ ഫേസ്ബുക്കിലൂടെയും സുരേന്ദ്രന്‍ കമ്മീഷനെ വെല്ലുവിളിച്ച് രംഗത്ത് വന്നിരിക്കുകയാണ്. ‘ശബരിമല തകര്‍ക്കാന്‍ പിണറായി വിജയനും കൂട്ടരും നടത്തിയ ഗൂഢനീക്കം ജനങ്ങളോട് പറയുക തന്നെചെയ്യും.. ചട്ടങ്ങളും നിയമങ്ങളും അറിഞ്ഞു തന്നെയാണ് തങ്ങളും പൊതുരംഗത്ത് നില്‍ക്കുന്നതെ’ന്നും സുരേന്ദ്രന്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
കെ സുധാകരനും കൊടിക്കുന്നില്‍ സുരേഷും കമ്മീഷന്‍ നിര്‍ദ്ദേശത്തിനെതിരായ നിലപാടാണ് സ്വീകരിച്ചത്. ശബരിമല വിഷയം സി.പി.എമ്മിനെ ഭയപ്പെടുത്തുന്നുവെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. ‘ശബരിമലയെ തെരഞ്ഞെടുപ്പ് വിഷയമാക്കരുതെന്ന കമീഷന്റെ നിലപാട് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്വാഗതം ചെയ്തതത് ഇക്കാരണത്താലാണ്. ശബരിമല വിഷയം ജാതി-മത സ്പര്‍ധ വളര്‍ത്താന്‍ കോണ്‍ഗ്രസ് ഉപയോഗിച്ചിട്ടില്ല. വിശ്വാസികള്‍ക്ക് ഒപ്പം നിന്ന് ആചാരങ്ങള്‍ സംരക്ഷിക്കാനാണ് ശ്രമിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമാണ് ഭിന്നിപ്പിക്കാന്‍ ശ്രമിച്ചത്.’ കൊടിക്കുന്നില്‍ ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം തെറ്റാണെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍ അഭിപ്രായപ്പെട്ടു. ‘കമ്മീഷന്‍ തീരുമാനത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ നിയമാനുസൃതമായ നടപടകളിലേക്ക് യുഡിഎഫ് നീങ്ങും. കമ്മീഷന്‍ നടപ്പാക്കുന്നത് ആരുടെ നിര്‍ദേശമാണ്? പരിഹാസ്യമായ തീരുമാനം കമ്മീഷന്‍ പുന:പരിശോധിക്കണം. ശബരിമല വിഷയം ചര്‍ച്ച ചെയ്യാത്ത തിരഞ്ഞെടുപ്പ് കേരളത്തില്‍ ഉണ്ടാകില്ല’ സപുധാകരന്‍ പറഞ്ഞു.
സാമുദായിക ധ്രുവീകരണത്തിന് ഇടയാവും വിധം പ്രചാരണം പാടില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ നിര്‍ദ്ദേശിച്ചിരുന്നു. മതം, ദൈവം, കോടതിവിധി എന്നിവ പ്രചാരണത്തിനുപയോഗിക്കുന്നത് ചട്ടലംഘനമാണ്. ഇത് ശബരില വിഷയത്തിനും ബാധകമാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. ശബരിമല പോലെ സുപ്രീംകോടതി വിധി ബാധകമായ വിഷയങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള ചര്‍ച്ചയില്‍ നിര്‍ദ്ദേശം നല്‍കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ അറിയിച്ചിരുന്നു.
എന്നാല്‍ ശബരിമല മുഖ്യ പ്രചാരണായുധമാക്കി തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ കാലേക്കൂട്ടി ആവിഷ്‌ക്കരിച്ച ബിജെപിക്കും ആര്‍എസ്എസിനും മുന്നില്‍ മറ്റ് വഴികളില്ല. മണ്ഡലം അടിസ്ഥാനത്തില്‍ നടത്തുന്ന ഗൃഹസമ്പര്‍ക്ക പരിപാടികളില്‍ മുഖ്യ ചര്‍ച്ചാ വിഷയമാവുന്നത് ശബരില യുവതീ പ്രവേശനമാണ്. വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ചോദ്യം ചെയ്തുകൊണ്ടുള്ള പ്രചരണ പരിപാടികളാണ് നടക്കുന്നത്. എന്നാല്‍ അതിനിടെയാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ശബരിമല വിഷയമുന്നയിച്ചാല്‍ അത് കോടതിയലക്ഷ്യവുമാവുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ചട്ടലംഘനങ്ങളുണ്ടായാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുമെന്നും അറിയിച്ചിരിക്കുന്നു. ഇതോടെ വെട്ടിലായത് ബിജെപിയും ആര്‍എസ്എസുമാണ്.ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സംഘപരിവാറിനുള്ള ആനുകൂല്യം മുതലെടുത്ത് കേരളത്തില്‍ അക്കൗണ്ട് ഓപ്പണ്‍ ചെയ്യാമെന്ന പ്രതീക്ഷയാണ് ബിജെപിക്കുള്ളത്. നേതാക്കള്‍ക്ക് പുറമെ അണികളും അനുഭാവികളുമെല്ലാം തിരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദ്ദേശത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിലും മറ്റും ‘ശബരിമല വിഷയമാണ്’ എന്ന ടാഗോടുകൂടി പ്രചാരണങ്ങള്‍ ആരംഭിച്ചിരിക്കുകയാണ് പ്രവര്‍ത്തകര്‍.
ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ ബിജെപിയും ആര്‍എസ്എസും വിധിയെ അനുകൂലിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് നായര്‍ സര്‍വീസ് സൊസേറ്റിയുടെ നേതൃത്വത്തില്‍ നാമജപ പ്രതിഷേധങ്ങള്‍ ആരംഭിച്ചപ്പോള്‍ നിലപാടില്‍ മാറ്റം വരുത്തി വിശ്വാസികളുടെ സംരക്ഷകരായിമാറി. കാലങ്ങളായി ശ്രമിച്ചിട്ടും കേരളത്തില്‍ അടിത്തറ ശക്തമാക്കാന്‍ കഴിയാതിരുന്ന ബിജെപിയ്ക്ക് വീണ് കിട്ടിയ അവസരമായിരുന്നു ശബരിമല. നിലപാടില്‍ മാറ്റം വരുത്തിയത് മുതല്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കേരളത്തെ സംഘര്‍ഷഭൂമിയാക്കുന്ന കാഴ്ചയാണ് കണ്ടത്. നാടൊട്ടുക്കുമുള്ള പ്രതിഷേധങ്ങളും ശബരിമലയില്‍ ഉണ്ടായ സംഘര്‍ഷങ്ങളും അടിക്കടിയുള്ള ഹര്‍ത്താലുകളുമായി സംഘപരിവാര്‍ പ്രവര്‍ത്തകരും നേതാക്കളും കളംപിടിച്ചു. തിരഞ്ഞെടുപ്പ് രാഷ്ട്രീയം ലക്ഷ്യമിട്ടുള്ള നീക്കങ്ങളായിരുന്നു ഇതിന് പിന്നിലെന്ന് ബിജെപി നേതാക്കള്‍ തന്നെ രഹസ്യമായും പരസ്യമായും സമ്മതിച്ചിട്ടുണ്ട്. ‘വീണുകിട്ടിയ അവസരം’ എന്ന ശ്രീധരന്‍ പിള്ളയുടെ പരാമര്‍ശം ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങളെ പുറത്തുകൊണ്ടുവരുന്നതായിരുന്നു. എന്‍എസ്എസും ആചാരം സംരക്ഷിക്കണമെന്ന നിലപാടെടുത്ത് നില്‍ക്കുന്ന മറ്റ് സമുദായ സംഘടനകളും ഈ തിരഞ്ഞെടുപ്പില്‍ തങ്ങളെ പിന്തുണക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. ഇക്കാലമത്രയും സമദൂര സിദ്ധാന്തത്തില്‍ ഉറച്ച് നിന്ന എന്‍എസ്എസും സുകുമാരന്‍ നായരും ബിജെപിയ്ക്ക് പരസ്യ പിന്തുണയറിയിച്ചതും ശ്രദ്ധേയമാണ്. ശബരിമല വിഷയം ചൂടുപിടിപ്പിച്ച് നേട്ടമുണ്ടാക്കാമെന്ന കണക്കുകൂട്ടലിലാണ് പാര്‍ട്ടി നേതൃത്വം. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇതേവരെ ഇടപെടാതിരുന്ന ആര്‍എസ്എസ് ബിജെപിയുടെ തിരഞ്ഞെടുപ്പ് കാര്യങ്ങള്‍ നിയന്ത്രിക്കുന്ന അവസ്ഥയിലേക്കെത്തിയതും ശബരിമല വിഷയത്തിലൂടെയാണ്. ആര്‍എസ്എസ് പ്രവര്‍ത്തകരായിരുന്നു ശബരിമല വിഷയത്തില്‍ പ്രതിഷേധങ്ങളും സംഗമങ്ങളും വിജയിപ്പിക്കാന്‍ ഇറങ്ങി പ്രവര്‍ത്തിച്ചത്. പ്രചരണത്തിനും തിരഞ്ഞെടുപ്പ് നേരിടുന്നതിനുമുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി ‘പഞ്ചരത്‌ന’ നടപ്പാക്കുന്നതും ആര്‍എസ്എസിന്റെ മേല്‍നോട്ടത്തിലാണ്. ശബരിമല വിഷയം ഉയര്‍ത്തിയുള്ള പ്രചരണപ്രവര്‍ത്തനങ്ങളാണ് ഉദ്ദേശിച്ചിരുന്നതും. എന്നാല്‍ ഈ ഒരുക്കങ്ങള്‍ക്കെല്ലാമുള്ള തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം.
ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ വിരുദ്ധ തരംഗം വോട്ടാക്കാമെന്നുള്ള പ്രതീക്ഷയായിരുന്നു യുഡിഎഫിനും. എന്നാല്‍ ശബരിമല വിഷയം ഉന്നയിക്കാനേ പാടില്ല എന്ന കമ്മീഷന്‍ നിര്‍ദ്ദേശം കോണ്‍ഗ്രസിനേയും വെട്ടിലാക്കിയിരിക്കുകയാണ്.