UPDATES

മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് പോലും വിളിക്കുന്നില്ല; അയ്യപ്പഭക്തര്‍ ഏതറ്റം വരെയും പോകുമെന്നതിന്റെ തെളിവാണ് വേണുഗോപാലന്‍ നായരുടെ ആത്മഹത്യ: സികെ പത്മനാഭന്‍/അഭിമുഖം

മരണം വരെ നിരാഹാരം എന്നല്ല, ഒരാളുടെ ആരോഗ്യം അനുവദിക്കുന്ന കാലത്തോളം നിരാഹാരം ചെയ്യുക എന്നാണെന്നും സികെ പത്മനാഭന്‍

സെക്രട്ടേറിയറ്റിന് മുന്നില്‍ ബിജെപി നടത്തുന്ന അനിശ്ചിത കാല നിരാഹാര സമരം ഇന്ന് പതിനഞ്ച് ദിവസം പിന്നിടുന്നു. സമരം ആരംഭിച്ച ബിജെപി ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അതോടെ ബിജെപി നിര്‍വാഹകസമിതി അംഗം സികെ പത്മനാഭന്‍ സമരം ഏറ്റെടുത്തു. ഇന്ന് അദ്ദേഹത്തിന്റെ സമരം എട്ടാം ദിവസത്തിലേക്ക് കടക്കുകയാണ്. അദ്ദേഹത്തിന്റെയും ആരോഗ്യസ്ഥിതി മോശമായെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സി കെ പത്മനാഭനെയും ആശുപത്രിയിലേക്ക് മാറ്റേണ്ടിവന്നാല്‍ സമരത്തിന്റെ നേതൃത്വം മറ്റൊരു ജനറല്‍ സെക്രട്ടറിയായ ശോഭാ സുരേന്ദ്രന്‍ ഏറ്റെടുത്തേക്കും.

കെ. സുരേന്ദ്രനെതിരായ കേസുകള്‍ പിന്‍വലിക്കുക, ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക, ശബരിമലയിലെ 144 പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബിജെപി സമരം ആരംഭിച്ചത്. ബിജെപി നേതാക്കള്‍ക്കെതിരെ ഉള്ള കള്ളക്കേസുകള്‍ പിന്‍വലിക്കുക, നിരാഹാര സമരം അവസാനിപ്പിക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാവുക തുടങ്ങിയ പുതിയ ആവശ്യങ്ങളും കൂടി ബിജെപി മുന്നോട്ട് വെക്കുന്നുണ്ട്. ഇതിനിടെയില്‍ സമരപ്പന്തലിന് മുന്നില്‍ ഒരാളുടെ ആത്മഹത്യയും നടന്നു. അതൊരു ഞെട്ടിക്കുന്ന സംഭവമായിരുന്നുവെന്നാണ് സികെ പത്മനാഭന്‍ പറയുന്നത്. സമരപ്പന്തലിലേക്ക് അയാള്‍ വീണിരുന്നെങ്കില്‍ വേറൊരു ദുരന്തമായി അത് മാറുമായിരുന്നുവെന്നും സികെ പത്മനാഭന്‍ പറയുന്നു. കൂടാതെ ബിജെപി നടത്തിയ മാര്‍ച്ചിലുണ്ടായ സംഘര്‍ഷം, പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ബിജെപി തിരുവനന്തപുരത്ത് ആചരിച്ച ഹര്‍ത്താല്‍, അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞടുപ്പില്‍ ബിജെപിക്കുണ്ടായ തോല്‍വി, സമര പന്തലിന് മുമ്പില്‍ അപ്രതീക്ഷിതമായി ഉണ്ടായ വിശ്വാസിയുടെ ആത്മഹത്യാശ്രമം എന്നിവയെക്കുറിച്ച് സി.കെ പത്മനാഭന്‍ സംസാരിക്കുന്നു.

അന്ന് രാത്രി എന്താണ് സംഭവിച്ചത്?

രാത്രി ഒന്നരമണിക്ക് ശേഷമാണ് സംഭവവികാസങ്ങളുണ്ടായത്. ഞാന്‍ ഉറക്കത്തിലായിരുന്നു. സമരപന്തലിന്റെ മറുവശത്ത് നിന്ന് ശരണംവിളി കേട്ടുവെങ്കിലും അത് സ്വാഭാവികമാണെന്നാണ് ഞാന്‍ കരുതിയത്. പക്ഷേ അടുത്ത നിമിഷം ഒരു വലിയ തീഗോളം ഞങ്ങള്‍ കിടന്നിരുന്ന ഭാഗത്തേക്ക് വരുന്നതാണ് കണ്ടത്. എന്റെ ഗണ്‍മാനും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് അയാളെ അടിച്ചിട്ടിട്ടും അയാള്‍ തറയില്‍ കിടന്നു കൊണ്ട് ശരണമന്ത്രം ഉരുവിടുന്നുണ്ടായിരുന്നു. അയ്യപ്പന് വേണ്ടി എനിക്കിത്രയൊക്കെ ചെയ്യാന്‍ പറ്റൂവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്റെ തൊട്ടടുത്താണ് ഇത് സംഭവിച്ചത്. അതൊരു ഞെട്ടിക്കുന്ന സംഭവമായിരുന്നു. സമരപന്തലിലേക്ക് അയാള്‍ വീണിരുന്നെങ്കില്‍ വേറൊരു ദുരന്തമായി അത് മാറുമായിരുന്നു. ശബരിമല തീര്‍ത്ഥാടനവും ശബരിമല അയ്യപ്പ ധര്‍മ്മ സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള സമരങ്ങളുടെ അന്തരാര്‍ത്ഥം കേരളാ മുഖ്യമന്ത്രി ഇതുവരെയും മനസിലാക്കിയിട്ടില്ല. അയ്യപ്പഭക്തന്മാര്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറാണെന്നുള്ളതിന്റെ സൂചനയായാണ് എനിക്കിതിനെ കാണാന്‍ കഴിയുന്നത്.

തീവ്രഭക്തി അപകടമാണെന്ന സന്ദേശമല്ലേ ഈ സംഭവം വിരല്‍ചൂണ്ടുന്നത്?

തീവ്രഭക്തി ഒരു തകരാറാണെന്ന് കണക്കാക്കേണ്ട കാര്യമില്ല. കേരളത്തിലും പുറത്തുമുള്ള അയ്യപ്പഭക്തന്മാര്‍ എത്രത്തോളം തീവ്രമായ സമര്‍പ്പമനോഭാവത്തോട് കൂടിയാണ് ദര്‍ശനത്തിനും തീര്‍ത്ഥാടനത്തിനും ഒരുങ്ങുന്നത്. അതിന്റെ ഘനസാന്ദ്രത ശരിക്കും മനസിലാക്കാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. അത് കാണാന്‍ നമ്മള്‍ തയ്യാറാകണം. അയ്യപ്പഭക്തന്മാരുടെ ഹൃദയം മുറിവേറ്റ് വൃണപ്പെട്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായ ധാര്‍ഷ്ട്യം നിറഞ്ഞ സമീപനം കൊണ്ടാണ് ഇത് സംഭവിച്ചിരിക്കുന്നത്. അതുകൊണ്ട് ഇപ്പോള്‍ അയ്യപ്പഭക്തന്മാര്‍ സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്യുന്ന തരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നുണ്ട്. കാര്യത്തിന്റെ ഗൗരവം മുഖ്യമന്ത്രി മനസിലാക്കി നാട്ടില്‍ നടക്കുന്ന ബഹുജനസമരങ്ങളോട് ഇതുവരെ തുടര്‍ന്നിരുന്ന കര്‍ക്കശമായ നിലപാട് മാറ്റണമെന്നാണ് ഞാന്‍ ഈ സമയത്ത് അഭ്യര്‍ത്ഥിക്കുന്നത്.

നിരാഹാരസമരം തുടങ്ങി എട്ട് ദിവസം കഴിയുന്നു. നിരാഹാരസമരം താങ്കളില്‍ നിന്ന് മറ്റൊരാളിലേക്ക് മാറാന്‍ സാധ്യതയുണ്ടോ?

എന്‍ രാധകൃഷ്ണനെ അവശനായതിനെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്ത് മാറ്റുകയായിരുന്നു. എന്റെ ആരോഗ്യത്തിന് ഇതുവരെ കുഴപ്പമില്ല. സമരം ചെയ്യാന്‍ തയാറായുള്ള, സമരം ചെയ്യാന്‍ പ്രാപ്തിയുള്ള ആളുകള്‍ വരുംവരെയും നിരാഹാരസമരം തുടര്‍ന്നു പോകും. മരണം വരെ നിരാഹാരം എന്നല്ല, ഒരാളുടെ ആരോഗ്യം അനുവദിക്കുന്ന കാലത്തോളം നിരാഹാരം ചെയ്യുക എന്നതാണുള്ളത്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂലതീരുമാനമുണ്ടാകുന്നത് വരെ സമരരീതിയില്‍ മാറ്റം വരുത്താനും പാര്‍ട്ടിക്ക് ഇപ്പോള്‍ ഉദ്ദേശമില്ല. ഇതുവരെയും ചര്‍ച്ചയ്ക്ക് വിളിക്കാനുള്ള മര്യാദ പോലും സര്‍ക്കാര്‍ കാണിച്ചിട്ടില്ല. സാധാരണ നിലയില്‍ സമരം ചെയ്യുന്ന സംഘടനകളുമായി ചര്‍ച്ച നടത്തുക എന്നത് ജനാധിപത്യ സര്‍ക്കാരിന്റെ മൗലികമായ കര്‍ത്തവ്യമാണ്. പിണറായി സര്‍ക്കാര്‍ അതില്‍ ജനാധിപത്യ നിലപാട് സ്വീകരിച്ചിട്ടില്ല. മാത്രമല്ല പല സന്ദര്‍ഭങ്ങളിലും പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഒരു തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ സര്‍ക്കാരിന്റെ ചുമതല ജനങ്ങളുടെ അഭിലാഷത്തിനനുസരിച്ച് നിലപാടുകള്‍ കൈക്കൊള്ളണമെന്നുള്ളതാണ്. ഒരു തരത്തിലുമുള്ള അനനുനയത്തിനും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായിട്ടില്ല. ചര്‍ച്ചയ്ക്ക് പോലും തയാറല്ല എന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിട്ടുള്ളത്. അങ്ങനെയൊരു ജനാധിപത്യ വിരുദ്ധമായ, അഹന്ത നിറഞ്ഞ നിലപാടിനെതിരായി കര്‍ക്കശമായ സമരപരിപാടികള്‍ ആവിഷ്‌കരിക്കേണ്ടി വരും. അതിനെക്കുറിച്ച് പാര്‍ട്ടി നേതാക്കന്മാര്‍ തീരുമാനിക്കും.

ബിജെപിയുടെ സമരപന്തലില്‍ എന്തിനാണ് മഹാത്മാഗാന്ധിയുടെ ചിത്രം?

നിരാഹാരസമരവും ഉപവാസ സമരവും തമ്മില്‍ ചെറിയ വ്യത്യാസമുണ്ട്. നിരാഹാരസമരം എന്നാല്‍ ആഹാരം കഴിക്കാതെ കിടക്കുന്ന സമരം എന്നാണ് ഉള്ളത്. ഉപവാസ സമരം എന്ന് പറയുമ്പോള്‍ അതിന് കുറച്ചു കൂടി ഉദാത്തമായ അര്‍ത്ഥമാണുള്ളത്. ഉപവസിക്കുക എന്നാല്‍ ദൈവത്തിന്റെ അടുത്തിരിക്കുക എന്ന് കൂടിയാണ്. ഏതൊരു കാര്യത്തിന് വേണ്ടിയാണോ ഉപവസിക്കുന്നത് അതിന് ധാര്‍മികതയുടെ സാന്നിധ്യം ആവശ്യമുണ്ട്. മഹാത്മജി പറഞ്ഞത് ആര്‍ക്കെതിരെയാണോ നമ്മള്‍ ഉപവസിക്കുന്നത് അവരോട് മനസില്‍ ഒരു വിദ്വേഷവും പാടില്ല എന്നാണ്. അങ്ങനെയാകുമ്പോഴാണ് ഉപവാസം ഫലം കാണുകയുള്ളൂ. മറ്റുള്ളവരുടെ മാനസാന്തരത്തിന് വേണ്ടിയുള്ള സ്വയം പീഡനമാണത്. ക്രിസ്തു ലോകത്തിന്റെ പാപം സ്വയം ഏറ്റെടുത്തു. അതേ സന്ദേശമാണ് മഹാത്മജി ഏറ്റെടുത്തത്. അതുകൊണ്ടാണ് മഹാത്മാ ഗാന്ധിയുടെ ചിത്രം സമരപന്തലില്‍ വെക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടത്.

ബിജെപി മാര്‍ച്ചിനിടയിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് നടത്തിയ ഹര്‍ത്താല്‍ വിജയകരമായിരുന്നോ?

ഹര്‍ത്താല്‍ പരിപൂര്‍ണവിജയമായിരുന്നു. സെക്രട്ടറിയേറ്റിന് മുന്നില്‍ ഉണ്ടായ മാര്‍ച്ചില്‍ പോലീസ് വളരെ മോശമായാണ് പെരുമാറിയത്. സ്ത്രീകളെ ക്രൂരമായാണ് മര്‍ദ്ദിച്ചത്. അത്തരമൊരു നടപടിയില്‍ പ്രതിഷേധിച്ചാണ് തിരുവനന്തപുരത്ത് ഹര്‍ത്താല്‍ ആചരിച്ചത്. ബഹുമാനപ്പെട്ട ഹൈക്കോടതി തന്നെ ശബരിമലയില്‍ പ്രശ്നങ്ങളൊന്നും തന്നെയില്ലെന്ന് വിലയിരുത്തി. ആ സാഹചര്യത്തില്‍ നിലയ്ക്കലിലെ 144 പിന്‍വലിക്കണം. ശബരിമല ഭക്തന്മാരുടെ ശബരിമല യാത്രക്ക് അത് വലിയ തടസമുണ്ടാക്കുന്നുണ്ട്. കൂടാതെ അന്ന് നിരാഹാരസമരം നയിച്ചിരുന്ന എ.എന്‍ രാധകൃഷ്ണന്റെ നിരാഹാരം അവസാനിപ്പിക്കാനായി ചര്‍ച്ച നടത്തണമെന്ന ആവശ്യവും മാര്‍ച്ചില്‍ ഉയര്‍ത്തിയിരുന്നു. അതിനിടയിലാണ് സംഘര്‍ഷമുണ്ടായതും പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതും.

അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിക്ക് ദാരുണമായ പരാജയമുണ്ടായതിനെ കുറിച്ച് എന്താണ് അഭിപ്രായം?

ജനങ്ങളുടെ വിധിയെ അംഗീകരിക്കുന്നു. സര്‍ക്കാരിനുള്ള മുന്നറിയിപ്പാണ് ജനങ്ങള്‍ തെരഞ്ഞെടുപ്പ് ഫലത്തിലൂടെ നല്‍കിയിട്ടുള്ളത്. രാജസ്ഥാന്‍ പോലുള്ള സ്ഥലങ്ങളിലൊക്കെ ചെറിയ ക്ഷീണമുണ്ടാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ ബാക്കി സംസ്ഥാനങ്ങളിലുണ്ടായ വീഴ്ച ജനങ്ങളുടെ ഭരണവിരുദ്ധ വികാരം പ്രബലമായിരുന്നുവെന്നാണ് തെളിയിക്കുന്നത്. പാര്‍ലമെന്ററി തെരഞ്ഞെടുപ്പിന് മുന്നെയുള്ള സൂചനയാണ് ഇതെങ്കിലും ഇത്തവണ കേന്ദ്രഭരണം മാറുമെന്ന് പ്രതീക്ഷിക്കുന്നില്ല.

എനിക്ക് സമൂഹത്തോട് വെറുപ്പാണ്; ജനങ്ങൾ ചെയ്തു കൂട്ടുന്നതു കാരണമാണ് ഞാൻ സ്വയം പെട്രോൾ ഒഴിച്ച് കത്തിച്ചത്: വേണുഗോപാലൻ നായരുടെ മരണമൊഴി

ശബരിമല സമരത്തെ ഗൌനിക്കാത്ത പൊതുജനത്തിനെതിരെ ഹര്‍ത്താല്‍ നടത്താന്‍ ‘നിര്‍ബന്ധിക്കപ്പെട്ട’ ബിജെപി

ഒരുവര്‍ഷം തികച്ചില്ല, കേരളത്തില്‍ നടന്നത് 97 ഹര്‍ത്താല്‍; തുടക്കം സിപിഎമ്മിലൂടെ; ഏറ്റവും കൂടുതല്‍ ബിജെപി

ആരതി എം ആര്‍

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍