UPDATES

ട്രെന്‍ഡിങ്ങ്

വന്ദേമാതരത്തിന്റെ പേരില്‍ ബിജെപി മീഡിയസെല്‍ കണ്‍വീനറുടെ ശകാരം: കാരണം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോ?

ബിജെപിയോട് വിരോധമുണ്ടെങ്കിലും വന്ദേമാതരത്തെ അപമാനിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു രോഷ പ്രകടനം

ബിജെപിയുടെ ഔദ്യോഗിക പരിപാടിക്കിടെ നടന്ന വന്ദേമാതര ഗാനാലാപനത്തിന് മാധ്യമപ്രവര്‍ത്തകര്‍ എഴുന്നേറ്റ് നിന്നില്ലെന്ന് പറഞ്ഞ് ബിജെപി മീഡിയ സെല്‍ കണ്‍വീനറുടെ ശകാരം. ഏതു രാഷ്ട്രീയ പാര്‍ട്ടിയുടേതാണെങ്കിലും രാഷ്ട്രീയ അനുഷ്ഠാനങ്ങളുടെ ഭാഗമായി പാര്‍ട്ടി അനുഭാവി ആണെങ്കില്‍ കൂടിയും മാധ്യമപ്രവര്‍ത്തകര്‍ എഴുന്നേറ്റു നില്‍ക്കുന്ന പതിവില്ല. ഇവിടെയാണ് മുന്‍ മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ ബിജെപിയുടെ മീഡിയ സെല്‍ കണ്‍വീനര്‍ രോഷ പ്രകടനം നടത്തിയത്.

ബിജെപിയോട് വിരോധമുണ്ടെങ്കിലും വന്ദേമാതരത്തെ അപമാനിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു രോഷ പ്രകടനം. ആദ്യം മുന്‍പരിചയത്തിന്റെ പേരില്‍ തമാശയായെടുത്ത മാധ്യമപ്രവര്‍ത്തകര്‍ പിന്നീട് എന്തുതെറ്റാണ് ചെയ്തതെന്ന് അറിയണമെന്ന് നിലപാടെടുത്തു. അതേസമയം കുമ്മനം രാജശേഖരന് നേരെ ഉന്നയിച്ച ചില ചോദ്യങ്ങളാണ് യഥാര്‍ത്ഥത്തില്‍ ഈ രോഷപ്രകടനത്തിന് കാരണമെന്നാണ് ഇപ്പോള്‍ ആരോപണം ഉയരുന്നത്.

ജനരക്ഷാ യാത്രയുടെ കോട്ടയം ജില്ലയിലെ പര്യടനത്തിന് മുന്നോടിയായി കുമ്മനം രാജശേഖരന്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിന് ശേഷമായിരുന്നു സംഭവം. രാവിലെ 8.30നാണ് പത്രസമ്മേളനം വിളിച്ചുചേര്‍ത്തതെങ്കിലും പൗരപ്രമുഖരുമായുള്ള കൂടിക്കാഴ്ചയാണ് ആദ്യം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തരുതെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. അതോടെ ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ വേദിയുടെ പിന്നിലേക്ക് മാറിയിരുന്നു. അവര്‍ അവിടെയിരുന്ന് സംസാരിക്കുന്നതിനിടെയാണ് വന്ദേമാതരം ആലപിച്ചത്. പലരും ബഹളത്തിനിടെ ഇത് കേട്ടില്ല. മാത്രമല്ല രാഷ്ട്രീയ പരിപാടിക്കിടെയുള്ള അനുഷ്ഠാനങ്ങളുടെ ഭാഗമാകുന്ന പതിവില്ലാത്തതിനാല്‍ ആരും എഴുന്നേറ്റതുമില്ല.

തുടര്‍ന്ന നടന്ന പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ച ചില ചോദ്യങ്ങള്‍ നേതാക്കളെ അലോസരപ്പെടുത്തുന്നതായിരുന്നു. സോളാര്‍ കേസിനെക്കുറിച്ചും ടിപി വധക്കേസിലെ ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തെക്കുറിച്ചും സംസാരിച്ച കുമ്മനം അമിത് ഷായുടെ മകന്റെ അഴിമതിയെക്കുറിച്ച് ചോദിച്ചപ്പോള്‍ മൗനം പാലിക്കുകയായിരുന്നു. കേരളത്തിലെ ആശുപത്രികളെക്കുറിച്ച് യോഗി ആദിത്യനാഥ് നടത്തിയ പരാമര്‍ശത്തെക്കുറിച്ചും കുമ്മനത്തിന് ഒന്നും പറയാനുണ്ടായിരുന്നില്ല. സമയപ്രശ്‌നം ചൂണ്ടിക്കാട്ടി പത്രസമ്മേളനം അവസാനിപ്പിച്ച ശേഷം ജനരക്ഷാ യാത്ര റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ പോലും ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കുന്നത് കുമ്മനത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. കുമ്മനത്തിന്റെ സ്വന്തം ജില്ലയിലെങ്കിലും അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടു. ഇതിനിടെയാണ് മീഡിയ സെല്‍ കണ്‍വീനര്‍ രംഗത്തെത്തിയതും മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറിയതും.

നിങ്ങള്‍ക്ക് ബിജെപിയോട് വിരോധം കാണും പക്ഷെ അത് വന്ദേമാതരത്തോട് വേണ്ട. വന്ദേമാതരം ആലപിച്ചപ്പോള്‍ നിങ്ങള്‍ സെല്‍ഫി എടുത്ത് രസിക്കുകയായിരുന്നു. ഇതൊന്നും നല്ലതല്ല. എന്നുതുടങ്ങി പത്ത് മിനിറ്റോളം നീണ്ട ശകാരമായിരുന്നു നടന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ അനുഷ്ഠാനത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ എഴുന്നേറ്റ് നില്‍ക്കണമെന്ന് ആരും നിര്‍ബന്ധം പിടിക്കാത്തിടത്താണ് ബിജെപി നടത്തുന്ന പരിപാടികള്‍ക്ക് മുന്നോടിയായുള്ള ദേശഭക്തിഗാനത്തിന് എഴുന്നേറ്റ് നിന്നേ പറ്റൂവെന്ന കടുംപിടിത്തവുമായി ബിജെപി രംഗത്തെത്തുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍