UPDATES

ട്രെന്‍ഡിങ്ങ്

ശ്രീധരൻ പിള്ളയെ കണ്ടാൽ ബി ജെ പിയിൽ അംഗമാകുമോ? അച്ചന്‍മാര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നെന്ന കള്ളവും പൊളിയുന്നു

ആശംസ അർപ്പിച്ചാലോ നമസ്കരിച്ചാലോ മെമ്പർ ആകില്ലെന്നും ഈ പുരോഹിതൻ ഓർമ്മിപ്പിക്കുന്നു. വെറുതെ അഭ്യൂഹങ്ങൾ പടച്ചുവിടുമ്പോൾ സത്യമെന്തെന്ന് അന്വേഷിക്കണമെന്നും തന്റെ പ്രവർത്തന രംഗം ആത്മീയ രംഗവും വിദ്യാഭ്യാസ രംഗവുമാണെന്നും ഇദ്ദേഹം പറയുന്നു.

നുണ പ്രചരണത്തിനുള്ള വേദിയാകുന്നുവെന്നാണ് സോഷ്യൽ മീഡിയയെക്കുറിച്ച് പരക്കെ ഉയരുന്ന അധിക്ഷേപം. സമൂഹത്തിന്റെ പരിഛേദമാണ് സോഷ്യൽ മീഡിയ എന്ന സ്ഥിതിയാണ് ഇന്ന്. അതിനാൽ തന്നെ ഇന്നത്തെ കാലത്ത് പ്രചരണത്തിനുള്ള ഏറ്റവും മികച്ച ഇടവും ഇതുതന്നെയാണ്. സോഷ്യൽ മീഡിയയെ നുണപ്രചരണത്തിനായി ഉപയോഗിക്കുന്നുവെന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളെക്കുറിച്ചും ആരോപണം ഉയരാറുണ്ട്. ദേശീയതലത്തിലായാലും, സംസ്ഥാന തലത്തിലായാലും ഇത്തരം വ്യാജ പ്രചരണങ്ങൾ ഏറ്റവുമധികം നടത്തുന്നത് ബി ജെ പിയാണെന്നും ആരോപണം ഉയരാറുണ്ട്. ഇതിൽ പലതും സോഷ്യൽ മീഡിയയിൽ തന്നെ തെളിവു സഹിതം പൊളിയാറുണ്ട്. ആഘോഷത്തോടെ ആരംഭിച്ച ഈ പ്രചരണങ്ങൾ പിന്നീട് ട്രോളർമാർക്ക് ആളെ ചിരിപ്പിക്കാനുള്ള വിഷയം മാത്രമായി തീരുകയും ചെയ്യും.

കോട്ടയത്ത് അഞ്ച് ക്രിസ്ത്യൻ പുരോഹിതർ ബി ജെ പിയിൽ അംഗത്വമെടുത്തെന്ന വാർത്ത ഫോട്ടോ സഹിതം പ്രചരിക്കുകയാണ് ഇപ്പോൾ. സംസ്ഥാന ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ഇന്നലെ വൈകിട്ട് ഏഴിനാണ് ഈ വാർത്ത ചിത്രങ്ങൾ സഹിതം പ്രത്യക്ഷപ്പെട്ടത്. കോട്ടയത്ത് 3 പുരോഹിതന്മാരും 2 ഡീക്കന്മാരും ബി ജെ പി അംഗത്വമെടുത്തുവെന്നാണ് ബി ജെ പി കേരളം എന്ന പേജ് അവകാശപ്പെട്ടത്. കോട്ടയത്ത് നടന്ന സ്വകാര്യ ചടങ്ങിലാണ് ബി ജെ പി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ള ഇവർക്ക് അംഗത്വം നൽകി സ്വീകരിച്ചതെന്നും പോസ്റ്റിൽ പറയുന്നു. കൂടാതെ കേരളത്തിലെ മാറുന്ന രാഷ്ട്രീയത്തിന്റെ സൂചനയാണിതെന്നും പിള്ള അവകാശപ്പെടുന്നു.

അച്ചന്മാരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു കൊണ്ട് ശ്രീധരന്‍ പിള്ള തന്റെ ഫേസ്ബുക്ക് പേജിലിട്ട കുറിപ്പിലാണ് ഇങ്ങനെ പറഞ്ഞിരിക്കുന്നത്. ഫാദർമാരായ ജെ മാത്യു മണവത്ത് മണർകാട്, ഗീവർഗ്ഗീസ് കിഴക്കേടത്ത് മണർകാട്, തോമസ് കുളത്തുംഗൽ എന്നിവരും ഡീക്കന്മാരായ ആൻഡ്രൂസ് മംഗലത്ത് ഇടുക്കി, ജിതിൻ കുര്യാക്കോസ് മൈലക്കാട്ട് എന്നിവരുമാണ് അംഗത്വം സ്വീകരിച്ചതായി ബിജെപി അവകാശപ്പെടുന്നത്. ബി ജെ പിയുടെ കാഴ്ചപ്പാടുകളിലും പ്രവർത്തനങ്ങളിലും ആകൃഷ്ടരായാണ് തങ്ങൾ അംഗത്വമെടുത്തതെന്ന് ഇവർ പറഞ്ഞതായും ബി ജെ പി അവകാശപ്പെടുന്നു. പുരോഹിതർ ബി ജെ പി ഷാൾ അണിഞ്ഞ് നേതാക്കൾക്കൊപ്പം നിൽക്കുന്ന ചിത്രവും വിശ്വാസ്യതയ്ക്കായി നൽകിയിട്ടുണ്ട്.

അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് ന്യൂനപക്ഷങ്ങളെ പാർട്ടിയിലേക്ക് അടുപ്പിക്കുന്ന ബി ജെ പി നീക്കമായാണ് ഇത് വിലയിരുത്തപ്പെട്ടത്. അതേസമയം ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ട് നാല് മണിക്കൂറിനകം തന്നെ ഇതിലെ പൊള്ളത്തരവും തെളിഞ്ഞു. പാർട്ടി അംഗത്വം സ്വീകരിച്ചുവെന്ന് ബി ജെ പി അവകാശപ്പെടുന്ന മാത്യു മണവത്ത് തന്നെയാണ് താൻ ഒരു പാർട്ടിയുടെയും അംഗത്വം സ്വീകരിച്ചില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയത്. ഈ പേജിന്റെ ഉത്തരവാദിത്വപ്പെട്ടവർ തെറ്റ് തിരുത്തണം എന്നാണ് മാത്യു മണവത്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെടുന്നത്.

ആശംസ അർപ്പിച്ചാലോ നമസ്കരിച്ചാലോ മെമ്പർ ആകില്ലെന്നും ഈ പുരോഹിതൻ ഓർമ്മിപ്പിക്കുന്നു. വെറുതെ അഭ്യൂഹങ്ങൾ പടച്ചുവിടുമ്പോൾ സത്യമെന്തെന്ന് അന്വേഷിക്കണമെന്നും തന്റെ പ്രവർത്തന രംഗം ആത്മീയ രംഗവും വിദ്യാഭ്യാസ രംഗവുമാണെന്നും ഇദ്ദേഹം പറയുന്നു. രാഷ്ട്രീയം തന്റെ മേഖലയല്ലാത്തതിനാൽ തന്നെ ബി ജെ പിയുടെയോ കോൺഗ്രസിന്റെയോ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയോ അംഗമാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും മാത്യു മണവത്ത് വ്യക്തമാക്കി.

അതേസമയം താൻ ശ്രീധരൻ പിള്ളയെ സന്ദർശിച്ചെന്ന് മാത്യു അച്ചൻ സമ്മതിക്കുന്നുണ്ട്. തന്റെ നാടായ മലയത്തെ ഒരു ഹൈന്ദവ സഹോദരന്റെ മൃതദേഹം സൗദിയിൽ നിന്നും കൊണ്ടുവരാൻ നിർധനരായ ആ കുടുംബത്തെ സഹായിക്കണമെന്ന് അപേക്ഷിക്കാനായിരുന്നു അതെന്നാണ് മാത്യു മണവത്ത് വ്യക്തമാക്കിയത്. ശ്രീധരൻ പിള്ളയെ കണ്ടാൽ ബി ജെ പി അംഗമാകുമോയെന്ന് ചോദിക്കുന്ന ഇദ്ദേഹം ഇതേ ആവശ്യത്തിനായി ജോസ് കെ മാണിയെയും കണ്ടതായും അത് എഴുതാത്തത് എന്താണെന്നും ചോദിക്കുന്നു.

ഡീക്കൺ ജിതിൻ മാത്യുവും ബി ജെ പി പ്രചരണത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. തനിക്ക് നിഷ്പക്ഷ ചിന്താഗതിയാണെന്നും താൻ ഒരു പാർട്ടിയിലും അംഗത്വമെടുത്തിട്ടില്ലെന്നുമാണ് ജിതിൻ മാത്യു പറയുന്നത്.

അച്ചന്റെ പോസ്റ്റ് പുറത്തു വന്നതോടെ രണ്ട് വിധത്തിലുള്ള അഭിപ്രായങ്ങളും ഉയർന്നു. അച്ചൻ നിലപാടിൽ ഉറച്ചു നിൽക്കുന്നയാളല്ലെന്നാണ് സംഘപരിവാർ അനുകൂലികൾ ആരോപിക്കുന്നത്.

നേരത്തെ തന്നെ പാർട്ടി അംഗമായ ഫാ. ഗീവർഗീസ് കിഴക്കേടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റും ഇവർ പ്രചരിപ്പിക്കുന്നു. ”ബി ജെ പിയുടെ സംസ്ഥാന പ്രസിഡന്റിൽ നിന്നും പുതുതായി അംഗത്വമെടുത്ത പുരോഹിതർക്കൊപ്പം ഞാനും” എന്നാണ് ഗീവർഗീസ് കിഴക്കേടത്തിന്റെ ഫോട്ടോ ഉൾപ്പെടെയുള്ള ഫേസ്ബുക്ക് പോസ്റ്റ്. കോട്ടയത്തെ ചടങ്ങിൽ അച്ചന്മാർ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ പ്രചരിപ്പിച്ച് മാത്യു മണവത്തിന് അഭിപ്രായ സ്ഥിരതയില്ലെന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങളും സംഘപരിവാറിന്റെ ഭാഗത്തു നിന്നും നടക്കുന്നുണ്ട്. എന്നാൽ ഈ വീഡിയോകളിൽ ഗീവർഗീസ് കിഴക്കേടത്ത്, തോമസ് കുളത്തുംഗൽ, ആൻഡ്രൂസ് മംഗലത്ത് എന്നിവർ മാത്രമാണ് ബി ജെ പിയിൽ ചേരുന്നതായി പ്രഖ്യാപിക്കുന്നത്. എന്നിട്ടും മാത്യു മണവത്തിന്റെയും ജിതിൻ മാത്യുവും അംഗത്വം സ്വീകരിക്കാനുള്ള അസൗകര്യം അറിയിക്കുന്നുമുണ്ട്.

അതേസമയം അബദ്ധത്തിൽ ഒരു മിസ് കോൾ അടിച്ചാൽ പോലും അംഗത്വം തരുന്ന പാർട്ടി ആശംസകൾ നേർന്ന അച്ചനെ കേന്ദ്ര മന്ത്രിയാക്കുമെന്ന് പരിഹസിക്കുന്നവരും ഉണ്ട്. ബി ജെ പിയുടെ മറ്റൊരു നുണ പ്രചരണം എന്നു തന്നെയാണ് മുഖ്യമായും വിമർശനം ഉയരുന്നത്.

തങ്ങളുടെ പേര് ഉൾപ്പെടുത്തിയതിനെതിരെ അച്ചന്മാർ പ്രതികരിച്ചതോടെ എല്ലാ അച്ചന്മാരുടെയും പേരുകൾ ഒഴിവാക്കി തടിതപ്പിയിരിക്കുകയാണ് ബി ജെ പി കേരളം. അച്ചൻമാരുടെ പേരുകൾക്കൊപ്പം അഞ്ച് ക്രിസ്ത്യൻ പുരോഹിതന്മാർ എന്ന പരാമർശവും പുതിയ പോസ്റ്റിൽ ഒഴിവാക്കിയിട്ടുണ്ട്. അതേസമയം ശ്രീധരൻ പിള്ളയുടെ പോസ്റ്റിൽ ഇതുവരെയും മാറ്റമൊന്നും വരുത്തിയിട്ടുമില്ല.

‘ഹജ്ജിനു പോകുന്ന മുസ്ലിങ്ങൾക്ക് സൗജന്യ യാത്ര, ശബരിമല തീർഥാടകർക്ക് ടിക്കറ്റിന് നൂറു രൂപ’: നുണ പ്രചരണം പൊളിയുന്നു

രാഹുല്‍ ഗാന്ധി പോണ്‍ കണ്ടോ? സംഘപരിവാറിന്റെ ഫോട്ടോഷോപ്പിന് വിശ്രമമില്ല

ജൈന സന്യാസിയെ മുസ്ലീങ്ങള്‍ ‘ആക്രമിച്ചു’: സംഘപരിവാര്‍ സൈറ്റിന്റെ നുണയുമായി ട്വിറ്ററില്‍ മോദി ഫോളോ ചെയ്യുന്നവര്‍

നരേന്ദ്ര മോദി ഫോളോ ചെയ്യുന്ന സംഘപരിവാര്‍ വ്യാജവാര്‍ത്താ സൈറ്റ് എഡിറ്റര്‍ അറസ്റ്റില്‍

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍