UPDATES

ട്രെന്‍ഡിങ്ങ്

സമരം പൊളിഞ്ഞു, ഇനി വോട്ടില്‍ പ്രതിഫലിക്കുമോ എന്നാണ് അറിയേണ്ടത്; ശബരിമലയില്‍ ബിജെപി പദ്ധതികള്‍ ഇനിയെന്ത്?

സംഘടനാ കാര്യങ്ങളിലും ശബരിമല സമരത്തിലും ആര്‍എസ്എസ് നടത്തുന്ന ഇടപെടലുകള്‍ ബിജെപിക്കുള്ളില്‍ തന്നെ അമര്‍ഷമുണ്ടാക്കുന്നു

ശബരിമല തീര്‍ത്ഥാടനത്തിലെ പ്രധാന ദിവസങ്ങള്‍ അവസാനിച്ചിരിക്കുകയാണ്. ഇന്നലെ മകര വിളക്കിന് ശേഷം നടയടച്ചതോടെ ഈ വര്‍ഷത്തെ തീര്‍ത്ഥാടനം അവസാനിച്ചു. ഈമാസം 20-ാം തിയതിയോടെ മാത്രമാണ് ശബരിമല നട അടയ്ക്കുന്നതെങ്കിലും ഇനിയുള്ള തീര്‍ത്ഥാടകരെ സംബന്ധിച്ച് പ്രധാനപ്പെട്ട ദിവസങ്ങളല്ല. അതേസമയം ശബരിമല യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ചും ആചാര സംരക്ഷണം ആവശ്യപ്പെട്ടും സെക്രട്ടേറിയറ്റിന് മുന്നില്‍ ബിജെപി നടത്തുന്ന സമരം 45 ദിവസമായി തുടരുകയാണ്. സെപ്തംബര്‍ 28ന് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം ആരംഭിച്ചതോടെയാണ് ശബരിമലയുടെ പേരിലുള്ള കോലാഹലങ്ങള്‍ കേരളത്തില്‍ ആരംഭിച്ചത്. തുടക്കത്തില്‍ വിധിയെ സ്വാഗതം ചെയ്ത ബിജെപി വിധിയെ എതിര്‍ത്ത എന്‍എസ്എസിന്റെ പിന്നില്‍ അണിനിരന്ന ആയിരക്കണക്കിന് ആളുകളെ കണ്ട് കണ്ണുതള്ളിയാണ് സമരമേറ്റെടുത്തത്. കേരളത്തില്‍ വേരുറപ്പിക്കാന്‍ എന്തുചെയ്യുമെന്ന് ചിന്തിച്ചിരുന്ന അവര്‍ നാമജപ പ്രതിഷേധത്തില്‍ അണിനിരന്ന ജനബാഹുല്യം കണ്ട് അന്തംവിട്ട് കുന്തം വിഴുങ്ങി പോയി എന്നുതന്നെ പറയാം.

തുലാമാസ പൂജകള്‍ക്ക് നടതുറന്നപ്പോള്‍ ഭക്തര്‍ക്ക് പിന്തുണയുമായെത്തിയാണ് ബിജെപി സമരമേറ്റെടുക്കുന്നത്. ശബരിമല ആചാര സംരക്ഷണത്തിനായി അവര്‍ പന്തളത്തുനിന്നും തിരുവനന്തപുരത്തേക്ക് ജാഥ നടത്തുകയും ചെയ്തു. എന്നാല്‍ ആ ജാഥ മുതല്‍ ബിജെപിക്ക് പിഴയ്ക്കാനും തുടങ്ങി. കൊല്ലം തുളസി മുതല്‍ പന്തളത്തെ വീട്ടമ്മ വരെ ജാഥയ്ക്കിടയില്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ കേസില്‍ കുരുങ്ങി. ശബരിമലയില്‍ പ്രവേശിക്കാനെത്തിയ യുവതികളെ തടയാനെന്ന പേരില്‍ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തിയ അതിക്രമങ്ങള്‍ നിലയ്ക്കലിലെ പോലീസ് ലാത്തിച്ചാര്‍ജ്ജിലാണ് കലാശിച്ചത്. മാധ്യമപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും പോലീസുകാരുമായ യുവതികളെ പോലും ആക്രമിച്ച സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. അപ്പോഴൊന്നും മുതിര്‍ന്ന നേതാക്കള്‍ കേസില്‍ അകപ്പെട്ട് തുടങ്ങിയിരുന്നില്ല. നിലയ്ക്കല്‍ ലാത്തി ചാര്‍ജ്ജില്‍ പ്രതിഷേധിച്ച് സംസ്ഥാന-ജില്ലാ പോലീസ് ആസ്ഥാനങ്ങളില്‍ ബിജെപി പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിച്ചു. അതിന് ശേഷം ചിത്തിര ആട്ടത്തിന് നട തുറന്നപ്പോഴാണ് ബിജെപിയുടെ നേതൃത്വം ശബരിമലയിലെത്താന്‍ ആരംഭിച്ചത്. നിരോധനാജ്ഞ ലംഘിക്കാനെത്തിയ ഓരോ നേതാക്കള്‍ക്കുമെതിരെ കേസെടുത്തു.

ചിത്തിര ആട്ടത്തിന് കൊച്ചുമകന്റെ ചോറൂണിന് ശബരിമലയിലെത്തിയ അമ്പത് കഴിഞ്ഞ സ്ത്രീയെ ആക്രമിച്ച കേസില്‍ ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ കുടുങ്ങി. മണ്ഡലകാല-മകരവിളക്ക് ഉത്സവത്തിന് നടതുറന്നപ്പോള്‍ ശബരിമല ദര്‍ശനത്തിനെത്തിയ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയെ നിരോധനാജ്ഞയുടെ പേരില്‍ സന്നിധാനത്ത് തടയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത് ഈ വിഷയത്തിലെ ആദ്യ ഹര്‍ത്താലിന് വഴിവച്ചു. ശബരിമല കര്‍മ്മ സമിതി പ്രഖ്യാപിച്ച ഹര്‍ത്താലിന് ബിജെപി പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. നവംബര്‍ 18ന് ശബരിമല ദര്‍ശനത്തിനെത്തിയ കെ സുരേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്യുകയും ദിവസങ്ങളോളം തടവിലാക്കുകയും ചെയ്തു. ശശികലയ്ക്ക് വേണ്ടി നടത്തിയ ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ച ബിജെപി സുരേന്ദ്രന് വേണ്ടി ഒരു പ്രതിഷേധ യോഗം പോലും സംഘടിപ്പിക്കുന്നില്ലെന്ന് വന്നതോടെ പാര്‍ട്ടി നേതൃത്വം രണ്ട് തട്ടിലായി. സുരേന്ദ്രന്‍ അറസ്റ്റിലായതോടെ ബിജെപി നേതൃത്വത്തിന് സന്നിധാനത്ത് സമരം ചെയ്യാന്‍ ആളില്ലാതാകുകയും ചെയ്തു.

അതോടെ ശബരിമല സമരം തിരുവനന്തപുരത്തേക്ക് മാറ്റാന്‍ ബിജെപി നേതൃത്വം തീരുമാനിച്ചു. ഡിസംബര്‍ മൂന്ന് മുതല്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുകയും ചെയ്തു. ഈ സമരമാണ് ഇപ്പോഴും സെക്രട്ടേറിയറ്റിന് മുന്നില്‍ തുടരുന്നത്. ജനുവരി 22ന് സുപ്രിംകോടതിയില്‍ റിവ്യൂ ഹര്‍ജികള്‍ സ്വീകരിക്കണമോയെന്ന് സുപ്രിംകോടതി വിധിക്കുന്ന ദിവസം സമരം അവസാനിപ്പിക്കാനാണ് തീരുമാനം. അതേസമയം 21ന് കേരളത്തിലെത്തുന്ന അമിത് ഷായുമായി കൂടിയാലോചിച്ച ശേഷം തുടര്‍ സമരം മതിയെന്നാണ് ധാരണ. കേരളത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ശബരിമലയെ മറ്റൊരു അയോധ്യയാക്കി മാറ്റാമെന്ന കണക്കു കൂട്ടലില്‍ ആരംഭിച്ച സമരം അക്ഷരാര്‍ത്ഥത്തില്‍ പാര്‍ട്ടി നേതൃത്തെ ദുര്‍ബലപ്പെടുത്തുകയായിരുന്നെന്നാണ് വിലയിരുത്തല്‍. അനാവശ്യ ഹര്‍ത്താലുകള്‍ മൂലം ജനങ്ങളെ ആകര്‍ഷിക്കാമെന്ന തന്ത്രവും പാളി.

സംഘടനാ കാര്യങ്ങളിലും ശബരിമല സമരത്തിലും ആര്‍എസ്എസ് നടത്തുന്ന ഇടപെടലുകള്‍ ബിജെപിക്കുള്ളില്‍ തന്നെ അമര്‍ഷമുണ്ടാക്കുന്നുണ്ട്. ശബരിമല വിഷയത്തില്‍ സമരവുമായി എത്തിയ ബിജെപി നേതാക്കളെ അപ്രസക്തരാക്കിയത് സംഘപരിവാറിന്റെ ശബരിമല കര്‍മ്മ സമിതിയാണ്. ശബരിമലയില്‍ നിന്നും സെക്രട്ടേറിയറ്റിന് മുന്നിലേക്ക് സമരം മാറ്റാനുള്ള ആവശ്യം ഉയര്‍ന്നതും ആര്‍എസ്എസില്‍ നിന്നാണ്. നിരാഹാര സമരത്തില്‍ ആദ്യം മുന്‍നിര നേതാക്കളുടെ സജീവ സാന്നിധ്യമുണ്ടായിരുന്നെങ്കിലും പിന്നീട് ഇവര്‍ മുഖം തിരിച്ചത് ആര്‍എസ്എസ് അപ്രമാദിത്വം മൂലമാണ്. അതേസമയം ആര്‍എസ്എസിന്റെ തീവ്രസമരത്തെ ന്യായീകരിക്കേണ്ട ഗതികേട് ബിജെപി നേതൃത്വത്തിനുണ്ടാകുകയും ചെയ്തിട്ടുണ്ട്. അമിത് ഷായുടെ നിര്‍ദ്ദേശമുള്ളതിനാല്‍ സംഘപരിവാറിനെ എതിര്‍ക്കാനും നേതൃത്വത്തിന് സാധിച്ചില്ല. നിലവിലെ സമരം അതേപടി തുടരണമെന്നാണ് ആര്‍എസ്എസ് നിലപാട്. 20ന് അമൃതാനന്ദമയി, ശ്രീ ശ്രീ രവിശങ്കര്‍, സന്യാസിമാര്‍ എന്നിവര്‍ പങ്കെടുക്കുന്ന അയ്യപ്പ ഭക്തസംഗമത്തിന് ശേഷം മറ്റ് ഹൈന്ദവ വിഷയങ്ങളിലേക്ക് കടക്കാനാണ് ആര്‍എസ്എസിന്റെ തീരുമാനമെന്നാണ് അറിയുന്നത്.

സെക്രട്ടേറിയറ്റിന് മുന്നിലെ സമരം പരാജയപ്പെട്ട സാഹചര്യമാണ് നിലവിലേത്. ഈ മണ്ഡലക്കാലം അവസാനിക്കുന്നത് വരെയും ഒരു യുവതിയെ പോലും ശബരിമലയില്‍ പ്രവേശിപ്പിക്കാതിരിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ വിജയം കണ്ടാണ് തങ്ങള്‍ സമരം അവസാനിപ്പിക്കുന്നതെന്ന് ബിജെപിക്ക് അവകാശപ്പെടാമായിരുന്നു. എന്നാല്‍ ജനുവരി രണ്ടിന് പതിനെട്ടാം പടി ചവിട്ടാതെ ബിന്ദുവും കനക ദുര്‍ഗയും പിന്നീട് പതിനെട്ടാം പടി ചവിട്ടി തന്നെ മഞ്ജുവും ശബരിമലയില്‍ പ്രവേശിച്ചു. അതോടെ കോടതി വിധി നടപ്പാക്കപ്പെടുകയും ചെയ്തു. ബിജെപിയുടെയും സംഘപരിവാറിന്റെയും ഭാഷയില്‍ ആചാര ലംഘനം നടന്നിരിക്കുന്നു. ഇനി ഈ സമരത്തിന് എന്ത് പ്രസക്തിയെന്ന ചോദ്യമാണ് ബാക്കിയാകുന്നു. അക്ഷരാര്‍ത്ഥത്തില്‍ ബിജെപിക്ക് നഷ്ടങ്ങള്‍ മാത്രം സമ്മാനിച്ച സമരമാണ് ശബരിമല വിഷയത്തില്‍ അവര്‍ നടത്തിയത്. സമരം പരാജയപ്പെട്ടാലും ഇതിന്റെ പേരില്‍ നടത്തിയ ആശയ പ്രചരണങ്ങള്‍ അവര്‍ക്ക് ഗുണം ചെയ്യുമോയെന്ന് അറിയാന്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് വരെ കാത്തിരുന്നേ മതിയാകൂ. അവര്‍ പ്രചരിപ്പിച്ച ആശയങ്ങള്‍ ജനങ്ങള്‍ അംഗീകരിച്ചിട്ടുണ്ടെങ്കില്‍ അത് വോട്ടായി മാറുമെന്ന് തീര്‍ച്ച.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍