UPDATES

ട്രെന്‍ഡിങ്ങ്

കുത്തേറ്റ് ചോരവാര്‍ന്നു റോഡില്‍ കിടന്ന യുവാവ് വെള്ളത്തിനായി കേണു; കൂടിനിന്നവര്‍ മൊബൈല്‍ ഫോണില്‍ വീഡിയോ എടുത്തു രസിച്ചു

പിന്നീട് ഈ യുവാവ് ആശുപത്രിയില്‍വച്ച് മരണപ്പെട്ടു

ജീവനുവേണ്ടി പൊരുതുന്ന ഒരു സഹജീവി വെള്ളത്തിനായി കേണിട്ടും അതവഗണിച്ച് അയാളെ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച മനുഷ്യത്വമില്ലായ്മയുടെ വാര്‍ത്തയാണ് ന്യൂഡല്‍ഹിയില്‍ നിന്നും ഉള്ളത്. കത്തിക്കുത്തേറ്റ് മൃതുപ്രായനായി റോഡില്‍ കിടന്ന 25 കാരനോടാണ് ജനക്കൂട്ടം യാതൊരു അലിവും കാണിക്കാതിരുന്നത്. ഒടുവില്‍ അമിതമായി രക്തം വാര്‍ന്ന് അയാള്‍ മരണത്തിനു കീഴടങ്ങുകയും ചെയ്തു.

ന്യൂഡല്‍ഹിയില്‍ വിഷ്ണു ഗാര്‍ഡന്‍ ലെയ്‌നിലാണ് സംഭവം. 25 കാരനായ അക്ബര്‍ അലി എന്ന വെല്‍ഡര്‍ ആണ് മാരകമായി മുറിവേറ്റ് കിടന്നത്. രണ്ടു കത്തികള്‍ ഇയാളുടെ വാരിയെല്ലുകള്‍ക്കിടയിലേക്ക് തുളഞ്ഞു കയറിയിരുന്നു. ഒന്നയാള്‍ക്ക് ഊരിയെടുക്കാന്‍ കഴിഞ്ഞു. പിന്നീടയാള്‍ പരാജയപ്പെട്ടു. മരണാസന്നനായി റോഡില്‍ കിടന്ന അലി തനിക്കു ചുറ്റും കൂടി നിന്നവരോട് ദാഹജലത്തിനായി കെഞ്ചിയെങ്കിലും അയാളുടെ ആ അവസ്ഥ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാനാണ് ആ മനുഷ്യര്‍ ശ്രമിച്ചതെന്ന് അലിയുടെ സഹോദരന്‍ ദി ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തോട് പറയുന്നുണ്ട്.

പൊലീസ് എത്തി അലിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബുധനാഴ്ച ഇയാള്‍ മരണപ്പെടുകയായിരുന്നു. അലിയെ ആക്രമിച്ച കേസില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംഭവസ്ഥലത്ത് നിന്നുള്ളവര്‍ റെക്കോര്‍ഡ് ചെയ്ത വീഡിയോയില്‍ ചിലര്‍ ഇയാളോട് വിലാസം ചോദിക്കുകയും പതിഞ്ഞ ശബ്ദത്തില്‍ ബി ബ്ലോക് എന്നു പറയുന്നുണ്ട്, തുടര്‍ന്ന് വെള്ളത്തിനായി ആംഗ്യം കാണിക്കുകയാണ്.

ഇതു കണ്ടിട്ടും തുടര്‍ന്നും അയാളുടെ വീഡിയോ എടുക്കാനാണ് ആള്‍ക്കൂട്ടം ശ്രമിച്ചതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സമയമത്രയും അലിയുടെ ശരീരത്തില്‍ നിന്നും രക്തം വാര്‍ന്നുപോവുകയായിരുന്നു. ഇതിനിടയില്‍ ആരോ വിളിച്ചറിയച്ചപ്രകാരം അവിടെയെത്തിയ പൊലീസാണ് അലിയെ ഡിഡിയു ഹോസ്പിറ്റലില്‍ എത്തിക്കുന്നത്. ജീവനുവേണ്ടി എന്റെ സഹോദരന്‍ കുറെ പൊരുതി നോക്കി. പലരോടും സഹായം അഭ്യര്‍ത്ഥിച്ചു. പക്ഷേ അവരൊക്കെ അവനെ വീഡിയോയില്‍ പകര്‍ത്താനായിരുന്നു മത്സരിച്ചത്; അലിയുടെ സഹോദരന്‍ നജ്‌റെ ഇമാം ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറയുന്നു.

പെയ്ന്ററായ മൊഹ്ദ് അഫ്‌സല്‍, വെല്‍ഡറായ മൊഹ്ദ് ഷുബാന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്യുന്നത്. ഇവര്‍ പറയുന്നത് കൊല്ലപ്പെട്ട അലി ഒരു ക്രിമനല്‍ ആയിരുന്നുവെന്നാണ്. അലി തങ്ങളില്‍ നിന്നും പണം പിടിച്ചുപറിക്കാന്‍ ശ്രമിക്കുകയും ഇതേ തുടര്‍ന്ന് അലിക്കും തങ്ങള്‍ക്കുമിടയില്‍ വഴക്ക് ഉണ്ടാവുകയും പ്രതിരോധത്തിന്റെ ഭാഗമായി അലിയുടെ കൈവശം ഉണ്ടായിരുന്ന കത്തികള്‍ തന്നെ ഉപയോഗിച്ച് അയാളെ കുത്തുകയായിരുന്നുവെന്നും പ്രതികള്‍ പറയുന്നതായി പൊലീസ് അറിയിക്കുന്നു.

എന്നാല്‍ അലിയുടെ പേരില്‍ ഇതുവരെ ഒരു ക്രിമനല്‍ കേസുപോലും പൊലീസിന്റെ രേഖകളില്‍ ഇല്ലെന്നുമാണ്. പ്രതികളില്‍ ഒരാളുടെ ഭാര്യയുമായി അലിക്ക് ഉണ്ടായിരുന്നതായി പറയുന്ന രഹസ്യബന്ധത്തിന്റെ പുറത്താണ് കൊലപാതകം നടത്തിയതെന്നുമാണ് പൊലീസ് പ്രാഥമികമായി സംശയിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍