UPDATES

ട്രെന്‍ഡിങ്ങ്

16 കാരന്‍ അമ്മയേയും സഹോദരിയേയും കൊന്നു; ഹൈസ്‌കൂള്‍ ഗ്യാംഗ്സ്റ്റര്‍ എസ്‌കേപ് ഗെയിമിന് അടിമയെന്ന് പൊലീസ്‌

ക്രൈം ചെയ്തിട്ട് രക്ഷപ്പെടുന്നതാണ് ഹൈസ്‌കൂള്‍ ഗ്യാംഗ്സ്റ്റര്‍ എസ്‌കേപ് ഗെയിം

വിഡിയോ ഗെയിമിന് അടിമയായ 16 കാരന്‍ അമ്മയേയും സഹോദരിയേയും കൊലപ്പെടുത്തിയശേഷം രക്ഷപ്പെട്ടതായി പൊലീസ്. ഗ്രേറ്റര്‍ നോയിഡയിലെ ഗൗര്‍ സിറ്റി-2 ടൗണ്‍ഷിപ്പിലെ ഫ്ലാറ്റിലെ താമസക്കാരായ കുടുംബത്തിലെ 42 കാരിയായ സ്ത്രീയും ഇവരുടെ 11 കാരിയായ മകളുമാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്.

നോയിഡയില്‍ സ്വന്തമായി ബിസിനസ് നടത്തുന്ന ഭര്‍ത്താവ് ജോലി സംബന്ധമായി ഗുജറാത്തില്‍ പോയ സമയത്തായിരുന്നു കൊലപാതകങ്ങള്‍ നടന്നത്. ഇദ്ദേഹത്തിന്റെ മാതാപിതാക്കളും ഇവരുടെ കൂടെയായിരുന്നു താമസം എങ്കിലും അവര്‍ ഉത്തരാഖണ്ഡില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി പോയിരിക്കുകയായിരുന്നതിനാല്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല.

തിങ്കളാഴ്ച രാത്രി പത്തരയോടെ ഭര്‍ത്താവ് ഫോണ്‍ ചെയ്തിട്ടു പ്രതികരണം ഉണ്ടാകാതിരുന്നതിനെ തുടര്‍ന്ന് അയല്‍ക്കാരോട് വിവരം അന്വേഷിക്കാന്‍ പറഞ്ഞു. വാതില്‍ പുറത്തു നിന്നും പൂട്ടിയിരിക്കുകയാണെന്നായിരുന്നു മറുപടി. ചൊവ്വാഴ്ച വീണ്ടും വിളിച്ചിട്ടും ഫോണില്‍ കിട്ടിയില്ല. തുടര്‍ന്ന് ബന്ധുക്കളോട് വിവരം പറഞ്ഞു. ഇവര്‍ വീട്ടില്‍ എത്തിയിട്ടും അകത്ത് നിന്നും പ്രതികരണം ഒന്നും ഉണ്ടായില്ല. തുടര്‍ന്നാണ് പൊലീസിനെ വിവരം അറിയിക്കുന്നത്. വാതിലിന്റെ  പൂട്ട് തകര്‍ത്ത് അകത്തു കയറി പൊലീസാണ് കിടപ്പ് മുറിയിലായി മരിച്ചു കിടക്കുന്ന അമ്മയേയും മകളെയും കാണുന്നത്. പകുതി അഴുകിയ നിലയിലായിരുന്നു ഇരു മൃതദേഹങ്ങളും. ഇവരുടെ മുഖം വികൃതമായിരുന്നു. പെണ്‍കുട്ടിയുടെ വായില്‍ നിന്നും നുര വന്ന നിലയിലായിരുന്നു. വിഷം നല്‍കിയശേഷം ഇരുവരെയും ക്രിക്കറ്റ് ബാറ്റിന് അടിച്ചാണ് കൊലപ്പെടുത്തിയന്നെതാണ് പൊലീസിന്റെ നിഗമനം. മൃതദേഹങ്ങള്‍ക്കു സമീപം രക്തക്കറ ഉണ്ടായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയശേഷമേ കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ കഴിയൂ എന്നാണ് പൊലീസ് മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്.

തിങ്കളാഴ്ച വൈകിട്ടോടെ അമ്മയും രണ്ടു മക്കളും പുറത്തു പോകുന്നതും തിരികെ രാത്രി എട്ടരയോടെ തിരികെ വരുന്നതും സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. പിന്നീട് 11 മണിയോടെ മകന്‍ ബാഗുമായി പുറത്തേക്കു പോകുന്നതും സിസിടിവിയില്‍ കാണാം. വീട്ടില്‍ സൂക്ഷിച്ചിരുന്ന രണ്ടുലക്ഷം രൂപയും കാണാതായിരുന്നു. 16 കാരന്റെതാണെന്നു സംശയിക്കുന്ന രക്തം പുരണ്ട വസ്ത്രങ്ങളും ഫ്ലാറ്റില്‍ നിന്നും കണ്ടെത്തിയിരുന്നു. ഇതോടെയാണ് പൊലീസിന് മകനു മേല്‍ സംശയം ഉണ്ടായത്.

പിതാവില്‍ നിന്നും കിട്ടിയ വിവരങ്ങള്‍ അനുസരിച്ചാണ് 16 കാരന്‍ വീഡിയോ ഗെയിമിന് അടിമയായിരുന്നുവെന്ന് പൊലീസ് മനസിലാക്കുന്നത്. മിക്ക സമയവും ഫോണില്‍ ഗെയിം കളിച്ചുകൊണ്ടിരിക്കുന്ന മകന്‍ പഠനത്തില്‍ തീരെ പിറകിലായിരുന്നു. നഗരത്തിലെ ഒരു പ്രധാനപ്പെട്ട സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന ഇയാളുടെ ഗെയിം ഭ്രാന്ത് കൊണ്ട് പിതാവ് രണ്ടുമാസം മുമ്പ് ഫോണ്‍ തിരികെ വാങ്ങിയിരുന്നു. തുടര്‍ന്ന് ഇയാള്‍ അമ്മയുടെ ഫോണ്‍ ഉപയോഗിച്ചായിരുന്നു ഗെയിം കളിച്ചിരുന്നത്.

ഹൈ സ്‌കൂള്‍ ഗ്യാംഗ്‌സ്റ്റര്‍ എസ്‌കേപ്പ് എന്ന ഗെയിം ആയിരുന്നു 16 കാരന്റെ ലഹരി. ഇതൊരു ക്രൈം ത്രില്ലര്‍ ഗെയിം ആണ്. ക്രൈമുകള്‍ ചെയ്തിട്ട് രക്ഷപ്പെടുന്നതാണ് ഈ ഗെയിം. ഇതിന്റെ സ്വാധീനമാണോ കൊലപാതകങ്ങള്‍ക്ക് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു.

സിസിടിവി ഫൂട്ടേജുകള്‍ പരിശോധിച്ചതില്‍ കൊലപാതകം നടക്കുന്ന സമയത്ത് മറ്റാരെങ്കിലും ഫ്ലാറ്റിലേക്ക് വന്നതായി കാണുന്നില്ല. അപരിചിതരാരും സന്ദര്‍ശനത്തിനായി വന്നതായി സന്ദര്‍ശക രജിസ്റ്ററിലും ഇല്ല. ഫഌറ്റില്‍ നിന്നും കാണാതായ പണം 16 കാരന്‍ കൊണ്ടുപോയിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്. അമ്മയുടെ ഫോണും ഇയാള്‍ കൊണ്ടുപോയിരിക്കാമെന്നാണ് കരുതുന്നത്. ഈ ഫോണ്‍ ഇപ്പോള്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. 16 കാരനെ കണ്ടെത്താനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍