UPDATES

ട്രെന്‍ഡിങ്ങ്

വയലാര്‍ എന്താണ് ചരിത്രത്തില്‍ നിര്‍മിച്ചത്? വിമര്‍ശനം ആ നിലയ്ക്ക് കാണാന്‍ ശരത്ചന്ദ്ര വര്‍മയോട് സണ്ണി എം കപിക്കാട്

സിനിമാഗാനങ്ങളില്‍ സാധാരണ ജീവിതവുമായി ഒരുപക്ഷേ അധികം ബന്ധമൊന്നുമില്ലാത്ത ചില സാഹചര്യങ്ങളെ കൊണ്ടുവരികയാണ് വയലാര്‍ ചെയ്തത്

വയലാര്‍ രാമവര്‍മ്മയെ വിമര്‍ശിക്കുന്ന തന്റെ നിലപാട് ഏകപക്ഷീയമല്ലെന്നും, എഴുത്തകാരനെന്ന നിലയില്‍ അദ്ദേഹത്തോട് എന്തെങ്കിലും പ്രത്യേകിച്ച് വിമര്‍ശനം അല്ല ഉന്നയിച്ചതെന്നും വ്യക്തമാക്കി സണ്ണി എം കപിക്കാട്. പൂണൂല്‍ മുറിച്ച വയലാറിനെ സവര്‍ണവാദിയെന്ന് വിളിക്കരുത് എന്ന് വയലാര്‍ ശരത് ചന്ദ്രവര്‍മയുടെ പരമാര്‍ശങ്ങള്‍ക്ക് മറുപടിയായാണ് സണ്ണി എം കപിക്കാട് വീണ്ടും രംഗത്തെത്തിയത്.

പ്രദീപന്‍ പാമ്പിരിക്കുന്നിന്റെ അനുസ്മരണ പ്രഭാഷണത്തില്‍ സണ്ണി എം കപിക്കാട് നടത്തിയ ചില പരാമര്‍ശങ്ങളെ വിമര്‍ശിച്ച് വയലാര്‍ ശരത്ചന്ദ്ര വര്‍മ്മയുടെ ഫേസ്ബുക്ക് കുറിപ്പിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. വയലാറിന്റെ പാട്ടുകളിലും ഒ വി വിജയന്റെ എഴുത്തിലുമെല്ലാം സവര്‍ണതയും, വരേണ്യതയും ഉണ്ടെന്ന പരാമര്‍മശത്തിന് മറുപടിയായിട്ടായിരുന്നു ശരത് ചന്ദ്രവര്‍മയുടെ കുറിപ്പ്.  ‘വിമർശിച്ചോളൂ, പക്ഷെ പൂണൂൽ മുറിച്ച വയലാറിനെ സവർണവാദിയെന്ന് വിളിക്കരുത്’: സണ്ണി എം കപിക്കാടിനോട് ശരത് ചന്ദ്രവർമ്മ

ഈ കുറിപ്പിനുള്ള മറുപടിയായി സണ്ണി എം കപിക്കാട് നല്‍കുന്ന വിശദീകരണം ഇങ്ങനെയാണ്:

ഡോ.പ്രദീപന്‍ പാമ്പിരിക്കുന്നിന്റെ അനുസ്മരണവുമായി ബന്ധപ്പെട്ട് കാലടി സര്‍വകലാശാലയില്‍ നടന്ന സമ്മേളനത്തിലാണ് പ്രദീപിനെ തന്നെ ഉദ്ധരിച്ചുകൊണ്ട് മലയാള സിനിമാ ഗാനങ്ങളിലെങ്ങനെയാണ് സവര്‍ണത പ്രവര്‍ത്തിക്കുന്നത് എന്നതിനെ സംബന്ധിച്ച് സംസാരിച്ചത്. അത് സംബന്ധിച്ച് അദ്ദേഹം എഴുതിയ ലോക അനശ്വരഗാനം എന്ന് പറയുന്ന പുസ്തകത്തില്‍ നിന്നും അദ്ദേഹത്തെ ഉദ്ധരിച്ച് സംസാരിക്കുകയായിരുന്നു. ഏകപക്ഷീയമായ എന്തോ നിലപാടുകള്‍ ഞാന്‍ പറഞ്ഞു എന്ന നിലക്ക് ശരത്ചന്ദ്ര വര്‍മ്മയുടെ കുറിപ്പ് കണ്ടിരുന്നു. ഏകപക്ഷീയമായ നിലപാടൊന്നുമില്ല. വളരെ വ്യക്തമായിരുന്നു കാര്യങ്ങള്‍. പ്രത്യേകിച്ച് വയലാര്‍ രാമവര്‍മ്മ എന്ന് പറയുന്ന എഴുത്തുകാരനോട് എന്തെങ്കിലും പ്രത്യേകിച്ച് വിമര്‍ശനം അല്ല ഉന്നയിച്ചത്. മലയാള സിനിമാഗാന ചരിത്രത്തില്‍ കാര്യങ്ങള്‍ എങ്ങനെയാണ് നടന്നത് എന്നത് സംബന്ധിച്ച പ്രധാനപ്പെട്ട ഒരു വീക്ഷണം പ്രദീപന്‍ മുന്നോട്ട് വച്ചിട്ടുണ്ട്. അതില്‍ മലയാളിയുടെ ഭൗതികമായ ജീവിത സാഹചര്യത്തെ, അവരുടെ സാധാരണ ജീവിതത്തിലെ സന്ദര്‍ഭങ്ങളെ കൊണ്ടുവരാന്‍ ശ്രമിക്കുന്നതിന് ഭിന്നമായി, സിനിമാഗാനങ്ങളില്‍ സാധാരണ ജീവിതവുമായി ഒരുപക്ഷേ അധികം ബന്ധമൊന്നുമില്ലാത്ത ചില സാഹചര്യങ്ങളെ കൊണ്ടുവരികയാണ് വയലാര്‍ ചെയ്തത് എന്നതായിരുന്നു പ്രദീപന്റെ പ്രധാനപ്പെട്ട നിരീക്ഷണം. ആ നിരീക്ഷണം വളരെ പ്രധാനമാണ് എന്നാണ് ഞാന്‍ പറയാന്‍ ശ്രമിച്ച ഒരു കാര്യം. പ്രദീപന്‍ തന്നെ സാഹിത്യ വിമര്‍ശനത്തില്‍ പറയുന്ന ഒരു കാര്യം, ഭൗതികമായ ഇന്ത്യയെക്കുറിച്ചല്ല ഇന്ത്യന്‍ സൗന്ദര്യ ശാസ്ത്രങ്ങള്‍ ചര്‍ച്ച ചെയ്യുക, മറിച്ച് ആത്മീയം എന്നോ അതിഭൗതികമെന്നോ വിശേഷിപ്പിക്കാവുന്ന ഒരു ഭാരതീയതെയാണ് അവര്‍ കൊണ്ടുനടക്കുക. ഈ ഭാരതീയതയെ കൊണ്ടുനടന്ന പ്രധാനീയരില്‍ ഒരാളായിരുന്നു വയലാര്‍ രാമവര്‍മ്മ എന്ന വിമര്‍ശനമാണ് ഉന്നയിച്ചത്.

അന്നത്തെ കാലഘട്ടത്തില്‍ അത് വിപ്ലവമായിരുന്നു എന്ന നിലയ്ക്കുള്ള അഭിപ്രായം ഇക്കാര്യത്തില്‍ സ്വീകാര്യമല്ല. പ്രദീപന്‍ പറയാന്‍ ശ്രമിച്ച ഒരു കാര്യം, വയലാര്‍ രാമവര്‍മ്മയുടെ ഗാനങ്ങളിലേക്ക് ഭാരതീയം എന്ന് പറയുന്ന മിത്തുകള്‍, വേദങ്ങളിലും ഇതിഹാസങ്ങളിലുമുള്ള കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും കടന്നു വരുന്നത് എങ്ങനെയാണ് എന്നതാണ്. ഇങ്ങനെ കടന്നുവന്ന ആ ഗാനങ്ങള്‍ മലയാളി നെഞ്ചിലേറ്റിയത് എന്തുകൊണ്ട് എന്നത് പ്രദീപന്‍ വിശദീകരിക്കുന്നുണ്ട്. ആ ഗാനങ്ങള്‍ സവര്‍ണ പൊതുബോധത്തെ നിര്‍മ്മിച്ചെന്നും സവര്‍ണ പൊതുബോധത്തെ നെഞ്ചിലേറ്റിയ മലയാളിയാണ് അതിനെ പ്രധാനപ്പെട്ട ഒരു കാര്യമായി മനസ്സിലാക്കിയതെന്നുമാണ് അദ്ദേഹം പറയുന്നത്. അതിന്റെ പിന്തുടര്‍ച്ചയാണ് ഇപ്പോഴും അനുഭവിക്കുന്നത് എന്ന ഒരു കാര്യം മാത്രമാണ് ഞാന്‍ പറയാന്‍ ശ്രമിച്ചത്.
മാത്രവുമല്ല, ഈ പറയുന്ന സിനിമാ ഗാനങ്ങളിലെ ഒരുപക്ഷേ അതിഭൗതികമെന്ന് വിളിക്കാവുന്ന, നമ്മുടെ കണ്‍മുന്നില്‍ നടക്കുന്ന ഒരു കാര്യത്തെ പോലും ന്യായീകരിക്കാനോ വിശദീകരിക്കാനോ ശകുന്തളയും ശ്രീകൃഷ്ണനും ദുര്യോധനനും ദുശ്ശാസനും വരിക തുടങ്ങിയ സംഗതികള്‍ നമ്മളെ സവര്‍ണമായ ഒരു ഭാവനയില്‍ തളച്ചിടാന്‍ പര്യാപ്തമാണ് എന്ന വളരെ ശക്തമായ ഒരു വിമര്‍ശനം മാത്രമേ ഉന്നയിക്കപ്പെട്ടിട്ടുള്ളൂ. വയലാര്‍ രാമവര്‍മ്മ എന്ന വ്യക്തിയോടുള്ള എന്തെങ്കിലും ഒരു കാര്യമല്ല അത്. ഒരു ചരിത്രപ്രക്രിയയില്‍ ഇടപെട്ടയാള്‍ എന്ന നിലയ്ക്ക് അതെങ്ങനെയാണ് ചരിത്രത്തില്‍ അടയാളപ്പെട്ടത് എന്നാണ് പറയാന്‍ ശ്രമിക്കുന്നത്. വിമര്‍ശനത്തെ ആ ഗൗരവത്തില്‍ മനസ്സിലാക്കണം. അല്ലാതെ ഞാനും പ്രദീപനുമൊക്കെ പറയുന്നത് കേട്ടിട്ട് വയലാറിനെ ആരും ഉപേക്ഷിക്കരുത് എന്നൊക്കെ പറയേണ്ട കാര്യമില്ല. വയലാറിനെ ഉപേക്ഷിക്കുന്നതിന്റെയോ സ്വീകരിക്കുന്നതിന്റെയോ പ്രശ്‌നമല്ല, മറിച്ച് വയലാര്‍ എന്താണ് ചരിത്രത്തില്‍ നിര്‍മ്മിച്ചത് എന്നതിനെ സംബന്ധിച്ച് വസ്തുനിഷ്ഠമായ ഒരു വിമര്‍ശനമാണ് പ്രദീപന്‍ ഉന്നയിച്ചത്. അത് ചൂണ്ടിക്കാണിക്കുകമാത്രമാണ് ഞാന്‍ ചെയ്തത്. മാത്രവുമല്ല, പ്രദീപന്റെ അഭിപ്രായത്തോട് സമ്പൂര്‍ണമായി യോജിച്ചു നില്‍ക്കുന്ന വിമര്‍ശനമാണ് അക്കാര്യത്തില്‍ എനിക്കുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍