UPDATES

ട്രെന്‍ഡിങ്ങ്

ഒളിസേവക്കാര്‍ നമ്പൂതിരിമാര്‍ മാത്രമല്ല, ഞങ്ങള്‍ക്ക് ഒളിവും മറവും ഒന്നൂല്യ: ‘കുലമഹിമ’ പറഞ്ഞ് ഒരു അന്തര്‍ജനം ഫേസ്ബുക്കില്‍

പൊളിച്ചടുക്കി ഫേസ്ബുക്ക്‌

നമ്പൂതിരി സമുദായത്തിന്റെ ഗുണഗണങ്ങള്‍ വാഴ്ത്തുന്ന ഫേസ്ബുക്ക് പോസ്റ്റിന് ചുട്ട മറുപടിയുമായി ഫേസ്ബുക്ക് ഉപയോക്താക്കള്‍. അക്കിക്കാവ് ശ്രീവിവേകാനന്ദ ടീച്ചര്‍ എജ്യുക്കേഷന്‍ സെന്ററിലെ അധ്യാപികയും പെരിങ്ങോട് സ്വദേശിയുമായ ശൈലജ കെ പിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് വൈറലായത്.

ബ്രാഹ്മണ സമുദായത്തില്‍ ജനിച്ചതില്‍ താന്‍ അഭിമാനിക്കുന്നുവെന്ന് പറയുന്ന പോസ്റ്റ് ഫേസ്ബുക്കിനോട് സംസാരിക്കുന്ന വിധത്തിലാണ്. താന്‍ ജനിച്ചത് നല്ല ഒന്നാന്തരം നമ്പൂതിരി കുടുംബത്തിലാണെന്നും വിവാഹം കഴിച്ചതും ഒരു ആഢ്യബ്രാഹ്മണനെയാണെന്നും ശൈലജ പറയുന്നു. കൂടാതെ കേരളത്തിലെ നമ്പൂതിരിമാര്‍ വളരെ ശുദ്ധരാണെന്നും പോസ്റ്റില്‍ കൂട്ടിചേര്‍ത്തിരിക്കുന്നു. കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളുകളില്‍ ഭൂരിഭാഗവും നമ്പൂതിരി ദാനമായി കൊടുത്തവയാണെന്നാണ് മറ്റൊരു വാദം.

കൂടാതെ നമ്പൂതിരിയ്ക്ക് മാത്രമല്ല എല്ലാ സമുദായക്കാര്‍ക്കും ഒളിസേവയുണ്ടായിരുന്നെന്നാണ് മറ്റൊരു ആരോപണം. അതിന് തെളിവായി അവര്‍ ചൂണ്ടിക്കാട്ടുന്നത് പാറപ്പുറത്തിന്റെ അരനാഴിക നേരം എന്ന നോവലും. അതിലെ കുഞ്ഞേനാച്ചന്റെ ഒളിസേവകള്‍ എത്രയാണെന്ന് ഒന്ന് എണ്ണാനാണ് ശൈലജ പറയുന്നത്. കേരളത്തിലെ നമ്പൂതിരിമാരാണ് നമ്മുടെ സംസ്‌കൃതിയുടെ തായ്‌വേരായ വേദങ്ങള്‍ ഒരു മാറ്റവുമില്ലാതെ മനസ്സില്‍ സൂക്ഷിയ്ക്കുന്നതെന്നും ഇന്നത്തെ പരിഷ്‌ക്കാരികള്‍ക്ക് അതൊക്കെ പുച്ഛമല്ലേയെന്നുമാണ് ഫേസ്ബുക്കിനോടുള്ള അവരുടെ മറ്റൊരു ചോദ്യം. നാം ആദ്യം സ്വന്തം വേരുകള്‍ അറിയണം. എന്നാലേ ആത്മാഭിമാനത്തോടെ നിവര്‍ന്നു നില്‍ക്കാന്‍ കഴിയൂ എന്ന് പറഞ്ഞാണ് ശൈലജയുടെ നമ്പൂതിരി സ്തുതി അവസാനിക്കുന്നത്.

രൂക്ഷമായ വിമര്‍ശനമാണ് ഈ പോസ്റ്റിന് താഴെ കമന്റായി വന്നുകൊണ്ടിരിക്കുന്നത്. കത്വയില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് ബ്രാഹ്മണരുടെ ജാതിബോധമാണെന്ന് ചില കമന്റുകള്‍ ഓര്‍മ്മിപ്പിക്കുന്നു. കുമ്മനം ചെയ്തതു പോലെ ഹഹഹ സ്‌മൈലി ഇടുന്നവരെ ബ്ലോക്കണം അന്തര്‍ജനമേ എന്നാണ് ഒരാള്‍ പറയുന്നത്. നമ്പൂതിരിമാര്‍ വിയര്‍പ്പിന്റെ അസുഖമുള്ളവരാണെന്നും മറ്റുള്ളവരുടെ വിയര്‍പ്പ് നക്കിത്തുടച്ച് തിന്നുന്നതല്ലാതെ സ്വയം വിയര്‍ത്ത് തിന്ന് ശീലമില്ലാത്തവരാണെന്നാണ് മറ്റൊരു വിമര്‍ശനം. ശൂദ്രര്‍ കമന്റിട്ട് പോസ്റ്റ് അശുദ്ധമാക്കിയെന്നതു പോലുള്ള പരിഹാസ കമന്റുകളും ധാരാളമുണ്ട്.

ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

‘മനസ്സില്‍ ഒരുപാടുണ്ട് എന്റെ ഫെയ്‌സ് ബുക്കേ.ആദ്യം തന്നെ ഒന്നു പറയട്ടെ.ഞാന്‍ ബ്രാഹ്മണ കുലത്തിലാണ് ജനിച്ചത് ട്ടോ. നല്ല ഒന്നാന്തരം നമ്പൂതിരി കുടുംബത്തില്‍ .വി വാ ഹം കഴിച്ചതും ഒരു ആഢ്യ ബ്രാഹ്മണനെ. അതില്‍ ഞാന്‍ വളരെ അഭിമാനിയ്ക്കുന്നു.
എന്താണെന്നോ ഫെയ്‌സ് ബുക്കേ.കേരളത്തിലെ നമ്പൂതിരിമാര്‍ വളരെ ശുദ്ധരാണ് പൊതുവെ .
ഞങ്ങളുടെ കഴിഞ്ഞ തലമുറ പ്രത്യേകിച്ചും. കുളി, തേവാരം, ഊണ് ,ഉറക്കം -അവരുടെ ദിവസങ്ങള്‍ അങ്ങനെ പോയി.കാലം കൊണ്ടുണ്ടായ അനാചാരങ്ങള്‍ ഉണ്ടായിരുന്നൂ ട്ടൊ.സംബന്ധം, തീണ്ടല്, തൊടീല്, ബഹുഭാര്യാത്വം എന്നിങ്ങനെ. അതൊക്കെ എല്ലാ ജാതിയിലും മതത്തിലും ഉണ്ടായിരുന്നു എന്നു തോന്നുന്നു. എന്റെ എആ യേ നീ ആ അരനാഴികനേരം ഒന്നു വായിയ്ക്കണേ.പാറപ്പുറത്തിന്റെ.കുഞ്ഞേ നാച്ചന്റെ ഒളി സേവകള്‍ എത്രയാണെന്ന് ഒന്ന് എണ്ണണേ.നമ്പൂരിയ്ക്ക് ഒളിവും മറവും ഒന്നൂല്യ .അത്രേ ള്ളൂ.
സ്വത്തിനും വല്യ ആര്‍ത്തി ഇല്യ. കേരളത്തിലെ ഗവ.സ്‌കൂളുകള്‍ നോക്കൂ. നമ്പൂതിരി ദാനമായി കൊടുത്തവ എത്രയെത്ര .
ഭൂപരിഷ്‌ക്കരണം വന്നതോടെ നമ്പൂതിരി തകര്‍ന്നു.പക്ഷെബുദ്ധീണ്ടലൊ. പഠിച്ചു നേരെയായി.ഞാനറിയുന്ന നമ്പൂരിയ്ക്ക് പൊതുവെ ക ളവും ചതിയും അറിയില്യ. ശുണ്ഠി വന്നാല്‍ ഏഭ്യ!ശുംഭ ! എന്നു ശകാരിയ്ക്കാന്‍ മാത്രേ അദ്ദേഹത്തിനു കഴിയൂ. എആ യേ നീയും പണ്ടത്തെനമ്പൂരിയെ ഓര്‍ത്തു നോക്ക്. ഒറ്റ വസ്ത്രമുടുത്ത് കുളിയും തേവാരവുമായി കഴിഞ്ഞ ആ നമ്പൂരിയെ.വിശന്നവര്‍ക്ക് ഭക്ഷണം കൊടുത്ത നമ്പൂരിയെ.ലോകനന്മയ്ക്കു വേണ്ടി ഗായത്രി ചൊല്ലിയ നമ്പൂരിയെ- പുളിങ്കറിയും മെഴുക്കുപുരട്ടിയും കൂട്ടി സന്തോഷത്തോടെ ഊണുകഴിച്ച നമ്പൂരിയെ. എന്റെ ഫെയ്‌സ്ബുക്കേ, ഞാന്‍ നമ്പൂരി യാട്ടോ. അസ്സല്‍ ബ്രാഹ്മണ കുലത്തില്‍ ജനിച്ചവള്‍. എന്റെ ഏട്ടന്മാരേയ്, എന്നും രാവിലെ 3 മണിയ്ക്ക് എണീറ്റിരുന്നു. ഇല്ലെങ്കില്‍ അച്ഛന്‍ ശംഖിലെ വെള്ളം മേലൊഴിച്ച് ഉണര്‍ത്തും. നാലു വയസ്സു മുതല്‍.പിന്നെ കുളിതേവാരം .അന്നൊക്കെ കുളത്തിലാ പല്ലു തേയ്ക്കുക. പാവം വല്യേട്ടന്‍ കല്‍പ്പടവിലിരുന്ന് പല്ലു തേയ്ക്കുമ്പൊ ഉറങ്ങി ‘ക്‌ളും’ എന്ന് കുളത്തിലേയ്ക്കു വീണു വത്രെ. തേവാരം കഴിഞ്ഞ് അമ്പലത്തില്‍ പോണം.അതും കഴിഞ്ഞേ ജലപാനമുള്ളൂ.7 വയസ്സായാല്‍ ഉപനയനം .ആറേഴു കൊല്ലം ഓത്തു ചൊല്ലണം. അങ്ങനെ ഋഗ്വേദം മുഴുവന്‍ കാണാണ്ടെ പഠിയ്ക്കും. വല്യേട്ടന്‍ യജുസ്സും പഠിച്ചൂത്രേ.
കേരളത്തിലെ നമ്പൂതിരിമാരാണ് നമ്മുടെ സംസ്‌കൃതിയുടെ തായ് വേരായ വേദങ്ങള്‍ ഇങ്ങനെ ഒരു മാറ്റവുമില്ലാതെ മനസ്സില്‍ സൂക്ഷിയ്ക്കുന്നത്.ഇന്നത്തെ പരിഷ്‌ക്കാരികള്‍ക്ക് അതൊക്കെ പുച്ഛമല്ലേ ഫെയ്‌സ് ബുക്കേ. അതോണ്ട് പലതും നശിച്ചു, ദാ, പോവായി. നമ്മള്‍ക്ക് ആദ്യം സ്വന്തം വേ രുകള്‍ അറിയണം. വേണ്ടേ ഫെയ്‌സ് ബുക്കേ? എന്നാലേ ആത്മാഭിമാനത്തോടെ നിവര്‍ന്നു നില്‍ക്കാന്‍ കഴിയൂ. ഇനി പിന്നെ.ശൈലജ അന്തര്‍ജ്ജനം’.

പുലയരുടെ കോട്ടങ്ങള്‍ക്കു മേല്‍ ബ്രാഹ്മണന്റെ വെജിറ്റേറിയന്‍ ദൈവങ്ങളെ ഒളിച്ചു കടത്തുന്ന നവഹിന്ദുത്വ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍