UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തിഹാര്‍ ജയിലില്‍ ലൈംഗിക പീഢനത്തിന് ഇരയായതായി ബ്രിട്ടിഷ് പൗരന്‍

തീവ്രവാദബന്ധം ആരോപിച്ച് അറസ്റ്റിലായ ഷമിയുന്‍ റഹ്മാന്‍ ആണ് പരാതി നല്‍കിയത്

തിഹാര്‍ ജയിലില്‍ ലൈംഗികപീഢനത്തിന് ഇരയായതായി ബ്രിട്ടീഷ് പൗരന്റെ വെളിപ്പെടുത്തല്‍. ജയിലിനുള്ളില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ ലൈംഗീക പീഢനത്തിന് വിധേയനാക്കിയതായി അല്‍-ക്വയ്ദയിലേക്ക് യുവാക്കളെ ചേര്‍ത്തതിന്റെ പേരില്‍ തിഹാര്‍ ജയിലില്‍ തടവില്‍ കഴിയുന്ന ബ്രിട്ടീഷ് പൗരനായ ഷമിയുന്‍ റഹ്മാന്‍ ജഡ്ജിക്കു മുമ്പാകെ വെളിപ്പെടുത്തിയത്. റഹ്മാന്റെ പരാതിയില്‍ തിഹാര്‍ ജയിലധികൃതരില്‍ നിന്നും ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതി വിശദീകരണം തേടി. മ്യാന്‍മര്‍ സേനയ്‌ക്കെതിരെ പോരാടുന്നതിനായി റോഹിംഗ്യ മുസ്ലീങ്ങളെ അല്‍-ക്വയ്ദയിലേക്ക് റിക്രൂട്ട് ചെയ്തു എന്ന് ആരോപിച്ച് സെപ്തംബറിലാണ് റഹ്മാനെ പോലീസ് അറസ്റ്റ് ചെയ്തത്.

തിഹാര്‍ ജയിലിലെ സുരക്ഷ ഉദ്യോഗസ്ഥര്‍ തന്നെ ലൈംഗീകമായി പീഢിപ്പിക്കുകയും തന്നോട് മനുഷ്യത്വരഹിതമായി പെരുമാറുകയും ചെയ്തതായി ജഡ്ജി സിദ്ധാര്‍ത്ഥ് ശര്‍മ്മയ്ക്ക് മുമ്പില്‍ സമര്‍പ്പിച്ച പരാതിയില്‍ റഹ്മാന്‍ പറഞ്ഞു. അഞ്ച് സുരക്ഷ ഉദ്യോഗസ്ഥര്‍ തന്നെ മുറിയില്‍ എത്തുകയും ശരീരം പരിശോധിക്കുകയും ശരീരത്തിന്റെ പല ഭാഗങ്ങളിലും അനുചിതമായി സ്പര്‍ശിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. പിന്നീട് അവര്‍ തന്നെ വിവസ്ത്രനാക്കുകയും ബോധപൂര്‍വം ലൈംഗീകമായി പീഢിപ്പിക്കുകയും ചെയ്തതായും പരാതിയില്‍ വിശദീകരിച്ചിട്ടുണ്ട്. അതീവ സുരക്ഷയുടെ ഒന്നാം നമ്പര്‍ ജയിലിലാണ് തന്നെ പാര്‍പ്പിച്ചിരിക്കുന്നതെന്നും നവംബര്‍ രണ്ടിന് സെല്ലിലെത്തിയ ഉദ്യോഗസ്ഥരാണ് തന്നെ പീഢനത്തിന് വിധേയനാക്കിയതെന്നും പരാതിയില്‍ പറയുന്നുണ്ട്.

പ്രതി ഇപ്പോള്‍ തന്നെ ഏകാന്ത തടവിലാണെന്നും മറ്റ് തടവുകാരെ സെല്ലുകളില്‍ പൂട്ടിയതിന് ശേഷം മാത്രമേ ഇയാള്‍ക്ക് പുറത്തിറങ്ങാന്‍ അനുമതിയുള്ളുവെന്നും റഹ്മാന്റെ അഭിഭാഷകനായ എംഎസ് ഖാന്‍ പറയുന്നു. മറ്റുള്ള അന്തേവാസികളുമായി റഹ്മാന് യാതൊരു ബന്ധവുമില്ലെന്നാണ് ഇതിന്റെ അര്‍ത്ഥം. പിന്നെ എന്തിനാണ് അയാളെ നഗ്നനാക്കിയതെന്ന് ഖാന്‍ ചോദിക്കുന്നു. ബ്രിട്ടീഷ് എംബസിയില്‍ നിന്നുള്ള ഉദ്യോഗസ്ഥനായ ബ്രിട്ടിഷ് കോണ്‍സുലാറുമായി ബന്ധപ്പെടാനുള്ള അവകാശവും റഹ്മാന് നിഷേധിച്ചിരിക്കുകയാണ്. എന്നാല്‍, അപകടകരമായി വാഹനം ഓടിച്ചതിന്റെ പേരില്‍ അറസ്റ്റിലായപ്പോള്‍ ലണ്ടനിലെ ജയിലില്‍ വച്ചാണ് രാജു ഭായി എന്ന് വിളിക്കപ്പെടുന്ന റഹ്മാനില്‍ തീവ്രവാദത്തിന്റെ വിത്തുകള്‍ കുത്തിവെക്കപ്പെട്ടതെന്നാണ് ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ പറയുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍