UPDATES

ട്രെന്‍ഡിങ്ങ്

‘കര്‍ണാടകയെ സ്വര്‍ഗമാക്കി മാറ്റാനുള്ള അവസരം നഷ്ടപ്പെട്ടു’; ‘ഹൃദയവേദന’യോടെ യദിയൂരപ്പ പടിയിറങ്ങി

ലോക്‌സഭ തെരഞ്ഞെടുപ്പ് വരുമ്പോള്‍ കാണിച്ചു തരാമെന്നു മുന്നറിയിപ്പും

കര്‍ണാടക വിധാന്‍ സഭയില്‍ തന്റെ രാജി പ്രഖ്യാപനം നടത്തുന്നതിനു മുമ്പ് മുഖ്യമന്ത്രി യദിയൂരപ്പ നടത്തിയത് വികാരപരമായ പ്രസംഗം. വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെടുമെന്ന് ഉറപ്പാക്കി തന്നെയാണ് യദിയൂരപ്പ സഭയിലേക്ക് വന്നതെന്നതിന്റെ തെളിവായിരുന്നു എഴുതി തയ്യാറാക്കി കൊണ്ടുവന്ന പ്രസംഗം. കോണ്‍ഗ്രസിനെയും ജനാത ദളി(എസ്)നെയും പരമാവധി കുറ്റം ചാരി, യഥാര്‍ത്ഥ ജനാധിപത്യപാലകര്‍ തങ്ങളാണെന്നു തെളിയിക്കാനുമായിരുന്നു രാജി പ്രഖ്യാപനത്തിനു മുന്നോടിയായി യദിയൂരപ്പ നടത്തിയ പ്രസംഗം.

കര്‍ണാടകയിലെ ജനങ്ങള്‍ തങ്ങളെയാണ് ഭരിക്കാന്‍ തെരഞ്ഞെടുത്തതെന്നും കോണ്‍ഗ്രസും ജെഡിഎസ്സും ചേര്‍ന്ന് ആ ജനവിധിയാണ് തകര്‍ത്തതെന്നുമാണ് യദിയൂരപ്പയുടെ ആരോപണം. അവസരവാദ രാഷ്ട്രീയം കളിക്കുകയാണ് ആ രണ്ട് പാര്‍ട്ടികളും ചെയ്തതെന്നും യദിയൂരപ്പ കുറ്റപ്പെടുത്തി.

ജനങ്ങള്‍ 104 സീറ്റുകള്‍ തന്ന് ഞങ്ങളെ അനുഗ്രഹിച്ചു. ജനവിധി കോണ്‍ഗ്രസിനോ ജെഡിഎസ്സിനോ അനുകൂലമല്ലായിരുന്നു; യദിയൂരപ്പ തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

കഴിഞ്ഞ രണ്ടു വര്‍ഷമായി സംസ്ഥാനത്ത എല്ലാ നിയമസഭ മണ്ഡലങ്ങളിലൂടെയും ഞാന്‍ യാത്ര ചെയ്തു. ജനങ്ങളുടെ മുഖത്തെ വേദന ഞാന്‍ നേരിട്ടു കണ്ടു. ജനങ്ങള്‍ എനിക്ക് നല്‍കിയ സ്‌നേഹം ഒരിക്കലും മറക്കാന്‍ കഴിയില്ല; യദിയൂരപ്പയുടെ വാക്കുകള്‍.

104 ന്റെ സ്ഥാനത്ത് ജനങ്ങള്‍ ഞങ്ങള്‍ക്ക് 113 സീറ്റുകള്‍ നല്‍കിയിരുന്നെങ്കില്‍ ഈ സംസ്ഥാനം ഞങ്ങള്‍ സ്വര്‍ഗം ആക്കി മാറ്റുമായിരുന്നുവെന്നും യദിയൂരപ്പ തന്റെ പ്രസംഗത്തില്‍ വ്യക്തമാക്കി.

അടുത്ത ലോകസഭ തെരഞ്ഞെടുപ്പില്‍ ഇപ്പോഴുണ്ടായ തിരിച്ചടിക്ക് പകരം വീട്ടുമെന്ന മുന്നറിയിപ്പും യദിയൂരപ്പയുടെ പ്രസംഗത്തില്‍ ഉണ്ടായിരുന്നു. കര്‍ണാടകത്തിലെ 28 ലോക്‌സഭ സീറ്റുകളില്‍ 28 എണ്ണവും ഞങ്ങള്‍ തന്നെ ജയിക്കും എന്നായിരുന്നു യദിയൂരപ്പയുടെ വെല്ലുവിളി.

ഭരണം പോയി എന്നു കരുതി എനിക്കൊന്നും നഷ്ടപ്പെടുന്നില്ല. എന്റെ ജീവിതം ജനങ്ങള്‍ക്കു വേണ്ടിയാണെന്നും കൂടി പറഞ്ഞു വച്ചിട്ടാണ് ബി എസ് യദിയൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചത്.

അഴിമുഖം വാട്സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നംബര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വട്സാപ്പ് മെസേജ് ഞങ്ങളുടെ നംബറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍