UPDATES

ട്രെന്‍ഡിങ്ങ്

ബസ് ടിക്കറ്റ് തുണച്ചു: യുവാവ് രക്ഷപ്പെട്ടത് 15 വര്‍ഷം തടവില്‍ നിന്നും 2 ലക്ഷം രൂപ പിഴയില്‍ നിന്നും

ഷിംലയില്‍ നിന്നും രണ്ട് കിലോഗ്രാം ചരസുമായി പിടിയിലായെന്ന് പോലീസ് പറയുന്ന ഇയാളുടെ പക്കലുള്ള ടിക്കറ്റും പോലീസിന്റെ അവകാശവാദവുമായി ബന്ധമില്ലെന്ന് സുപ്രിംകോടതി കണ്ടെത്തി

ബസ് ടിക്കറ്റ് തുണയായപ്പോള്‍ യുവാവ് രക്ഷപ്പെട്ടത് 15 വര്‍ഷത്തെ തടവ് ശിക്ഷയില്‍ നിന്നും 2 ലക്ഷം രൂപ പിഴയില്‍ നിന്നും. ഷിംലയിലെ ഒരു ചെറിയ നഗരത്തില്‍ നിന്നും രണ്ട് കിലോഗ്രാം ചരസുമായി പിടിയിലായെന്ന് പോലീസ് പറയുന്ന ഇയാളുടെ പക്കലുള്ള ടിക്കറ്റും പോലീസിന്റെ അവകാശവാദവുമായി ബന്ധമില്ലെന്ന് സുപ്രിംകോടതി കണ്ടെത്തിയതോടെ ഇയാള്‍ക്കെതിരായ കേസ് സുപ്രിംകോടതി തള്ളുകയായിരുന്നു.

ഷിംല ഹൈക്കോടതി ശിക്ഷിച്ച നരേഷ് കുമാറിനെതിരായ വിധിയാണ് സുപ്രിംകോടതി റദ്ദാക്കിയത്. 2012ലാണ് കേസിനാസ്പദമായ സംഭവം. ഷിംലയ്ക്കടുത്തെ നേര്‍വയില്‍ നിന്നും ചാമുണ്ടയിലേക്കുള്ള ഹിമാചല്‍ പ്രദേശ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ മഝോലിയില്‍ ഇറങ്ങിയപ്പോള്‍ രാവിലെ 6.15ന് ഇയാളെ അറസ്റ്റ് ചെയ്‌തെന്നാണ് പോലീസ് ഭാഷ്യം. ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രിംകോടതിയെ സമീപിച്ചപ്പോഴാണ് ഇയാള്‍ കുറ്റക്കാരനല്ലെന്ന് വന്നത്.

ബസ് ടിക്കറ്റില്‍ പറയുന്ന സമയം അനുസരിച്ച് നരേഷ് മഝോലിയില്‍ ബസ് കയറിയത് 6.51നാണെന്നും ഹൈക്കോടതി പ്രോസിക്യൂഷന്റെ കഥയിലെ ഈ പഴുത് കണ്ടെത്തിയില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ റിഷി മല്‍ഹോത്ര ചൂണ്ടിക്കാട്ടി. 6.51ന് മാത്രം നേര്‍വയില്‍ നിന്നും ബസ് കയറിയ നരേഷ് കുമാറിനെ 6.15ന് മഝോലിയില്‍ വച്ച് പോലീസിന് അറസ്റ്റ് ചെയ്യാനാകില്ലെന്നായിരുന്നു വാദം. ജസ്റ്റിസ് എല്‍ നാഗേശ്വര റാവു, നവീന്‍ സിന്‍ഹ എന്നിവര്‍ ഉള്‍പ്പെടുന്ന ബഞ്ച് ഈ വാദം അംഗീകരിക്കുകയായിരുന്നു. നേര്‍വയില്‍ നിന്നും മഝോലിയിലേക്ക് 26 കിലോമീറ്ററാണ് ദൂരമെന്നും ഇത് കുന്നിന്‍പ്രദേശമായതിനാല്‍ ഒരു മണിക്കൂറോളം യാത്രയ്ക്കായി എടുക്കുമെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ എട്ട് മണി വരെയും ബസിന് ഇവിടെയെത്തിച്ചേരാനാകില്ല.

കൂടാതെ മയക്കുമരുന്ന് പിടിച്ചെടുത്തപ്പോള്‍ ഹാജരാക്കിയ സ്വതന്ത്ര സാക്ഷി അപ്പോള്‍ പറഞ്ഞ കഥയും പോലീസിന്റെ കഥയും വ്യത്യാസമുണ്ടെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. 10.30ഓടെ മഝോലിയില്‍ വച്ച വാഹന പരിശോധനയ്ക്കിടെ പോലീസ് തന്നെ പിടിച്ചു നിര്‍ത്തുകയും വിട്ടയയ്ക്കുകയും ചെയ്യുകയായിരുന്നെന്നാണ് ഇയാള്‍ പറയുന്നത്. എന്നാല്‍ പിന്നീട് തന്നെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ഏതാനും പേപ്പറുകളില്‍ ഒപ്പിടുവിച്ചു. നരേഷിനെ തന്റെ മുന്നില്‍ വച്ച് പരിശോധിക്കുകയോ മയക്കുമരുന്ന് പിടികൂടുകയോ ചെയ്തിട്ടില്ലെന്നും ഇയാള്‍ പറയുന്നു. സ്വതന്ത്ര സാക്ഷിയുടെ മൊഴി നിരസിച്ച പ്രോസിക്യൂഷന്‍ പോലീസ് സാക്ഷിയുടെ മൊഴി വിലയ്‌ക്കെടുത്താല്‍ മതിയെന്ന നിലപാടാണ് അപ്പോള്‍ സ്വീകരിച്ചത്.

എന്നാല്‍ ബസ് ടിക്കറ്റിലെ സമയം പരിഗണിച്ച് 6.15ന് മഝോലിയില്‍ നിന്നും നരേഷിനെ അറസ്റ്റ് ചെയ്‌തെന്ന പ്രോസിക്യൂഷന്റെ വാദം സംശയാസ്പദമാണ് വിധി പ്രഖ്യാപിച്ചിപ്പോള്‍ ജസ്റ്റിസ് സിന്‍ഹ ചൂണ്ടിക്കാട്ടി. കൂടാതെ ഒരു സ്വതന്ത്ര സാക്ഷി ലഭ്യമാണെങ്കില്‍ പ്രോസിക്യൂഷന്‍ അദ്ദേഹത്തിന്റെ മൊഴിയാണ് വിലയ്‌ക്കെടുക്കേണ്ടതെന്നും അത് തള്ളിക്കളയാനാകില്ലെന്നും സുപ്രിംകോടതി വിലയിരുത്തി. പ്രോസിക്യൂഷന് ഉചിതമെന്ന് തോന്നാത്ത കാരണത്താല്‍ മാത്രം ഒരു സ്വതന്ത്ര ദൃക്‌സാക്ഷിയെ ഒഴിവാക്കാന്‍ ആകില്ലെന്നും സുപ്രിംകോടതി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍