UPDATES

ട്രെന്‍ഡിങ്ങ്

മുത്തങ്ങയെ മറന്നോ? രാഷ്ട്രീയ ‘നേട്ടങ്ങള്‍’ തേടിപ്പോകുന്ന ജാനുവിനോടാണ് ചോദിക്കുന്നത്

തലചായ്ക്കാനുള്ള ഇടത്തിനായും ഭരണഘടന വാഗ്ദാനം ചെയ്യുന്ന ജീവിക്കാനുള്ള അധികാരത്തിനായുമാണ് ആദിവാസികള്‍ മുത്തങ്ങയില്‍ ആരംഭിച്ച സമരമാണ് ഇന്നും തുടരുന്നത്

രണ്ടായിരത്തി മൂന്ന് ഫെബ്രുവരി 19 കേരള ജനത ഒരിക്കലും മറക്കാത്ത ദിവസമാണ്. 2001 ഒക്ടോബറില്‍ ആദിവാസികള്‍ സ്വന്തം ഭൂമിയെന്ന ആവശ്യം ഉന്നയിച്ച് ആരംഭിച്ച ഒരു സമരത്തിന്റെ ബാക്കിപത്രമായിരുന്നു ഈ ദിവസം. അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണിയുടെ വീടിന് മുന്നില്‍ ആദിവാസികള്‍ നടത്തിയ കുടില്‍കെട്ടി സമരത്തോടെയായിരുന്നു സമരം ആരംഭിച്ചത്. 48 ദിവസമാണ് ഈ സമരം നീണ്ടുനിന്നത്. ഇതോടെ കേരളത്തിലെ ആദിവാസികള്‍ക്ക് ഭൂമി നല്‍കാമെന്നും മറ്റ് പുനരധിവാസ പദ്ധതികള്‍ ആവിഷ്‌കരിക്കാമെന്നും സംസ്ഥാന സര്‍ക്കാരിന് വാഗ്ദാനം ചെയ്യേണ്ടി വന്നു.

എന്നാല്‍ സര്‍ക്കാര്‍ ആദിവാസികള്‍ക്ക് നല്‍കിയത് ഒരു രക്തസാക്ഷിയെയാണ്. ഇതൊരു ഓര്‍മ്മപ്പെടുത്തലാണ്. ഓര്‍മ്മിപ്പിക്കുന്നത് സി കെ ജാനുവെന്ന അന്നത്തെ സമര നായികയെയും. ജോഗിയെ മറന്നുപോയോ എന്ന ചോദ്യമാണ് ജാനുവിനോട് ചോദിക്കേണ്ടി വരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിയ്‌ക്കൊപ്പം ചേര്‍ന്ന ജാനുവിനെ കേരള സമൂഹം കയ്യൊഴിഞ്ഞതാണ്. ഇന്നിപ്പോള്‍ കോണ്‍ഗ്രസിനൊപ്പം ചേരുന്നുവെന്ന് അവര്‍ വെളിപ്പെടുത്തുമ്പോള്‍ ആദിവാസി സമൂഹത്തിന്റെ പ്രതീക്ഷ കൂടിയാണ് ഇല്ലാതാകുന്നത്.

എ കെ ആന്റണിക്ക് കേരള മുഖ്യമന്ത്രി പദവി രാജി വയ്‌ക്കേണ്ടി വന്ന സാഹചര്യമായിരുന്നു മുത്തങ്ങയിലെ വെടിവയ്പ്പ്. അന്നത്തെ ദയനീയമായ കാഴ്ചയായിരുന്നു സി കെ ജാനുവിന്റേതും എം ഗീതാനന്ദന്റെയും. ആന്റണി പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയിലേക്കാണ് ഇപ്പോള്‍ ജാനു ചുവടുവയ്ക്കാന്‍ പോകുന്നത്. സ്വതന്ത്ര രാഷ്ട്രീയ പാര്‍ട്ടിയെന്ന് അടയാളപ്പെടുത്തിയാണ് ജാനു രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. എന്നാല്‍ ബിജെപിക്കൊപ്പം കൂട്ടുകൂടിയതോടെ ആ സ്വതന്ത്രത ഇല്ലാതായിരുന്നു.

മുത്തങ്ങ സമരം കേരളത്തിലെ ആദിവാസികളെ സംബന്ധിച്ച് ഒരു തുടക്കമായിരുന്നു. നീതിക്ക് വേണ്ടി പോരാടാനുള്ള തുടക്കം. കേരളത്തിലെ ആദിവാസി ഭൂസമരങ്ങളുടെ ചരിത്രത്തില്‍ രക്തക്കറ പുരണ്ട ഏടായിരുന്നു മുത്തങ്ങ സമരം. ഈ സമരം ആദിവാസികളുടെ ശബ്ദമുയര്‍ത്തുന്ന കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് ഭയന്ന് സര്‍ക്കാര്‍ പൊളിച്ചുകളഞ്ഞെങ്കിലും ആദിവാസികളുടെ ശബ്ദം കൂടുതല്‍ ഉച്ചത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്ന ഒരു സ്ഥിതിവിശേഷമാണ് പിന്നീടുണ്ടായത്. ആ സര്‍ക്കാരിന് നേതൃത്വം കൊടുത്ത രാഷ്ട്രീയ പാര്‍ട്ടിക്കൊപ്പമാണ് ഇപ്പോള്‍ ജാനുവിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ജനാധിപത്യ രാഷ്ട്രീയ സഭ സഖ്യമുണ്ടാക്കാനൊരുങ്ങുന്നത്. അവര്‍ അതിന് പറയുന്ന ന്യായം എന്‍ഡിഎയ്‌ക്കൊപ്പം നിന്നിട്ട് രാഷ്ട്രീയ ലാഭമൊന്നും ലഭിച്ചില്ലെന്നതാണ്.

അപ്പോള്‍ അധികാര നേട്ടമല്ലാതെ ജാനുവിന് എന്തായിരുന്നു വേണ്ടിയിരുന്നത്? തലചായ്ക്കാനുള്ള ഇടത്തിനായും ഭരണഘടന വാഗ്ദാനം ചെയ്യുന്ന ജീവിക്കാനുള്ള അധികാരത്തിനായുമാണ് ആദിവാസികള്‍ മുത്തങ്ങയില്‍ ആരംഭിച്ച സമരം ഇന്നും തുടരുന്നത്. ആദിവാസികളെ വെടിവെച്ച് കൊന്നവര്‍ക്കൊപ്പം നിലകൊള്ളാന്‍ തീരുമാനിക്കുമ്പോള്‍ മുത്തങ്ങ സമരത്തിന്റെ ആവശ്യങ്ങളൊന്നും നേടിയെടുക്കാനായിട്ടില്ലെന്ന് ജാനു ഓര്‍ക്കുന്നത് നന്നായിരിക്കും.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍