UPDATES

വിപണി/സാമ്പത്തികം

ആന്തൂരിലെ സാജനും വി ജി സിദ്ധാര്‍ത്ഥയും തമ്മിലെന്ത്?

ഇന്‍കം ടാക്‌സ് അധികൃതരുടെ ഇടപെടലാണ് സിദ്ധാര്‍ത്ഥയുടെ മരണത്തിന് കാരണമായതെന്ന് അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകളിൽ നിന്നും വ്യക്തമാകുമ്പോൾ നഗര സഭാഅധികൃതരുടെ നടപടിയാണ് സാജന് തിരിച്ചടി ഉണ്ടാക്കിയത്.

രാജ്യത്തെ തൊഴിലില്ലായ്മയെ മറികടക്കാൻ യുവാക്കളെ തൊഴിൽ ദാതാക്കളാക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാറിന്റെയും സംസ്ഥാന സർക്കാരുകളുടെയും പുതിയ നയം. കൂടുതൽ പേരെ സംരംഭകരാക്കുക, അതുവഴി വലിയ സാമൂഹികമാറ്റം കൈവരിക്കുക. ഇതിനായി നിരവധി പദ്ധതികളാണ് സർക്കാറുകൾ മുന്നോട്ട് വയ്ക്കുന്നത്. എന്നാൽ ഇത്തരം സംരഭകർക്ക് തങ്ങളുടെ ബിസിനസ് നിലനിർത്താൻ ആഗ്രവും കഴിവും മാത്രം മതിയാകില്ലെന്നും മറിച്ച് വലിയ രാഷ്ട്രീയ പിന്തുണ വേണമെന്ന കൂടി വേണമെന്നുമാണ് സമീപ കാല ഉദാഹരണങ്ങൾ നമുക്ക് മുന്നിൽ വ്യക്തമാക്കിത്തരുന്നത്.

ഈ വഴിയിൽ വലിയ വിവാദങ്ങൾക്ക് വഴിവയ്ക്കുകയാണ് കഫേ കോഫി ഡേ സ്ഥാപകന്‍ വി ജി സിദ്ധാര്‍ത്ഥയുടെ ദുരൂഹമരണം. ലോകമറിയുന്ന ഒരു ബ്രാൻഡ് കെട്ടിപ്പടുത്ത ശേഷമാണ് വി ജി സിദ്ധാര്‍ത്ഥ രാജ്യത്തെ ‘സംവിധാന’ങ്ങൾക്ക് മുന്നിൽ ‘പരാജയ’പ്പെട്ട് ആത്മഹത്യയെന്ന വഴി തിരഞ്ഞെടുക്കുന്നത്. ഇതിന് സമാനമാണ് അടുത്തിടെ കേരളത്തിൽ വലിയ വിവാദങ്ങൾ സൃഷ്ടിച്ച കണ്ണൂരിലെ ആന്തുരിലെ സാജൻ എന്ന പ്രവാസി വ്യവസായി ജീവനൊടുക്കിയ സംഭവം. തന്റെ സമ്പത്തിന്റെ വലിയൊരു ഭാഗം ചിലവിട്ട് ഒരുക്കിയ സംരംഭത്തിന് അധികൃതരുടെ അനുമതി ലഭിക്കാത്തതിൽ മനം നൊന്താണ് ആ പ്രവാസി വ്യവസായി സ്വപ്നങ്ങൾ പൂർത്തിയാവാതെ ജീവനൊടുക്കിയത്.

ഇന്ത്യയില്‍ നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കിയതിന് ശേഷം ആരംഭിച്ച ചില കമ്പനികളാണ് വന്‍ കുതിപ്പ് കാണിച്ചതിന് ശേഷം ഇപ്പോള്‍ വലിയ പ്രതിസന്ധികളിലേക്കും തകര്‍ച്ചയിലേക്കും പോകുന്നതെന്ന് വിലയിരുത്തുമ്പോഴും രാജ്യത്തെ ഭരണകൂട ഏജൻസികളുടെ ഇടപെടലാണ് ഈ രണ്ട് സംഭവങ്ങളിലേയും സമാനതയെന്നതും ശ്രദ്ധേയമാണ്. ഇന്‍കം ടാക്‌സ് അധികൃതരുടെ ഇടപെടലാണ് സിദ്ധാര്‍ത്ഥയുടെ മരണത്തിന് കാരണമായതെന്ന് അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകളിൽ നിന്നും വ്യക്തമാകുമ്പോൾ നഗരസഭാ അധികൃതരുടെ ലൈസന്‍സിംഗ് നടപടിയാണ് സാജന് തിരിച്ചടി ഉണ്ടാക്കിയത്.

വർഷങ്ങളായി നൈജീരിയയിൽ ജോലി ചെയ്ത സാജൻ പതിനാറ് കോടിയോളം രൂപ മുടക്കിയായിരുന്നു ബക്കളത്ത് കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മിച്ചത്. സാജന്റെ കെട്ടിടത്തിന് നമ്പർ നൽകുന്നതു മുതൽ പ്രവർത്തനാനുമതി നൽകുന്നതിൽ വരെ ഉദ്യോഗസ്ഥർ ഗുരുതരമായ അലംഭാവം കാണിച്ചെന്നാണ് റിപ്പോർട്ട്. അപേക്ഷകൾ ആഴ്ചകളോളം പൂഴ്‌ത്തിവച്ചെന്നും ആന്തൂർ നഗരസഭയിൽ ഉന്നത ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു. നഗരസഭാ അധ്യക്ഷ മുതൽ ജീവനക്കാർ വരെ അരോപണ വിധേയരായ സംഭവം വലിയ വിവാദം സൃഷ്ടിക്കുകയും ചെയ്തു.

തുടക്കത്തിലേ പ്രതിസന്ധിയിലേക്ക് നീങ്ങിയതാണ് ആന്തൂരിൽ പാർത്ഥാസ് കൺവെൻഷന്‍ സെന്റർ എന്ന സംരംഭം സാധ്യമാക്കുന്നതിന് സാജന് തിരിച്ചടിയായതെങ്കിൽ 2017 ൽ‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ കഫേ ഡേയില്‍ റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് സിദ്ധാർത്ഥയുടെ പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. 650 കോടി രൂപയുടെ അനധികൃത പണം കണ്ടെത്തിയതെന്ന് പറഞ്ഞായിരുന്നു റെയ്ഡ്. റിലയന്‍സ്, അദാനി തുടങ്ങിയ വന്‍കിടകാര്‍ക്ക് നല്‍കുന്ന പരിഗണന ഇന്ത്യന്‍ നിയമ സംവിധാനങ്ങളും ബാങ്കുകളും സിദ്ധാര്‍ത്ഥയ്ക്ക് നല്‍കിയില്ലെന്നതിന്റെ തെളിവായിരുന്നു ഈ നടപടികൾ.

ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം കഫേ കോഫി ഡേയുടെ ഹോള്‍ഡിംങ് കമ്പനിയായ കോഫി ഡേ എന്റര്‍പ്രൈസസിന് ഈ വര്‍ഷം മാര്‍ച്ചിലെ കണക്കുപ്രകാരം 6550 കോടി രൂപയുടെ കടബാധ്യതയുണ്ടെന്നാണ് വിവരം. 2018 ല്‍ 1777 രൂപയായിരുന്നു കമ്പനിയുടെ വരുമാനം. അത് ഈ വര്‍ഷം 1814 കോടി രൂപയായി വര്‍ധിച്ചു. സാമ്പത്തിക മേഖലയിലെ അടിസ്ഥാന സൂചികകളും കമ്പനിയുടെ പ്രതിസന്ധിക്ക് ആക്കം കൂട്ടിയെന്ന് വേണം കണക്കാക്കാന്‍. കോഫിയുടെ വില കഴിഞ്ഞ 13 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായി. കയറ്റുമതിയില്‍ ഈ വര്‍ഷം 10 ശതമാനത്തിന്റെ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. വര്‍ധിച്ചുവന്ന കടം പ്രവര്‍ത്തന മൂലധനത്തെ വല്ലാതെ പരിമതിപ്പെടുത്തുന്ന നിലയുമുണ്ടായിരുന്നു. ഇതിനായി മൈന്റ് ട്രീ എന്ന കമ്പനിയിലെ തന്റെ ഓഹരികള്‍ ഭൂരിപക്ഷവും വിറ്റു. 3200 കോടി രൂപയ്ക്കാണ് അദ്ദേഹം തന്റെ ഓഹരികള്‍ വിറ്റഴിച്ചത്. ഇതിന് പുറമെ കോഫി ഡേയില്‍ കൊക്കോ കൊളയ്ക്ക് പങ്കാളിത്തം നല്‍കാനും അദ്ദേഹം ശ്രമിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

“ദാസ് ക്യാപിറ്റൽ വായിച്ചതോടെ ഞാൻ കമ്മ്യൂണിസ്റ്റായി”: കഫെ കോഫീ ഡേ ഉടമ സിദ്ധാർത്ഥ എഴുതി

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍