UPDATES

ട്രെന്‍ഡിങ്ങ്

മകന് അഡ്മിഷനും ചികിത്സയും നിഷേധിച്ചിട്ടും ആധാറിനെതിരായ പിതാവിന്റെ പോരാട്ടം തുടരുന്നു

ബാങ്ക് അക്കൗണ്ട് മുതല്‍ ടെലഫോണ്‍ നമ്പര്‍ വരെ ആധാറുമായി ബന്ധപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇത് പൗരന്മാരില്‍ അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വിവിധ കോണുകളില്‍ നിന്നാണ് വിമര്‍ശനം ഉയരുന്നത്

ആധാര്‍ നിര്‍ബന്ധമാക്കണമോ വേണ്ടയോ എന്ന കേസില്‍ സുപ്രിംകോടതി ഇനിയും വിധി പറഞ്ഞിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ ജനങ്ങള്‍ക്ക് മേല്‍ പലവധിത്തില്‍ ആധാര്‍ കാര്‍ഡ് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ നിരവധി പേര്‍ ആധാര്‍ എടുക്കാതെ തന്നെ മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. ആധാര്‍ വിഷയത്തിലെ അന്തിമ തീരുമാനമെടുക്കേണ്ടത് സുപ്രിംകോടതിയാണെന്ന സാഹചര്യത്തില്‍ അത് നിര്‍ബന്ധമാക്കാന്‍ സാധിക്കില്ലെന്നതാണ് പലരുടെയും ധൈര്യം.

എന്നാല്‍ അന്ധേരി സ്വദേശിയായ ജോണ്‍ എബ്രാഹിം തനിക്കും കുടുംബത്തിനും ആധാര്‍ വേണ്ടെന്ന തീരുമാനം മൂലം ഇപ്പോള്‍ അനുഭവിക്കുന്നത് ഗൗരവകരമായ അനീതിയാണ്. കാര്‍ഡ് ഇല്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ മകന്റെ കോളേജ് അഡ്മഷന്‍ തടസ്സപ്പെടുകയും ആശുപത്രിയില്‍ ചികിത്സ നിഷേധിക്കപ്പെടുകയും ചെയ്തു. അതിനെല്ലാമുപരി അദ്ദേഹത്തിന്റെ വിരമിക്കല്‍ ആനുകൂല്യങ്ങളെല്ലാം ഇതേ കാരണത്താല്‍ തടഞ്ഞു വയ്ക്കുമോയെന്നാണ് ഇപ്പോള്‍ ആശങ്ക. ഈ ഒരൊറ്റ കാര്‍ഡിനെ രാജ്യത്തെ വിശ്വസനീയമായ തെളിവാക്കുന്ന സംവിധാനത്തിന് താന്‍ എതിരാണെന്നും ഇത് തന്നില്‍ അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ഇദ്ദേഹം പറയുന്നു.

ഇദ്ദേഹത്തിന്റെ 17കാരനായ മകന് ആധാര്‍ കാര്‍ഡ് ഇല്ലാത്തതിന്റെ പേരില്‍ സെന്റ് സേവ്യേഴ്‌സ് കോളേജില്‍ അഡ്മിഷന്‍ നിഷേധിക്കുകയായിരുന്നു. അന്ധേരിയിലെ ഒരു ആശുപത്രിയില്‍ അടുത്തിടെ മകന് ചികിത്സ തേടേണ്ടി വന്നപ്പോഴും രോഗിയുടെ പേര് രജിസ്റ്റര്‍ ചെയ്യാന്‍ ആധാര്‍ കാര്‍ഡില്ലെന്ന കാരണത്താല്‍ ചികിത്സ നിഷേധിക്കുകയും ചെയ്തു. എന്നാല്‍ ആധാര്‍ അടിച്ചേല്‍പ്പിക്കുന്ന ഈ നീക്കത്തിന് മുന്നില്‍ താന്‍ വഴങ്ങില്ലെന്നും ഇതിനെതിരെ പോരാടുമെന്നുമാണ് ഇദ്ദേഹം പറയുന്നത്. ഇന്ത്യന്‍ റെയില്‍വേ ഉദ്യോഗസ്ഥനായിരുന്ന ജോണ്‍ അടുത്തിടെ അടുത്തിടെ വൊളന്ററി റിട്ടയര്‍മെന്റ് എടുത്തിരുന്നു. ആധാര്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ തന്റെ പെന്‍ഷ ലഭിക്കുമോയെന്ന് അറിയില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. മകന് അഡ്മിഷന്‍ തടഞ്ഞ കേസില്‍ ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതിയില്‍ നിന്നും പ്രതികൂലമായ വിധിയാണ് ഉണ്ടായത്.

സര്‍ക്കാരിന്റെ വിവിധ ഉത്തരവുകള്‍ അനുസരിച്ച് ജോണ്‍ അബ്രാഹിം ആധാര്‍ കാര്‍ഡ് സമര്‍പ്പിക്കണമെന്നായിരുന്നു കോടതി ആവശ്യപ്പെട്ടത്. ആധാര്‍ കാര്‍ഡ് സമര്‍പ്പിച്ചാല്‍ സെന്റ് സേവ്യേഴ്‌സ് കോളേജ് സൊസൈറ്റിയോട് അഡ്മിഷന്‍ നല്‍കാന്‍ നിര്‍ദ്ദേശം നല്‍കാമെന്നാണ് ഹൈക്കോടതി പറഞ്ഞത്. ജോണിന്റെ ആധാര്‍ കാര്‍ഡ് സമര്‍പ്പിച്ചാല്‍ മകന്റെ ആധാര്‍ കാര്‍ഡ് സമര്‍പ്പിക്കാന്‍ സമയം നല്‍കാമെന്നും കോടതി വിധിയില്‍ പറയുന്നു.

അതേസമയം ആധാര്‍ കാര്‍ഡ് എടുക്കാന്‍ താന്‍ തയ്യാറല്ലെന്നും അതിന്റെ ആവശ്യകത എന്താണെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും ജോണ്‍ കോടതിയെ അറിയിച്ചു. തനിക്ക് ഇക്കാര്യത്തില്‍ നിര്‍ബന്ധബുദ്ധിയുണ്ടെന്നും ആധാര്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിനെതിരെയാണ് തന്റെ നിലപാടെന്നും പരാതിക്കാരന്‍ പറയുന്നു. അതിനാല്‍ തന്നെ താല്‍ക്കാലിക ആശ്വാസം നല്‍കാന്‍ തങ്ങള്‍ തയ്യാറല്ലെന്നാണ് ഹൈക്കോടതി പറയുന്നത്.

ഇതേ തുടര്‍ന്ന് ഈമാസം നാലിന് ഇദ്ദേഹം സുപ്രിംകോടതിയെ സമീപിച്ചിരിക്കുകയാണ്. വിഷയത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചിരിക്കുന്ന കോടതി അതിനായി രണ്ടാഴ്ച സമയം അനുവദിച്ചിട്ടുണ്ട്. എല്ലായിടത്തും ആധാര്‍ നിര്‍ബന്ധിതമാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അഡ്മിഷന്‍ സമയത്ത് ഇത് നിര്‍ബന്ധിതമാക്കുന്നതിന്റെ ലക്ഷ്യമെന്താണെന്നും തന്റെ മകന് ഇതിലൂടെ വിദ്യാഭ്യസത്തിനുള്ള അവകാശം നിഷേധിക്കുകയാണെന്നും ഇദ്ദേഹം പറയുന്നു. സുപ്രിംകോടതി ഈ വിഷയത്തില്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കുമ്പോഴേക്കും തന്റെ ഒരു വര്‍ഷത്തിന്റെ പകുതിയോളം നഷ്ടപ്പെടുമെങ്കിലും ആധാറിനെതിരായ പോരാട്ടം തുടരുമെന്ന് അദ്ദേഹം പറയുന്നു. ഇദ്ദേഹത്തിന്റെ മകന് മറ്റൊരു കോളേജില്‍ അഡ്മിഷന്‍ ലഭിച്ചിട്ടുണ്ട്.

സ്‌കൂള്‍, കോളേജ് അഡ്മിഷനുകളില്‍ ആധാര്‍ നിര്‍ബന്ധിതമാക്കുന്നതിന്റെ ആവശ്യകതയെ ചോദ്യം ചെയ്യുന്ന ആദ്യ സംഭവമല്ല ഇത്. ബാങ്ക് അക്കൗണ്ട് മുതല്‍ ടെലഫോണ്‍ നമ്പര്‍ വരെ ആധാറുമായി ബന്ധപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇത് പൗരന്മാരില്‍ അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വിവിധ കോണുകളില്‍ നിന്നാണ് വിമര്‍ശനം ഉയരുന്നത്. 2015 ഒക്ടോബര്‍ 21ന് ഇറങ്ങിയ മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവ് പ്രകാരം എല്ലാ കുട്ടികളും സ്‌കൂളില്‍ അഡ്മിഷന് ശ്രമിക്കുമ്പോള്‍ തങ്ങളുടെ ആധാര്‍ കാര്‍ഡിന്റെ കോപ്പിയും സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നു. ഇതിനെതിരായ പൊതുതാല്‍പര്യഹര്‍ജി 2016 ജൂണില്‍ എഎസ് ഒക, എഎ സയ്യിദ് എന്നിവര്‍ അംഗങ്ങളായ ഡിവിഷന്‍ ബഞ്ച് റദ്ദാക്കിയിരുന്നു.

അതേസമയം അടുത്തിടെ സ്വകാര്യതയ്ക്കുള്ള അവകാശത്തിന് അനുകൂലമായുണ്ടായ സുപ്രിംകോടതി വിധി എബ്രാഹിമിന്റെ പോരാട്ടങ്ങള്‍ക്ക് കരുത്തു പകരും. സ്വകാര്യത ഒരു മൗലിക അവകാശമാണെന്നാണ് സുപ്രിംകോടതി വിധി. എന്നാല്‍ ആധാര്‍ സ്വകാര്യതയെ ലംഘിക്കുന്നുവോയെന്ന കേസ് സുപ്രിംകോടതിയുടെ അഞ്ചംഗ ബഞ്ച് 2015 മുതല്‍ പരിഗണിക്കുകയാണ്.

അടുത്തിടെ മകന് സുഖമില്ലാതായപ്പോള്‍ അന്ധേരിയിലെ വീടിന് സമീപത്തുള്ള ഒരു ആശുപത്രിയിലെത്തിച്ചെങ്കിലും അവരുടെ ഫയലുകള്‍ അനുസരിച്ച് രോഗിയുടെ പേര് രജിസ്റ്റര്‍ ചെയ്യാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമായിരുന്നു. ഇതേക്കുറിച്ച് താന്‍ ഏറെ നേരം നടത്തിയ തര്‍ക്കത്തിനൊടുവിലാണ് ആശുപത്രി അധികൃതര്‍ ചികിത്സയ്ക്കാന്‍ തയ്യാറായതെന്നും അദ്ദേഹം പറയുന്നു. തനിക്ക് ആധാറിനോടുള്ള എതിര്‍പ്പ് മതപരമായ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം പറയുന്നു. ഈ സംവിധാനത്തിനെതിരായ തന്റെ പോരാട്ടത്തില്‍ ഭാര്യയുടെ പൂര്‍ണ പിന്തുണയുണ്ടെന്നും ജോണ്‍ വ്യക്തമാക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍