UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുന്‍കാലങ്ങളില്‍ ചെയ്ത പാപങ്ങളുടെ ഫലമാണ് കാന്‍സര്‍: ആസാം ആരോഗ്യമന്ത്രി

രോഗികളോ അവരുടെ പൂര്‍വീകരോ ഈ ജന്മത്തിലോ കഴിഞ്ഞ ജന്മത്തിലോ ചെയ്ത പാപങ്ങള്‍ക്കുള്ള ദൈവിക ശിക്ഷയാണ് ഇത്തരം രോഗങ്ങള്‍

മുന്‍കാലങ്ങളില്‍ ചെയ്ത പാപങ്ങളുടെ ഫലമായാണ് കാന്‍സര്‍ പോലുള്ള മാരകരോഗങ്ങളുണ്ടാകുന്നതെന്നാണ് ബിജെപി നേതാവും അസം ആരോഗ്യ, വിദ്യാഭ്യാസ, ധനകാര്യമന്ത്രിയുമായ ഹിമന്ത ബിശ്വസ് ശര്‍മ്മയുടെ ഉത്തമബോധ്യം. ഹിന്ദുത്വം ദൈവിക നീതിയില്‍ വിശ്വസിക്കുന്നുണ്ടെന്നും മനുഷ്യരുടെ സഹനത്തിനുള്ള അടിസ്ഥാനകാരണം മുന്‍കാലങ്ങളില്‍ ചെയ്ത പാപങ്ങളാണെന്നും അദ്ദേഹം ഉറപ്പിച്ച് പറയുന്നു. അദൃശ്യശക്തികള്‍ക്കെതിരെ മനുഷ്യര്‍ ചെയ്യുന്ന പാപങ്ങള്‍ക്ക് പരിഹാരമില്ലെന്നൊരു മുന്നറിയിപ്പും ഈ വിദ്യാഭ്യാസമന്ത്രി ജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.

ചിലര്‍ക്ക് കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ വരുന്നത്, ചെറുപ്പക്കാര്‍ക്ക് ഇത്തരം രോഗങ്ങള്‍ വരുന്നത് ഒക്കെ നമ്മള്‍ കാണാറുണ്ട്. എന്തുകൊണ്ടാണ് അവര്‍ക്ക് ഇങ്ങനെയൊരു ദുരിതം വന്നത് എന്ന് നാം അത്ഭുതം കൂറും. എന്നാല്‍ ഇനി മുതല്‍ അത് വേണ്ട എന്നാണ് കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് ചേക്കേറി സംസ്ഥാനത്തെ ഏറ്റവും ശക്തമായ അധികാരകേന്ദ്രമായി മാറിയ ഈ മന്ത്രി പ്രമുഖന്‍ പറയുന്നത്. ഇത്തരം മാരകരോഗങ്ങള്‍ ബാധിച്ചവരുടെ പശ്ചാത്തലം പരിശോധിച്ചാല്‍ രോഗബാധയ്ക്കുള്ള കാരണം കണ്ടെത്താമത്രെ. രോഗികളോ അവരുടെ പൂര്‍വീകരോ ഈ ജന്മത്തിലോ കഴിഞ്ഞ ജന്മത്തിലോ ചെയ്ത പാപങ്ങള്‍ക്കുള്ള ദൈവിക ശിക്ഷയാണത്രെ ഇത്തരം രോഗങ്ങള്‍. ഗുവാഹത്തില്‍ ബുധനാഴ്ച നടന്ന ചടങ്ങില്‍ 248 സ്‌കൂള്‍ അദ്ധ്യാപകര്‍ക്ക് നിയമനോത്തരവ് കൈമാറിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഈ വെളിപാടുകള്‍. ഇത് കേട്ട അദ്ധ്യാപകര്‍ പഠിപ്പിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഭാവി എന്താകും എന്ന ചോദ്യമാണ് ബാക്കിയാവുന്നത്.

ഏതായാലും പ്രതിപക്ഷ പാര്‍ട്ടികള്‍ മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. കാന്‍സര്‍ രോഗികള്‍ ഉള്‍പ്പെടെയുള്ളവരെ വേദനിപ്പിച്ച പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് പൊതുജനങ്ങളോട് മാപ്പ് പറയാന്‍ ഹിമാന്ത ബിശ്വാസ് തയ്യാറാവണമെന്ന് കോണ്‍ഗ്രസ് നേതാവ് ദേബബ്രത സൈക്യ ആവശ്യപ്പെട്ടു. അസമില്‍ പടരുന്ന കാന്‍സര്‍ രോഗം നിയന്ത്രിക്കുന്നതിലുള്ള പരാജയം മറച്ചുവെക്കുന്നതിനാണ് മന്ത്രി ഇപ്പോള്‍ പരലോകത്തെയും ദൈവത്തെയും കൂട്ടുപിടിക്കുന്നതെന്ന് എഐയുഡിഎഫ് നേതാവ് അമിനുള്‍ ഇസ്ലാം ആരോപിച്ചു. കാന്‍സര്‍ ദൈവിക നീതിയാണെന്നാണ് അസാം മന്ത്രി പറയുന്നതെന്നും പാര്‍ട്ടി മാറുമ്പോള്‍ ഇതാണ് ചിലര്‍ക്ക് സംഭവിക്കുന്നതെന്നും മുന്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരം ഒരു ട്വീറ്റില്‍ പരിഹസിച്ചു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍