UPDATES

ട്രെന്‍ഡിങ്ങ്

ഉന്നതര്‍ക്കൊപ്പം കിടക്ക പങ്കിടാതെ റിപ്പോര്‍ട്ടര്‍ ആകാന്‍ കഴിയില്ല; വനിത മാധ്യമപ്രവര്‍ത്തകരെ അപമാനിച്ച് ബിജെപി നേതാവ്

മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തൊട്ടതിന് ഗവര്‍ണര്‍ ഫിനോയില്‍ ഒഴിച്ച് കൈകഴുകണമെന്നും എസ് വി ശേഖര്‍

വനിത മാധ്യമ പ്രവര്‍ത്തകരെ അവഹേളിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ബിജെപി നേതാവിനെതിരെ തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധം. തമിഴ്‌നാട് ഗവര്‍ണര്‍ മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തട്ടിയ സംഭവം വിവാദമായിരിക്കുന്ന സാഹചര്യത്തിലാണ് ചലച്ചിത്ര താരവും തിരക്കഥാകൃത്തും കൂടിയായ എസ് വി ശേഖര്‍ സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ എഴുതിയിരിക്കുന്നത്. വലിയ തോതില്‍ വിമര്‍ശനങ്ങള്‍ വന്നതിനെ തുടര്‍ന്ന് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് മാധ്യമപ്രവര്‍ത്തക ലക്ഷ്മി സുബ്രമണ്യനോട് തന്റെ പ്രവൃത്തിയില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അവരെ തൊട്ടതിന് ഗവര്‍ണര്‍ സ്വന്തം കൈ ഫിനോയില്‍ ഉപയോഗിച്ച് കഴുകാനാണ് ശേഖറിന്റെ ഉപദേശം.

തിരുത്തുകയോ മാപ്പ് പറയുകയോ ചെയ്യാതെ ഈ പോസ്റ്റ്‌ പിന്നീട് ഫേസ്ബുക്കില്‍ നിന്ന് ശേഖര്‍ നീക്കം ചെയ്തു. മാധ്യമപ്രവര്‍ത്തകരുടെ ഉദ്ദേശം ഗവര്‍ണ്ണറെയും പ്രധാനമന്ത്രിയേയും അപമാനിക്കലാണെന്നും പോസ്റ്റിലുണ്ട്. സര്‍വ്വകലാശാലകളേക്കാള്‍ ലൈംഗിക പീഡനം നടമാടുന്ന സ്ഥലമാണ് മാധ്യമ രംഗമെന്നും ഈ ആള്‍ക്കാരാണ് ഗവര്‍ണ്ണറെ ചോദ്യം ചെയ്യുന്നതെന്നുമാണ് ശേഖര്‍ ഷെയര്‍ ചെയ്ത ഒരു പോസ്റ്റില്‍ പറയുന്നത്.

‘ വലിയ ആളുകള്‍ക്കൊപ്പം കിടക്ക പങ്കിടാതെ റിപ്പോര്‍ട്ടര്‍മാരോ അവതാരകരോ ആകാന്‍ സാധിക്കില്ല. വിദ്യാഭ്യാസമില്ലാത്ത വൃത്തികെട്ട ജീവികള്‍. പ്രത്യേകിച്ചും തമിഴ്‌നാട് മീഡിയയില്‍. ഈ സ്ത്രീയും അതിന് അപവാദമല്ല’ എന്ന ശേഖറിന്റെ കമന്റും വലിയ വിവാദമായിരിക്കുകയാണ്.

ശേഖറിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ തമിഴ്‌നാട്ടിലെ മാധ്യമപ്രവര്‍ത്തകര്‍ ബിജെപി സംസ്ഥാന കാര്യാലയത്തിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കും. എസ് വി ശേഖറിനു പുറമേ ബിജെപി ദേശീയ സെക്രട്ടറി ഒ. രാജയും മാധ്യമ പ്രവര്‍ത്തകരെ അവഹേളിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.

വിദ്യാര്‍ത്ഥിനികളെ ലൈംഗിക ചൂഷണത്തിന് നിര്‍ബന്ധിച്ചു എന്ന കുറ്റം ആരോപിക്കപ്പെട്ട സ്വകാര്യ കോളേജിലെ വനിത പ്രൊഫസറുമായി ഗവര്‍ണര്‍ക്ക് അടുത്ത ബന്ധമുള്ളതായി പുറത്ത് വന്നിരുന്നു. ഇതിനെ സംബന്ധിച്ച ചോദ്യം ചോദിക്കവെയാണ് മറുപടി പറയാതെ ഗവര്‍ണര്‍ ലക്ഷ്മി സുബ്രമണ്യന്റെ കവിളില്‍ തട്ടിയത്. ഇതിന്റെ ചിത്രം വൈറലായി മാറിയിരുന്നു. ഇതിന് ശേഷം, താന്‍ ഒരുപാട് തവണ മുഖം കഴുകിയെന്നും ഗവര്‍ണറോട് വലിയ കോപമുണ്ടെന്നും അവര്‍ ട്വിറ്ററില്‍ എഴുതിയിരുന്നു. സംഭവം വിവാദമായപ്പോള്‍, നല്ല ചോദ്യം ചോദിച്ചതിന് പേരക്കുട്ടിയെ പോലെ താന്‍ അഭിനന്ദിച്ചതാണെന്ന് ഗവര്‍ണര്‍ പ്രതികരിച്ചു. ഗവര്‍ണ്ണറുടെ ഖേദം പ്രകടനം സ്വീകരിച്ചതായും എന്നാല്‍ അത്ര തൃപ്തയല്ലെന്നുമാണ് ലക്ഷ്മി പ്രതികരിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍