UPDATES

ട്രെന്‍ഡിങ്ങ്

ഗാന്ധിയെ കൊന്നവര്‍ ഭരിക്കുമ്പോള്‍ എന്ത് ധാര്‍മികത പ്രതീക്ഷിക്കാനാകും: റഷ്യന്‍ സംവിധായകന്‍ സുകുറോവ്‌

ഒരു മാസ്റ്റര്‍പീസ് രചിക്കാന്‍ സാധിക്കുന്ന കലാരൂപമല്ല സിനിമയെന്നും എന്നാല്‍ സാഹിത്യത്തിലും സംഗീതത്തിലും അത് സാധിക്കുമെന്നും സൊകുറോവ്

രാഷ്ട്രീയക്കാരും അധികാരത്തിലിരിക്കുന്നവരും ധാര്‍മികത മുറുകെപ്പിടിച്ചാല്‍ തീരുന്ന പ്രശ്‌നമേ ലോകത്തുള്ളൂവെന്ന് റഷ്യന്‍ ചലച്ചിത്രകാരന്‍ അലക്‌സാണ്ടര്‍ സൊകുറോവ്. അങ്ങിനെയുള്ളവര്‍ അധികാരരംഗത്തുണ്ടെങ്കില്‍ ലോകം തന്നെ മാറിമറിയും. എന്നാല്‍ അത്തരം നേതാക്കള്‍ ഒന്നുകില്‍ തുടച്ചു നീക്കപ്പെടുയോ അല്ലെങ്കില്‍ മാറ്റിനിര്‍ത്തപ്പെടുകയോ ചെയ്യും. അതിന് ലോകത്തിലെ വലിയ ഉദാഹരണമാണ് മഹാത്മാഗാന്ധിയെന്നും അദ്ദേഹം മാധ്യമം വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു.

ധാര്‍മ്മികത മുറുകെപ്പിടിച്ച് അധികാരമോഹമില്ലാതെ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയ ഏക നേതാവായിട്ടാണ് ഗാന്ധിജിയെ റഷ്യക്കാര്‍ കാണുന്നതെന്നും സൊകുറോവ് പറയുന്നു. അദ്ദേഹത്തെ കൊന്നവര്‍ അധികാരത്തിലെത്തുമ്പോള്‍ എന്ത് ധാര്‍മികതയാണ് പ്രതീക്ഷിക്കാനാകുകയെന്നും സൊകുറോവ് ചോദിക്കുന്നു. റഷ്യയുടെ സമകാലിക രാഷ്ട്രീയ സാഹചര്യങ്ങള്‍ വ്യക്തിപരമായി തന്നെ അലോസരപ്പെടുത്തുന്നുണ്ടെന്നും റഷ്യയില്‍ ഉടന്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലേത് പോലെ റഷ്യയില്‍ സിനിമ വിനോദത്തിനുള്ള ഉപാധിയല്ലെന്നും കലാരൂപമെന്ന നിലയില്‍ വളരെ ആഴത്തിലുള്ള സമീപനമാണ് അവിടെ ചലച്ചിത്ര പ്രവര്‍ത്തകരും പ്രേക്ഷകരും സിനിമയ്ക്ക് നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം റഷ്യന്‍ സര്‍ക്കാര്‍ സിനിമയ്ക്ക് മുടക്കുന്ന പണം ഭരണകൂട ദാസന്മാരായ ചില ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കിടയിലാണ് വിതരണം ചെയ്യപ്പെടുന്നത്. അവരാണ് സിനിമയെ നിയന്ത്രിക്കുന്നതെന്നും പറയാമെന്നും അദ്ദേഹം പറഞ്ഞു.

റഷ്യയില്‍ സിനിമകള്‍ സെന്‍സര്‍ ചെയ്യപ്പെടുന്നില്ലെന്നത് തെറ്റായ ചിന്തയാണെന്നും തങ്ങള്‍ക്ക് അനഭിമതമായ കാര്യങ്ങള്‍ എങ്ങനെ തടയണമെന്ന് ഭരണകൂടത്തിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. സെന്‍സറിംഗ് എല്ലാക്കാലത്തും എല്ലാരാജ്യത്തും എതിര്‍ക്കപ്പെടേണ്ടതാണ്. ഒരു മാസ്റ്റര്‍പീസ് രചിക്കാന്‍ സാധിക്കുന്ന കലാരൂപമല്ല സിനിമയെന്നും എന്നാല്‍ സാഹിത്യത്തിലും സംഗീതത്തിലും അത് സാധിക്കുമെന്നും അദ്ദേഹം പറയുന്നു. സാഹിത്യത്തെയും അതിന്റെ സിനിമ രൂപമാറ്റത്തെയും രണ്ടായി തന്നെ കാണണമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തവണത്തെ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മുഖ്യാതിഥിയായി ക്ഷണിച്ച സുകുറോവിന് സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. ചലച്ചിത്രമേളയ്ക്കായി തിരുവനന്തപുരത്ത് എത്തിയപ്പോള്‍ അനുവദിച്ച അഭിമുഖമാണ് ഈ ലക്കം മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍