UPDATES

ജിഷ വധം : അമീറുല്‍ ഇസ്ലാമിന് വധശിക്ഷ

അന്വേഷണ ഉദ്യോഗസ്ഥരോട് ജിഷയുടെ അമ്മ നന്ദി പറഞ്ഞു. സ്ത്രീസുരക്ഷയുളള സംസ്ഥാനമാണ് കേരളമെന്ന അംഗീകാരമാണ് വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.വധശിക്ഷ അംഗീകരിക്കാനാവില്ലെന്ന് മാധ്യമപ്രവര്‍ത്തക കെകെ ഷാഹിന

നിയമ വിദ്യാര്‍ത്ഥിനി ജിഷയെ ബലാല്‍സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതി അസം സ്വദേശി അമീറുല്‍ ഇസ്ലാമിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതി വധശിക്ഷ വിധിച്ചു.

മറ്റു കുറ്റങ്ങളില്‍ 10 വര്‍ഷവും 7 വര്‍ഷം തടവിനും വിധിച്ചു.  മാനഭംഗത്തിന് ജീവപര്യന്തം തടവും 25,000 രൂപ പിഴയും കോടതി വിധിച്ചു.. കൊലകുറ്റത്തിനാണ് വധശിക്ഷ വിധിച്ചത്. പ്രതി 5 ലക്ഷം പിഴ ഒടുക്കണം

ഹീന കൃത്യം നടന്ന്‌ 19 മാസത്തിനു ശേഷമാണ് കേസില്‍ വിധി ഉണ്ടായിരിക്കുന്നത്. വിധിയില്‍ സന്തോഷമുണ്ടെന്ന് ജിഷയുടെ അമ്മ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരോട് ജിഷയുടെ അമ്മ നന്ദി പ്രകടിപ്പിച്ചു. പരമാവധി ശിക്ഷ വിധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ജിഷയുടെ സഹോദരിയും പറഞ്ഞു.

അന്വേഷണസംഘത്തിന് ജിഷയുടെ സഹോദരി നന്ദി പറഞ്ഞു. സംഘത്തെ അഭിനന്ദിക്കുന്നതായും സഹോദരി മാധ്യമങ്ങളോട് പറഞ്ഞു. ഈ ലോകത്ത് ഒരമ്മക്കും ഇതുപോലെ ഒരു അനുഭവം ഉണ്ടാകരുതെന്നും ജിഷയുടെ അമ്മ പറഞ്ഞു. ഞാനാഗ്രഹിക്കുന്ന വിധിയാണ് പ്രതിക്ക് ലഭിച്ചതെന്നും അമ്മ വിധി ശ്രവിച്ച ശേഷം മാധ്യമങ്ങളോടു പറഞ്ഞു.

അതെസമയം, ”കീഴ്‌കോടതി ജനങ്ങളേയും സര്‍ക്കാറിനേയും പേടിച്ചാണ് വധശിക്ഷ വിധിച്ചത്. തെളിവുകളുണ്ടെങ്കില്‍ ശിക്ഷിക്കട്ടെ, നിരപരാധികളെ ശിക്ഷിക്കരുത്.

അപ്പീലിനു പോകാനുളള അവകാശമുണ്ട്. അതു പ്രകാരം ഹൈക്കോടതിയില്‍ അപ്പീലിന് അപേക്ഷ നല്‍കും. സ്വതന്ത്രമായി അന്വേഷണം വേണമെന്ന് അപേക്ഷിക്കു” മെന്നും അമിറൂല്‍ ഇസ്ലാമിന്റെ അഭിഭാഷകന്‍ ബി എ ആളൂര്‍ മാധ്യമങ്ങളോട് പറഞ്ഞു  ഈ കേസില്‍ തെളിവുകളുടെ അഭാവുമുണ്ടെന്ന് ഹൈക്കോടതിയെ ബോധിപ്പിക്കുമെന്നും ആളൂര്‍ പ്രതികരിച്ചു. സ്ത്രീസുരക്ഷയുളള സംസ്ഥാനമാണ് കേരളമെന്ന അംഗീകാരമാണ് വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു.

അതെസമയം, വധശിക്ഷയെ സ്വാഗതം ചെയ്യുന്നില്ലെന്ന് മാധ്യമ പ്രവര്‍ത്തക കെ കെ ഷാഹിന അഴിമുഖത്തോട് പറഞ്ഞു. വിധിപ്പകര്‍പ്പ് കാണാതെ കൃത്യമായ പ്രതികരണം അസാധ്യമാണ്. എങ്കിലും, അടച്ചിട്ട മുറിയിലെ വിചാരണയാണ് ജിഷ കേസില്‍ നടത്തിയത അത് ശരിയല്ലെന്നാണ് കരുതുന്നത്.

അടച്ചിട്ട മുറിയില്‍ വിചാരണ നടത്തേണ്ടതിനെക്കുറിച്ച് സിആര്‍പിസിയില്‍ പറയുന്ന പ്രകാരം നോക്കുകയാണെങ്കില്‍ ഈ കേസ് അങ്ങനെ നടത്തേണ്ട ഒന്നല്ല. ജിഷയുടെ അമ്മയോ ചേച്ചിയോ ഒന്നും അത് ആവശ്യപ്പെട്ടിട്ടില്ല. മാധ്യമങ്ങളുടേയും നാട്ടുകാരുടേയും മുന്നില്‍ നിന്ന് മറച്ചുവച്ച് നടത്തിയ ഈ വിചാരണ എത്രത്തോളം ശരിയാണെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും കെക ഷാഹിന പറഞ്ഞു.

ഡി എന്‍ എ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് പറയുന്നു. പക്ഷെ കേസിലെ കുറ്റപത്രവും മറ്റ് അനുബന്ധ രേഖകളും വായിച്ചതില്‍ നിന്ന് അതില്‍ ഡിഎന്‍എ തെളിവ് ഉണ്ടെന്നതൊഴിച്ചാല്‍ മറ്റ് ഒരുപാട് പ്രശ്‌നങ്ങളും ആശയക്കുഴപ്പങ്ങളും ഉണ്ടെന്നാണ് മനസിലാകുന്നത്.. ഉദാഹരണത്തിന്, കൊലയ്ക്ക് ഉപയോഗിച്ച ആയുധം കണ്ടെടുത്തത് അസമില്‍ നിന്നാണെന്ന് രേഖയില്‍ പറയുന്നു.

അത്തരത്തില്‍ ധാരാളം പഴുതുകളുളള ഒരു കേസില്‍ വധശിക്ഷ വിധിക്കുന്നത്‌  സ്വാഗതാര്‍ഹമല്ലെന്നും ഷാഹിന പ്രതികരിച്ചു. നൂറ് ശതമാനവും പഴുതടച്ച കേസാണെങ്കില്‍ പോലും വധഷിക്ഷ കൊടുക്കുന്നത് ഒരു തരത്തിലും ന്യായീകരിക്കാനാവില്ല.

എന്നാല്‍ താന്‍ വിധി പകര്‍പ്പ് വായിച്ചിട്ടില്ല. മറ്റെന്തെങ്കിലും തെളിവുകളുണ്ടോ എന്ന കാര്യങ്ങളൊന്നും  അറിയില്ല. ചിലപ്പോള്‍ അമീറുള്‍ ഇസ്ലാം ആണ് കുറ്റക്കാരനെന്ന് കോടതി ശരിയായി തന്നെ കണ്ടെത്തിയിട്ടുണ്ടാവാം. കാരണം അടച്ചിട്ട മുറിയിലെ വിചാരണയായതിനാല്‍ അതിനകത്ത് എന്താണ് സംഭവിച്ചിട്ടുള്ളതെന്ന് നമുക്ക് മനസ്സിലാക്കാന്‍ പറ്റാത്ത സാഹചര്യമുണ്ട്. അതിനാല്‍ ഈ കോടതി വിധിയെ ഞാന്‍ നൂറ് ശതമാനം സ്വാഗതം ചെയ്യുന്നില്ലെന്നും ഷാഹിന പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍