UPDATES

വായിച്ചോ‌

പാകിസ്താന്റെ പീഡനം അതിജീവിച്ച കാര്‍ഗില്‍ യോദ്ധാവ് പറയുന്നു, പൈലറ്റിന്റെ ഹൃദയം കോക്പിറ്റില്‍ തന്നെയാണ്

പാകിസ്താന്‍ ആര്‍മിയുടെ നോര്‍തേണ്‍ ലൈറ്റ് ഇന്‍ഫാന്‍ട്രിയുടെ പട്ടാളക്കാര്‍ ക്രൂരമായാണ് പെരുമാറിയത്. ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വന്ന് തടയുന്നത് വരെ സൈനികര്‍ നചികേതയെ ഭീകരമായി മര്‍ദ്ദിച്ചു.

1999ലെ കാര്‍ഗില്‍ യുദ്ധത്തിനിടെ 26കാരനായ ഫൈറ്റര്‍ പൈലറ്റ് കെ നചികേതയെ ഇന്ത്യന്‍ വ്യോമസേന ഏല്‍പ്പിച്ചിരുന്ന ദൗത്യം കാര്‍ഗില്‍ മലനിരകളില്‍ 17000 അടി ഉയരത്തിലുള്ള പാകിസ്താന്‍ സൈനിക പോസ്റ്റുകളെ ആക്രമിക്കുക എന്നതായിരുന്നു. അത്തത്തില്‍ തന്റെ മിഗ് 27 വിമാനത്തില്‍ ടാര്‍ഗറ്റ് ആക്രമിക്കവേ വിമാനത്തിന്റെ എഞ്ചിന്‍ നിലച്ചു. അല്‍പ്പസമയത്തിനകം എഞ്ചിന്‍ വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങി. എന്നാല്‍ വീണ്ടും പ്രവര്‍ത്തനം നിലച്ചു. മലയില്‍ ഇടിച്ച് വിമാനം തകരുമെന്ന നിലയെത്തി. അപകടം ഒഴിവാക്കാനായി ഇജക്ട് ചെയ്ത് പാരച്യൂട്ടില്‍ രക്ഷപ്പെടുക മാത്രമാണ് വഴി. നചികേതയുടെ അനുഭവമാണ് എന്‍ഡിടിവി പറയുന്നത്.

താഴെ മഞ്ഞിലാണ് പതിച്ചത്. നിലത്തെത്തിയപ്പോള്‍ തന്നെ പാക് പോസ്റ്റുകളില്‍ നിന്ന് തുരുതുരാ ബുള്ളറ്റുകള്‍ വന്നുകൊണ്ടിരുന്നു. ഇതില്‍ നിന്ന് രക്ഷപ്പെടുകയാണ് ലക്ഷ്യം. പക്ഷെ അര മണിക്കൂറിനുളളില്‍ നചികേതയെ പാകിസ്താന്‍ സൈനികര്‍ പിടികൂടി. നചികേത തന്റെ പിസ്റ്റളില്‍ നിന്ന് വെടി വച്ച് പ്രതിരോധിച്ചു. എന്നാല്‍ 25 യാര്‍ഡ് ദൂരപരിധിയുള്ള തോക്കാണ് നചികേതയുടെ കയ്യിലുണ്ടായിരുന്നത്. പാകിസ്താന്‍ സൈനികരുടെ കയ്യില്‍ എകെ 56 അസോള്‍ട്ട് റൈഫിളുകളും. രണ്ടാം റൗണ്ട് തിര നിറക്കുന്നതിന് മുമ്പായി പാക് സൈനികര്‍ നചികേതയെ പിടികൂടി.

പാകിസ്താന്‍ ആര്‍മിയുടെ നോര്‍തേണ്‍ ലൈറ്റ് ഇന്‍ഫാന്‍ട്രിയുടെ പട്ടാളക്കാര്‍ ക്രൂരമായാണ് പെരുമാറിയത്. ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വന്ന് തടയുന്നത് വരെ സൈനികര്‍ നചികേതയെ ഭീകരമായി മര്‍ദ്ദിച്ചു. തന്നെ മര്‍ദ്ദനത്തില്‍ നിന്ന് രക്ഷിച്ച ഉദ്യോഗസ്ഥന്‍ വളരെ പക്വമായും മാന്യമായുമാണ് പെരുമാറിയത് എന്ന് നചികേത ഓര്‍ക്കുന്നു. പാകിസ്താന്‍ അധിനിവേശ കാശ്മീരിലടക്കം അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് മുന്നില്‍ നചികേതയെ പ്രദര്‍ശിപ്പിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. തന്റെ മോചനത്തിനായി ഇന്ത്യ അന്താരാഷ്ട്ര തലത്തില്‍ നടത്തുന്ന ശ്രമങ്ങളും സമ്മര്‍ദ്ദങ്ങളും സംബന്ധിച്ച് ഈ സമയം യാതൊരു ധാരണയും നചികേതയ്ക്കുണ്ടായിരുന്നില്ല.

ചോദ്യം ചെയ്യല്‍ ആരംഭിച്ച സമയത്ത്, ചിലപ്പോള്‍ ഇനി ഒരിക്കലും ഇന്ത്യയില്‍ തിരിച്ചെത്താന്‍ കഴിയില്ല എന്ന് തോന്നിയിരുന്നു. എന്നാല്‍ ആര്‍മിയുടെ നീക്കങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടിയിരുന്ന പാക് സൈന്യം തന്നില്‍ നിന്ന് കാര്യമായ വിവരങ്ങളൊന്നും കിട്ടുമെന്ന് കരുതിയിരുന്നില്ല എന്ന് നചികേത പറയുന്നു. ആര്‍മിയുടെ നീക്കങ്ങള്‍ സംബന്ധിച്ച് വലിയ തോതിലുള്ള വിവരങ്ങള്‍ നചികേതയ്ക്കുണ്ടായിരുന്നില്ല എന്നത് വസ്തുതയുമാണ്. ഏതായാലും എട്ട് ദിവസത്തെ ഇന്ത്യയുടെ ശ്രമങ്ങള്‍ക്കൊടുവില്‍ നചികേതയെ റെഡ് ക്രോസിന് കൈമാറാന്‍ പാകിസ്താന്‍ തയ്യാറായി. റെഡ് ക്രോസ് അദ്ദേഹത്തെ ഇന്ത്യയിലെത്തിച്ചു. രാഷ്ട്രപതി കെആര്‍ നാരായണനും പ്രധാനമന്ത്രി എബി വാജ്‌പേയിയും നചികേതയ്ക്ക് ന്യൂഡല്‍ഹിയില്‍ വീരോചിതമായ സ്വീകരണം നല്‍കി.

കാര്‍ഗിലില്‍ വിമാനത്തില്‍ നിന്ന് ഇജക്ട് ചെയ്തപ്പോള്‍ പുറംഭാഗത്തുണ്ടായ പരിക്ക് നചികേതയ്ക്ക് ഫൈറ്റര്‍ പൈലറ്റായി തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കി. തുടര്‍ന്ന് എയര്‍ഫോഴ്‌സിന്റെ ട്രാന്‍സ്‌പോര്‍ട്ട് ഫ്‌ളീറ്റ് വിഭാഗത്തിന്റെ ഭാഗമായി. 17 വര്‍ഷങ്ങള്‍ക്ക് ശേഷം നചികേത എന്‍ഡിടിവിയോട് പറയുന്നു – പൈലറ്റിന്റെ ഹൃദയം കോക്പിറ്റില്‍ തന്നെയാണ്.

വായനയ്ക്ക്: https://goo.gl/huWy6j

Also Read: ഞാൻ സുരക്ഷിതൻ: പാക് പിടിയിലുള്ള ഇന്ത്യൻ സൈനികനെ ചോദ്യം ചെയ്യുന്ന വീഡിയോ പുറത്ത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍